10 December 2025, Wednesday

Related news

December 10, 2025
December 9, 2025
December 8, 2025
December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025

ഐക്യദാർഢ്യത്തിന് കൂച്ചുവിലങ്ങിടുന്ന കോടതിവിധി

Janayugom Webdesk
July 28, 2025 5:00 am

ഗാസയിലെ കൊടിയ പട്ടിണി മരണങ്ങൾക്കും ഇസ്രയേൽ തുടർന്നുവരുന്ന ഉന്മുലന യുദ്ധത്തിനും എതിരെ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ, സിപിഐ(എം) എന്നിവയുൾപ്പടെ ഇടത് പാർട്ടികളും സമാധാന ഐക്യദാർഢ്യ സംഘടനകളും ആഹ്വാനംചെയ്ത റാലിക്ക് അനുമതി നിഷേധിച്ച പോലീസ് നടപടിക്കെതിരെ നൽകിയ പരാതി നിരസിച്ച ബോംബെ ഹൈക്കോടതി നടപടി അപലപനീയവും മാനവികതയുടെ നിരാസവുമാണ്. ‘രാജ്യസ്നേഹമുള്ളവർ ആയിരിക്കണമെന്നും, ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും’ ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി പരാതി നിരസിച്ചത്. ഗാസയുടെമേൽ ഇസ്രയേൽ അടിച്ചേൽപ്പിച്ച പട്ടിണി മരണങ്ങളെയും അവിടെ തുടർന്നുവരുന്ന ഉന്മുലനയുദ്ധത്തെയും വിശാല മാനവികതയുടെ അടിസ്ഥാനത്തിൽ ഉള്‍ക്കൊള്ളുന്നതിലും, ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യകരമായ ജനാധിപത്യത്തിൽ പൗരസമൂഹം എങ്ങിനെ പ്രവർത്തിക്കണമെന്ന് മനസിലാക്കുന്നതില്‍ കോടതിക്കുണ്ടായ വീഴ്ചയുമാണ് ഹൈക്കോടതിയുടെ നിരാസം തുറന്നുകാണിക്കുന്നത്. ഏതാണ്ട് ഇരുപത്തിയൊന്ന് മാസങ്ങളായി ഗാസയിൽ തുടർന്നുവരുന്ന ഉന്മൂലനയുദ്ധത്തോടുള്ള ലോകരാഷ്ട്രങ്ങളുടെയും ജനതയുടെയും സമീപനത്തിൽ വലിയ വ്യതിയാനമാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. ഇക്കാലമത്രയും ഇസ്രയേലിനെ ശക്തമായി പിന്തുണച്ചുപോന്നിരുന്ന ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ പാശ്ചാത്യശക്തികൾ ഗാസയിൽ അരങ്ങേറുന്ന മാനുഷിക ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ നിലപാട് മാറ്റാൻ നിർബന്ധിതമായി. ആഗോള മാധ്യമ കുത്തക ഏജൻസികളായ ബിബിസി, എഎഫ്‌പി, എപി, റോയിട്ടേഴ്സ് തുടങ്ങിയവ ഒരു സംയുക്ത പ്രസ്താവനയിലൂടെ തങ്ങൾക്ക് വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരും അവരുടെ കുടുംബങ്ങളും നേരിടുന്ന പട്ടിണിദുരിതത്തിന്റെ ദയനീയചിത്രം ലോകത്തിനുമുമ്പിൽ തുറന്നുകാട്ടി. ലോകരാഷ്ട്രങ്ങളും ആഗോളമാധ്യമങ്ങളും അവഗണിക്കാൻ ശ്രമിച്ച വലിയൊരു മാനുഷിക ദുരന്തത്തിന്റെ ചിത്രമാണ് അങ്ങനെ ലോകത്തിന്റെ ശ്രദ്ധകേന്ദ്രമാകുന്നത്. ഈ പശ്ചാത്തലത്തിൽവേണം ഗാസയോടും പലസ്തീൻ ജനതയോടുമുള്ള ഇന്ത്യയുടെ സമീപനവും ബോംബെ ഹൈക്കോടതിയുടെ അങ്ങേയറ്റം പ്രതിലോമകരമായ നിലപാടും പരിശോധനാ വിധേയമാകേണ്ടത്. 

