5 December 2025, Friday

Related news

December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025

അടിച്ചേല്പിക്കപ്പെടുന്ന ഭൂരിപക്ഷ സ്വത്വം രാജ്യത്തെ ദുര്‍ബലമാക്കുന്നു

Janayugom Webdesk
November 30, 2025 5:00 am

പള്ളിയെ ക്ഷേത്രമാക്കിയതുമായി ബന്ധപ്പെട്ടുള്ള വേദനിപ്പിക്കുന്നതും അരുതാത്തതുമായ സംഭവങ്ങള്‍ ജനമനസുകളില്‍ നിന്ന് മായുന്നതല്ല. പ്രധാന ഹാളിലെ താഴികക്കുടത്തിന് കീഴിൽ രാമവിഗ്രഹങ്ങള്‍ സ്ഥാപിച്ച് കാലങ്ങളായി അവിടെതുടർന്നിരുന്ന നിസ്കാരം ഇല്ലാതാക്കി. 1949 ഡിസംബർ 22ന്റെ രാത്രിയിലായിരുന്നു അത്. മുസ്ലിങ്ങൾ പള്ളിയിൽ പ്രവേശിക്കുന്നത് അന്ന് പൂർണമായും വിലക്കി, ഹിന്ദുക്കൾക്ക് പരിമിതമായ പ്രവേശനം അനുവദിച്ചിരുന്നു. ഒരുങ്ങിക്കിട്ടിയ ആ സന്ദർഭത്തിലാണ് രാമവിഗ്രഹങ്ങള്‍ കടത്തിയത്. പള്ളിയുടെ ഉടമസ്ഥാവകാശം പിന്നീടൊരിക്കലും അതിന്റെ യഥാർത്ഥ ഉടമകൾക്ക് കോടതികൾ പുനഃസ്ഥാപിച്ചു നല്‍കിയില്ല. 1986 ഫെബ്രുവരി ഒന്നിന് വിഗ്രഹങ്ങളെ ആരാധിക്കാൻ തുറന്നുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മുസ്ലിങ്ങൾ എല്ലായ്പോഴും നിയമനടപടികളിൽ കക്ഷികളായിരുന്നു. എന്നാല്‍ അവരെ അപേക്ഷയിൽ കക്ഷികളാക്കിയുമില്ല. വാദം കേൾക്കണമെന്ന അവരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. മൂന്നാം ഘട്ടത്തിൽ, 1989 നവംബർ ഒമ്പതിന്, ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സംസ്ഥാന, കേന്ദ്രസർക്കാരുകളുടെ ഔദ്യോഗിക അനുമതിയോടെ വിഎച്ച്പി പള്ളിക്ക് സമീപം ശിലാന്യാസം നടത്തി. 1989 സെപ്റ്റംബർ 27ന് ലഖ്നൗവിൽ ഉത്തർപ്രദേശ് സർക്കാരും വിഎച്ച്പി നേതാക്കളും തമ്മിൽ രേഖാമൂലമുള്ള കരാർ ഒപ്പിട്ടു. 1989 നവംബർ ഒമ്പതിന് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്ന് ക്ഷേത്രനിര്‍മ്മാണത്തിനായി ഇഷ്ടികകൾ അയോധ്യയിലേക്ക് കൊണ്ടുവന്നു. പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള കേസ് അന്നും കോടതിയുടെ പരിഗണനയിലായിരുന്നു. ഈ നീക്കം നിരോധിക്കേണ്ടതായിരുന്നു. പക്ഷേ അത് പ്രോത്സാഹിപ്പിക്കപ്പെട്ടു. 

പുതിയ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ പള്ളിയിൽ നിന്ന് കുറച്ച് അകലെയായിരുന്നു. എങ്കിലും ബാബറി മസ്ജിദ് പൊളിക്കാൻ ശ്രമിക്കില്ലെന്ന് ഒരു ഉറപ്പും ആരും പറ‌ഞ്ഞതുമില്ല. സിപിഐ നേതാവ് സത്യപാൽ ഡാങ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മൂന്ന് വർഷങ്ങള്‍ക്ക് ശേഷം, 1992 ഡിസംബർ ആറിന്, വിഎച്ച്പിയുടെ നിർമ്മാണ പദ്ധതികൾ അതിന്റെ സെക്രട്ടറി ജനറൽ അശോക് സിംഗാൾ പരസ്യമാക്കി. നിർദിഷ്ട ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഇപ്പോള്‍ ഉള്ളതുതന്നെ. വിഗ്രഹത്തിന്റെ പൂജ അവിടെ മാത്രമേ നടത്താനാവൂ. ഇതാണ് സിംഗാള്‍ പറഞ്ഞത്. നീതിപീഠം ഒന്നും ശ്രദ്ധിച്ചതില്ല. 1989ലെ ശിലാന്യാസം തടയുന്നതിലും തയ്യാറായിരുന്നില്ല. 1989 ഒക്ടോബർ 27ന് ഇക്കാര്യങ്ങളില്‍ ഇടപെടാനില്ലെന്ന നിലപാട് സുപ്രീം കോടതി പ്രകടിപ്പിച്ചു. ശിലാന്യാസത്തിന് രണ്ട് ദിവസം മുമ്പ്, ഓഗസ്റ്റ് 14നും 1989 നവംബർ ഏഴിനും നടന്ന ശിലാ പൂജയുടെ പ്രത്യേക സാഹചര്യത്തിൽ തൽസ്ഥിതി നിലനിർത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചു. ആഭ്യന്തരമന്ത്രി ഭൂട്ടാ സിങ് നവംബർ എട്ടിന് വിഎച്ച്പി നേതാക്കളെക്കണ്ട് തറക്കല്ലിടേണ്ട സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടു. അവർ അത് കേൾക്കാൻ മടിച്ചു. ശിലാന്യാസത്തിനുള്ള സ്ഥലം കോടതിയില്‍ നല്‍കിയ പ്ലാനിന് പുറത്താണെന്ന് അഡ്വ. ജനറൽ ശാന്തി സ്വരൂപ് ഭട്നാഗർ കോടതിയെ അറിയിച്ചു. 

