
241 യാത്രികരടക്കം 260 ജീവനുകൾ അപഹരിച്ച അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസം പിന്നിടുമ്പോഴായിരുന്നു എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മലയാളിയായ രഞ്ജിതയടക്കം മരിച്ച വിമാന ദുരന്തം എല്ലാവരെയും ദുഃഖത്തിലാക്കിയ സംഭവമായിരുന്നു. അപകടം നടന്നപ്പോൾ തന്നെ യാത്രികരുടെ സുരക്ഷ സംബന്ധിച്ച നമ്മുടെ വിമാനക്കമ്പനികളുടെ അലംഭാവം ചർച്ചയായിരുന്നതാണ്. അത് ശരിവയ്ക്കുന്നുവെന്ന് മാത്രമല്ല, ആരെയൊക്കെയോ രക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് പ്രാഥമിക റിപ്പോർട്ടെന്നാണ് പൊതു വിമര്‍ശനമുണ്ടായിരിക്കുന്നത്. വിമാനം പറന്നുയർന്ന ഉടൻ എൻജിനുകളിലേക്ക് ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫായതാണ് അപകട കാരണമായതെന്നാണ് റിപ്പോർട്ടിലുള്ളത്. ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവരുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ചില ആഗോള മാധ്യമങ്ങളിൽ ചില ഭാഗങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. വിമാനം പുറപ്പെട്ട് സെക്കന്റുകൾക്കകം ഇന്ധന നിയന്ത്രണ സ്വിച്ചുകൾ നിശ്ചലാവസ്ഥയിലേക്ക് മാറി. ഈ സമയത്ത് വിമാനം പറത്തിയിരുന്ന പൈലറ്റും സഹ പൈലറ്റും തമ്മിലുള്ള സംഭാഷണങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടതായും അത് സ്വിച്ച് ഓഫ് മോഡിലേക്ക് മാറിയെന്നത് ശരിവയ്ക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട നിമിഷത്തിൽതന്നെ സാധാരണഗതിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമം നടന്നതായും എന്നാൽ ഫലവത്തായില്ലെന്നും പറയുന്നു. പ്രാഥമിക റിപ്പോർട്ട് വച്ചുകൊണ്ട് എന്തെങ്കിലും നിഗമനത്തിലെത്തരുതെന്നും അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറയുന്നത്.
പക്ഷേ പ്രാഥമിക റിപ്പോർട്ട് സംബന്ധിച്ച് തന്നെ നിരവധി സംശയങ്ങളും ആശങ്കകളും ഉയർന്നിരിക്കുകയാണ്. വ്യോമയാന വിദഗ്ധരുൾപ്പെടെ രണ്ട് നിലപാടുകളാണ് ഇതുസംബന്ധിച്ച് മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ സുരക്ഷാ പരിശോധനാ വിഭാഗം മുൻ ഡയറക്ടർ സഞ്ജീവ് കപൂർ, എഎഐബിയുടെ പ്രാരംഭ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ചുകൊണ്ട് ചില ദേശീയ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയുണ്ടായി. നിഗമനങ്ങൾ അപൂർണവും സംശയാസ്പദമായി വൈകിയെന്നും സഞ്ജീവ് കപൂർ പറഞ്ഞു. ഒരു പൈലറ്റ് ഒരിക്കലും മേയ്ഡേ കോൾ സാധാരണമായി പുറപ്പെടുവിക്കില്ലെന്നും എന്തോ ഗുരുതരമായ സംഭവം ഉണ്ടായി എന്നാണ് പ്രസ്തുത സന്ദേശംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ കപൂർ, രണ്ട് എന്‍ജിനുകളും പരാജയപ്പെട്ടു എന്നതിൽ സംശയമില്ലെന്നും എന്നാൽ അവ എങ്ങനെ സംഭവിച്ചെന്ന് പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വിമാനം തകരുന്നതിന് മുമ്പ് പൈലറ്റുമാരിൽ ഒരാൾ തുടർച്ചയായി മൂന്ന് അപകട സന്ദേശങ്ങൾ അയച്ചുവെന്ന എഎഐബിയുടെ തന്നെ കണ്ടെത്തലിനോട് പ്രതികരിച്ചുകൊണ്ടാണ് കപൂർ ഇക്കാര്യം സൂചിപ്പിക്കുന്നത്. അതിനർത്ഥം പ്രാഥമിക റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നു തന്നെയാണ്. അതേസമയം എയർ ഇന്ത്യ വിമാനം മനഃപൂർവം ഇടിച്ചിട്ടുണ്ടാകാമെന്ന സംശയമാണ് പ്രമുഖ വ്യോമയാന വിദഗ്ധരിൽ ഒരാളായ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ മറ്റൊരു ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. സ്വിച്ചുകളുടെ നിശ്ചലാവസ്ഥയും ശബ്ദസന്ദേശത്തിന്റെയും ക്രമം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇങ്ങനെയൊരു സംശയമുന്നയിക്കുന്നത്.
