
ന്യൂയോര്‍ക്ക് മേയർ തെരഞ്ഞെടുപ്പും ഇന്ത്യയും കേരളവും തമ്മിലെന്ത് എന്ന് വായനക്കാർ നെറ്റിചുളിച്ചേക്കാം. നവംബർ നാലിന് നടക്കുന്ന ആ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിനുള്ള പ്രൈമറി ജൂൺ 24 ചൊവാഴ്ചയായിരുന്നു. പ്രൈമറിയുടെ അന്തിമഫലത്തിനുവേണ്ടി അടുത്തമാസം വരെ കാത്തിരിക്കേണ്ടിവരും. എന്നാൽ എതിരാളിയും മുൻ ന്യൂയോർക്ക് ഗവർണറും മുതിർന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ആൻഡ്രു കുഒമോ ഇന്ത്യൻ വംശജനും മൂന്നാംതവണ സ്റ്റേറ്റ് അസംബ്ലി അംഗവുമായ മുപ്പത്തിമൂന്നുകാരൻ സൊഹ്റാൻ മംദാനിയോട് പരാജയം സമ്മതിച്ചുകഴിഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയിലെ ‘ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക’യെ പ്രതിനിധീകരിക്കുന്ന മംദാനിയുടെ വിജയത്തെ അമേരിക്കൻ രാഷ്ട്രീയത്തിലെ ‘ഭൂചലനം’ എന്നാണ് ഗാർഡിയൻ പോലുള്ള ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ വിലയ്ക്കെടുക്കുന്ന പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികളുടെയും ബിൽ ക്ലിന്റനടക്കം ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെയും പിന്തുണയോടെ മത്സരിച്ച കുഒമോയ്ക്കെക്കെതിരെ ഈ ഘട്ടത്തിൽ 36.4 നെതിരെ 43.5 ശതമാനം വോട്ടുകൾ നേടിയാണ് അട്ടിമറിവിജയം ഉറപ്പിച്ചിരിക്കുന്നത്. ഇസ്രയേൽ ഗാസയ്ക്കെതിരെ നടത്തുന്ന ഉന്മൂലന യുദ്ധത്തെയും ഇറാനെതിരെ പ്രകോപനമേതും കൂടാതെ നടത്തിയ കടന്നാക്രമണത്തെയും പരസ്യമായും നിശിതമായും എതിർത്തവരുടെ മുന്‍നിരയിലായിരുന്ന മംദാനിയുടെ തെരഞ്ഞെടുപ്പുവിജയം ഇറാനെതിരായ യുദ്ധത്തിന്റെ വെടിനിർത്തൽ നിലവിൽവന്ന ദിവസം തന്നെയായി എന്നത് യാദൃച്ഛികമാവാം. മംദാനിയെ ‘നൂറുശതമാനം ഭ്രാന്തൻ കമ്മ്യൂണിസ്റ്റ്’ എന്ന് മുദ്രകുത്തിയായിരുന്നു തെരഞ്ഞെടുപ്പുഫലത്തോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രോഷാകുലമായ പ്രതികരണം. ഡെമോക്രാറ്റിക് പാർട്ടിയിലെ സോഷ്യലിസ്റ്റ് വിഭാഗത്തെ നയിക്കുന്ന മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ്, കോൺഗ്രസംഗം അലക്സാൻഡ്രിയ ഒക്കാസിയോ കോർട്ടസ് എന്നിവരുടെ പിന്തുണയോടെ പ്രൈമറിയെ നേരിട്ട മംദാനിക്ക് നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളിയായിരിക്കും നേരിടേണ്ടിവരിക.