പ്രത്യേക സ്ഥലത്ത് ശിലാന്യാസം നടത്തുന്നത് ഹൈക്കോടതിക്ക് നിരോധിക്കാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തില്ല. പള്ളിയുടെ നാശത്തെക്കുറിച്ചുള്ള ആശങ്കകൾ കോടതി തള്ളിക്കളഞ്ഞു. കരാറിൽ ഒപ്പുവച്ച കക്ഷികളിൽ ഒരാൾ പള്ളി നശിപ്പിക്കാനുള്ള പ്രതിബദ്ധത പരസ്യമായി ചർച്ച ചെയ്തതായി ഹൈക്കോടതിക്ക് ബോധ്യമായിരുന്നു. പള്ളി പൊളിക്കുമെന്ന ഭയത്തെയും കോടതി തള്ളിക്കളഞ്ഞു. ശിലാന്യാസത്തിന് തൊട്ടടുത്ത ദിവസം ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഒരു ജനതയുടെ വേദന ഏറ്റെടുത്ത് ഇങ്ങനെ പറഞ്ഞു, ”ജുഡീഷ്യറിയെ നടന്ന കര്‍മ്മങ്ങളിലെ വില്ലനായി കാലം അടയാളപ്പെടുത്തും.” ജുഡീഷ്യറിയുടെ കീഴടങ്ങലിന്റെ വ്യാപ്തി ആലങ്കാരികമായി വിലയിരുത്താനാവില്ല. 1992 ഡിസംബർ ആറിന് പള്ളി തച്ചുടയ്ക്കും വരെയും തുടര്‍ന്നും ഭരണകൂടത്തിന്റെ ഔദ്യോഗിക പിന്തുണയും ജുഡീഷ്യൽ നിസംഗതയും പ്രകടമായിരുന്നു. ചീഫ് ജസ്റ്റിസ് വെങ്കടാചലയ്യ ഇത്തരം നീക്കത്തെ സജീവമായി പിന്തുണച്ചു. അറ്റോർണി ജനറൽ മിലോൺ ബാനർജിക്ക് സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ പ്രവൃത്തികളെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും അറിയാമായിരുന്നു. അദ്ദേഹം ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. 

1949 ഡിസംബർ 22 മുതൽ 1986 ഫെബ്രുവരി ഒന്ന് വരെയുള്ള 36 വർഷം അയോധ്യയിലെ വര്‍ഗീയനാടകം പലരീതിയില്‍ തുടര്‍ന്നു. 1992 ഡിസംബർ ആറിന് പള്ളി തകര്‍ത്തു. 1989 നവംബർ ഒമ്പതിന് പള്ളിക്ക് സമീപം നടന്ന ശിലാന്യാസം മതഭ്രാന്തിന്റെ മറ്റൊരു ഘട്ടത്തിന് തുടക്കമിട്ടു. സമൂഹത്തെ പലതട്ടുകളാക്കി, തമ്മിലടിക്കുന്ന സമൂഹമാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമായിരുന്നു അത്. ഒക്ടോബറിൽ നടന്ന സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയില്‍, 1994 ഡിസംബർ 24ന് രാഷ്ട്രപതി കോടതിയെ ഉപദേശക അഭിപ്രായത്തിനായി റഫർ ചെയ്തതിനെത്തുടർന്ന്, പൊളിച്ചുമാറ്റലുകളുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയമത്തിലെ സെക്ഷൻ 7(2)ല്‍ ആയിരുന്നു കേന്ദ്രീകരിക്കപ്പെട്ടത്. 1993 ലെ അയോധ്യയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടതായിരുന്നു നിയമം. തർക്ക സ്ഥലത്ത് സ്ഥാപിച്ചിരുന്ന വിഗ്രഹങ്ങൾ, പൊളിച്ചുമാറ്റലിനുശേഷം, അവ അവിടെ തന്നെ നിലനിർത്തണമെന്നും പൂജ പഴയതുപോലെ തുടരണമെന്നും ഇത് സൂചിപ്പിക്കുന്നു. ശിലാന്യാസം നടന്ന 1989 മുതല്‍ മസ്ജിദ് തകര്‍ത്ത 1992 വരെയുള്ള രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ വേലിയേറ്റമുണ്ടായ കാലയളവില്‍ നാടിനെ കീറിമുറിക്കുന്ന ഇത്തരം ചെയ്തികള്‍ക്ക് തടയിടാന്‍ ഭരണകൂടങ്ങള്‍ തയ്യാറായില്ല. അതിന് അവർ വില നൽകേണ്ടിവന്നു. തച്ചുടച്ച മസ്ജിദ് രാജ്യത്തുടനീളം വേദനയായി. വര്‍ഗീയത ഇന്ത്യയെ ഹിന്ദുത്വത്തിന്റെ കുതന്ത്രങ്ങളുടെ ഇരയാക്കാന്‍ കളമൊരുക്കി. മതേതര ജനാധിപത്യത്തിന് വിരുദ്ധമായി ഒരു ഭൂരിപക്ഷ സ്വത്വം അടിച്ചേല്പിക്കാനുള്ള ഹിന്ദു വർഗീയവാദികളുടെ ശ്രമം രാജ്യത്തെ എങ്ങനെ ദുർബലമാക്കുമെന്ന് ക്രമേണ വ്യക്തമാക്കുകയും ചെയ്യുന്നു.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.