22 January 2026, Thursday

തെരുവുനായ ശല്യത്തിനെതിരായ നീക്കം

Janayugom Webdesk
July 18, 2025 5:00 am

സംസ്ഥാനം നേരിടുന്ന വലിയ സാമൂഹ്യപ്രശ്നങ്ങളിൽ ഒന്നാണ് തെരുവുനായ ശല്യം. എല്ലാ ദിവസവും വിവിധ ജില്ലകളിൽ തെരുവുനായ ശല്യമുണ്ടായതിന്റെയും ആളുകൾക്ക് കടിയേറ്റതിന്റെയും വാർത്തകളെത്തുന്നു. മാധ്യമങ്ങളിൽ സ്ഥിരമായി തെരുവുനായ ശല്യം വ്യാപകമായതിന്റെ വാർത്തകളുണ്ടാകുന്നു. എങ്കിലും മൃഗസംരക്ഷണ നിയമങ്ങൾ ശക്തമായതിന്റെ പരിമിതികൾ കാരണം ഫലപ്രദമായ നടപടികളെടുക്കാൻ കഴിയാതെ പോകുകയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നൽകിയ മറുപടിയനുസരിച്ച് 2017 മുതൽ 24 വരെയുള്ള കാലയളവിൽ 17,39,651 പേരാണ് നായ കടിയേറ്റ് ചികിത്സ തേടിയത്. ഇതിൽ മഹാഭൂരിപക്ഷവും തെരുവുനായയുടെ കടിയേറ്റവരായിരുന്നു. ഇക്കാലയളവിനിടയിലെ ഓരോ വർഷത്തെയും കണക്ക് പ്രത്യേകം പരിശോധിച്ചാൽ ഗണ്യമായ വർധനയുണ്ടാകുന്നുവെന്നും കാണാവുന്നതാണ്. 2017ൽ 1,35,749 പേർക്കാണ് കടിയേറ്റ് ചികിത്സ തേടേണ്ടി വന്നതെങ്കിൽ 2024ൽ അത് 3,16,793 ആണ്. 2018ൽ 1,48,899, 2019ൽ 1,61,055, 2020ൽ 1,60,483, 2021ൽ 2,21,379, 2022ൽ 2,88,866, 2023ൽ 3,06,427, 2024ൽ 3,16,793 എന്നിങ്ങനെയാണ് ചികിത്സ തേടിയവരുടെ എണ്ണം. പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണത്തിലും ഈ വർധനയുണ്ട് എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. 2016ൽ അഞ്ചുപേർ മരിച്ചിടത്ത് 2024ൽ 26 മരണങ്ങളുണ്ടായി. 2017ൽ എട്ട്, 2018ൽ ഒമ്പത്, 2019ൽ എട്ട്, 2020ൽ അഞ്ച്, 2021ൽ 11, 2022ൽ 27, 2023ൽ 25 എന്നിങ്ങനെയാണ് മരണനിരക്ക്. പേവിഷത്തിനുള്ള പ്രതിരോധമരുന്നിന്റെ ഫലപ്രാപ്തിയിൽ സമീപകാലത്ത് ചില സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ കടിയേൽക്കുന്നവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ആ സംശയം അസ്ഥാനത്താകുകയാണ്. 

