
കാപട്യത്തിന്റെ കലിയുഗാവതാരമെന്ന് വിശേഷിപ്പിക്കാവുന്ന സംഘ്പരിവാറിന്റെ പ്രവർത്തനങ്ങളുടെ ആഴവും പരപ്പും, അവരുടെ സംഘടനകളുടെ എണ്ണവും പ്രവർത്തന മേഖലകളും തിരിച്ചറിയുമ്പോഴേ മനസിലാകൂ. സൻസാർ ഭാരതി (സാംസ്കാരികം), സാൻസ്ക്രിറ്റ് ഭാരതി (സംസ്കൃത ഭാഷാ പ്രചാരണം), ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (ചരിത്രകാരന്മാരുടെ സംഘടന), പ്രയാഗാ ഭാരതി: ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബുദ്ധിജീവികളുടെ സംഘടന), അഖില ഭാരതീയ സാഹിത്യ പരിഷത്ത് (ഹൈന്ദവ സാഹിത്യ സംഘടന) എന്നിവ ചേർന്നുകൊണ്ട് ഭാരതീയരുടെ സംസ്കാരവും ബൗദ്ധികവും ചരിത്രപരവുമായ കാഴ്ചപ്പാടുകളെ അവർക്കനുകൂലമായ വിധത്തിൽ രൂപപ്പെടുത്തിക്കഴിഞ്ഞു. നൂറു കണക്കിന് പത്രങ്ങളും മാസികകളും പ്രാദേശിക ജിഹ്വകളും ഇവർക്കുണ്ട്. ‘ഭാരത് പ്രകാശൻ, സുരുചി പ്രകാശൻ, അർച്ചനാ പ്രകാശൻ, ഭാരതീയ വിചാർ സാധന, മാധവ് പ്രകാശൻ, രാഷ്ട്രോത്തം സാഹിത്യ സാധന, ആകാശവാണി പ്രകാശൻ’ എന്നിങ്ങനെ നിരവധി പ്രസാധന — മാധ്യമ പ്രചാരണ കേന്ദ്രങ്ങൾ പരിവാരത്തിനുണ്ട്.
‘വിവേകാനന്ദ കേന്ദ്ര, വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരൺ മഞ്ച്, ബജരംഗ്‌ദൾ എന്നീ സംഘടനകളിലൂടെ ആർഎസ്എസ് ആഗ്രഹിക്കുന്ന സങ്കുചിത ഹിന്ദുദർശനം ആളും അർത്ഥവും അതിലേറെ കാവിച്ചിട്ടയും നൽകി പ്രചരിപ്പിക്കുന്നു. ആദിവാസികളെ അണിനിരത്താൻ വനവാസി കല്യാൺ ആശ്രം, ചേരിനിവാസികളുടെ സേവാഭാരതി, ഹിന്ദു സേവാ പ്രതിഷ്ഠാൻ, കുഷ്ഠ രോഗികൾക്കായി ഭാരതീയ കുഷ്ഠ നിവാരക് സംഘം എന്നിവ പരിവാരത്തിനുണ്ട് എന്നത് വിരോധാഭാസമെന്ന് തോന്നാം. പക്ഷേ, ദരിദ്രരെയും ആദിവാസികളെയും അവരുടെ ഇടുങ്ങിയ ചിന്താപദ്ധതിയിൽ ഉറപ്പിച്ചുനിർത്താനും, പ്രതിരോധങ്ങളുടെ ചേരിയിലേക്കാനയിക്കപ്പെടാതെ കാക്കാനും ഇതാവശ്യമാണെന്ന് അവർ കരുതുന്നു.
