കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി 65 വാക്കുകള്‍ക്ക് സഭയില്‍ വിലക്കേര്‍പ്പെടുത്തിയുള്ള വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. നിത്യജീവിതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തി. സഭ്യേതരമെന്ന സംജ്ഞയില്‍ ലോക്‌സഭ, രാജ്യസഭ, നിയമസഭകള്‍ എന്നിവിടങ്ങളിലും പൊതു ഇടങ്ങളിലും ഉപയോഗിക്കുവാന്‍ പാടില്ലാത്ത വാക്കുകളുണ്ട്. എന്നാല്‍ പതിവായി ഉപയോഗിക്കുന്ന 65 വാക്കുകളാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിലക്കിയത്. കരിദിനം, പ്രയോജനരഹിതം, വഞ്ചകന്‍, വിനാശകാരി, അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം, കാപട്യം, കഴിവുകെട്ടവന്‍, അരാജകവാദി തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്നായിരുന്നു തിട്ടൂരം. അതില്‍ അഡാനിയെന്ന പേര് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ആ വാക്കുമായി ബന്ധപ്പെട്ട എന്ത് പറഞ്ഞാലും സഭാരേഖകളില്‍ നിന്ന് നീക്കുകയെന്ന പ്രാകൃത നടപടിയാണ് സ്വീകരിക്കുന്നത്.
സമീപദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നതാണ് ഗൗതം അഡാനിയുടെ വഴിവിട്ട വളര്‍ച്ചയും തട്ടിപ്പുകളും വീഴ്ചകളും. മോഡിയുമായി അഡാനിക്കുള്ള അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച്, രാജ്യത്തിന് അപമാനകരമായ വാര്‍ത്തകള്‍ ആഗോള മാധ്യമങ്ങളില്‍ നിറയുകയും ചെയ്യുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ ദേശീയ‑ആഗോള മാധ്യമങ്ങളില്‍ പ്രധാന തലക്കെട്ട് അഡാനിയുടെ തട്ടിപ്പുകളെ കുറിച്ചാണ്. എന്നാല്‍ അതുസംബന്ധിച്ച് രാജ്യത്തെ ജനപ്രതിനിധി സഭകളില്‍ സംസാരിച്ചുകൂടെന്ന പിടിവാശിയിലാണ് കേന്ദ്ര സര്‍ക്കാര്‍. ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും ഉന്നതമായ വേദികളില്‍ പോലും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയിടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ആദ്യദിനം മുതല്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഒന്നടങ്കമാണ് ഇരുസഭകളിലും ഉയര്‍ത്തിയത്. അതിന് സര്‍ക്കാര്‍ തയ്യാറായില്ല. അതിനു ശേഷമാണ് അതുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും നീക്കിക്കൊണ്ടിരിക്കുന്നത്. ഇരുസഭകളുടെയും അധ്യക്ഷന്മാര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് വ്യക്തമാകുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ലോക്‌സഭയുടെ സ്പീക്കറെന്നത് പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ചു കയറുന്ന എംപിയാണ്. എങ്കിലും സ്പീക്കര്‍ നിഷ്പക്ഷനായി പ്രവര്‍ത്തിക്കണമെന്നാണ് കീഴ്‌വഴക്കം.
