
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറുടെ പൊടുന്നനെയുള്ള രാജി പാർലമെന്ററി ജനാധിപത്യത്തിൽ രാഷ്ട്രീയ ഭരണനേതൃത്വവും പാർലമെന്റും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. അത് കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപിയുടെ ആഭ്യന്തര ബലതന്ത്രത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നു. കാലാവധി പൂർത്തിയാവുംമുമ്പ് ഉപരാഷ്ട്രപതി പദവിയിൽ നിന്നുള്ള രാജി രാജ്യത്ത് ഇതാദ്യമല്ല. അവരിൽ ചിലർ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവേണ്ടിയാണ് തങ്ങൾ വഹിച്ചിരുന്ന പദവി രാജിവച്ചത്. എന്നാൽ ജഗ‌്ദീപ് ധൻഖറുടെ രാജി രാഷ്ട്രീയവൃത്തങ്ങളിൽ, പ്രത്യേകിച്ചും അദ്ദേഹത്തെ ആ പദവിയിലേക്ക് ഉയർത്തിയ ബിജെപി വൃത്തങ്ങളിൽ, തെല്ലൊന്നുമല്ല അമ്പരപ്പുണ്ടാക്കിയത്. ബിജെപിയെയും അത് നേതൃത്വംനൽകുന്ന കേന്ദ്ര ഭരണകൂടത്തെയും കലവറയില്ലാതെയും, എല്ലാ പാർലമെന്ററി മര്യാദകളും കാറ്റില്‍പ്പറത്തിയും, രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ സഭയ്ക്കുള്ളിലും പുറത്തും ഒരുപോലെ സംരക്ഷിക്കുകയും വിമർശകരെ കടന്നാക്രമിക്കുകയും ചെയ്തുപോന്നിരുന്ന വ്യക്തിയുടെ രാജിയോടുള്ള ബിജെപിയുടെ പ്രതികരണം ആ അമ്പരപ്പ് വ്യക്തമാക്കുന്നുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ജൂലൈ 21ന് തിങ്കളാഴ്ച രാജ്യസഭാ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ധൻഖർ തന്റെ രാജിപ്രഖ്യാപനം നടത്തിയത്. ആ ദിവസത്തെ സഭാനടപടികളിലും കാര്യോപദേശക സമിതിയുടെ രണ്ടുയോഗങ്ങളിലും സ്വതസിദ്ധമായ ശൈലീവിശേഷത്തോടെതന്നെ ഉപരാഷ്ട്രപതി പങ്കെടുത്തിരുന്നു. രാജ്യസഭയിൽ വരുംദിവസങ്ങളിലെ നടപടിക്രമങ്ങളെപ്പറ്റി വിവരിച്ച ധൻഖറുടെ ഓഫിസ് അടുത്ത ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പൊതുപരിപാടികളെപ്പറ്റിയുള്ള അറിയിപ്പും പുറത്തുവിട്ടിരുന്നു. അന്ന് വൈകിട്ട് 4.30ന് ചേർന്ന കാര്യോപദേശകസമിതി യോഗത്തിൽ ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ പങ്കെടുത്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പാർലമെന്ററി മര്യാദകളും കീഴ്‌വഴക്കങ്ങളും കാറ്റിൽപറത്തി പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ചവിട്ടിമെതിച്ച് തികച്ചും പക്ഷപാതിത്തപരമായി സഭാധ്യക്ഷ പദവി നിര്‍വഹിച്ചുപോന്ന ധന്‍ഖറെ പാർട്ടി കയ്യൊഴിയുന്നുവെന്നതിന്റെ സൂചനയായിരുന്നു ബിജെപി നേതാക്കളുടെ കാര്യോപദേശക സമിതി യോഗത്തിലെ അഭാവം എന്ന് പിന്നീടാണ് വ്യക്തമായത്.
