23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ നയതന്ത്രത്തിന് കനത്ത തിരിച്ചടി

Janayugom Webdesk
January 16, 2024 5:00 am

ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽനിന്നും മാർച്ച് പതിനഞ്ചിനകം പിൻവലിക്കണമെന്ന പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ആവശ്യം ഇന്ത്യൻ നയതന്ത്രത്തിന് പുതുവർഷത്തിലേറ്റ കനത്ത തിരിച്ചടിയാണ്. 140കോടി ജനങ്ങളുള്ള ഇന്ത്യയുമായുള്ള താരതമ്യത്തിൽ അഞ്ചുലക്ഷം മാത്രം ജനസംഖ്യയുള്ള മാലദ്വീപിന്റെ നിലപാട് അപ്രധാനമെന്ന് വിലയിരുത്താമെങ്കിലും ദക്ഷിണേഷ്യയിലെ ഒരു രാജ്യംകൂടി ഇന്ത്യയോടുള്ള അതിന്റെ നീരസം തുറന്നുപ്രകടിപ്പിക്കാൻ മുതിർന്നിരിക്കുന്നുവെന്നത് അവഗണിക്കാനാവില്ല. മാലദ്വീപിൽ ഡോക്ടർമാരടക്കം ഇന്ത്യയുടെ നൂറിൽ താഴെ സൈനികർ മാത്രമാണുള്ളത്. ഇന്ത്യ ദ്വീപിലേക്ക് സംഭാവനയായി നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്ന ജോലിക്ക് മാത്രമായാണ് അവർ നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍മഹാസമുദ്രത്തിലെ ചരക്ക് ഗതാഗത കപ്പൽപ്പാതയുടെ നിരീക്ഷണം, ദുരന്തനിവാരണ പ്രവർത്തനം എന്നിവ മാത്രമാണ് ഇന്ത്യൻ സൈനികരുടെ ഉത്തരവാദിത്തം. 2010ൽ അന്നത്തെ ഇന്ത്യാ അനുകൂല പ്രസിഡന്റ് മുഹമ്മദ് നഷീദ് അധികാരത്തിലിരിക്കെയാണ് ആദ്യത്തെ ഹെലികോപ്റ്ററും സൈനികരും അവിടെ എത്തിയത്. 1998ൽ അന്നത്തെ പ്രസിഡന്റ് അബ്ദുൾ ഗയൂമിനെതിരെ നടന്ന അട്ടിമറി സമയത്ത് ഇന്ത്യൻ സൈനികരെ അയച്ചിരുന്നുവെങ്കിലും ദൗത്യം പൂർത്തിയായപ്പോൾ തന്നെ അവരെ തിരിച്ചുവിളിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾത്തന്നെ താൻ വിജയിച്ചാൽ ഇന്ത്യൻ സൈനികരെ തിരിച്ചയക്കുമെന്ന് പ്രസിഡന്റ് മുയിസു പ്രഖ്യാപിച്ചിരുന്നു. മുയിസുവിന്റെ ചൈനാ സന്ദർശനത്തിന്റെയും ആ രാജ്യവുമായി മാല ഉണ്ടാക്കിയ പുതിയ കരാറുകളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രത്തിൽ ചൈന കാലുറപ്പിക്കുന്ന സാഹചര്യത്തിൽ അയൽരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന സംഭവം ഗൗരവമേറിയ തിരിച്ചടിയായാണ് നയതന്ത്രലോകം വിലയിരുത്തുന്നത്.

 


