27 April 2024, Saturday

ജനാധിപത്യം ദുര്‍ബലമാകുന്ന ലോകം

സി ആർ ജോസ്‌പ്രകാശ്
March 5, 2024 4:30 am

ലോകത്താകെ 54 രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമാണ് 2024. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ, ഹംഗറി, പോളണ്ട്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മൊത്തം ലോക ജനസംഖ്യയില്‍ 46 ശതമാനം പേരാണ് ഈ വര്‍ഷം വോട്ടു ചെയ്യേണ്ടത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞു. ഇന്ത്യയില്‍ ഉടന്‍ നടക്കാന്‍ പോകന്നു.
ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങളെക്കുറിച്ചും ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള നിരവധി പഠന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഇന്ത്യ, ബംഗ്ലാദേശ്, ഹംഗറി, പാകിസ്ഥാന്‍, റൊമേനിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ജനാധിപത്യം ദുര്‍ബലമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ സൗത്ത് കൊറിയ, പോളണ്ട്, ഉസ്ബക്കിസ്ഥാന്‍, റൊമേനിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ കരുത്ത് വര്‍ധിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ജനാധിപത്യം ദുര്‍ബലമാകുന്നതിന്റെ കാരണങ്ങള്‍ നിരവധിയാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ബലഹീനത, അതില്‍ ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും കോര്‍പറേറ്റുകളുടെയും ഇടപെടല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പണത്തിന്റെയും വര്‍ഗീയതയുടെയും മദ്യത്തിന്റെയും എല്ലാം സ്വാധീനം, ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുത്ത് ജയിച്ചുവരാനാകാത്ത സ്ഥിതി വിശേഷം, വിജയികളില്‍ 70–80 ശതമാനം പേര്‍ കോടീശ്വരന്‍മാരായിരിക്കുമെന്ന അവസ്ഥ. തെര‍ഞ്ഞെടുപ്പിലുള്ള ക്രിമിനലുകളുടെ ഇടപെടലും ബൂത്തുപിടിച്ചെടുക്കലും വിദേശ രാജ്യങ്ങളുടെയും ആയുധ വ്യാപാരികളുടെയും ഇടപെടലുകള്‍, മാധ്യമസ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും കോര്‍പറേറ്റുകളുടെയും അതിലൂടെ സര്‍ക്കാരിന്റെയും നിയന്ത്രണത്തിലാകുന്ന ദയനീയമായ സ്ഥിതി, വന്‍ ‍കമ്പനികളുടെ സഹായത്തോടെയുള്ള പുത്തന്‍ സാങ്കേതികവിദ്യയുടെ ഉപയോഗം, കോടികള്‍ നല്കുിയുള്ള തെരഞ്ഞെടുപ്പ് വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തല്‍, പരസ്യത്തിനുവേണ്ടിയുള്ള പണത്തിന്റെ കുത്തൊഴുക്ക്, തെരഞ്ഞെടുപ്പില്‍ ജയിച്ചു വരുന്നവരെ വിലയ്ക്ക് വാങ്ങല്‍, അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യം ഇങ്ങനെ ഒട്ടേറെ കാരണങ്ങളാലാണ് ജനാധിപത്യം ദുര്‍ബലമാകുന്നത്. തെരഞ്ഞെടുപ്പും ജനാധിപത്യവും ദശാബ്ദങ്ങളായി നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന രാജ്യങ്ങളില്‍ ദാരിദ്ര്യവും നിരക്ഷരതയും ചികിത്സ കിട്ടാതെ മനുഷ്യര്‍ മരിക്കുന്ന സ്ഥിതിയും ഇത്രയും ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ കാരണം ഈ 2024ലെ തെരഞ്ഞെടുപ്പിലും വലിയ ചര്‍ച്ചയായി മാറുമെന്ന് തോന്നുന്നില്ല.
മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാ രാജ്യങ്ങളിലും ഒരുപോലെ പ്രവര്‍ത്തിക്കുന്നില്ല. പകുതിയോളം രാജ്യങ്ങളിലെ തെര‍ഞ്ഞെടുപ്പില്‍ ജാതിയും മതവും ഒരു നിര്‍ണായക സംഗതിയായി പ്രവര്‍ത്തിക്കുന്നില്ല എന്നത് സത്യമാണ്. 2024ല്‍ തെരഞ്ഞെടുപ്പ് നടക്കാത്ത, വരുംവര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രാജ്യങ്ങളിലെ സ്ഥിതിയും മൊത്തത്തില്‍ മെച്ചമല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മോശം പ്രവണതകള്‍ മിക്ക രാജ്യങ്ങളിലും ദൃശ്യമാണ്. ജനാധിപത്യത്തിന്റെ ദൗര്‍ബല്യം, ലോക സമാധാനത്തിനും ലോകത്തിന്റെ നിലനില്‍പ്പിനു തന്നെയും വലിയ ഭീഷണിയാണ്.


