22 December 2024, Sunday
KSFE Galaxy Chits Banner 2

ന്യായാധിപരില്‍ നിന്ന് പ്രതീക്ഷിക്കാത്ത സന്ദേശം

Janayugom Webdesk
March 2, 2024 5:00 am

ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും ദുരുപയോഗം ചെയ്യപ്പെടുമ്പോഴും രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് പ്രതീക്ഷയായി നിലകൊള്ളുന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയും ന്യായാധിപന്മാരും. ചില പൊരുത്തക്കേടുകളും പുഴുക്കുത്തുകളും അവിടെയും ദൃശ്യമാണെങ്കിലും ആ പ്രതീക്ഷ ഇപ്പോഴും ജനം വച്ചുപുലര്‍ത്തുന്നുണ്ട്. ചില വിധിയെഴുത്തുകളും നിലപാടുകളും ആ വിശ്വാസങ്ങളെ നിലനിര്‍ത്തുന്നതിന് സഹായകവുമാണ്. പക്ഷേ ഫാസിസ്റ്റ് ഭരണകാലത്ത് എല്ലാം ജീര്‍ണിച്ചുപോകുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതുപോലെ നാം പ്രതീക്ഷിക്കാത്ത ചില സന്ദേശങ്ങള്‍ ന്യായാധിപന്മാരില്‍ നിന്നുണ്ടാകുന്നു എന്നത് ഭയപ്പെടുത്തുന്നതാണ്. അടുത്തടുത്ത ദിവസങ്ങളില്‍ ആ ഭയപ്പാട് വര്‍ധിപ്പിക്കുന്ന രണ്ട് നിയമനങ്ങള്‍ രാജ്യത്തുണ്ടായി. ഗ്യാന്‍വാപി മസ്ജിദിന്റെ താഴത്തെ നിലയിലെ, 1993ല്‍ അടച്ചിട്ട നിലവറ ഹിന്ദുത്വ തീവ്രവാദികളുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തുറന്നു നല്‍കുന്നതിനുള്ള വിധിപ്രസ്താവം നടത്തിയ ജഡ്ജി അജയ് കൃഷ്ണ വിശ്വേശയെ ഉത്തര്‍പ്രദേശിലെ സര്‍വകലാശാലയില്‍ ഓംബുഡ്സ്‌മാനായി നിയമിച്ചതാണ് അതിലൊന്ന്. സുപ്രീം കോടതി മുന്‍ ജഡ്ജി എ എം ഖാന്‍വില്‍ക്കറെ ലോക്പാല്‍ ചെയര്‍പേഴ്സണായി നിയമിച്ച രാഷ്ട്രപതിയുടെ നടപടിയാണ് മറ്റൊന്ന്.

 


ഇതുകൂടി വായിക്കൂ; രാഷ്ട്രപതിയെയെങ്കിലും ഗവര്‍ണര്‍ പിന്തുടരണം


ബിജെപിക്കും അവരുടെ തീവ്ര വലതുപക്ഷ‑ഭരണ നിലപാടുകള്‍ക്കും അനുകൂലമായ വിധിപ്രസ്താവം നടത്തിയവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ച നടപടി നേരത്തെയുമുണ്ടായി. അതില്‍ പ്രധാനപ്പെട്ടത്, നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ പ്രചരണായുധമാകുമെന്ന് കരുതപ്പെടുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കിയ വിചിത്ര വിധിയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ മായാത്ത കളങ്കമുണ്ടാക്കിയതായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത സംഭവം. അതിന് മുന്നോടിയായി അരങ്ങൊരുക്കിയ വിദ്വേഷത്തിന്റെയും കലാപത്തിന്റെയും ചോരപ്പുഴയുടെയും കലുഷിതാന്തരീക്ഷം ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുകയും ചെയ്തു. നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളും ഭരണഘടനാപരമായ മൗലികാവകാശങ്ങളും പോലും ചോദ്യംചെയ്യപ്പെട്ട, മസ്ജിദ് തകര്‍ക്കല്‍ കുറ്റകൃത്യമായി നിര്‍വചിക്കുകയും അതേസമയം പ്രസ്തുതസ്ഥലം അതേ കുറ്റവാളികള്‍ക്ക് നല്‍കുകയും ചെയ്ത വിധിയാണ് വിഷയം പരിഗണിച്ച ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായത്. പ്രസ്തുത ബെഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചപ്പോള്‍ ബിജെപിയുടെ നാമനിര്‍ദേശത്തില്‍ രാജ്യസഭാംഗമായി നീതിന്യായ വ്യവസ്ഥയെ നാണംകെടുത്തി. പ്രസ്തുത ബെഞ്ചിലെ മറ്റംഗങ്ങളായിരുന്നവരില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എസ് എ ബോബ്ഡെ എന്നിവരൊഴികെ എല്ലാവരും ബിജെപി സര്‍ക്കാര്‍ വച്ചുനീട്ടിയ ഉന്നത പദവികള്‍ സ്വീകരിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ 2021 ജൂലൈയിൽ വിരമിച്ച് നാല് മാസങ്ങൾക്ക് ശേഷം നവംബറിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചെയർപേഴ്സണായി. ജസ്റ്റിസ് എസ് അബ്ദുൾ നസീർ കഴിഞ്ഞവര്‍ഷം ജനുവരിയിൽ വിരമിക്കുകയും ഒരു മാസത്തിനുശേഷം ആന്ധ്രാപ്രദേശിന്റെ ഗവർണറാവുകയും ചെയ്തു. വിരമിക്കുന്നതിന് തൊട്ടുമുമ്പ്, കേന്ദ്രസർക്കാരിന്റെ 2016ലെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിലും ജസ്റ്റിസ് നസീര്‍ അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ പിന്നീട് ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്. ഉന്നത പദവികള്‍ ലഭിച്ചില്ലെങ്കിലും അദ്ദേഹം മഹാരാഷ്ട്ര സര്‍ക്കാരിന് കീഴില്‍ മുംബൈയിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി, നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി എന്നിവയുടെ ചാന്‍സലറായി.