ഇതുകൂടി വായിക്കൂ; മറക്കരുത് വസ്തുതകളും ചരിത്രവും


ജി20 അടക്കമുള്ള അന്താരാഷ്ട്ര മാമാങ്കങ്ങൾ നടത്തി നരേന്ദ്ര മോഡി സ്വയം വിശ്വഗുരു ചമയുമ്പോഴും നയതന്ത്രരംഗത്ത്, വിശിഷ്യാ ദക്ഷിണേഷ്യയിൽ ഇന്ത്യ ഏറെക്കുറെ ഒറ്റപ്പെടുന്നുവെന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ അതിന്റെ യോഗ്യതയായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി മതനിരപേക്ഷ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണം ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനതകളിൽ ഇന്ത്യയോട് അവമതിപ്പ് ഉണ്ടാവാൻ കാരണമായിട്ടുണ്ട്. മാല ദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പുഫലത്തിൽ ഇന്ത്യയോടുള്ള അവിടുത്തെ ജനങ്ങളുടെ പ്രതികൂല വികാരം പ്രകടമായിരുന്നു. ദ്വീപിലെ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രമുഖ വിഷയമായി മുയിസു മാറ്റുകയും അത് ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളടക്കം ഏതാണ്ട് എല്ലാ അവശ്യസാധനങ്ങൾക്കും ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമാണ് മാല. ജനങ്ങൾ ഏതാണ്ട് പൂർണമായും ഇസ്ലാം മതവിശ്വാസികളാണ്. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനവും ഭൂരിപക്ഷമതത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളും ആ രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുക സ്വാഭാവികംമാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്ന് മാലയിലെ മൂന്ന് ജൂനിയർ മന്ത്രിമാർ നടത്തിയ സമൂഹമാധ്യമ പരാമർശങ്ങളും അതിനെതിരെ ഇന്ത്യയിൽ നിന്നുണ്ടായ പ്രതികരണ വേലിയേറ്റവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചിരുന്നു.


ഇതുകൂടി വായിക്കൂ;ഇന്ത്യ – മാലദ്വീപ് വിഷയത്തിൽ ദുരൂഹമായ സമീപനം പാടില്ല


 

സ്ഥിതിഗതികൾ വഷളാവാൻ അനുവദിക്കാതെ അടിയന്തിര ഇടപെടലിന് തയ്യാറാവാത്ത പ്രധാനമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് തികഞ്ഞ നയതന്ത്ര പരാജയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സർക്കാരും ബിജെപിയടക്കം സംഘ്പരിവാറും അവകാശപ്പെടുന്ന ഇന്ത്യയുടെ നയതന്ത്ര മേൽക്കോയ്മ യാഥാർത്ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കെട്ടുകഥകളാണെന്ന് ദക്ഷിണേഷ്യൻ രാഷ്ട്രസമൂഹത്തിൽ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ ബോധ്യപ്പെടും. തന്റെ ചങ്ങാതിമാരായ അഡാനിമാരടക്കം കോർപറേറ്റുകൾക്ക് ലാഭകരമായ നിക്ഷേപങ്ങൾക്ക് അവസരമുണ്ടാക്കാൻ അയൽരാജ്യങ്ങളുടെമേൽ സമ്മർദംചെലുത്തുന്നതിൽ വിജയിച്ചതൊഴിച്ചാൽ നയതന്ത്രബന്ധങ്ങൾ മെച്ചപ്പെടുത്താൻ യാതൊന്നുംചെയ്യാൻ മോഡിക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല നയതന്ത്രരംഗത്തും ശാക്തികതലത്തിലും പ്രതിയോഗിയായ ചൈന ഇന്ത്യയുടെ ദക്ഷിണേഷ്യൻ അയൽരാജ്യങ്ങളിലെല്ലാം സൈനികമായും സാമ്പത്തികമായും നയതന്ത്രപരമായും കാലുറപ്പിച്ചിരിക്കുന്നു. മേഖലയിൽ സമാധാനത്തിന്റെയും സഹകരണത്തിന്റെയും ഉപകരണമായി മാറേണ്ടിയിരുന്ന ‘സാർക്ക്’ ഇന്ന് ജീവനോടെയുണ്ടോ എന്നുപോലും സംശയമാണ്. ‘അകലെയുള്ള ബന്ധുവിനെക്കാൾ അയലത്തെ ശത്രുവായിരിക്കും ആപൽക്കാലങ്ങളിൽ ആശ്രയം’ എന്ന അടിസ്ഥാന തത്വംപോലും വിസ്മരിക്കുന്ന നയതന്ത്ര പരാജയമാണ് മോഡിഭരണം കാഴ്ചവയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.