12 April 2024, Friday

ഉത്തരാഖണ്ഡ് യുസിസി നൽകുന്ന മുന്നറിയിപ്പുകൾ

പ്രത്യേക ലേഖകന്‍
February 20, 2024 4:32 am

ഏകീകൃത വ്യക്തിനിയമം (യൂണിഫോം സിവിൽ കോഡ്-യുസിസി) നടപ്പിലാക്കുമെന്ന പ്രഖ്യാപനം ബിജെപി അധികാരത്തിലെത്തിയ കാലംമുതൽ നാം കേട്ടുകൊണ്ടിരിക്കുന്നതാണ്. ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും ഇടയ്ക്കിടെ ഏകീകൃത വ്യക്തിനിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ആവർത്തിക്കാറുമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭോപ്പാലിൽ ഒരു ബിജെപി യോഗത്തിൽ യുസിസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് പറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സംസ്ഥാനത്ത് ബിജെപി സർക്കാർ യുസിസി നടപ്പാക്കുന്നത് പരിഗണിക്കുകയാണെന്ന് പറഞ്ഞു. ദേശീയതലത്തിൽ ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുന്നതിന്റെ അന്തിമ ധാരണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപി ഭരിക്കുന്ന അസം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അതാത് സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനായുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ യുസിസി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ധൃതിപിടിച്ച് ഒരു ബില്ലിന് രൂപം നൽകി നിയമസഭയിൽ അവതരിപ്പിച്ച് തങ്ങൾക്കുള്ള ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ പാസാക്കിയെടുക്കുകയും ചെയ്തിരിക്കുന്നത്.
ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ച് ചർച്ച ഉയർന്നുവരാറുള്ള ഘട്ടങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന അതിന്റെ അപകടങ്ങൾ ചർച്ചാ വിഷയമാകാറുണ്ട്. ഒപ്പംതന്നെ ചില മതങ്ങളിലെ വ്യക്തിനിയമങ്ങളിൽ നിലനിൽക്കുന്ന പിന്തിരിപ്പൻ സമീപനങ്ങളെ വിമർശിക്കുന്ന പുരോഗമനവാദികളായ ചിലരെങ്കിലും അനുകൂലിച്ച് രംഗത്തുവരുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്. അവരെയുൾപ്പെടെ ബിജെപി കൊണ്ടുവരുന്ന യുസിസിയുടെ അപകടങ്ങൾ ബോധ്യപ്പെടുത്തുന്നതാണ് ഉത്തരാഖണ്ഡിൽ അവതരിപ്പിച്ചു പാസാക്കിയെടുത്തിരിക്കുന്ന നിയമം. ഏകീകൃത വ്യക്തിനിയമത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യം വ്യക്തമായും രാഷ്ട്രീയവും മതാധിഷ്ഠിതവുമാണെങ്കിലും ഉത്തരാഖണ്ഡിൽ പാസാക്കിയെടുത്തിരിക്കുന്ന ബിൽ മനുഷ്യാവകാശ ധ്വംസനത്തിനും വ്യക്തിപരമായ അവകാശങ്ങളുടെ മേൽ കടന്നുകയറുന്നതിനും അവസരം നൽകുന്ന പിന്തിരിപ്പൻ വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്. വ്യക്തിനിയമങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേകമായി നൽകുന്ന അവകാശങ്ങൾ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയെ പൊതുനിയമത്തിന്റെ കീഴിൽ കൊണ്ടുവരുന്നു എന്നതിനപ്പുറം വ്യക്തി-കുടുംബബന്ധങ്ങളിൽ ആധുനികകാലത്ത് രൂപപ്പെട്ട രീതികളെ നിരീക്ഷിക്കാനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള കടുത്ത വ്യവസ്ഥകളാണ് ഉത്തരാഖണ്ഡ് നിയമത്തിന്റെ മറ്റൊരു പ്രത്യേകത.

 