രാജ്യസഭാ അധ്യക്ഷപദം ഉപരാഷ്ട്രപതിക്കുള്ളതാണ്. ഭരണഘടനാ പദവിയുമാണത്. രാഷ്ട്രപതിയുടെ അഭാവത്തില്‍ ആ ചുമതല വഹിക്കേണ്ടയാളുമാണ്. ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ അംഗബലത്തില്‍ ജയിച്ചുകയറിയാല്‍ പോലും രാജ്യസഭയുടെ അധ്യക്ഷ പദത്തിലെത്തിയാല്‍ ലോക്‌സഭയിലും നിയമസഭകളിലും സ്പീക്കറെന്നതുപോലെ അദ്ദേഹവും നിഷ്പക്ഷനായിരിക്കണം. പക്ഷേ അഡാനിയെന്നു കേള്‍ക്കുമ്പോള്‍ ഹാലിളകുകയാണ് ഇപ്പോഴത്തെ രാജ്യസഭാ അധ്യക്ഷന്‍ ജഗ്‌ദീപ് ദന്‍ഖറിന്. മുമ്പ് ബിജെപിക്കാരനായിരുന്ന ധന്‍ഖര്‍, പശ്ചിമ ബംഗാളിലെ ഗവര്‍ണറായിരിക്കെ അവിടെയുള്ള സര്‍ക്കാരുമായി നിരന്തരം വഴക്കാളിയായ വ്യക്തിയായിരുന്നു. അതേസമീപനം തന്നെയാണ് രാജ്യസഭ അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം അവലംബിക്കുന്നത്. തികച്ചും ബിജെപിപക്ഷ നിലപാടുകള്‍ മാത്രമാണ് അദ്ദേഹം സ്വീകരിക്കുന്നത്. അതുകൊണ്ടാണ് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വത്തിന് റഫറി ഗോളടിക്കരുതെന്ന് പറയേണ്ടിവന്നത്. ആ പരാമര്‍ശവും സഭാരേഖകളില്‍ നിന്ന് നീക്കുകയാണ് ചെയ്തത്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഏറ്റവുമധികം ഉയര്‍ന്ന വിഷയം അഡാനിയുമായി ബന്ധപ്പെട്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും പ്രസംഗങ്ങളില്‍ വസ്തുതകളും ഉദാഹരണങ്ങളുമായി കാര്യമാത്ര പ്രസക്തമായാണ് സംസാരിച്ചത്. രാജ്യസഭയിലും പ്രതിപക്ഷം അതുതന്നെയാണ് ചെയ്തത്. കാരണം അത് അത്രമേല്‍ നമ്മുടെ രാജ്യത്തെ ബാധിക്കുന്നതായിരുന്നു. എന്നാല്‍ മറുപടി പറഞ്ഞ പ്രധാനമന്ത്രി പതിവ് വാചാടോപം നടത്തുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ചതും രാജ്യവും ലോകവും ശ്രദ്ധിക്കുന്നതുമായ അഡാനിയുടെ തട്ടിപ്പ് സംബന്ധിച്ച് ഒരു വാക്കുപോലും അദ്ദേഹം പരാമര്‍ശിച്ചില്ല. നിഷേധിച്ചതുമില്ല. അതിലൂടെ പ്രതിപക്ഷവും മാധ്യമങ്ങളും സംസാരിക്കുന്നതും പൊതുസമൂഹം സംശയിക്കുന്നതുമായ മോഡി-അഡാനി കൂട്ടുകെട്ട് വസ്തുതാപരമാണെന്ന് ഭംഗ്യന്തരേണ സ്ഥാപിക്കപ്പെടുകയായിരുന്നു.
അക്കാര്യം മോഡിക്കും ബിജെപിക്കും മാത്രമേ ബോധ്യപ്പെടാതെയുള്ളൂ. നരേന്ദ്രമോഡിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി പദവും അതിന്റെ സമാന്തരമായി അവിടെ നിന്നുള്ളൊരാള്‍, അതും യാതൊരു വ്യാപാര പൂര്‍വചരിത്രവുമില്ലാത്ത ഒരാള്‍, ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യസ്ഥാനത്തെത്തുകയെന്നത് മോഡിയും ബിജെപിയും അവഗണിക്കുന്നതുപോലെ അത്ര നിസാര സംഭവമല്ല. അവിശുദ്ധമായ ആ വ്യാപാര, വ്യവസായ, രാഷ്ട്രീയ, സാമ്പത്തിക ബന്ധത്തിന്റെ ചങ്ങലക്കണ്ണികള്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും വ്യക്തമായി ദൃശ്യമാണ്. അതുകൊണ്ടാണ് രാജ്യമാകെയും അവരുടെ പ്രതിനിധികളായി സഭാംഗങ്ങളും അഡാനിയെക്കുറിച്ചു തന്നെ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഏത് രേഖകളില്‍ നിന്ന് നീക്കിയാലും ജഗ്‌ദീപ് ധൻഖര്‍മാര്‍ ഏത് പക്ഷം ചേര്‍ന്നുനിന്ന് രേഖകളില്ലാതാക്കിയാലും അഡാനി-മോഡി ബന്ധം അവിശുദ്ധ കൂട്ടുകെട്ടെന്നുതന്നെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.