ഗാസയിലെ മാനവിക ദുരന്തത്തോടും ഇസ്രയേൽ ഭരണകൂടഭീകരതക്കെതിരെ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ പൗരന്മാരുടെ അവകാശത്തോടുമുള്ള ബോംബെ ഹൈക്കോടതിയുടെ നിഷേധാത്മക സമീപനം കേവലം യാദൃച്ഛികമല്ല. അത് കഴിഞ്ഞ ഒരു ദശകമായി മോഡി ഭരണത്തിൽ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ആഖ്യാനത്തിന്റെ പ്രതിഫലനമാണ്. വിദേശനയം രാഷ്ട്രീയ സംവാദങ്ങൾക്കും കോടതികളുടെ വിശകലനങ്ങൾക്കും അതീതമാണെന്ന ഒരു ആഖ്യാനം പൗരസമൂഹത്തിനുമേൽ ഇടംപിടിച്ചിരിക്കുന്നു. സർക്കാരിന്റെ വിദേശനയത്തോടുള്ള വിയോജിപ്പ് ദേശദ്രോഹവും ദേശതാല്പര്യത്തിന് വിരുദ്ധവുമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് ‘രാജ്യത്തിന്റെ വിദേശനയത്തെ എങ്ങിനെ പ്രതികൂലമായി ബാധിക്കു‘മെന്ന കോടതിയുടെ നിരീക്ഷണം യഥാർത്ഥത്തിൽ പൗരസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രസ്ഥാപനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളുടെയും നിഷേധമാണ്. നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിൽനിന്നാണ് ഇന്ത്യയെന്ന സ്വതന്ത്രരാഷ്ട്രം ഉയർന്നുവന്നത്. അതുകൊണ്ടുതന്നെ ലോകത്തെവിടെയും അടിമത്തത്തിനും വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും എതിരെ പൊരുതുന്ന ജനങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഐക്യദാർഢ്യമാണ് ഇന്ത്യൻ രാഷ്ട്രത്തിന്റെ അടിസ്ഥാന സവിശേഷത. ഫ്രഞ്ച്, യുഎസ് സാമ്രാജ്യത്വങ്ങൾക്കെതിരെയുള്ള വിയറ്റ്നാം ജനതയുടെ ധീരോദാത്തമായ ചെറുത്തുനില്പിലും വർണവിവേചനത്തിനെതിരായ ദക്ഷിണാഫ്രിക്കൻ ജനതയുടെ പോരാട്ടത്തിലും പലസ്തീൻ രാഷ്ട്രത്തിനുവേണ്ടിയുള്ള അറബ് ജനതയുടെ സമരത്തിലും അതുകൊണ്ടാണ് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പിന്തുണനൽകുകയും ചെയ്തുപോന്നിട്ടുള്ളത്. നാസി ജർമ്മനി ജൂതന്മാർക്കെതിരെ നടത്തിയ വിനാശകരമായ ഉന്മൂലനത്തിനെതിരെ ഇന്ത്യയുടെ ദേശീയപ്രസ്ഥാനം ആ ജനതക്കൊപ്പം നിലകൊണ്ടിരുന്നുവെന്നത് ഒരു പക്ഷെ മോഡിയും ബിജെപിയും സംഘ്പരിവാറും സൗകര്യപൂർവം വിസ്മരിച്ചേക്കാം. ഫാസിസ്റ്റുകളും മുസോളിനിയും നാസികളും ഹിറ്റ്ലറുമായിരുന്നല്ലോ അവരുടെ ആരാധനാപാത്രങ്ങൾ. 

ഒരു ജനതയെ പട്ടിണിക്കിട്ട് കൊല്ലാക്കൊലചെയ്യുന്നതിനും അവരെ അപ്പാടെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റി പൈതൃകഭൂമി കയ്യടക്കുന്നതിനും അനുകൂലമാണ് ഇന്ത്യയുടെ വിദേശനയമെങ്കിൽ അതിനോട് യോജിക്കാൻ ജനാധിപത്യ ഇന്ത്യക്ക് കഴിയില്ല. ഇസ്രയേലിലെ സയണിസ്റ്റുകളുടെ പാതയാണ് ബിജെപിയും സംഘ്പരിവാറും അവർ നേതൃത്വം നൽകുന്ന കേന്ദ്ര‑സംസ്ഥാന സർക്കാരുകളും പിന്തുടരുന്നതെന്ന വസ്തുത തിരിച്ചറിയുമ്പോഴേ ഉന്മൂലനയുദ്ധത്തിന് എതിരായ ഐക്യദാർഢ്യത്തെ എതിർക്കുന്നവരുടെ മനോനില തിരിച്ചറിയാനാവു. ഗുജറാത്തിലും ഹരിയാനയിലും മഹാരാഷ്ട്രയിലുമടക്കം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ബംഗാളിഭാഷ സംസാരിക്കുന്നവർക്കെതിരെ തുടർന്നുവരുന്ന ഭരണകൂടവേട്ട ആ ഉന്മൂലന മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്. ബംഗാളിഭാഷ സംസാരിക്കുന്നരെല്ലാം ബംഗ്ലാദേശികളാണെന്ന് മുദ്രകുത്തി അവരെ കൂട്ടത്തോടെ നാടുകടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണകൂടഭീകരതയിൽനിന്നും രക്ഷപ്പെട്ട് അഭയംതേടിയ റോഹിൻഗ്യൻ അഭയാർത്ഥികളെ ആൻഡമാൻ സമുദ്രത്തിലേക്ക് തള്ളിനീക്കിയ ഇന്ത്യൻ ഭരണകൂടത്തിന്റെ ക്രൂരത നമ്മുടെ ദേശിയ മാധ്യമങ്ങൾ തമസ്കരിച്ചെങ്കിലും അത് ആഗോളതലത്തിൽ അപലപനവിധേയമായി. അവയെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യൻ ഭരണനയങ്ങളിൽ ആധിപത്യം പുലർത്തുന്ന വലതുപക്ഷ പ്രതിലോമതയാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തെവിടെയും അരങ്ങേറുന്ന ഭരണകൂട ഭീകരതക്കെതിരായ ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യം മോഡി പ്രതിനിധാനം ചെയ്യുന്ന തീവ്ര വലതുപക്ഷ സർക്കാരിന്റെ വിദേശനയത്തോടുള്ള വിമർശനവും ചെറുത്തുനില്പുമായി മാറുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.