
ഒരു വർഗസ മൂഹത്തിൽ അവർക്കിടയിൽ സ്വാധീനം പുലർത്തുന്നവരുണ്ട്. അവർ വഴികാട്ടികളും പതാകവാഹകരുമാകും. പക്ഷെ അവർ ഏന്തുന്ന ജ്വാല സ്വയം ചുട്ടെരിക്കുന്ന ദുരവസ്ഥയും കാണാം. പീഡിതർ പ്രതിരോധിക്കുമ്പോൾ നിക്ഷിപ്ത താല്പര്യക്കാർ അക്രമങ്ങൾക്ക് വഴിമരുന്നിടുന്നു. ചൂഷണത്തിന്റെ ചുക്കാൻ പേറുന്ന ഭൂവുടമകൾക്കും മുതലാളിമാർക്കും എതിരായ പോരാട്ടത്തെ ഇത് പിന്നോട്ടടിക്കുന്നു. ഒരു കുറ്റവും ചെയ്യാതെ അവർ കുറ്റവാളികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ‘ഉള്ളവരെ’ ഉള്ളവരാക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന വർഗസമൂഹമാണ് അടിച്ചമർത്തപ്പെടുന്നത്. ജനാധിപത്യത്തിന് ഭീഷണിയാണിത്. മുഴുവൻ സമൂഹത്തെയും പോരാടാനും ഏകീകരിക്കാനുമുള്ള ശ്രമങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലെ ഐക്യത്തെ തകർക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ ശക്തമാണ്. സാമൂഹികവും സാമ്പത്തികവുമായ ഇല്ലായ്മകളിൽ കഴിയുന്ന ജനതയ്ക്ക് ഇതെല്ലാം നിരന്തരമായ വേദനയാണ്. സമൂഹത്തിൽ സമത്വവും സാഹോദര്യവും ഉറപ്പാക്കാനുതകുന്ന ഒരു വ്യവസ്ഥയുടെ അന്വേഷണത്തിൽ ഏർപ്പെട്ടിരുന്ന മഹാത്മാക്കളും പ്രസ്ഥാനങ്ങളും ഇത്തരം വിഷയം നിരന്തരം കൈകാര്യം ചെയ്തിരുന്നു. അതിലൊന്നാണ് ആത്മാഭിമാന പ്രസ്ഥാനം. അഭിമാനകരമായ ഈ മുന്നേറ്റം നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. ആത്മാഭിമാന പ്രസ്ഥാനവും അതിന്റെ ലക്ഷ്യങ്ങളും യുവാക്കളായ വലിയൊരു വിഭാഗം തൊഴിലാളികളെയും വിദ്യാർത്ഥികളെയും സ്വാധീനിച്ചു. ക്രമേണ അത് സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് വളർന്നു. സാമ്രാജ്യത്വ ഭരണകാലത്ത് തമിഴ്‌നാട്ടിൽ രണ്ട് പ്രസ്ഥാനങ്ങൾ ഉയർന്നുവന്നിരുന്നു. ആത്മാഭിമാന പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും. പെരിയാർ നയിച്ച ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നു ആത്മാഭിമാന പ്രസ്ഥാനം. കമ്മ്യൂണിസ്റ്റും സാമൂഹിക പരിഷ്കർത്താവുമായ എം ശിങ്കാരവേലു മദ്രാസ് പ്രസിഡൻസിയിൽ ഇ വി രാമസാമി പെരിയാർ നയിച്ച ആത്മാഭിമാന പ്രസ്ഥാനത്തിലെ മുഖ്യ കൂട്ടാളിയായിരുന്നു.
