19 December 2024, Thursday
KSFE Galaxy Chits Banner 2

ജനാധിപത്യത്തെ കുറിച്ച് പ്രതീക്ഷ നല്‍കുന്ന വിധി

Janayugom Webdesk
March 6, 2024 5:00 am

അഴിമതിക്കും കൈക്കൂലിക്കും പരിരക്ഷയില്ലെന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധി എല്ലാ ജനവിഭാഗങ്ങള്‍ക്കും ജനാധിപത്യത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. സാമാജികരുടെ അഴിമതിയും കൈക്കൂലിയും പാര്‍ലമെന്റിന്റെ പ്രത്യേക അവകാശങ്ങളില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ്, പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല, സഞ്ജയ് കുനാര്‍, മനോജ് മിശ്ര എന്നിവര്‍ അംഗങ്ങളുമായ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരിക്കുന്നത്. പണംപറ്റി വോട്ടെടുപ്പില്‍ പക്ഷപാതം കാട്ടുന്നതിനോ മാറി വോട്ടു ചെയ്യുന്നതിനോ സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാനോ അംഗങ്ങള്‍ തയ്യാറായാല്‍ പ്രത്യേക അധികാരങ്ങളുടെ പരിരക്ഷയ്ക്കപ്പുറം അവര്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുന്നു. പാര്‍ലമെന്റ്, നിയമസഭ ഉള്‍പ്പെടെ ജനപ്രതിനിധി സഭകളില്‍ വോട്ടിന് കോഴ, ചോദ്യം ചോദിക്കാന്‍ കൈക്കൂലി ഉള്‍പ്പെടെ അംഗങ്ങള്‍ നടത്തുന്ന അഴിമതികള്‍ വിചാരണ നടപടികള്‍ക്ക് വിധേയമാണെന്നും രാഷ്ട്രപതി-രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ കൈക്കൂലി വാങ്ങി വോട്ടുചെയ്യുന്നവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും വിധിയില്‍ നിര്‍ദേശിക്കുന്നു. നിയമ നിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ കൈക്കൂലിയും അഴിമതിയും ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യ നിലപാടിനെ അട്ടിമറിക്കുന്നതാണെന്നും ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നു. അവിശ്വാസം മറികടക്കാന്‍ പി വി നരംസിംഹറാവു ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എംപിമാര്‍ക്ക് കോഴ നല്‍കിയെന്ന കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച 1998ലെ വിധിയാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് തിരുത്തിയത്. അഞ്ചംഗ ബെഞ്ചിന്റെ വിധി മൂന്നംഗങ്ങളുടെ ഭൂരിപക്ഷത്തിലായിരുന്നു.

 