ഇതുകൂടി വായിക്കൂ:  ബിജെപി വിലയ്ക്ക് വാങ്ങുന്ന ജനാധിപത്യം


2024ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് സ്വാഭാവികമായും ഇന്ത്യതന്നെയാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്ന എല്ലാ കാര്യങ്ങളും ഒരുപോലെ ബാധകമാകുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇന്ത്യ എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതില്‍ സുപ്രീം കോടതിക്കുണ്ടായിരുന്ന പങ്ക് ഇല്ലാതാക്കിയത്, ഇലക്ടറല്‍ ബോണ്ടിലൂടെ ആയിരക്കണക്കിന് കോടി രൂപ സമാഹരിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നത് (സുപ്രീം കോടതി ഈ നിയമം ഇപ്പോള്‍ റദ്ദാക്കി), തെരഞ്ഞെടുപ്പിലുള്ള കോര്‍പറേറ്റുകളുടെയും ജാതിമത ശക്തികളുടെയും സ്വാധീനം, പണമില്ലാത്തവര്‍ക്ക് പാര്‍ലമെന്റിലേക്ക് മത്സരിക്കാനാകാത്ത അവസ്ഥ, ജയിച്ചുവരുന്നവരില്‍ 70 ‑80 ശതമാനം പേരും കോടീശ്വരന്‍മാര്‍ ആയിരിക്കും എന്ന സ്ഥിതിവിശേഷം, തെരഞ്ഞെടുപ്പില്‍ ക്രിമിനലുകള്‍ ചെലുത്തുന്ന സ്വാധീനം, ദുര്‍ബലമായ സിവില്‍ സര്‍വീസും സിവില്‍ സര്‍വീസിലെ അഴിമതിയും ഭരണകക്ഷിക്ക് സഹായകമാകുന്ന രീതി, പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങള്‍ ഭരണകൂടത്തിന്റെ സഹായികളായി മാറുന്ന അസാധാരണമായ സ്ഥിതിവിശേഷം, കോടികള്‍ ചെലവഴിച്ച് പുത്തന്‍ സാങ്കേതികവിദ്യയെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെടുത്തല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കല്‍‍, അത് വിശകലനം ചെയ്യല്‍, പുതിയ തന്ത്രങ്ങള്‍ മെനയല്‍, ഉപദേശം നല്‍കല്‍ ഇതിനൊക്കെ പ്രാപ്തരായ തെരഞ്ഞെടുപ്പ് വിദഗ്ധരുടെ സേവനം കോടികള്‍ നല്കി ഉപയോഗപ്പെടുത്തല്‍, ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് വോട്ടിന് പണവും മദ്യവും നല്കല്‍, ഭരണഘടനാ തത്വങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കല്‍, ചരിത്രത്തെ വികൃതമാക്കല്‍, സിലബസില്‍ പോലും വര്‍ഗീയതയുടെ വിഷം നിറയ്ക്കല്‍, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവും സംഘര്‍ഷവും ലഹളയും വളര്‍ത്തിയെടുത്ത് അത് വോട്ടാക്കിമാറ്റല്‍ തുടങ്ങി ഒരു ജനാധിപത്യ പ്രക്രിയയെ ഏതെല്ലാം വിധത്തില്‍ ദുര്‍ബലമാക്കാമോ അതെല്ലാം ഒത്തൊരുമിച്ച് ചെയ്യുന്ന രാജ്യമായി ‘സ്വതന്ത്ര ഇന്ത്യ’ മാറിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ജനാധിപത്യം പുറത്ത്


ലോകത്ത് സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍ നിന്ന ഇന്ത്യ കഴിഞ്ഞ പത്ത് വര്‍ഷമായി പുറകോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു എന്നാണ് എല്ലാ അന്തര്‍ദേശീയ പഠന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയപരമായ അവകാശങ്ങള്‍, ഭരണഘടനാപരമായ അവകാശങ്ങള്‍, പൗരാവകാശങ്ങള്‍, മാധ്യമ സ്വതന്ത്ര്യം, തെരഞ്ഞെടുപ്പ് സംവിധാനം മുതലായവയെല്ലാം ദുര്‍ബലമാക്കുന്നു എന്ന് രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്ന ആര്‍ക്കും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ബോധ്യപ്പെടുന്നതാണ്. ആഗോളതലത്തിലുള്ള പഠന റിപ്പോര്‍ട്ടുകള്‍ അതിന് അടിവരയിടുന്നു എന്നുമാത്രം. ലോകത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ദുര്‍ബലമാകുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നത് വേദനാജനകമാണ്. പോരാട്ടങ്ങളിലൂടെ, പതിനായിരങ്ങളുടെ ജീവത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാകുന്നതും ദുര്‍ബലപ്പെടുന്നതും മഹാഭൂരിപക്ഷം ജനങ്ങളും ദുഃഖത്തോടെയാണ് കാണുന്നത്. എന്നാല്‍ ഈ മഹാഭൂരിപക്ഷം നിസഹായരായി മാറുന്ന സ്ഥിതിവിശേഷം ഭയാനകമാണ്. ഇതിനൊരു മാറ്റം വരുത്തുന്നതിനുള്ള സന്ദര്‍ഭമാണ് വന്നെത്തുന്നത്. അങ്ങനെയൊരു മാറ്റം സംഭവിച്ചാല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമാകെയാണ് ജനാധിപത്യവും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും പുരോഗതിയും സമാധാനവും മതനിരപേക്ഷതയും ശക്തിപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.