തെരുവുനായ ശല്യമുൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം അതാതിടങ്ങളിലെ പ്രാദേശിക സർക്കാരുകൾക്കാണെങ്കിലും ഇതുസംബന്ധിച്ച നിയമനിർമ്മാണങ്ങൾ ദേശീയതലത്തിലുള്ളതാകയാൽ ഫലപ്രദമായ ഇടപെടലിന് പ്രയാസങ്ങളുണ്ടാക്കുന്നു. കാട്ടുമൃഗ ആക്രമണം നേരിടുന്നതിനെന്നതുപോലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനും ഇത് വിഘാതമുണ്ടാക്കുന്നു. മൃഗ ജനനനിയന്ത്രണം പോലുള്ള പരിഹാരമാർഗങ്ങൾ മാത്രമേ സാധ്യമാകുന്നുള്ളൂ. അതിനുള്ള സജ്ജീകരണങ്ങൾ സംസ്ഥാന മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും ഈ പ്രശ്നത്തിനുള്ള സമഗ്രമായ പോംവഴിയാകുന്നില്ല. പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നത് തെരുവുനായ ശല്യത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി ചൂ­ണ്ടിക്കാട്ടപ്പെടുന്നുണ്ട്. മാലിന്യ നിർമ്മാർജനത്തിലുള്ള സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സംയുക്തയജ്ഞം ഒരു പരിധിവരെ മാലിന്യപ്രശ്നത്തിനും പ­രിഹാരമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ തെരുവുനായ ശല്യം വലിയ സാമൂഹ്യ വിപത്തായി തുടരുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഇതിനകം തന്നെ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജനന നിയന്ത്രണത്തിനുള്ള എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും കുത്തിവയ്പ് നൽകുന്നതിലും വളരെയധികം മുന്നോട്ടുപോയി. അതേസമയം വലിയൊരു പ്രശ്നമാണെന്നിരിക്കെതന്നെ എബിസി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പ്രാദേശിക എതിർപ്പുകളും നേരിടേണ്ടിവരുന്നു. 

ഈ സാഹചര്യത്തിലാണ് രോഗബാധിതമായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം ശ്രദ്ധേയമാകുന്നത്. മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരായ ജെ ചിഞ്ചുറാണി, എം ബി രാജേഷ് എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. 2013ലെ അനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് പ്രൊസീജ്യേഴ്സ് ചട്ടങ്ങളിലെ എട്ടാം വകുപ്പ് പ്രകാരമാണ് ഇതിനുള്ള നടപടി സ്വീകരിക്കുക. ഇതനുസരിച്ച് രോഗം പടർത്താൻ സാധ്യതയുള്ള വിധം രോഗബാധിതമായ ഒരു മൃഗത്തെ കണ്ടെത്തുകയും അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അതിനെ ദയാവധം ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നതിന് കേന്ദ്ര — സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകാവുന്നതാണ്. എട്ടാം വകുപ്പിലെ വ്യവസ്ഥകളെല്ലാം പാലിച്ചു മാത്രമേ വധം നടപ്പിലാക്കുവാൻ പാടുള്ളൂ. മൃഗ ഉടമയുടെയോ പരിപാലകരുടെയോ രേഖാമൂലമുള്ള അനുമതിയുണ്ടായിരിക്കണം. രജിസ്റ്റർ ചെയ്ത വെറ്ററിനറി പ്രാക്ടീഷണറുടെ മേൽനോട്ടത്തിലായിരിക്കണം നടപടി എന്ന് എട്ടാം വകുപ്പിൽ വ്യവസ്ഥയുണ്ട്. കൂടാതെ കൊല്ലുന്നവേളയിൽ പാലിക്കേണ്ട നടപടിക്രമങ്ങളും എട്ടാം വകുപ്പ് നിർദേശിച്ചിട്ടുണ്ട്. മൃഗത്തിന് അനസ്തേഷ്യ നൽകുന്നതിൽ പാലിക്കേണ്ട രീതികളും മൃഗം മരിച്ചുവെന്ന് ഉറപ്പാകുന്നതുവരെ രജിസ്റ്റർ ചെയ്ത വെറ്ററിനറി പ്രാക്ടീഷണർ പരിസരം വിട്ടുപോകാൻ പാടില്ലെന്നും നിർദേശമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് സംസ്ഥാന സർക്കാരിന്റേത്. വ്യാപകമായ പ്രശ്നമാണ് എന്ന നിലയിൽ ജനന നിയന്ത്രണത്തിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എങ്കിലും ദുരുപയോഗ സാധ്യതയും തള്ളിക്കളയാനാകില്ല. അക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വളരെയധികം ജാഗ്രതയുണ്ടാകേണ്ടതുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.