അധ്യാപകരുടെ രണ്ട് സംഘടനകൾ സംഘ്പരിവാരത്തിനുണ്ട് — ‘ഭാരതീയ ശിക്ഷക് മണ്ഡൽ, അഖില ഭാരതീയ ശൈക്ഷിക് മഹാസംഘ്.’ ഇവയുടെ നിരവധി ഭാഷാ — സംസ്ഥാന രൂപാന്തരങ്ങൾ വേറെയുമുണ്ട്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയും രാഷ്ട്രീയ സേവികാ സമിതി’ എന്ന മഹിളാ സംഘടനയും സാമ്പത്തിക ശാസ്ത്രകാരന്മാരുടേതെന്ന പേരിൽ സ്വദേശി ജാഗരൺ മഞ്ചും ആർഎസ്എസിന്റെ ഉപഘടകങ്ങൾ തന്നെ. പൂർവ സൈനിക് സേവാസംഘ് എന്ന എക്സ് സർവീസ് സംഘടന, വ്യവസായികളുടെ ഭാരതീയ വികാസ് പരിഷത്ത്, അഖില ഭാരതീയ പ്രഹക് പഞ്ചായത്ത് (ഉപഭോക്താക്കൾക്ക്), സഹകരണ മേഖലയിൽ സഹകാർ ഭാരതി, സിഖുകാർക്കായി രാഷ്ട്രീയ സിഖ് സംഘത് എന്ന സംഘടനകളും ആർഎസ്എസ് കുടുംബത്തിൽ പിറന്നതാണ്. വിദേശ ഇന്ത്യക്കാർക്കായുള്ള ഭാരതീയ സ്വയം സേവക് സംഘ്, സനാതന ധർമ്മ സ്വയം സേവക് സംഘ്, ഫ്രണ്ട്സ് ഓഫ് ഇന്ത്യാ സൊസൈറ്റി ലിമിറ്റഡ് എന്നീ സംഘടനകളിലൂടെ അവരുടെ ദർശനം ലോകത്തിന്റെ പല ഭാഗങ്ങളിലെത്തിക്കുന്നു.
ഹിന്ദു മഹാസഭ, ഭാരതീയ ജനസംഘം എന്ന് വിളിച്ചിരുന്നതും ഇപ്പോൾ ഭാരതീയ ജനതാ പാർട്ടിയെന്ന് പേരുള്ള രാഷ്ട്രീയ കക്ഷിയും, അതിന്റെ വിവിധ ഘടകങ്ങളും കൂടി ചേരുമ്പോൾ ആർഎസ്എസിന്റെ കക്ഷിരാഷ്ട്രീയ നാട്യം പൂർണമായി. രാജ്യത്താകെ 75,000 ത്തോളം ശാഖകളും 50 ലക്ഷത്തിലധികം അംഗങ്ങളുമുള്ള ആർഎസ്എസ് എന്ന ഫാസിസ്റ്റ് മിലിറ്റന്റ് സംഘടനയിൽ തെരഞ്ഞെടുപ്പോ ജനാധിപത്യ രീതികളോ ഇല്ല.
1987 നവംബർ 15ന് ആർഎസ്എസ് അഖിലേന്ത്യാ ശിബിരത്തിൽ സംസ്കാരം എന്താണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഗോൾവാൾക്കറെ ഉദ്ധരിച്ചുകൊണ്ട് പ്രഖ്യാപിച്ചതിങ്ങനെയാണ്- ”കൾച്ചർ (സംസ്കാരം) എന്ന പദത്തിന് സാധാരണയായി പ്രയോഗിക്കുന്ന അർത്ഥതലമോ സർക്കാർ മനസിലാക്കുന്ന അർത്ഥമോ അല്ല നാം കൊടുക്കുന്നത്. രാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ എല്ലാ സവിശേഷതകളും വ്യവഹാരങ്ങളും, അതായത് രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സദാചാരം, പാരമ്പര്യം, ഭാഷ, സാഹിത്യം എന്നിവ ഹിന്ദു ജീവിതശൈലിയും വിശ്വാസപ്രമാണങ്ങളും അതിന്റെ മുഴുവൻ പ്രത്യേകതകളോടെയും കൊണ്ടാടുന്നത് എന്നാണ് സംസ്കാരത്തിന് നമ്മൾ നൽകുന്ന അർത്ഥം.”
