5 December 2025, Friday

Related news

December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025

പരാജയപ്പെടുന്ന ഭരണകൂടം

Janayugom Webdesk
February 10, 2025 5:00 am

2025 ജനുവരി 26, ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷിക ദിനമായിരുന്നു. ആഹ്ലാദകരമായ ഈ നാളിനോടു ചേര്‍ന്നായിരുന്നു കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. 2025–26ൽ ജിഡിപി വളർച്ചാ നിരക്ക് 10.1 ശതമാനത്തിലെത്തുമെന്ന് ബജറ്റ് രേഖ സൂചിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാനും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ മറ്റൊരു കുതന്ത്രം മാത്രമായിരുന്നു ഇത്. ഒരു മാസം മുമ്പ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (എൻഎസ്ഒ ) 2024–25 ലെ ദേശീയ വരുമാനവുമായി ബന്ധപ്പെട്ട് ചില കണക്കുകള്‍ പുറത്തിറക്കിയിരുന്നു. അതിങ്ങനെയാണ്, “2024–25 സാമ്പത്തിക വർഷത്തിൽ മൊത്തവളര്‍ച്ചാ സൂചിക (ജിഡിപി) 6.4 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു”. ഇതാകട്ടെ നാല് വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2023–24 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 8.2 ശതമാനം വളർച്ചയിൽ നിന്നുള്ള കുത്തനെയുള്ള ഇടിവുമാണ്. 2024–25 വർഷത്തെ എന്‍എസ്ഒയുടെ അടങ്കല്‍ മതിപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ 6.6 ശതമാനമെന്ന അടങ്കലിനെക്കാൾ കുറവുമായിരുന്നു. 2025–26 സാമ്പത്തിക വർഷത്തിൽ 10.1 ശതമാനം എന്ന കണക്ക് അവതരിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ വഴിയിലാണ് എന്നൊരു മിഥ്യാധാരണ സൃഷ്ടിക്കാനുള്ള വ്യര്‍ത്ഥമായ ശ്രമമാണ്. കടത്തെക്കുറിച്ചുള്ള വിവരണത്തില്‍ 2031 മാർച്ചോടെ സർക്കാർ കുടിശികകളും ബാധ്യതകളും ജിഡിപിയുടെ 50 ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നതായും പറയുന്നു. 2025–26ല്‍ കുടിശികയും ബാധ്യതകളും ജിഡിപിയുടെ 56.1 ശതമാനമായി കുറയ്ക്കുമെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവകാശപ്പെടുന്നുണ്ട്. അവകാശവാദങ്ങള്‍ മാത്രമാണ് എല്ലാം. സർക്കാരിന്റെ പ്രവര്‍ത്തനരീതിയും കഴിഞ്ഞകാല നേട്ടങ്ങളും കൂട്ടിവായിച്ചാല്‍ പറയുന്ന ഏതെങ്കിലും ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. 

വളർച്ചാ നിരക്കിലെ പ്രതിസന്ധി 2019 മുതലാണ് കൂടുതൽ രൂക്ഷമായത്. വ്യക്തിഗത ഉപഭോഗവും സ്വകാര്യ നിക്ഷേപവും മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നു ഇക്കാലയളവില്‍. നോട്ട് നിരോധനം, ജിഎസ്‌ടി(ചരക്ക് സേവന നികുതി) നടപ്പിലാക്കൽ, കോവിഡും ലോക്ഡൗണുകളും എന്നിങ്ങനെ ഇടിത്തീപോലെ വന്നുചേര്‍ന്ന ദുരിതങ്ങളുമുണ്ടായി. 2012നും 24നും ഇടയിൽ ഭക്ഷ്യ പണപ്പെരുപ്പം ശരാശരി 6.18 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ഉപഭോക്തൃ വിലസൂചിക (സിപിഐ) പണപ്പെരുപ്പം സെപ്റ്റംബറിലെ 5.5 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി ഉയർന്നു. ഉപഭോഗത്തിലേക്ക് നീക്കിവയ്ക്കുന്ന പ്രവണത (എംപിസി) യ്ക്കനുസരിച്ച് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റ് കുറയുമെന്നാണ് ബജറ്റിലെ പ്രതീക്ഷ. നയമാറ്റങ്ങളും അതനുസരിച്ച് നിരക്കുകളില്‍ മാറ്റം വരുന്നതിനും മുമ്പ് എംപിസിക്ക് ആനുപാതികമായി ഭക്ഷ്യ പണപ്പെരുപ്പം കുറയണം. എന്നാല്‍ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ പണപ്പെരുപ്പം ആശങ്കയായി നിലനില്‍ക്കുന്നു. കൂടെയുണ്ട് ആരോഗ്യ സംരക്ഷണച്ചെലവ്. 2012 നും 24 നും ഇടയിൽ ആരോഗ്യ സംരക്ഷണ ചെലവുകൾ 14 ശതമാനം വാർഷിക നിരക്കിൽ വർധിച്ചു. ഇക്കാലയളവിൽ വിദ്യാഭ്യാസ മേഖലയിലെ പണപ്പെരുപ്പ നിരക്ക് പ്രതിവർഷം 11 ശതമാനമാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ കണക്കനുസരിച്ച്, 2024 ഡിസംബറിൽ രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 8.1 ശതമാനമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, ഷെഡ്യൂൾഡ് ബാങ്കുകളും വാണിജ്യ ബാങ്കുകളും കുത്തകകളുടെ 2,09,144 കോടി രൂപയുടെയും 1,70,000 കോടി രൂപയുടെയും വായ്പകൾ എഴുതിത്തള്ളി. 