പൊടുന്നനെ ധൻഖറുടെ രാജിയിലേക്ക് നയിച്ചത് ബിജെപിയുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് യോജിക്കാത്തവിധം വിവാദ ജസ്റ്റിസ് യശ്വന്ത് വർമ്മയെ തൽസ്ഥാനത്തുനിന്നും നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നോട്ടീസ് അംഗീകരിച്ചതാണ് എന്ന ഊഹാപോഹം ശക്തമാണ്. ജസ്റ്റിസ് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കുത്തിനിറച്ച ചാക്കുകെട്ടുകൾ ഭാഗികമായി കത്തിയനിലയിൽ കണ്ടെത്തിയിരുന്നു. വിഷയത്തിൽ ബിജെപി അംഗങ്ങൾക്ക് മേധാവിത്വമുള്ള നോട്ടീസ് ലോക്‌സഭയിൽ ചർച്ചചെയ്യാൻ സ്പീക്കർ ഓം ബിർള അനുമതി നൽകിയിരുന്നു. രാജ്യസഭയിൽ പ്രതിപക്ഷത്തിന് മേൽക്കെെ ലഭിക്കുന്നത് തങ്ങളുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുമെന്നതാവാം ധൻഖറെ കയ്യൊഴിയാൻ ബിജെപിയെ നിർബന്ധിതമാക്കിയത് എന്നതാണ് ഒരു ആഖ്യാനം. എന്നാൽ ന്യുനപക്ഷവിരുദ്ധ പരാമർശങ്ങളുടെ പേരിൽ പാർലമെന്റിന്റെ വിചാരണ നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിന്റെ വിചാരണയിലേക്ക് ഇത് വഴിതുറക്കുമെന്ന ആശങ്കയും ബിജെപി വൃത്തങ്ങളിൽ ശക്തമാണ്. അത്തരം ഊഹാപോഹങ്ങളുടെ പ്രസക്തിക്കപ്പുറം ബിജെപിയുടെ അകത്തളങ്ങളിൽ ഉരുണ്ടുകൂടുന്ന അസ്വാരസ്യങ്ങളുടെ പ്രതിഫലനമായിവേണം ഉപരാഷ്ട്രപതിയുടെ രാജി വിലയിരുത്തപ്പെടാൻ. ജനതാദളിലും കോൺഗ്രസിലും പയറ്റിത്തെളിഞ്ഞാണ് ധൻഖർ ബിജെപിയിൽ നങ്കൂരം ഉറപ്പിച്ചത്. പശ്ചിമബംഗാൾ ഗവർണർ, ഉപരാഷ്ട്രപതി എന്നീ നിലകളിൽ മോഡി, ഷാ ദ്വയങ്ങളുടെയും ബിജെപി സംഘ്പരിവാർ വൃത്തങ്ങളുടെയും വേട്ടനായ റോൾ ഭംഗിയായി നിർവഹിച്ചുവരവേ പൊടുന്നനെ നാടകത്തിന് തിരശീല വീണിരിക്കുകയാണ്. ഭരണത്തിന്റെ ശീതളച്ഛായതേടി ബിജെപിയിൽ വിലയം പ്രാപിച്ച പലരും നേരിട്ട തിക്താനുഭവമാണ് ധൻഖറും നേരിടുന്നത്. ഈ രാജിയുടെ പിന്നിലെ അന്തർനാടകം എന്തെന്നറിയാൻ ഏറെ കാത്തിരിക്കേണ്ടിവരില്ല എന്ന് കരുതാം. ആകാശത്തിന് കീഴേയും അതിനുമീതെ ക്ഷീരപഥത്തിലുമുള്ള എന്തിനെയും ഏതിനെയുംപറ്റി സമൂഹമാധ്യമങ്ങളിൽ വാചാലനാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാജിയോടുള്ള സംക്ഷിപ്ത പ്രതികരണം ധൻഖറുമായുള്ള മോഡിയുടെ ബന്ധത്തിലെ മരവിപ്പാണ് വ്യക്തമാക്കുന്നത്. ബിജെപി സംഘ്പരിവാർ വൃത്തങ്ങളിലെ നിശബ്ദതയും ശ്രദ്ധേയമാണ്.
പശ്ചിമബംഗാൾ ഗവർണർ, ഉപരാഷ്ട്രപതി, രാജ്യസഭാ അധ്യക്ഷൻ എന്നീ നിലകളിലുള്ള ധൻഖറുടെ പ്രകടനം തികച്ചും വിവാദപരവും ജനാധിപത്യ മര്യാദകൾക്കും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ആയിരുന്നു. ഒരുപക്ഷെ ബിജെപിയോടും സംഘ്പരിവാറിനോടുമുള്ള തന്റെ വിധേയത്വം തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു അദ്ദേഹം. രാജാവിനെയും കടത്തിവെട്ടുന്ന രാജഭക്തിയുടെ വികൃതാനുകരണമായി ജഗ‌്ദീപ് ധൻഖർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ സ്ഥാനംപിടിച്ചേക്കാം. പക്ഷെ ധൻഖറോടെ ചരിത്രം അവസാനിക്കുന്നില്ല. അതിന്റെ കൂടുതൽ പരിഹാസ്യമായ ആവർത്തനത്തിനുവേണ്ടി ആയിരിക്കാം, തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ഒരു ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾക്ക് സംഭവിക്കുന്ന മൂല്യച്യുതിയുടെയും അപഭ്രംശത്തിന്റെയും അപമാനകരമായ അധ്യായത്തിനാണ് തൽക്കാലം വിരാമമായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.