ലോകത്തെ ഏറ്റവും പ്രമുഖ നഗരങ്ങളിൽ പ്രഥമസ്ഥാനത്തുള്ള ന്യൂയോർക്ക് നഗരം ഒരു ബഹുദേശീയ, ബഹുവംശ, ബഹുവർണ നഗരമാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുവാക്കളും തൊഴിലാളികളുമടക്കം വലിയൊരു വിഭാഗം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്ന ട്രംപിന് അനുകൂലമായി വോട്ടുചെയ്യുകയുമുണ്ടായി. അധികാരമേറ്റ് ആറുമാസം പിന്നിടുമ്പോഴേക്കും ആ വോട്ടുകൾ ട്രംപിനെതിരെ തിരിയുന്ന കാഴ്ച ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി നിരീക്ഷകർ വിലയിരുത്തുന്നു. മംദാനിയുടെ വിജയം ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിനെതിരായ പാർട്ടിയിലെ പുരോഗമനശക്തികളുടെ പ്രതികരണമായും വിലയിരുത്തപ്പെടുന്നു. സാമ്പത്തിക രാഷ്ട്രീയ നയസമീപനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നും വേറിട്ടൊരു നിലപാട് സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട ഡെമോക്രാറ്റിക് പാർട്ടിയുടെ നിലപാടിനോടുള്ള പാർട്ടി അണികളുടെ പ്രതികരണമായും മംദാനിയുടെ വിജയത്തെ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു മുസ്ലിം നാമധാരിയായ മംദാനിയുടെമേൽ ഇസ്രയേൽ/ജൂത വിരുദ്ധത ആരോപിച്ചുള്ള യാഥാസ്ഥിതിക ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പ്രചരണത്തെ ജനങ്ങൾ മുഖവിലയ്ക്കെടുക്കാൻ വിസമ്മതിച്ചു. ജൂത യുവതയടക്കം വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഏതാണ്ട് അമ്പതിനായിരത്തോളം ചെറുപ്പക്കാരെ അണിനിരത്തിയുള്ള പ്രചാരവേലയാണ് പ്രൈമറിയിൽ മംദാനിപക്ഷം കാഴ്ചവച്ചത്. അവർ മഹാനഗരത്തിലെ മുട്ടിവിളിക്കാത്ത വാതിലുകൾ ഒന്നുംതന്നെയില്ല എന്നാണ് മാധ്യമങ്ങൾ വിവരിക്കുന്നത്. തൊഴിലാളികളുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്താനും അവർ നേരിടുന്ന ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അവയ്ക്ക് പ്രായോഗികമായ പരിഹാരം നിർദേശിക്കാനും മംദാനിയുടെ പ്രചരണത്തിന് കഴിഞ്ഞു. പാർപ്പിടങ്ങളുടെ കുതിച്ചുയരുന്ന വാടക, സമൂഹത്തിന്റെ താഴേത്തലത്തിലുള്ള ജനവിഭാഗങ്ങൾക്ക് ഭവനനിർമ്മാണത്തിനായുള്ള പൊതുസംരംഭം, സൗജന്യ യാത്രാസൗകര്യം, സമ്പന്നവിഭവങ്ങൾക്കുമേൽ ഉയർന്ന നികുതി തുടങ്ങി സാമാന്യജനങ്ങളെ അലട്ടുന്ന ദൈനംദിന ജീവിതപ്രശ്നങ്ങൾക്കുള്ള പരിഹാര നിർദേശങ്ങൾ, കുതിച്ചുയരുന്ന ജീവിതച്ചെലവുകൾ നിയന്ത്രിക്കാനുള്ള പരിഹാരമാർഗങ്ങൾ, മനുഷ്യാവകാശങ്ങളോടും സാമൂഹിക യാഥാർത്ഥ്യങ്ങളോടും സഹാനുഭൂതിയോടെ സമീപിക്കുന്ന പൊലീസ് സേന തുടങ്ങി മംദാനി മുന്നോട്ടുവച്ച സാമൂഹിക, സാമ്പത്തിക അജണ്ട വോട്ടർമാർക്ക് ഏറെക്കാലത്തിനുശേഷം പുതിയ അനുഭവവും പ്രതീക്ഷയുമാണ് നൽകിയത്.
ഏതാണ്ട് 3,90,000 ഇന്ത്യൻ — അമേരിക്കൻ വോട്ടർമാരുള്ള നഗരമാണ് ന്യൂയോർക്ക്. അവരിൽ രണ്ടുലക്ഷത്തിലേറെപ്പേർ വോട്ടവകാശമുള്ളവരാണ്. അവരിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചിരുന്ന നല്ലൊരു വിഭാഗം, പ്രത്യേകിച്ചും ചെറുപ്പക്കാർ, മംദാനിക്ക് അനുകൂലമായി മാറിയതായാണ് വിലയിരുത്തപ്പെടുന്നത്. മോഡി ഇന്ത്യയിൽ അധികാരത്തിലേറിയതോടെ ശക്തിയാർജിച്ച ബിജെപി അനുകൂല ശക്തികൾ മംദാനിയുടെ മുസ്ലിം പശ്ചാത്തലം ഉയർത്തിക്കാണിച്ച് പ്രചരണരംഗത്ത് സജീവമായിരുന്നു. എന്നാൽ അവർക്ക് കാര്യമായ പ്രതികരണം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല ഇന്ത്യൻ — അമേരിക്കൻ വോട്ടർമാരുടെ ഗണ്യമായ പിന്തുണ നേടാൻ മംദാനിക്ക് കഴിഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. മംദാനിയുടെ പ്രൈമറി വിജയം ഡെമോക്രാറ്റിക് പാർട്ടിയുടെയും അമേരിക്കൻ രാഷ്ട്രീയത്തിന്റെയും ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി മാറുമെന്ന് യുഎസ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും കരുതുന്നു. യുഎസ് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി വിസ്മൃതമായിക്കിടന്ന വർഗരാഷ്ട്രീയ അവബോധവും സോഷ്യലിസ്റ്റ് ആശയങ്ങളും ശക്തമായ തിരിച്ചുവരവാണ് നടത്തുന്നതെന്ന് വിലയിരുത്തുന്നവരുടെ അണി വിപുലമാകുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.