10 December 2025, Wednesday

Related news

December 10, 2025
December 9, 2025
December 8, 2025
December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025

ശക്തവും പ്രസക്തവുമായ കരട് പ്രമേയം

Janayugom Webdesk
July 21, 2025 5:00 am

രാജ്യത്തെ മാവോയിസ്റ്റുകളോടും മറ്റ് വിമത വിഭാഗങ്ങളോടും സായുധ പോരാട്ടത്തിന്റെ പാതയുപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ ചേരാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ പുറത്തിറക്കിയത് ഇക്കഴിഞ്ഞ 18നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാസേന മാവോയിസ്റ്റുകളെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തുന്നതിന്റെയും 2026 മാർച്ച് 31നകം രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കേവലം ഒരാഴ്ച മുമ്പാണ് ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നഗര നക്സലുകളെ നിയന്ത്രിക്കാനെന്ന പേരില്‍ പൊതുസുരക്ഷാ ബില്‍ പാസാക്കിയത്. തീവ്രവാദത്തിനെതിരെയെന്ന വ്യാജേന ഇടതുപക്ഷ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതില്‍ നല്ലൊരുവിഭാഗം വലതുപക്ഷ സംഘടനകളാണെങ്കിലും അവരെക്കുറിച്ച് ബില്ലിൽ പരാമർശിക്കുകപോലും ചെയ്യുന്നില്ല എന്നതില്‍ നിന്നുതന്നെ ഭരണകൂടലക്ഷ്യം സുവ്യക്തമാണ്. ഇടതുപക്ഷ തീവ്രവാദം, ആക്ടിവിസം, നഗര നക്സൽ തുടങ്ങി, ബില്ലിൽ നിർവചിക്കുന്ന പദങ്ങള്‍ക്കെതിരെ പ്രതിപക്ഷ എംഎൽഎമാർ ശക്തമായ എതിര്‍പ്പുയര്‍ത്തിയെങ്കിലും ഏകപക്ഷീയമായി ബില്‍ പാസാക്കുകയായിരുന്നു. 2018ലെ എൽഗാർ പരിഷത്ത് കേസിൽ മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക് വിദഗ്ധരും അറസ്റ്റിലായപ്പോഴാണ് ബിജെപി നേതാക്കളും ഭരണകൂടങ്ങളും ‘നഗര നക്സലുകള്‍’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് നരേന്ദ്ര മോഡിയും സർക്കാരും തങ്ങളുടെ വിമര്‍ശകരെ വിശേഷിപ്പിക്കാൻ സ്ഥിരമായി ഈ പദമുപയോഗിക്കുന്നു. ബില്‍ നിയമമാവുന്നതോടെ ഛത്തീസ്ഗഢില്‍ ഒ‌ാപ്പറേഷന്‍ കാഗര്‍ എന്ന പേരില്‍ നടത്തുന്ന മാവോയിസ്റ്റ് വേട്ടയ്ക്ക് സമാനമായ രീതിയില്‍ മഹാരാഷ്ട്രയിലും അധികാരത്തിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ശക്തി വര്‍ധിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ബില്‍ പിന്‍വലിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് തൊട്ടടുത്തദിവസം ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷ സംഘടനകളെയാണ് ബിൽ ലക്ഷ്യമിടുന്നതെന്നും ബിജെപി ഭരണത്തിന്റെ ഫാസിസ്റ്റ്, ജനാധിപത്യ വിരുദ്ധ രീതികളുടെ സൂചനയല്ലാതെ മറ്റൊന്നുമല്ല ബില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തത്വാധിഷ്ഠിത ഐക്യം നിരന്തരമായി പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് സായുധ പോരാട്ടത്തിന്റെ പാതയിലുള്ള മാവോയിസ്റ്റുകളോടും മറ്റ് വിഭാഗങ്ങളോടും തങ്ങളുടെ രീതി പുനഃപരിശോധിക്കാനും കമ്മ്യൂണിസത്തിന്റെ മുഖ്യധാരയിൽ ചേരാനും സാമൂഹിക പരിവർത്തന പ്രക്രിയയിൽ പങ്കെടുക്കാനും ആഹ്വാനം ചെയ്യുന്നത്. രാജ്യം നേരിടുന്ന ഗുരുതരമായ ഭീഷണികൾ തിരിച്ചറിഞ്ഞ് അതിനെതിരായ പ്രതിരോധം രൂപപ്പെടുത്തുമെന്നും 25-ാം കോൺഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന, ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള വേളയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതെന്ന സവിശേഷതയും പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തെ നിര്‍ണായകശക്തിയായി നിലനിര്‍ത്തുന്നതിനും സിപിഐ മുന്‍കയ്യെടുക്കും. ആർഎസ്എസ് — ബിജെപി സംഘത്തിന്റെ വിനാശകരമായ നയങ്ങൾക്കെതിരെ മതേതര, ജനാധിപത്യ ശക്തികളെ അണിനിരത്താനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. ബിജെപി ഭരണം, ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ഏറ്റവും സംഘടിതവും പ്രതിലോമകരവുമായ ഭീഷണിയെ പ്രതിനിധീകരിക്കുന്നുവെന്ന് കരട് രേഖ ചൂണ്ടിക്കാട്ടുന്നു.