ഇതുകൂടി വായിക്കൂ; ബിജെപിയുടെ സീറ്റുകൾ കുറയും; തയ്യാറെടുക്കേണ്ടത് കോണ്‍ഗ്രസ്


 

 

രാജ്യത്തിന്റെ മതേതര-ജനാധിപത്യ‑സാമ്പത്തിക സംവിധാനങ്ങളെ വെല്ലുവിളിച്ച ബിജെപിയുടെ നയങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലൂടെ സാധുത നല്‍കിയവരെല്ലാം ഇതുപോലെ പിന്നീട് പ്രതിഫല സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നുവെന്നത് സാധാരണക്കാര്‍ക്ക് നിരാശ നല്‍കുന്നതാണ്. ഇതിന്റെയെല്ലാം ഒടുവിലാണ് ഇപ്പോള്‍ മുന്‍ ജഡ്ജിമാരായ അജയ് കൃഷ്ണ വിശ്വേശയും എ എം ഖാന്‍വില്‍ക്കറും ഉന്നത സ്ഥാനങ്ങളില്‍ നിയമിതരായിരിക്കുന്നത്. വിരമിക്കുന്ന ദിവസമായ കഴിഞ്ഞ ജനുവരി 31നാണ് വിശ്വേശ, മസ്ജിദിന്റെ താഴത്തെ നിലവറ ആരാധനയ്ക്കായി ഹിന്ദുക്കൾക്ക് കൈമാറി വിധി പറഞ്ഞത്. ഒരുമാസം തികയുന്നതിന് മുമ്പ് ഫെബ്രുവരി 27ന് ലഖ്നൗവിലെ സർക്കാർ സർവകലാശാലയായ ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്‌സിറ്റിയിൽ മൂന്ന് വർഷത്തേക്ക് വിശ്വേശയെ ലോക്‌പാലായാണ് ആദിത്യനാഥ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. 2021 ഏപ്രിലിൽ ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെ വെറുതെവിട്ട ജില്ലാ ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെ വിരമിച്ച് ഏഴ് മാസത്തിനുള്ളിൽ ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശ് ഡെപ്യൂട്ടി ലോകായുക്തയായി നിയമിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്പുള്ള അവസാന പ്രവൃത്തിദിനത്തിലായിരുന്നു സുരേന്ദ്ര കുമാറും വിധി പ്രസ്താവം നടത്തിയത്. ഗുജറാത്ത് കലാപത്തിലെ ഇരയായ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളിയതും വിദേശ നാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, യുഎപിഎ, സ്വവര്‍ഗ ലൈംഗികത, ആധാര്‍ നിയമപരമാക്കല്‍, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് വിധികള്‍ പുറപ്പെടുവിച്ചതും ഖാന്‍വില്‍ക്കറായിരുന്നു. തുടര്‍ച്ചയായുള്ള ഇത്തരം നിയമനങ്ങളിലൂടെ ന്യായാധിപരെ സ്വാധീനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുക എന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന് നാണക്കേടായി തോന്നണമെന്നില്ല. പക്ഷേ നീതിന്യായ വ്യവസ്ഥയോട് വിശ്വാസം നഷ്ടപ്പെടുത്താനിടയാക്കുന്ന, ന്യായാധിപന്മാരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത സന്ദേശമാണ് അത് സമൂഹത്തിന് നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.