ഇതുകൂടി വായിക്കൂ: അഴിമതിയുടെ അരിയിട്ട് വാഴ്ചയ്ക്കേറ്റ ആഘാതം


സംസ്ഥാനത്തെ എല്ലാ പൗരന്മാരും ഉത്തരാഖണ്ഡിനുള്ളിലോ പുറത്തോ താമസിക്കുന്നവർ ആയാലും നിയമപ്രകാരം നിശ്ചയിക്കപ്പെടുന്ന രജിസ്ട്രാർ മുമ്പാകെ അവരുടെ ബന്ധം രജിസ്റ്റർ ചെയ്യണമെന്ന് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നു. ലിവിങ് ഇൻ എന്ന നിലയിൽ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീയും പുരുഷനും ഉൾപ്പെടെ എല്ലാവരും രജിസ്ട്രേഷൻ നടത്തണമെന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ താമസിക്കുന്നവരുടെ മുൻകാല ചരിത്രം പരിശോധിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും നിയമത്തിൽ പറയുന്നു. ഒറ്റ വായനയിൽ അതിൽ എന്താണ് തെറ്റ് എന്ന് തോന്നാമെങ്കിലും അതിനു പിന്നീട് വരുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. താമസം ആരംഭിച്ച് 30 ദിവസത്തിനകം രജിസ്ട്രേഷൻ നടത്തുന്നില്ലെങ്കിൽ മൂന്നുമാസം വരെ ജയിൽ ശിക്ഷയും 10,000 രൂപ വരെ പിഴയീടാക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമത്തിൽ മുൻകാല വിവരങ്ങൾ പരിശോധിക്കുന്നതിൽ എന്തെങ്കിലും പിഴവ് കണ്ടെത്തുകയാണെങ്കിൽ മൂന്നുമാസം വരെ തടവും കാൽ ലക്ഷം രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ മതാതീത വിവാഹങ്ങളെയും ഇരുമതങ്ങളിൽപ്പെട്ടവരുടെ വിവാഹങ്ങളെയും നിരീക്ഷിക്കുന്ന വ്യവസ്ഥകളും ആശങ്കകൾ സൃഷ്ടിക്കപ്പെടുന്നു.
ഭരണഘടനപ്രകാരം, സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പ്രായപൂർത്തിയായ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇത് ഇല്ലാതാക്കുന്നു. അവർക്ക് അങ്ങനെ ചെയ്യുന്നതിന് മാതാപിതാക്കളുടെ സമ്മതമോ സർക്കാരിന്റെ അനുമതിയോ ആവശ്യമില്ല. അതാണ് ലംഘിക്കപ്പെടുന്നത്. അതുപോലെതന്നെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യക്തിയുടെ സ്വകാര്യതയും ഇതിലൂടെ ഇല്ലാതാകുന്നു. ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധം സംബന്ധിച്ച് മുൻകാലങ്ങളിൽ സുപ്രീം കോടതിയിൽ നിന്നുൾപ്പെടെയുണ്ടായ വിധികളെ നിരാകരിക്കുന്നതുമാണ് ഉത്തരാഖണ്ഡിലെ യുസിസി. ലിംഗനീതി, മതനീതി എന്നിവയ്ക്കപ്പുറം സദാചാര പൊലീസ് സംവിധാനത്തിന് നിയമപരമായ പ്രാബല്യം നൽകുകയാണെന്നും വ്യക്തമാണ്.

ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടൽ ഇതുസംബന്ധിച്ച് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ നടത്തിയ അഭിപ്രായ സർവേയിൽ യുവതീ യുവാക്കൾ പങ്കുവച്ച ആശങ്കകൾ ഇതിനു തെളിവാണ്. ഇപ്പോൾത്തന്നെ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ രീതിയിൽ സദാചാര പൊലീസിങ് നിലവിലുണ്ട്. അതിന് നിയമപരമായ സാധുത നൽകുകയാണ് നിയമത്തിലൂടെയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഈ രജിസ്ട്രേഷൻ പ്രക്രിയയിൽ നിന്ന് മൂന്ന് വിഭാഗക്കാർക്കാണ് പ്രയോജനം ലഭിക്കുകയെന്ന് സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയ 25 വയസുള്ള ജീവനക്കാരൻ ചൂണ്ടിക്കാട്ടുന്നു. പരിശോധനകളൊന്നുമില്ലാതെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന വ്യക്തിയോ വ്യക്തികളോ ആണ് അതിലൊന്ന്. രജിസ്റ്റർ ചെയ്ത പങ്കാളികളുടെ പേരുകൾ മറ്റുള്ളവർ അറിയുന്ന വിധം പ്രകാശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വൻ തുക ശേഖരിക്കുന്ന പൊലീസുകാരനായിരിക്കും രണ്ടാമത്തേത്. മൂന്നാമത്തേത് യുവപങ്കാളികൾക്ക് വീട് വാടകയ്ക്ക് നൽകുന്ന ഉടമ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി പോർട്ടൽ വെളിപ്പെടുത്തുന്നു. ഈ വിധത്തിൽ പ്രാകൃതവും കിരാതവുമായ വ്യവസ്ഥകളുള്ള നിയമം തീവ്ര ഹിന്ദുത്വ അജണ്ടകളെയും സവർണ, പൗരോഹിത്യ മേധാവിത്തത്തെയും അടിച്ചേല്പിക്കുന്നതിനാണ് ഇടയാക്കുകയെന്നാണ് ഉത്തരാഖണ്ഡ് രൂപം നൽകിയ യുസിസി നിയമം മുന്നറിയിപ്പ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.