ഹിറ്റ്ലറിൽ നിന്നും മുസോളിനിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം, നമ്മുടെ ഭരണഘടനയുടെ ദർശനത്തെ ഹിന്ദു രാഷ്ട്രം കൊണ്ട് മാറ്റിസ്ഥാപിക്കാനും, കോർപറേറ്റ് നിയന്ത്രിത ഭരണം പ്രോത്സാഹിപ്പിക്കാനും, ഫെഡറലിസം തകർക്കാനും ശ്രമിക്കുന്നു. സിഎഎ പോലുള്ള കരിനിയമങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, ന്യൂനപക്ഷ വിരുദ്ധ അക്രമം എന്നിവയിലൂടെ മതേതരത്വത്തിന്റെ അടിസ്ഥാനം തകര്‍ക്കുകയാണ്. ഗവർണര്‍മാരെ ആയുധമാക്കിയും ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ പോലുള്ള ശ്രമങ്ങളിലൂടെയും ഫെഡറലിസത്തെ ഇല്ലാതാക്കുന്നു. ഹിന്ദി അടിച്ചേല്പിക്കലും ചരിത്രം തിരുത്തിയെഴുതലും അവരുടെ ഗൂഢപദ്ധതിയാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിനും മതേതര — ജനാധിപത്യ സ്വഭാവത്തിനും ആർഎസ്എസ് — ബിജെപി ഭരണകൂടം അസ്തിത്വ ഭീഷണിയാണെന്നും ഈ ഫാസിസ്റ്റ് ആക്രമണത്തിനെതിരെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവും ബഹുജനപിന്തുണയുമുള്ള പ്രതിരോധത്തിന് പാർട്ടി നേതൃത്വം നൽകണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു. ബഹുജന പോരാട്ടങ്ങൾ, ബദൽ നയരൂപീകരണം, ആശയപ്രചരണം എന്നിവയിലൂടെ തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, വിദ്യാർത്ഥികൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവരുമായി കൂടുതൽ അടുക്കുകയും, പാർട്ടി അതിന്റെ മാർക്സിസ്റ്റ് — ലെനിനിസ്റ്റ് സ്വത്വം വീണ്ടും ഉറപ്പിക്കുകയും വേണമെന്നും കരട് രേഖ ആഹ്വാനം ചെയ്യുന്നുണ്ട്. അടിച്ചമർത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും നീതി, സമാധാനം, മാനവികത എന്നിവയ്ക്കായുള്ള പോരാട്ടത്തിലും മുൻപന്തിയിലുണ്ടാകുമെന്നാണ് സിപിഐ ഉറപ്പുനല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.