ഇതുകൂടി വായിക്കൂ: ജനാധിപത്യം ദുര്‍ബലമാകുന്ന ലോകം


ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയതായിരുന്നു 1998ലെ സുപ്രീം കോടതി വിധി. 1991ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ സഹതാപമുണ്ടായിട്ടും മത്സരിച്ച 487ൽ 232 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനേ കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. ഭൂരിപക്ഷമായ 272 അംഗങ്ങളുണ്ടായില്ലെങ്കിലും പി വി നരസിംഹ റാവു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് ആ സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഇതിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കെതിരെ 1993 ജൂലൈ 26ന് സഭയില്‍ അവിശ്വാസപ്രമേയം വന്നു. ആ സമയം 528 അംഗങ്ങളുണ്ടായിരുന്ന സഭയില്‍ കോൺഗ്രസിന് 251 പേരാണുണ്ടായിരുന്നത്. കേവലഭൂരിപക്ഷത്തിന് 13 അംഗങ്ങളുടെ കുറവ്. എന്നാല്‍ മൂന്നു ദിവസത്തെ ചർച്ചയ്ക്കുശേഷം ജൂലൈ 28ന് 14 വോട്ടുകൾക്ക് അവിശ്വാസപ്രമേയം 251നെതിരെ 265 വോട്ടുകള്‍ക്ക് തള്ളി. 1993ലെ വോട്ടെടുപ്പ് വേളയില്‍ കോഴയാരോപണവും ക്രിമിനല്‍ ഗൂഢാലോചനയും ആരോപിച്ച് മൂന്നു വർഷത്തിനു ശേഷം 1996 ഫെബ്രുവരി ഒന്നിനാണ് രാഷ്ട്രീയ മുക്തി മോർച്ചയുടെ രവീന്ദ്ര കുമാർ സിബിഐക്ക് പരാതി നല്‍കുന്നത്. സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാൻ ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എംപി സൂരജ് മണ്ഡലിന് കോഴ നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ കേസെടുത്തു. ഈ കേസിനെതിരായ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് 1998ലെ വിധിയുണ്ടായത്. പ്രസ്തുത വിധിയാണ് കാല്‍നൂറ്റാണ്ടിനുശേഷം തിരുത്തപ്പെടുന്നത്. 1993ല്‍ വോട്ടിന് കോഴ ആരോപണങ്ങള്‍ കുറവായിരുന്നില്ലെങ്കിലും കണക്കാക്കാവുന്നതിനെക്കാളേറെ മടങ്ങ് വര്‍ധിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഈ വിധിയെന്നത് അതിന്റെ പ്രസക്തിയും പ്രാധാന്യവും പ്രതീക്ഷയും വര്‍ധിപ്പിക്കുന്നു.
വിധി പുറത്തുവന്നയുടന്‍ ആദ്യം അതിനെ സ്വാഗതം ചെയ്തവരില്‍ പ്രമുഖന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരുന്നു. ഇത്തരം രാഷ്ട്രീയ വ്യഭിചാരത്തിനുള്ള പണസമാഹരണത്തിന് ഇലക്ടറല്‍ ബോണ്ടുള്‍പ്പെടെയുള്ള അധാര്‍മ്മിക പദ്ധതികളെ നിയമവല്‍ക്കരിച്ച പ്രധാനമന്ത്രിയില്‍ നിന്നാണ് ഈ സ്വാഗതമുണ്ടായതെന്നത് ആ വിധിയെ അപഹസിക്കുന്നതിന് തുല്യമായി. കഴിഞ്ഞയാഴ്ചയാണ്, വിധിയില്‍ പരാമര്‍ശിച്ച രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ ബിജെപി പണംകൊടുത്തുവാങ്ങിയവരുടെ പിന്‍ബലത്തില്‍ വിജയമുറപ്പിച്ചത്. ചണ്ഡീഗഢില്‍ മേയര്‍ തെരഞ്ഞെടുപ്പ് പണം നല്‍കി വാങ്ങിയവരുടെ പിന്‍ബലത്തില്‍ അട്ടിമറിച്ചത് പരമോന്നത കോടതി റദ്ദാക്കിയിട്ടും ഡെപ്യൂട്ടി മേയര്‍മാരുടെ തെരഞ്ഞെടുപ്പില്‍ അംഗങ്ങളെ വില കൊടുത്തുവാങ്ങിയത് വിധി വന്ന ദിവസമായിരുന്നു. ആ ബിജെപിയുടെ നേതാവാണ് നരേന്ദ്ര മോഡി. 2014ല്‍ മോഡി അധികാരത്തിലെത്തിയതിനു ശേഷമുള്ള പത്തുവര്‍ഷത്തെയും ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 2014 വരെയുള്ള ആറ് ദശകത്തെയും രണ്ട് കാലയളവുകളെടുത്താല്‍ ഏറ്റവുമധികം കൂറുമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും അധികാര അട്ടിമറികളും പണമൊഴുക്കി നടത്തിയത് ബിജെപിയാണ് എന്നത് കൊച്ചുകുട്ടികള്‍ക്കുപോലുമറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. കര്‍ണാടകയിലും ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി ഇത്തരം അട്ടിമറികള്‍ നടത്തിയത് സമീപ ഭൂതകാലത്താണ്. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിധി ഇന്ത്യയുടെ ജനാധിപത്യ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.