25 December 2024, Wednesday
KSFE Galaxy Chits Banner 2

തര്‍ക്കം സൗജന്യം ആര്‍ക്കു നല്‍കണം ആര്‍ക്കു നല്‍കരുത് എന്നതാണ്

Janayugom Webdesk
September 2, 2022 5:00 am

‘ഒരു ക്ഷുരകന് നൽകുന്ന ഷേവിങ് കിറ്റോ വിദ്യാർത്ഥിക്ക് നൽകുന്ന സൈക്കിളോ ചെത്ത് തൊഴിലാളിക്ക് നൽകുന്ന പണിആയുധമോ അലക്കുകാരന് നൽകുന്ന ഇസ്തിരിപ്പെട്ടിയോ സൗജന്യമായി കണക്കാക്കാനാവില്ല. അത് അവരുടെ ജീവിതരീതിയെ മാറ്റുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യും. അത് നിങ്ങളെപ്പോലുള്ള വരേണ്യ അഭിഭാഷകർക്ക് മനസിലാവില്ലെന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്

തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപാർട്ടികൾ സമ്മതിദായകർക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് എതിരെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ നൽകിയ പരാതി, വിരമിച്ച ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എൻ വി രമണ കഴിഞ്ഞ വെള്ളിയാഴ്ച ഒരു മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയുണ്ടായി. തെരഞ്ഞെടുപ്പുകളിലെ സൗജന്യ വാഗ്ദാനങ്ങൾ സംബന്ധിച്ച 2013ലെ രണ്ടംഗ ബെഞ്ചിന്റെ വിധിയുടെ പുനഃപരിശോധനയായിരിക്കും പുതിയ ബെഞ്ചിന്റെ ഒരു ചുമതല. തമിഴ്‌നാട് സർക്കാരിനെതിരെ എസ് സുബ്രഹ്മണ്യം ബാലാജി നൽകിയ കേസിൽ പരമോന്നതകോടതി ‘യോഗ്യതയും അർഹതയുമുള്ളവർക്ക് ലാപ്‌ടോപ്പ്, കളർ ടെലിവിഷൻ തുടങ്ങിയ സൗജന്യങ്ങൾ നൽകുന്നത് ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങൾക്കു അനുരോധമാണെന്നും’ അതിൽ കോടതി ഇടപെടൽ ആവശ്യമില്ലെന്നും അന്ന് വിധിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ പരാതി ഇത്തരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സർക്കാരിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തെക്കൂടി ബന്ധപ്പെടുത്തികൊണ്ടുള്ളതാണ്. ജസ്റ്റിസ് രമണയുടെ പരാമർശത്തിൽത്തന്നെ അത്തരം വാഗ്ദാനങ്ങളിൽ ചിലതിന് മതിയായ ന്യായീകരണം മുന്നോട്ടുവയ്ക്കുന്നുണ്ട്. ‘ഒരു ക്ഷുരകന് നൽകുന്ന ഷേവിങ് കിറ്റോ വിദ്യാർത്ഥിക്ക് നൽകുന്ന സൈക്കിളോ ചെത്ത് തൊഴിലാളിക്ക് നൽകുന്ന പണിആയുധമോ അലക്കുകാരന് നൽകുന്ന ഇസ്തിരിപ്പെട്ടിയോ സൗജന്യമായി കണക്കാക്കാനാവില്ല. അത് അവരുടെ ജീവിതരീതിയെ മാറ്റുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യും. അത് നിങ്ങളെപ്പോലുള്ള വരേണ്യ അഭിഭാഷകർക്ക് മനസിലാവില്ലെന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്’, അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നവർ അതുമൂലം പൊതു ഖജനാവിനുണ്ടാവുന്ന നഷ്ടത്തെക്കുറിച്ചാണ് ഉത്കണ്ഠാകുലരാവുന്നത്. പാലിക്കപ്പെടാതെപോയ എമണ്ടൻ വാഗ്ദാനങ്ങളെപ്പറ്റി അവർ നിശബ്ദത പാലിക്കുന്നു. വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് പതിനഞ്ചുലക്ഷം രൂപവീതം നിക്ഷേപിക്കുന്നതിനെപ്പറ്റിയും അമ്പതു രൂപയ്ക്കു പെട്രോൾ നല്കുന്നതിനെക്കുറിച്ചും പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെപ്പറ്റിയും നരേന്ദ്രമോഡി നൽകിയ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ പരാതിക്കാരനെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കാരണം അവ ഖജനാവിന് ബാധ്യത ഒന്നും വരുത്താതെ വാഗ്ദാനങ്ങളായി മാത്രം വായുവിൽ അവശേഷിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നല്കുക എന്നത് ഖജനാവിന് ബാധ്യത വരുത്തിവയ്ക്കുമെങ്കിലും അത് സ്കൂളുകളിലെ ഹാജർനില മെച്ചപ്പെടുത്തുകയും ആരോഗ്യവും വിദ്യാഭ്യാസവുമുള്ള പുതുതലമുറയെ സൃഷ്ടിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് നൽകുന്ന സൈക്കിളാവട്ടെ വിദൂരഗ്രാമങ്ങളിൽനിന്നുള്ള കുട്ടികളുടെ യാത്ര സുഗമമാക്കി ഹാജരും ആരോഗ്യവും മെച്ചപ്പെടുത്തും. ലാപ്‌ടോപ്പോ, ടാബ്‌ലറ്റോ സാമ്പത്തികമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന സൈബർ‑വിജ്ഞാന വിടവ് നികത്തും. ഒരു കളർ ടെലിവിഷൻ നിർധന കുടുംബങ്ങൾ നേരിടുന്ന അറിവ്-വിവര വിടവ് തെല്ലെങ്കിലും പരിഹരിക്കും. കർഷകന് ലഭിക്കുന്ന സൗജന്യ വൈദ്യുതി കാർഷിക ഉല്പാദന വർധനവിന് സഹായകമാവും. സൗജന്യ കുടിവെള്ളം രാജ്യത്തെ മഹാഭൂരിപക്ഷം കുടുംബങ്ങൾക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക്, സമയ ലാഭവും ആരോഗ്യവും ഉറപ്പുവരുത്തും. അത്തരം സൗജന്യങ്ങള്‍ ഭാവിയിലേക്കുള്ള രാഷ്ട്രത്തിന്റെ നിക്ഷേപമാണ്. തെരഞ്ഞെടുപ്പിൽ നൽകുന്ന സൗജന്യങ്ങളെപ്പറ്റി ഉത്കണ്ഠപ്പെടുന്നവർ ഉന്നയിക്കുന്ന തർക്കം പാലിക്കപ്പെടുന്ന വാഗ്ദാനങ്ങളെ പറ്റിയാണെന്നത് ശ്രദ്ധേയമാണ്.

