26 December 2024, Thursday
KSFE Galaxy Chits Banner 2

പുതിയ നൂറുദിന കര്‍മ്മ പദ്ധതി

Janayugom Webdesk
February 11, 2023 5:00 am

എല്‍ഡിഎഫ് തുടര്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷത്തോടടുക്കുകയാണ്. 2021 മേയ് മാസത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്ത ദിവസം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം അഞ്ചുവര്‍ഷത്തെ മുന്‍ഗണനകള്‍ പ്രഖ്യാപിച്ചാണ് പിരിഞ്ഞത്. പിന്നീട് ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള നൂറുദിനംകൊണ്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതികളുടെ മുന്‍ഗണനകള്‍ തീരുമാനിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചതും അവര്‍ മുഖവിലയ്ക്കെടുത്ത് പിന്തുണ നല്‍കിയതുമായ പ്രകടന പത്രികയിലെ 900 പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുക കൂടിയായിരുന്നു നൂറുദിന കര്‍മ്മ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. അതീവ ദാരിദ്ര്യ നിർമ്മാർജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കൽ, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പിൽ വരുത്തൽ, ആധുനിക ഖരമാലിന്യ സംസ്കരണ രീതി എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നവയായിരുന്നു ആദ്യ നൂറുദിന പദ്ധതി. പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയിലൂടെ ഇക്കാലയളവില്‍ 2464 കോടി രൂപയുടെ വികസന‑ക്ഷേമ പദ്ധതികളാണ് യാഥാര്‍ത്ഥ്യമാക്കിയത്. സെപ്റ്റംബര്‍ 19 ന് നൂറുദിനം പൂര്‍ത്തിയായതിനുശേഷം അവയുടെ പുരോഗതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഒരുവര്‍ഷ കാലയളവിന്റെ ഘട്ടത്തില്‍ മറ്റൊരു നൂറുദിന പദ്ധതി പ്രഖ്യാപിച്ചത്.

 


ഇതുകൂടി വായിക്കു; കേരള ബജറ്റ്; കാര്‍ഷിക മേഖലയ്ക്ക് കൈനിറയെ


2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയായിരുന്നു രണ്ടാമത്തെ പദ്ധതിയുടെ കാലയളവ്. തൊഴില്‍സൃഷ്ടിയാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യംവച്ചത്. അഞ്ചുലക്ഷത്തോളം തൊഴിലുകള്‍ വിവിധ മേഖലകളിലായി സൃഷ്ടിക്കപ്പെട്ടു. കൃഷി, വനം തുടങ്ങിയ വകുപ്പുകളെ അടിസ്ഥാനമാക്കിയാണ് തൊഴില്‍ സൃഷ്ടിക്കുന്ന നടപടികള്‍ സ്വീകരിച്ചത്. വ്യവസായ വകുപ്പിന് കീഴില്‍ സംരംഭക വര്‍ഷം പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. 1,557 പദ്ധതികള്‍ക്കായി 17,183.89 കോടി രൂപയാണ് വകയിരുത്തിയത്. ഈ കാലയളവ് പൂര്‍ത്തീകരിച്ചപ്പോഴും പുരോഗതി റിപ്പോര്‍ട്ട് ജനസമക്ഷം അവതരിപ്പിക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പരിപാടി കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. 15,896.03 കോടിയുടെ 1284 പദ്ധതികളാണ് മേയ് 20 വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിക്കുന്നതിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയില്‍ 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം, പുനർഗേഹം പദ്ധതിയില്‍ മുട്ടത്തറയിൽ 400 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കല്‍, വിവിധ ജില്ലകളില്‍ പൂര്‍ത്തിയായവയുടെ വിതരണം, പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്പാദനവും വിതരണവുമൊക്കെയാണ് ഇത്തവണ നൂറുദിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ജലവിഭവ വകുപ്പ് 1879.89 കോടി, പൊതുമരാമത്ത് 2610.56 കോടി, വൈദ്യുതി 1981.13 കോടി, തദ്ദേശ സ്വയംഭരണ വകുപ്പ് 1595.11 കോടി രൂപ അടങ്കലുള്ള വികസന പരിപാടികളാണ് നടപ്പിലാക്കുക.

ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരെന്ന നിലയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഇത്തരം കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുന്നത്. നിശ്ചിത കാലയളവ് ലക്ഷ്യംവയ്ക്കുമ്പോള്‍ അതാത് സമയം അതിന്റെ പുരോഗതി വിലയിരുത്തുവാനും പോരായ്മകളുണ്ടെങ്കില്‍ തിരുത്തുന്നതിനും സാധ്യമാകും. ആ കാഴ്ചപ്പാടോടെയാണ് വികസന‑ക്ഷേമ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും കുപ്രചരണങ്ങള്‍ നടത്തുമ്പോഴും കേന്ദ്രസര്‍ക്കാര്‍ വിഘാതങ്ങള്‍ സൃഷ്ടിക്കുമ്പോഴും കൂസലില്ലാതെ മുന്നോട്ടുപോകുവാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിക്കുന്നത് ആ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. ഇപ്പോള്‍തന്നെ ബജറ്റിന്റെയും വിഭവ സമാഹരണത്തിന്റെയും പേരില്‍ എന്തെല്ലാം കുപ്രചരണങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രമാകട്ടെ സംസ്ഥാനത്തിനുള്ള വിഹിതം കുറച്ചും ബുദ്ധിമുട്ടിലാക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ല.

 


ഇതുകൂടി വായിക്കു; വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരളത്തിന് സാധിച്ചു; വിപണി ഇടപെടലുകള്‍ തുടരുന്നതിന് 2000 കോടി രൂപ


 

കേരളത്തിന്റെ നിലനില്പുതന്നെ അപകടപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിജെപി മിണ്ടില്ലെന്നതു മനസിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ യുഡിഎഫ് മിണ്ടുന്നില്ലെന്നത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. കാരണം ഇത് കേരളത്തോടു മാത്രമുള്ള സമീപനമല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടും മൊത്തത്തില്‍ എന്‍ഡിഎ ഇതര സര്‍ക്കാരുകളോടും ഇതേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അതാത് സംസ്ഥാനങ്ങളെ വീക്ഷിക്കുന്നവര്‍ക്ക് മനസിലാകും. എന്നാല്‍ അത് പരിഗണിക്കാതെ കേവല രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് യുഡിഎഫ് ശ്രമം. അതിനായി പ്രഹസന സമരങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ കൂടെയുണ്ടെന്ന വസ്തുതയുടെ അടിത്തറയില്‍ നിന്നുകൊണ്ട് കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച്, നടപ്പിലാക്കി മുന്നോട്ടുപോകുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അതിന്റെ ഭാഗമാണ് പുതിയ നൂറുദിന കര്‍മ്മ പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.