19 December 2024, Thursday
KSFE Galaxy Chits Banner 2

ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം

Janayugom Webdesk
July 15, 2024 5:00 am

തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളിയെ കാണാതായ ദുരന്തം എല്ലാവരെയും ഞെട്ടിക്കുന്നതാണ്. മാരായമുട്ടം സ്വദേശി ജോയിയെയാണ് ശനിയാഴ്ച രാവിലെ കാണാതായത്. വിവരം പുറത്തറിഞ്ഞത് മുതൽ രക്ഷാപ്രവർത്തനം നടന്നു. വിവിധ വകുപ്പുകളുടെയും നേവിയുടെയും എല്ലാ സജ്ജീകരണങ്ങളും ഒത്തൊരുമിപ്പിച്ചുള്ള ശ്രമങ്ങൾ രണ്ടുദിവസത്തോളം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തലസ്ഥാനത്ത് ഒരുകാലത്ത് ജലസമൃദ്ധമായി നിറഞ്ഞൊഴുകിയിരുന്ന ആമയിഴഞ്ചാൻ തോട് കാലക്രമേണ മാലിന്യവാഹിയായി മാറുകയും കുപ്രസിദ്ധമായിത്തീരുകയുമായിരുന്നു. തലസ്ഥാനത്തിന്റെ മാലിന്യത്തെ, വെള്ളക്കെട്ടിനെക്കുറിച്ചുള്ള ചർച്ചകളിൽ കുറേ വർഷങ്ങളായി സജീവവിഷയമാണ് ഈ തോട്. ഈ മാലിന്യക്കൂമ്പാരത്തിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുള്ളതാണ്. വീതി കൂടിയും കുറഞ്ഞും മാലിന്യം വഹിച്ചൊഴുകുന്ന ആമയിഴഞ്ചാൻ തോട് നഗരത്തിന്റെ ദുഃസ്വപ്നങ്ങളിൽ ഒന്നാണ്. ദശകങ്ങൾക്ക് മുമ്പ് നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമായിരുന്നത് ഈ തോടായിരുന്നു. മഴക്കാലത്തെ നീരൊഴുക്കിന്റെ പ്രധാന വഴിയായിരുന്ന ഇത് മാലിന്യവും ചെളിയും നിറഞ്ഞ് തടസപ്പെടുമ്പോൾ കവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുകയും ചെയ്യുന്ന പ്രവണത ഓരോ മഴക്കാലത്തും പതിവായി. താഴ്ന്ന പ്രദേശങ്ങളായ തമ്പാനൂർ, കിഴക്കേക്കോട്ട, ജഗതി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതവും അതുവഴി ജനജീവിതം ദുരിതത്തിലാവുകയുമായിരുന്നു. ഓരോ തവണയും ഇത് ആവർത്തിക്കുമ്പോൾ നഗര — സംസ്ഥാന ഭരണസംവിധാനങ്ങൾ ഉണർന്നുപ്രവർത്തിച്ച് കോടിക്കണക്കിന് രൂപയുടെ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് പരിഹാരസാധ്യതകൾക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