ഗോൾവാൾക്കറും, ദേവറസും, സുദർശനും പറഞ്ഞുറപ്പിച്ച ‘സാംസ്കാരിക ലക്ഷ്യങ്ങൾ’ നേടിയെടുക്കാനുള്ള ആസൂത്രിതമായ പ്രവർത്തനങ്ങളുടെ ചരിത്രം തന്നെയാണ് 1925ൽ നാഗ്പൂരിൽ ജന്മമെടുത്ത ആർഎസ്എസിന്റെ ചരിത്രം. വൈവിധ്യങ്ങളുടെ കലവറയായ ഭാരതീയ ദർശനങ്ങളെ ബ്രാഹ്മണ്യത്തിന്റെ തടവറയിൽ കെട്ടിയിട്ടുകൊണ്ട് അധികാരത്തിലേറുന്നു അവർ. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലേക്കും വിഭാഗീയതയുടെയും വർഗീയതയുടെയും ദർശനം എത്തിക്കുകയെന്ന ആസൂത്രിത കാര്യപരിപാടിയാണ് സംഘ്പരിവാര്‍ ഏറ്റെടുത്തിട്ടുള്ളത്. വേരുറപ്പിക്കാനും പടർന്നു കയറാനും ആത്യന്തികമായി ‘ഹിന്ദു സമൂഹം’ പടുത്തുയർത്താനും, അതിനു മുകളിൽ സർവാധികാരികളായി രാഷ്ട്രീയ അധികാരം നേടാനും വർണാശ്രമ നിയമങ്ങൾ പ്രസ്തുത രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാനമാക്കുവാനും വേണ്ടി ആർഎസ്എസ് എടുത്തണിഞ്ഞിരിക്കുന്ന മുഖാവരണങ്ങളാണ് അതിന്റെ നേതൃത്വത്തിലുള്ള നിരവധി സംഘടനകൾ.
അവരുടെ വിദ്യാവിഭാഗമാണ് വിദ്യാഭാരതി (വിദ്യാഭാരതി അഖിൽ ശിക്ഷാ സൻസ്ഥാൻ). 1950കളിൽ തുടങ്ങിയ സരസ്വതി ശിശുമന്ദിർ എഴുപതുകളുടെ അവസാനത്തിൽ വിദ്യാഭാരതി സ്ഥാപനങ്ങളായി. ഇന്ത്യയിൽ ഏറ്റവുമധികം വർഗീയത ഉല്പാദിപ്പിക്കുന്ന സ്കൂളുകളായി അവ മാറിയെന്ന് ചരിത്രകാരന്മാരായ ആദിത്യ മുഖർജി, മൃദുല മുഖർജി, സുചേതാ മഹാജൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ ആർഎസ്എസ് — ദ സ്കൂൾ ടെക്സ്റ്റ് ആന്റ് ദ മർഡർ ഓഫ് ഗാന്ധി, ദ ഹിന്ദു കമ്മ്യൂണൽ പ്രോജക്ട് (2001) എന്ന പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ബിപിൻ ചന്ദ്രയുടെ ആമുഖവുമുണ്ട് ആ പുസ്തകത്തിൽ. ഇന്നിപ്പോൾ പതിനയ്യായിരത്തിൽ പരം സ്കൂളുകളിൽ 35 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇതിനു പുറമെ ഏകൽ വിദ്യാലയ സമിതികൾ, ജനസേവ വിദ്യാകേന്ദ്ര, സംസ്കൃത് ഭാരതി, ലോക കല്യാൺ സമിതി തുടങ്ങിയവയിലൂടെ ആർഎസ്എസിന്റെ സങ്കുചിതമായ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.
പുരാണങ്ങളിലെ നായകരെ ചരിത്ര പുരുഷന്മാരാക്കിയും മിത്തുകളിൽ വിശ്വസിപ്പിച്ചും, അന്ധവിശ്വാസങ്ങളും യുക്തിരഹിത ചിന്തകളും വ്യാപകമായി പ്രചരിപ്പിച്ചും ആണ് ആർഎസ്എസ് ജനങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നത്. ഒരു രാഷ്ട്രീയ ലക്ഷ്യവും തങ്ങൾക്കില്ല എന്നാണയിടുകയും എന്നാൽ ഹിന്ദു രാഷ്ട്രമൊഴികെയൊന്നുമല്ല തങ്ങളുടെ ലക്ഷ്യമെന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞുറപ്പിക്കുകയും ചെയ്യുന്നു. ‘നാം നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന് ആർഎസ്എസ് പുസ്തകം പ്രഖ്യാപിക്കുന്നു. ‘നമ്മൾ എന്നാൽ ഹിന്ദുക്കൾ എന്നർത്ഥം — സ്വരാജ് എന്നാൽ ഹിന്ദുരാജ് അഥവാ ഹിന്ദുരാഷ്ട്രം’ എന്ന് ഗോൾവാൾക്കർ വിശദീകരിക്കുന്നു.