സാമ്പത്തികവും ചരിത്രപരവുമായ കാരണങ്ങളാൽ വിവിധ മേഖലകളിൽ പിന്തള്ളപ്പെട്ടുപോയ ജനവിഭാഗങ്ങളെ അവകാശങ്ങൾ ലഭ്യമായവർക്കൊപ്പം ഉയർത്തിക്കൊണ്ടുവരുകയും നിലനിന്നുപോരുന്ന വിവേചനങ്ങൾക്കും അനീതികൾക്കും അറുതിവരുത്തുകയും ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും അവരെ നയിക്കുന്ന ഭരണകൂടങ്ങളുടെയും ഉത്തരവാദിത്തമാണ്. ഭരണകൂടങ്ങൾ സാമ്പത്തിക വളർച്ചയെപ്പറ്റി സംസാരിക്കുമ്പോൾ, സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെ നീതിപൂർണമായ വിതരണത്തെപ്പറ്റി നിശബ്ദത പാലിക്കലാണ് പലപ്പോഴും. അതിന്റെ കാരണം ഭരണകൂട താല്പര്യമാണ്. ആര് ആർക്കുവേണ്ടി ഭരിക്കുന്നു എന്നതുതന്നെയാണ് മുഖ്യപ്രശ്‍നം. ഇവിടെ സൗജന്യങ്ങളെപ്പറ്റി പരാതിപ്പെട്ട വ്യവഹാരിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും രാജ്യത്തെ അതിസമ്പന്നരുടെയും കോർപറേറ്റ് സാമ്രാജ്യങ്ങളുടെയും താല്പര്യസംരക്ഷകരാണ്. അതുകൊണ്ടാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ മഹാമാരിയുടെയും ദുരിതങ്ങളുടെയും ദിനങ്ങളിൽ മഹാഭൂരിപക്ഷവും സാമ്പത്തിക തകർച്ചയെ നേരിടുമ്പോഴും പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്ത് ഗൗതം അഡാനി ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. അതാവട്ടെ അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും മോഡി ഭരണത്തിൽ പാവപ്പെട്ടവരുടെ ചെലവിൽ അനുവദിച്ചുനൽകിയ ദശലക്ഷക്കണക്കിനു കോടിരൂപയുടെ സൗജന്യങ്ങളുടെയും ആനുകൂല്യങ്ങളുടെയും പിൻബലത്തിലാണെന്നത് വിസ്മരിച്ചുകൂടാ. സൗജന്യങ്ങളെപ്പറ്റിയുള്ള ഇപ്പോഴത്തെ വിവാദത്തിന്റെ കാതൽ അത് ആർക്കു നൽകണം ആർക്ക് നൽകരുത് എന്നുള്ളതാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.