23 December 2024, Monday
KSFE Galaxy Chits Banner 2

ഭരണഘടനയും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്ന വിധി

Janayugom Webdesk
February 21, 2024 5:00 am

ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ നടന്ന അടിസ്ഥാന ജനാധിപത്യ ധ്വംസനത്തെ ഭരണഘടനയുടെ 142-ാം അനുച്ഛേദം കല്പിച്ചുനൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് തിരുത്തുകവഴി കേന്ദ്രഭരണം കയ്യാളുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നൽകി സുപ്രീം കോടതി. ജനുവരി 30ന് നടന്ന മേയർ തെരഞ്ഞെടുപ്പിൽ വരണാധികാരിയായി നിയോഗിക്കപ്പെട്ട ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവും ചണ്ഡീഗഢ് കോർപറേഷൻ കൗൺസിലിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗവുമായ അനിൽ മസീഹ് എട്ട് ബാലറ്റ് പേപ്പറുകളിൽ ബോധപൂർവം വരുത്തിയ തിരുത്തൽ പരിശോധിച്ച് അസാധുവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തിയ കോടതി, 36 അംഗ കോർപറേഷൻ കൗൺസിലിൽ 20 വോട്ടുകൾ നേടിയ ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും സംയുക്ത സ്ഥാനാർത്ഥിയായിരുന്ന കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. മേയർ തെരഞ്ഞെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും ബാലറ്റ് പേപ്പറുകളും പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് വിധി പ്രഖ്യാപിച്ചത്. സുപ്രീം കോടതി കേസിൽ നടത്തിയ പ്രതികൂല പരാമർശങ്ങളുടെ വെളിച്ചത്തിൽ മസീഹ് നിയമവിരുദ്ധമായി മേയറായി പ്രഖ്യാപിച്ച ബിജെപിയുടെ മനോജ് സോങ്കർ നേരത്തെ തൽസ്ഥാനം രാജിവച്ചിരുന്നു. ബാലറ്റിൽ തിരുത്തൽ വരുത്തിയ വരണാധികാരി അനിൽ മസീഹ് എട്ട് ബാലറ്റുകളിൽ തന്റെ കയ്യിൽ എത്തുംമുമ്പുതന്നെ തിരുത്തൽ വരുത്തിയിരുന്നതായി കോടതി മുമ്പാകെ അവകാശപ്പെട്ടിരുന്നു. ബാലറ്റും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വീഡിയോയും പരിശോധിച്ച കോടതിക്ക് ആ അവകാശവാദം തികച്ചും തെറ്റാണെന്ന് ബോധ്യപ്പെട്ടു. മസീഹിനെതിരെ മൂന്നാഴ്ചക്കാലത്തിനുള്ളിൽ ക്രിമിനൽ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ് നൽകാനും കോടതി ഉത്തരവായിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: ഉത്തരാഖണ്ഡ് യുസിസി നൽകുന്ന മുന്നറിയിപ്പുകൾ


മേയർ തെരഞ്ഞെടുപ്പ് വിഷയം സുപ്രീം കോടതിയിൽ എത്തിയതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിന് അവസരമുണ്ടാകുമെന്നും അങ്ങനെ വന്നാൽ തങ്ങളുടെ വിജയം ഉറപ്പാക്കുന്നതിന് എഎപിയുടെ മൂന്നംഗങ്ങളെ കാലുമാറ്റി സ്വന്തം പാളയത്തിൽ എത്തിക്കുന്നതിൽ ബിജെപി വിജയിച്ചിരുന്നു. ‘കുതിരക്കച്ചവട’ത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം ബോധ്യപ്പെട്ട സുപ്രീം കോടതി, അത്തരം കുതന്ത്രങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുകയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം വരണാധികാരി തിരുത്തൽ വരുത്തിയ ബാലറ്റ് പേപ്പറുകൾ പരിശോധിച്ച് സാധുവായി പ്രഖ്യാപിക്കുക വഴി സുപ്രീം കോടതി ഒരേസമയം ആ നിയമവിരുദ്ധ അട്ടിമറി തിരുത്തുകയും ബിജെപിയുടെ ജനാധിപത്യ ധ്വംസനത്തിന് തടയിടുകയുമാണ് ചെയ്തത്.
ബിജെപിയുടെ കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണചരിത്രം അധികാരം നിലനിർത്താൻ ഏതുമാർഗവും ഉപയോഗിക്കാനും, ഏതറ്റംവരെ പോകാനും അവർ മടിക്കില്ലെന്ന് സംശയാതീതമായി തെളിയിക്കുന്നു. ചണ്ഡീഗഢ് പോലെ പരിമിത അംഗത്വം മാത്രമുള്ള ഒരു കോർപറേഷൻ കൗൺസിലിന്റെ ഒരുവർഷം മാത്രം കാലാവധിയുള്ള മേയർ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ‘ജനാധിപത്യ കൊലയ്ക്ക്’ മുതിർന്നവർ വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പിൽ എന്തിനൊക്കെ തയ്യാറാവില്ലെന്ന ആശങ്ക ജനാധിപത്യ വിശ്വാസികളിൽ ശക്തമാണ്. തെരഞ്ഞെടുപ്പിന് രാജ്യത്ത് ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് മെഷീൻ എന്നിവയുടെ ദുരുപയോഗത്തെപ്പറ്റി ആശങ്ക വ്യാപകമാണ്. അവ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ‘ഭെല്ലി‘ന്റെ ഡയറക്ടർ ബോർഡിൽ അറിയപ്പെടുന്ന ബിജെപിക്കാർ നിയമിക്കപ്പെട്ടിരിക്കുന്നു. അവർ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നിയുക്ത ‘മസീഹ്‘മാരായി മാറുമെന്ന ആശങ്കയും അസ്ഥാനത്തല്ല.
രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം അതിന്റെ നെല്ലിപ്പലകയോട് അടുത്തിരിക്കെയാണ് സുപ്രീം കോടതിയുടെ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർണായകവിധി പുറത്തുവന്നിരിക്കുന്നത്. അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ സുപ്രീം കോടതി മറ്റൊരു സുപ്രധാന വിധിപ്രസ്താവം നടത്തിയത്. ഇരു വിധിപ്രസ്താവനകളും ഭരണത്തിൽ പിടിമുറുക്കാൻ ഭരണഘടനാവിരുദ്ധവും രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതുമായ എന്തുമാർഗവും അവലംബിക്കാൻ യാതൊരു മടിയുമില്ലാത്ത ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടികളാണ്. അതിലുപരി ഭരണഘടനയുടെയും നിയമവാഴ്ചയുടെയും സംരക്ഷകരും സത്യത്തിനും നീതിക്കുംവേണ്ടിയുള്ള പൗരന്മാരുടെ അവസാനത്തെ ആശ്രയവുമായി ജനങ്ങൾ നോക്കിക്കണ്ടിരുന്ന ഏക ഭരണഘടനാ സ്ഥാപനമായ സുപ്രീം കോടതിയിലുള്ള വിശ്വാസം അല്പമെങ്കിലും വീണ്ടെടുക്കാൻ ഈ വിധികൾ ഏറെ സഹായകമായി എന്നുവേണം വിലയിരുത്താൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.