ചരിത്ര ദുർവാഖ്യാനത്തിലാണ് സംഘപരിവാരം എപ്പോഴും അതീവ ശ്രദ്ധ പുലർത്തുന്നത്. ആര്യ ജനത പുറത്തുനിന്ന് വന്നവരല്ലെന്നും ഇവിടെ ഉണ്ടായിരുന്നവർ ആയിരുന്നു എന്നും ആവർത്തിച്ചുപറയുന്നു. ഇങ്ങനെ സ്ഥാപിച്ചെടുക്കാൻ നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെടുന്നു, കൃത്രിമമായി നിർമ്മിച്ചെടുത്ത ഉദ്ഖനന തെളിവുകളും പുറത്തു വരുന്നു. നിശ്ചയമായും ഇതിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ആര്യന്മാരുടെ മതമായ ബ്രാഹ്മണ (ആര്യ) മതം ‘വിദേശമത’ മല്ലെന്നു വരുത്തിത്തീർക്കുന്നതിനുള്ള ഹിന്ദുത്വ പക്ഷപാതികളുടെ ശ്രമഫലമാണിത്. അതോടൊപ്പം പ്രാചീന ഇന്ത്യയിൽ ഉണ്ടായിരുന്ന ദേശീയ ജനവിഭാഗങ്ങൾക്കുമേൽ ആര്യജനത കാട്ടിക്കൂട്ടിയ ആക്രമണങ്ങളെ ചരിത്രത്തിൽ നിന്ന് മായ്ക്കുകയും വേണം.
ആര്യൻമാരുടെ കുടിയേറ്റത്തിനും എത്രയോ മുമ്പു തന്നെ പ്രാചീന ഇന്ത്യയിൽ കുടിയേറ്റങ്ങളുടെ തുടർച്ച വിവിധ ദേശങ്ങളിൽ വിവിധ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായമാണ്. ആദ്യ കുടിയേറ്റം നടത്തിയ ജനതയാണ് സിന്ധുനദീതടങ്ങളിൽ പാർപ്പുറപ്പിച്ചതെന്നും അവരാണ് സൈന്ധവ നാഗരികതയുടെ പ്രയോക്താക്കളെന്നും ഇന്നും കരുതപ്പെടുന്നു. ചുരുക്കത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാചീന ഇന്ത്യയിൽ കുടിയേറിയ ജനവിഭാഗങ്ങളുടെ പിൻമുറക്കാരാകുന്നു ഇന്ത്യൻ ജനത. എന്നാൽ ആര്യന്മാർ തദ്ദേശീയരായിരുന്നു എന്നും അവരിലാണ് ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത് എന്നുമുള്ള വിചിത്ര വാദമാണ് അവർ നിരന്തരം ഉയർത്തുന്നത്.
ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വക്രീകരണത്തിന് വിധേയപ്പെട്ടിരിക്കുന്ന രണ്ടു വിഷയങ്ങളാണ് ശാസ്ത്രവും ചരിത്രവും. ശാസ്ത്രീയ യുക്തിയെ പിന്നോട്ടടിക്കുന്നതിൽ ഭരണകൂടം വിജയിക്കുന്നതിന് തെളിവാണ് ശാസ്ത്ര — ചരിത്ര — പഠന — ഗവേഷണ മേഖലകളിൽ കാണുന്ന ഒരുതരം സാമൂഹികവും അക്കാദമികവുമായ ഭയം. ഈ ഭയം ഗ്രസിച്ച സർവകലാശാലകളും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും അവയുടെ യഥാർത്ഥ സ്വത്വ ബോധം തന്നെ നശിച്ച സ്ഥിതിയിലാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇരയായി, ചരിത്രത്തെ ഏറെ സ്നേഹിച്ച ശാസ്ത്രീയ മനോഭാവത്തിന്റെ പ്രവാചകനായിരുന്ന നെഹ്രുവിനെ മറവിയുടെ കൂടാരത്തിലേക്ക് തള്ളിവിടുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് നെഹ്രുവിയൻ ഇന്ത്യ ഊട്ടിയുറപ്പിച്ച ചരിത്ര ശാസ്ത്രബോധമാണ്. ഇതിനെ വക്രീകരിക്കുന്നിതിനല്ല, ഇല്ലാതാക്കുന്നതിനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ചരിത്രത്തെ അതിന്റെ ശാസ്ത്രീയമായ സങ്കേതങ്ങളിൽ നിന്നും അടർത്തി മാറ്റി ഒരു തരം മത്സര സ്വഭാവത്തിലുള്ള നുണകളുടെ ഫാക്ടറിയാക്കിയിരിക്കുന്നു. ഭൂരിപക്ഷ വാദത്തിന്റെ ഏകീകൃത പ്രത്യയശാസ്ത്ര വിവരണത്തെ ചെറുക്കുന്ന ചരിത്രത്തിലെ ഓർമ്മകളെ പൂർണമായും ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചരിത്രത്തിന്റെ ഉല്പാദനത്തെ ഇത്രമാത്രം അധികാര വ്യവസ്ഥയുടെ ഒരു ഉപകരണമാക്കിയ സന്ദർഭം ഇതിനു മുമ്പ് ഇന്ത്യയിൽ സംജാതമായിട്ടില്ല.
ഇന്ന് രാജ്യം ഭരിക്കുന്നവർക്കിടയിൽ ബുദ്ധിയുടെയും ആശയങ്ങളുടെയും കലശലായ ദാരിദ്ര്യമാണ്. അസഹിഷ്ണുതയാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്. ഇന്ന് ജനങ്ങൾ തെരുവിലുമില്ല ഭരണത്തിലുമില്ല. തെരുവിലിറങ്ങുമ്പോൾ ഭരണാധികാരികൾ പറയും അവർ രാജ്യദ്രോഹികളാണെന്ന്. ഇന്ത്യൻ ഭരണഘടന തുടങ്ങുന്നത് നമ്മൾ ജനങ്ങൾ എന്നു പറഞ്ഞുകൊണ്ടാണ്. ഈ ഉത്കൃഷ്ട ആശയത്തെ സംഘ്പരിവാർ ചവിട്ടിമെതിച്ചു. ജനാധിപത്യ സമൂഹം ഉണ്ടാക്കുന്നതിന് വൈവിധ്യങ്ങളുടെ ഒന്നിച്ചിരിപ്പ് എന്നതിനു പകരം, ഏകമാന സംസ്കാരം ഉള്ള ഒരു സമൂഹം എന്ന നിലയ്ക്ക് ദേശീയ സമൂഹത്തെ അവർ നിർവചിക്കുന്നു. ഭയം എന്ന വികാരത്തിന്റെ ഉല്പാദനം ആണ് ഏകത്വത്തിന്റെയും അതുവഴി നിർവചിക്കുന്ന ദേശീയതയുടെയും പ്രത്യേകത. ഫാസിസത്തിന്റെ വിശ്വസ്ത കൂട്ടുകാരൻ ഭയം ആണ്. ഭയം നിലനിർത്തിയാലെ ഫാസിസത്തിനു നിലനില്പുള്ളു.
സംഘ്പരിവാറിന്റെ മനുഷ്യവിരുദ്ധ നയങ്ങൾക്കെതിരെ, വിവിധ മതങ്ങളിലെ മതമൗലികവാദികളുടെ അട്ടഹാസങ്ങൾക്കും വിനാശകരമായ പ്രവർത്തനങ്ങൾക്കും എതിരെ അതിശക്തമായ പ്രതിരോധം തീർക്കണം. അത്തരം സമരങ്ങളിൽ സർവ മനുഷ്യരും അണിനിരക്കണം. ബാഹ്യമായ വർണശബളിമയല്ല, ആന്തരികമായ സർഗാത്മകത ഉണർത്താലാണ് ഇടതുപക്ഷവും മതേതര ജനാധിപത്യ ശക്തികളും ഈ ആപത്ഘട്ടത്തിൽ അനുവർത്തിക്കേണ്ട കടമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.