പണപ്പെരുപ്പം 6.2 ശതമാനമായി ഉയർന്നു. തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്‌പിആര്‍) അനുസരിച്ച്, തൊഴിൽ സേനയിൽ ചേരാൻ ആഗ്രഹിക്കുന്നതും ജോലി ചെയ്യുന്നതോ അന്വേഷിക്കുന്നതോ ജോലിക്ക് സജ്ജരാകുന്നതോ ആയ ആളുകളുടെ ശതമാനവും കഴിഞ്ഞ വർഷം ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ 50.4 ശതമാനത്തിലേക്ക് വളര്‍ന്നു. കഴിഞ്ഞ വർഷം ജനുവരി-മാർച്ച് കാലയളവിൽ തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനമായി ഉയർന്നതിന് ശേഷം, നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് തുടർച്ചയായ പാദങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ അഞ്ചാമത്തെ പാദമാണ് സ്ത്രീകളുടെ തൊഴിലില്ലായ്മ എട്ട് ശതമാനത്തിന് മുകളിൽ തുടരുന്നത്. തൊഴിലില്ലായ്മാ നിരക്ക്, തൊഴില്‍ പങ്കാളിത്ത നിരക്ക്, തൊഴിലാളികളുടെ ജനസംഖ്യാനിരക്ക് തുടങ്ങിയ തൊഴിൽ വിപണി സൂചകങ്ങളെ ആശ്രയിച്ചാണ് ത്രൈമാസ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) കണക്കുകള്‍ ക്രമപ്പെടുത്തുന്നത്. നിലവിലെ സ്ഥിതിയില്‍ സർവേത്തീയതിക്ക് മുമ്പുള്ള അവസാന ഏഴ് ദിവസത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ പ്രവർത്തന അവസ്ഥ നിർണയിക്കുന്നത്. പിഎല്‍എഫ്
എസ് വാർഷിക തൊഴിലില്ലായ്മയും തൊഴിൽശക്തിയും സംബന്ധിച്ച കണക്കുകൾക്കായി ഇതേ കണക്കുകള്‍ തന്നെ പരിഗണിക്കുന്നു. സാധാരണ ഗതിയില്‍ സർവേത്തീയതിക്ക് പിന്നിലുള്ള 365 ദിവസങ്ങളിൽ ദീർഘകാലം ജോലി ചെയ്ത വ്യക്തികളും തീയതിക്ക് മുമ്പുള്ള 365 ദിവസത്തെ സൂചക കാലയളവിൽ കുറഞ്ഞത് 30 ദിവസമെങ്കിലും ജോലി ചെയ്തവരും ഉൾപ്പെടുന്നു. പിഎല്‍എഫ്എസ് കണക്കുകള്‍ സ്വയം തൊഴിൽ കണ്ടെത്തുന്ന തൊഴിലാളികളുടെ കാര്യത്തിൽ പുരോഗതി സൂചിപ്പിക്കുന്നു. തൊഴിലാളികളായും തൊഴിലുടമകളായും ഏർപ്പെട്ടിരിക്കുന്നവരുടെ കണക്കുകള്‍ കഴിഞ്ഞ വർഷത്തെ 14.4 ശതമാനത്തിൽ നിന്ന് 15.3 ശതമാനമായി വർധിച്ചു. എന്നാൽ മുൻ പാദത്തില്‍ അത് 15.4 ശതമാനമായിരുന്നു. നവംബർ 12ന് പുറത്തിറക്കിയ പുതിയ രാജ്യാന്തര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) കണക്കുകൾ പ്രകാരം, വരുമാനമില്ലാത്ത പരിചരണ ഉത്തരവാദിത്തങ്ങളാല്‍ 708 ദശലക്ഷം സ്ത്രീകൾ തൊഴിൽ സേനയ്ക്ക് പുറത്താണെന്ന് ചൂണ്ടിക്കാട്ടുന്നു. 15 വയസോ അതിൽ കൂടുതലോ പ്രായമുള്ള 748 ദശലക്ഷം ആളുകൾ പരിചരണ ഉത്തരവാദിത്തങ്ങൾ കാരണം ആഗോള തൊഴിൽ സേനയിൽ ഉള്‍പ്പെടുന്നില്ല. ഇവരില്‍ 40 ദശലക്ഷം പുരുഷന്മാരാണെന്ന് യുഎൻ ഏജൻസി വ്യക്തമാക്കുന്നുണ്ട്. വേഗത്തിലുള്ള വളർച്ചയുടെ അവകാശവാദം ഉയര്‍ത്തിക്കാട്ടുമ്പോഴും സമ്പദ്‌വ്യവസ്ഥ ദുർബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. തൊഴിൽ സൃഷ്ടിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു എന്നതുതന്നെ ഉണ്മ.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.