1920 കളിലും 1930 കളിലും പ്രസ്ഥാനത്തിന് സോഷ്യലിസത്തിലധിഷ്ഠിതവും ശാസ്ത്രീയവുമായ ഭൗതികവാദ വീക്ഷണം നൽകാൻ അവരുടെ പരസ്പരസഹകരണം സഹായിച്ചു. 1920 കളിൽ ശിങ്കാരവേലുവും പെരിയാറും കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തകരുമായിരുന്നു. 1923 മേയ് ഒന്നിന് മദ്രാസിൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ (തൊഴിലാളികളുടെയും കർഷകരുടെയും പാർട്ടി) സ്ഥാപിച്ച ശിങ്കാരവേലു, സോഷ്യലിസ്റ്റ് ആശയങ്ങൾ സ്വീകരിക്കുന്നതിന് പെരിയാറിൽ ഗണ്യമായ സ്വാധീനം ചെലുത്തി. പെരിയാറിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ തമിഴ് വാരികയായ കുടിഅരസുവിനായി സാമൂഹിക പരിഷ്കരണം, ശാസ്ത്രം, യുക്തിബോധം, സോഷ്യലിസം എന്നീ വിഷയങ്ങളിൽ ശിങ്കാരവേലു ലേഖനങ്ങൾ എഴുതിയിരുന്നു. 1932ൽ പെരിയാർ സോവിയറ്റ് യൂണിയൻ സന്ദർശിച്ചു. മടങ്ങിയെത്തിയ പെരിയാർ ഈറോഡിൽ വച്ച് ശിങ്കാരവേലു ഉൾപ്പെടെയുള്ള ആത്മാഭിമാന പ്രവർത്തകരുടെ യോഗം വിളിച്ചുചേർത്തു. പ്രസ്ഥാനത്തിൽ സോഷ്യലിസ്റ്റ് ദിശാബോധം ഉറപ്പാക്കുന്നതിനായി അവർ ഒത്തുചേർന്ന് “ഈറോഡ് പദ്ധതി” രൂപീകരിച്ചു. ലക്ഷ്യ പ്രാപ്തിക്കായി സമധർമ്മ (സോഷ്യലിസ്റ്റ്) പാർട്ടി ഓഫ് സൗത്ത് ഇന്ത്യ സ്ഥാപിച്ചു. അതേ വർഷം സിവിൽ നിയമലംഘന മുന്നേറ്റത്തിൽ സജീവമായ ആത്മാഭിമാന പ്രസ്ഥാനത്തിലെ പ്രവർത്തകർ ഭഗത് സിങ്ങിന്റെ അടുത്ത അനുയായിയായ ബടുകേശ്വർ ദത്തിന്റെ സ്വാധീനത്തിൽ സോഷ്യലിസം എന്ന ആശയം പി ജീവാനന്ദം തുടങ്ങി മറ്റ് പലരിലും പകർന്നു. ശിങ്കാരവേലു പ്രസ്ഥാനത്തിന് ഒരു ശാസ്ത്രീയ, മാർക്സിസ്റ്റ് നിർവചനം ഉറപ്പിച്ചു. ചൂഷണത്തിന്റെയും അനീതിയുടെയും പ്രവൃത്തികളെയും കാരണങ്ങളെയും കൈകാര്യം ചെയ്യുന്നതിന് കർശനമായ സമീപനം സ്വീകരിച്ചിരുന്നു ശിങ്കാരവേലു. ഈ സമയത്താണ് ആത്മാഭിമാന പ്രസ്ഥാനത്തിന്റെ പ്രവർത്തകരിൽ പൊതുവെയും സോവിയറ്റ് യൂണിയൻ സന്ദർശനത്തിനുശേഷം ഇ വി രാമസ്വാമിയിൽ പ്രത്യേകമായും സാമൂഹിക നവീകരണ പ്രസ്ഥാനം എന്ന പ്രകൃതം മാറ്റാനുള്ള പ്രേരണ ഉണ്ടായത്. സാമൂഹ്യ നവീകരണത്തിൽ ഒതുങ്ങാതെ രാഷ്ട്രീയ ലക്ഷ്യങ്ങളും കൂട്ടിച്ചേർത്തു. ശിങ്കാരവേലുവിന്റെ മേൽനോട്ടത്തിൽ ഒരു പുതിയ പരിപാടി തയ്യാറാക്കി. ഇവിആറിന്റെ വസതിയിൽ യോഗം ചേർന്ന് സമധർമ്മ പാർട്ടി ഓഫ് സൗത്ത് ഇന്ത്യ രൂപീകരിച്ചു. പി ജീവാനന്ദം പാർട്ടിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിയൻ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ജീവാനന്ദം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1924ൽ വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം പങ്കെടുത്തു. ശുചീന്ദ്രം ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം ആവശ്യപ്പെട്ട് നടന്ന സമാനമായ ഒരു പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തു. ചരൺമാദേവിയിൽ വി വി അയ്യർ നടത്തിയിരുന്ന ആശ്രമത്തിൽ ദളിതർക്കും ‘ഉയർന്ന ജാതി’ വിദ്യാർത്ഥികൾക്കും പ്രത്യേക ഹാളുകളിൽ ഭക്ഷണം നൽകുന്നതായി അദ്ദേഹം കണ്ടെത്തി. ഈ രീതിക്കെതിരെ പെരിയാർ നടത്തിയ പ്രതിഷേധത്തെ അദ്ദേഹം പിന്തുണച്ചു. പിന്നീട്, കാരൈക്കുടിക്ക് സമീപം സിരുവയലിൽ ഒരു ആശ്രമത്തിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു.