അതിന്റെ ഭാഗമായി 10 വർഷങ്ങൾക്ക് മുമ്പ് ഓപ്പറേഷൻ അനന്ത എന്ന ബൃഹത്തായ പദ്ധതിക്ക് രൂപം നൽകി നടപ്പിലാക്കി. അതിലൂടെ ഒരു പരിധിവരെ പ്രശ്നപരിഹാരമുണ്ടായെങ്കിലും തു­ടർപ്രവർത്തനങ്ങളുടെ അഭാവവും മറ്റും അടുത്തിടെ വീണ്ടും വെള്ളക്കെട്ടിന് കാരണമായി.
ഈ പശ്ചാത്തലത്തി­ൽ നഗര — ജലവിഭവ വകുപ്പുകൾ സംയുക്തമായി കഴിഞ്ഞ വർഷം വീണ്ടും ചില പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം റെയി­ൽവേയുടെ കീഴിൽ വരുന്ന തോടിന്റെ ഭാഗങ്ങൾ വൃത്തിയാക്കുന്നതിന് ഇറങ്ങിയ തൊഴിലാളിയെ പെട്ടെന്നുണ്ടായ മഴയിൽ രൂപപ്പെട്ട ഒഴുക്കിൽ കാണാതാകുന്ന സ്ഥിതിയുണ്ടായത്. ഓരോ മഴക്കാ­ലം ആരംഭിക്കുന്നതിനും മുമ്പ് സർക്കാർ — പ്രാദേശിക ഭരണ സംവിധാനങ്ങളും ജനകീയ സംഘടനകളും ഒരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേണ്ടി മാത്രമല്ല, മാലിന്യം കെട്ടിക്കിടന്ന് ഉണ്ടാകാവുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വേണ്ടിക്കൂടിയാണ്. ശക്തമായ ആരോഗ്യ പരിപാലന സംവിധാനത്തിനൊപ്പം ഇത്തരം മുന്നൊരുക്കങ്ങളിലൂടെയുമാണ് ഭൂവിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലുമുള്ള നമ്മുടെ സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ സാധിക്കുന്നത്. ഈ വർഷവും ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തിരുവനന്തപുരത്തുൾപ്പെടെ വിപുലമായി നടന്നിരുന്നതുമാണ്. 

അതിനിടയിലാണ് മാലിന്യത്തിന്റെ പേരിൽ ഇത്തരമൊരു ദുരന്തമുണ്ടായത്. ഇ‌ൗ ഘട്ടത്തിൽ രക്ഷാദൗത്യത്തിനാണ് പ്രാധാന്യമെന്നത് ശരിയാണ്. എന്നാൽ ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേഭൂമിയിൽ വരുന്ന ഭാഗത്ത് ഇത്തവണ മാത്രമല്ല എത്രയോ വർഷങ്ങളായി മാലിന്യനീക്കം നടന്നില്ലെന്നാണ് ഈ അപകടത്തെത്തുടർന്ന് നടന്ന രക്ഷാദൗത്യം ബോധ്യപ്പെടുത്തുന്നത്. മാലിന്യനീക്കം സംബന്ധിച്ച് കഴിഞ്ഞ മാസംതന്നെ നഗരസഭാ അധികൃതർ കത്ത് നൽകിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അത് ശരിയല്ലെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. 12 കിലോമീറ്ററോളം നീളമുള്ള ആമയിഴഞ്ചാൻ തോടിന്റെ 117 മീറ്റർ നീളത്തിലാണ് റെയില്‍വേഭൂമി വഴി കടന്നുപോകുന്നത്. അതിനുതാഴെ ഇരുവശങ്ങളിലും 10 മീറ്റർ പോലും അകത്തേക്ക് കടന്നുപോകാനാകാതെ രക്ഷാദൗത്യം സ്തംഭിക്കുന്ന സ്ഥിതിയുണ്ടായത് മാലിന്യം കെട്ടിക്കിടന്നതുകൊണ്ടായിരുന്നു. അത്രയും രൂക്ഷമായ മാലിന്യനിക്ഷേപമുണ്ടായത് വർഷങ്ങളായി നീക്കാതിരുന്നതിനാലാണെന്നാണ് അനുമാനം. ഇത് റെയിൽവേയുടെ അലംഭാവമാണെന്നാണ് ആരോപണം. മഴക്കാലപൂർവ ശുചീകരണമാണ് സംസ്ഥാനത്ത് നടത്താറുള്ളതെങ്കിലും കനത്തമഴ പെയ്തുതുടങ്ങി, കഴിഞ്ഞ മാസം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായതിനുശേഷം നഗരസഭയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ച് ബന്ധപ്പെട്ടപ്പോഴാണ് റെയിൽവേ അതിനുള്ള നടപടികള്‍ ആരംഭിച്ചതും മാലിന്യ നീക്കത്തിനുള്ള ചെറിയ ശ്രമമെങ്കിലും നടത്തിയതും. അതിനെത്തിയ തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. ഇക്കാര്യത്തില്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും‍ നടക്കുന്നുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണവും കർശനമായ നടപടിയുമുണ്ടാകണം. ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിൽ അലംഭാവമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.