ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത രാഷ്ട്രീയ വിവാദങ്ങളിൽ ഒന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എൽഡിഎഫ് സർക്കാരിനെ പ്രകീർത്തിച്ച് എഴുതിയ ലേഖനം. അദ്ദേഹത്തിന്റെ ഈ പുകഴ്ത്തലിനോട് വിയോജിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതാണ് വിഷയത്തെ വിവാദമാക്കിയത്. എന്നാൽ അതൊന്നും വകവയ്ക്കാതെ വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം ചെയ്തത്. വ്യക്തമായ കണക്കുകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് താൻ ലേഖനത്തിൽ കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മുന്നേറ്റത്തെ സൂചിപ്പിച്ചതെന്നും മാറ്റിപ്പറയണമെങ്കിൽ അതിനു മതിയായ കണക്കുകൾ നൽകണമെന്ന് അദ്ദേഹം കടത്തിപ്പറയുകയുംചെയ്തു. കേരളം വ്യാവസായിക രംഗത്ത് കൈവരിച്ച നേട്ടത്തെക്കുറിച്ച് ശശി തരൂർ ലേഖനമെഴുതുന്നതിന് അദ്ദേഹത്തിന് ഉദ്ധരിക്കാൻ മതിയായ കണക്കുകളും സ്ഥിതി വിവരങ്ങളും ഇതിനകംതന്നെ ലഭ്യമാണ്. കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് വ്യാവസായിക മുന്നേറ്റത്തിനായി നിരവധി നടപടികളാണ് സംസ്ഥാനത്ത് കൈക്കൊണ്ടിട്ടുള്ളത്. ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ തുടങ്ങി പിന്നീട് സി അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് കേരള വികസനത്തിന്റെ അടിത്തറ പാകിയത്. വൻകിട, ചെറുകിട വ്യവസായങ്ങളുടെ ശൃംഖല തന്നെ അക്കാലത്തുണ്ടായി. പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകളുടെ വ്യാവസായിക സമീപനം ദ്രുതവേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളിൽ പലതും അക്കാലത്തുണ്ടായി. അതിന്റെ തുടർച്ചയായി ഇടതുപക്ഷ സർക്കാരുകൾക്ക് സുഗമമായി മുന്നോട്ടുപോകുവാനും 2016ലും 21ലും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരുകൾക്ക് വളരെയധികം മുന്നേറുവാനും സാധിക്കുകയും ചെയ്തു.
സംരംഭക വർഷം പോലുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ചതിന് പുറമേ നിയമങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും സംരംഭ സൗഹൃദപരമായ മാറ്റംവരുത്തിയാണ് കേരളം വ്യവസായരംഗത്തെ മുന്നേറ്റം സാധ്യമാക്കുന്നത്. ഈ സർക്കാരിന്റെ കാലത്ത് അതിനുള്ള നിരവധി നടപടികൾ സ്വീകരിച്ചു. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമത്തിന് കീഴിൽ ഇളവുകൾ വരുത്തിയതുവഴി 63,726 സംരംഭങ്ങൾ ആരംഭിച്ചു. സംരംഭക വർഷം പദ്ധതി വഴി 3,42,936 സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തത്. വ്യവസായ സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകളുടെ പരിശോധനകൾ കഴിവതും ഒരുമിച്ചുനടത്തുവാനും അനാവശ്യ പരിശോധനകൾ ഒഴിവാക്കാനും നടപ്പിലാക്കിയ കെ-സിസ് എന്ന ഓൺലൈൻ ഏകീകൃത പരിശോധനാ സംവിധാനത്തിൽ നാല് വകുപ്പുകളെ സംയോജിപ്പിക്കാനും, അഞ്ചുലക്ഷത്തിലധികം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യിക്കാനും സാധിച്ചു. ഇതോടൊപ്പം അനുമതി നൽകുന്നതിനുള്ള വിവിധ വകുപ്പുകളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തു.
ഈ രംഗത്ത് പുതിയ ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ പോകുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമുണ്ടായി. അതോടൊപ്പം ആഗോള സംരഭകരെ ആകർഷിക്കുന്നതിനുള്ള ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഇന്നലെയും ഇന്നുമായി കൊച്ചിയിൽ നടക്കുകയുമാണ്. സംസ്ഥാനത്ത് പുതിയ വൻകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് പഞ്ചായത്തിന്റെ ലൈസൻസ് വേണമെന്ന ചട്ടം ഒഴിവാക്കുന്നതിന് സർക്കാർ തീരുമാനിക്കുകയാണ്. 1996ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികൾ, വ്യാപാരങ്ങൾ സ്ഥാപനങ്ങൾ, സംരംഭക പ്രവർത്തനങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങളിൽ സമഗ്രമാറ്റം വരുത്തി കാറ്റഗറി ഒന്നിൽപെട്ട വ്യവസായങ്ങൾ തുടങ്ങാൻ ലൈസൻസിന് പകരം രജിസ്ട്രേഷൻ മതിയെന്ന് തീരുമാനിക്കുവാനാണ് സർക്കാർ ആലോചിക്കുന്നത്. വൈകാതെ നഗരസഭകളിലും ഇത് ബാധകമാക്കും. നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥകൾ കൊണ്ടുവരും. അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കിൽ ഡീംഡ് ലൈസൻസ് (കല്പിത ലൈസൻസ്) സംവിധാനവും ഏർപ്പെടുത്തും. ഈ വിധത്തിൽ സംരംഭകരെ സഹായിക്കുന്നതിനുള്ള തീരുമാനമാണ് കൈക്കൊള്ളുന്നത്. ഇതോടൊപ്പമാണ് രണ്ടുദിവസമായി നടക്കുന്ന ആഗോള ഉച്ചകോടി. 26 രാജ്യങ്ങളിൽ നിന്നുള്ളവരടക്കം 2500ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കൂടുതൽ ക്രിയാത്മകമായ സംരംഭക നിർദേശങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി നിരവധി പേർക്ക് തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. പരമ്പരാഗത സങ്കല്പങ്ങളെ മറികടന്നും ചുവപ്പുനാടകൾ ഇല്ലാതാക്കിയുമാണ് അത്തരമൊരു അന്തരീക്ഷം സാധ്യമാക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച വിജ്ഞാന വികസനമെന്ന അടിസ്ഥാന പ്രമാണം സ്വീകരിച്ച്, അഭ്യസ്തവിദ്യരായ തലമുറയെ ഇവിടെത്തന്നെ ഉപയുക്തമാക്കുന്നതിനും ഇതിലൂടെ സാധ്യമാകും. പല കാരണങ്ങളാൽ സംരംഭക സൗഹൃദമല്ലെന്ന് സംസ്ഥാനത്തിനുണ്ടായിരുന്ന പേരുദോഷം മാറ്റുന്നതിനുള്ള ബോധപൂർവമായ നടപടികളിലൂടെയാണ് വ്യാവസായിക രംഗത്ത് കേരളം കുതിച്ചുമുന്നേറുന്നത്. അതുകൊണ്ടുകൂടിയാണ് സ്വദേശത്തും വിദേശത്തും വികസന കേരളത്തിന്റെ കീർത്തി വ്യാപിക്കുകയും ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.