അതേസമയം ബോയിങ് വിമാനങ്ങളിലെ ഇന്ധന സ്വിച്ചിന്റെ പ്രവർത്തനക്ഷമതയും പ്രശ്നങ്ങളും സംബന്ധിച്ച് ഏഴ് വർഷങ്ങൾക്ക് മുമ്പ് തന്നെ യുഎസ് വ്യോമയാന അതോറിട്ടി റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. 2018ലുണ്ടായ പ്രസ്തുത മുന്നറിയിപ്പ് എയർ ഇന്ത്യ അവഗണിച്ചെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാൽ വ്യക്തമായ നിഗമനത്തിലെത്തുന്നതിനോ നിർദേശങ്ങൾ നൽകുന്നതിനോ പ്രാഥമിക റിപ്പോർട്ട് സന്നദ്ധമായില്ലെന്നത് സംശയങ്ങളെ ബലപ്പെടുത്തുകയാണ്. എന്നുമാത്രമല്ല വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പോലും ഗൗരവതരമായ സമീപനമല്ല സ്വീകരിച്ചിരിക്കുന്നതെന്നും നിഗമനത്തിലെത്താവുന്നതാണ്. കേന്ദ്ര മന്ത്രി പറഞ്ഞതുപോലെ അന്തിമ റിപ്പോർട്ട് വന്നാലും കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുവാനാകില്ല. വിമാന യാത്രികരുടെ സുരക്ഷയ്ക്ക് ഒരു പ്രാമുഖ്യവും നൽകാതെയാണ് കമ്പനികൾ പ്രവർത്തിക്കുന്നതെന്ന ആരോപണം കാലങ്ങളായി നിലനിൽക്കുന്നതാണ്. അത് യഥാസമയം പരിഹരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഫലപ്രദമല്ലെന്നാണ് ഓരോ സംഭവങ്ങളും ബോധ്യപ്പെടുത്തുന്നത്. പലപ്പോഴും കമ്പനികളുടെ വീഴ്ചകൾ മറച്ചുവയ്ക്കാനും ഉത്തരവാദിത്തം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാനുമുള്ള ശ്രമങ്ങളുമുണ്ടാകാറുണ്ട്. അഹമ്മദാബാദ് അപകടത്തിൽ മരിച്ചുപോയ പൈലറ്റുമാരുടെ അശ്രദ്ധയാണെന്ന് വരുത്തി യഥാർത്ഥ പ്രശ്നങ്ങളെ മൂടിവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇന്ധന സ്വിച്ചിന്റെ പ്രവർത്തന ക്ഷമത സംബന്ധിച്ച കണ്ടെത്തലെന്ന പൈലറ്റുമാരുടെ സംഘടനയുടെ വിമർശനവും തള്ളിക്കളയേണ്ടതല്ല. ഈ സാഹചര്യത്തിൽ സമഗ്രവും സ്വതന്ത്രവും സുതാര്യവുമായ ഒരു അന്വേഷണം നടക്കണം. യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്തുന്നതിനും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അത്തരമൊരു അന്വേഷണം അനിവാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.