ആശ്രമ ജീവിതം പരന്ന വായനയ്ക്ക് അവസരം നൽകി. ഇവിടെ വച്ച് ഗാന്ധിയെ കാണാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഗാന്ധിയുടെ രീതികളോട് വിയോജിച്ച് ജീവ അദ്ദേഹത്തിന് ഒരു കത്തെഴുതിയിരുന്നു. മദ്രാസിൽ സന്ദർശനത്തിന് എത്തിയ ഗാന്ധിയുടെ കൈവശം ഈ കത്ത് ഉണ്ടായിരുന്നു. ജീവയെ കാണാൻ ഗാന്ധി സിരുവയൽ ആശ്രമത്തിൽ എത്തി. ജീവയെ അന്വേഷിച്ചപ്പോൾ ഏകദേശം 25 വയസുള്ള ഒരു യുവാവ് അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തനിക്കു ‘കത്ത്’ എഴുതിയ ആളാണോ, ഗാന്ധി ചോദിച്ചു. ജീവ അതേയെന്ന് മറുപടി നൽകി. 1937ൽ മദ്രാസ് പ്രൊവിൻഷ്യൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ, ജീവാനന്ദം ആദ്യ സെക്രട്ടറിയായി. രണ്ട് വർഷത്തിന് ശേഷം സിപിഐയിൽ പി രാമമൂർത്തിക്കൊപ്പം അദ്ദേഹം ചേർന്നു. ജീവാനന്ദത്തിൽ ഉൾച്ചേർന്ന കറയറ്റ ദേശസ്നേഹം അദ്ദേഹത്തെ ദേശീയ പ്രസ്ഥാനത്തിലേക്ക് നയിച്ചു. തൊട്ടുകൂടായ്മയോടും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തോടുമുള്ള വെറുപ്പ് ആത്മാഭിമാന പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിലേക്ക് നയിച്ചു. സിപിഐയിൽ ചേർന്ന ജീവാനന്ദവും രാമമൂർത്തിയും മാർക്സിസ്റ്റ് രീതിയിൽ റിക്ഷാക്കാരേയും ഫാക്ടറി തൊഴിലാളികളേയും സംഘടിപ്പിച്ചു. ഇതിൽ എം ആർ വെങ്കിട്ടരാമൻ, ബി ശ്രീനിവാസ റാവു തുടങ്ങിയ നേതാക്കൾ അവർക്ക് തുണയായി. മാർക്സിസത്തെ അടിസ്ഥാനമാക്കിയുള്ള ശക്തമായ ഒരു തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളിൽ ജീവാനന്ദം മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗവും എഴുത്തും ആ ദൗത്യം നിറവേറ്റാൻ സഹായിച്ചു. ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ വിറളി പൂണ്ട ജന്മിമുതലാളിത്തത്തിന്റെ ഇടപെടലിൽ പൊലീസിന്റെ ക്രൂരമായ പീഢനങ്ങൾക്ക് വിധേയരായി. നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടു. പൊലീസ് ഇടപെടലിനെ തുടർന്ന് അസ്വസ്ഥമായ പ്രദേശങ്ങൾ സന്ദർശിക്കുകയും തൊഴിലാളികളുടെ പോരാട്ടവീര്യം നിലനിർത്തുകയും ചെയ്തു. വ്യാവസായിക മേഖലയിലെ തൊഴിലാളികൾക്കൊപ്പം തന്നെ തഞ്ചാവൂരിലെയും മറ്റ് ജില്ലകളിലെയും കാർഷിക തൊഴിലാളികളും കർഷകരും സംഘടിതരായിരുന്നു. ശക്തമായ പ്രസംഗങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ജീവാനന്ദവും രാമമൂർത്തിയും ആയിരങ്ങളെ പ്രചോദിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.