5 May 2024, Sunday

രാഷ്ട്രപതിയെയെങ്കിലും ഗവര്‍ണര്‍ പിന്തുടരണം

Janayugom Webdesk
March 1, 2024 5:00 am

നിയമസഭ പാസാക്കിയ പത്തോളം ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിരവധിതവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി വരെ നീണ്ട നിയമയുദ്ധവും നടത്തേണ്ടി വന്നു. എന്നാല്‍ കോടതിയെയും ഭരണഘടനയെയും പരിഹസിക്കുന്നതിന് സമാനമായി മാസങ്ങളോളം തന്റെ ഓഫിസിലെ അലമാരയില്‍ പൂട്ടിവച്ച ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുകയെന്ന അസാധാരണ നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. അതുതന്നെ സുപ്രീം കോടതിയില്‍ നിന്ന് നിശിതമായ വിമര്‍ശനം കേള്‍ക്കുകയും തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന സൂചന ലഭിക്കുകയും ചെയ്തതിന് ശേഷമായിരുന്നു. നവംബര്‍ അവസാനം ഡല്‍ഹിയിലേക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നു. 2022 ഓഗസ്റ്റില്‍ പാസാക്കുകയും ഗവര്‍ണര്‍ക്ക് അയയ്ക്കുകയും ചെയ്ത ലോകായുക്ത ഭേദഗതി ബില്ലിനാണ് അംഗീകാരമായിരിക്കുന്നത്. വലിയ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ടതായിരുന്നു ഈ ബില്‍. അഴിമതി നിയന്ത്രണത്തിന്റെ ഭാഗമായി രൂപം നല്‍കിയതായിരുന്നു ലോകായുക്ത ഭേദഗതി നിയമം. നിലവിലുള്ള നിയമം ശക്തവും സമഗ്രവുമായിരുന്നുവെങ്കിലും കാലക്രമേണയുള്ള പരിശോധനയില്‍ ചില ഭേദഗതികള്‍ അനിവാര്യമാകുകയായിരുന്നു. അതാകട്ടെ കേന്ദ്രത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും നിയമങ്ങളോട് സമീകരിക്കുന്നതിനുള്ളതുമായിരുന്നു.

ജുഡീഷ്യല്‍ സംവിധാനമല്ലാത്ത കേരളത്തിലെ ലോകായുക്ത ജനാധിപത്യക്രമത്തിന് മീതെ സ്വയംപ്രതിഷ്ഠിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അതുകൊണ്ടാണ് കേന്ദ്ര ലോക്പാൽ നിയമം, സംസ്ഥാന ലോകായുക്ത മാതൃകാ നിയമം എന്നിവയും ഭരണഘടനാ വ്യവസ്ഥകളും ആസ്പദമാക്കി ഭേദഗതി ആവശ്യമായത്. അതേസമയം ഭേദഗതി പ്രകാരവും ലോകായുക്തയ്ക്ക് അന്വേഷണവും പരിശോധനയുമുള്‍പ്പെടെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നു നിര്‍വഹിക്കാവുന്നതാണ്. ഭരണഘടനാപരമായും ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന സംസ്ഥാന ലോകായുക്തയ്ക്ക് നടപടി നിര്‍ദേശിക്കുവാനും എളുപ്പത്തില്‍ അത് നടപ്പില്‍ വരുത്താനുമുള്ള അധികാരം കേന്ദ്ര‑ഇതര സംസ്ഥാന നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലവിലുള്ളതുകൊണ്ടാണ് ഇവിടെ നിയമ ഭേദഗതി ആവശ്യമായിവന്നത്. എന്നാല്‍ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടും അഴിമതിയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചയാക്കി മാറ്റുന്നതിനാണ് ചില കോണുകളില്‍ നിന്ന് ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നത്. ഭരണഘടനാപരമായ അധികാരങ്ങള്‍ മറന്നും ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചും ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കുവാനുള്ള ഗവര്‍ണര്‍മാരുടെ ശ്രമങ്ങളും നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കാമോ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും പകരമാണ് സങ്കുചിത ലക്ഷ്യത്തോടെ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍. ഇപ്പോള്‍ രാഷ്ട്രപതി അംഗീകരിച്ച ലോകായുക്ത നിയമ ഭേദഗതിയുടെ കാര്യം പരിശോധിക്കാം.


ഇതുകൂടി വായിക്കൂ:ഗവര്‍ണറുടെ നിലവാരത്തകര്‍ച്ച


2022 ഓഗസ്റ്റില്‍ പാസാക്കിയ നിയമം 2023 നവംബര്‍ വരെ പിടിച്ചുവയ്ക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഇതേരീതി പ്രതിപക്ഷ ഭരണമുള്ള മറ്റ് സംസ്ഥാന ഗവര്‍ണര്‍മാരും അവലംബിച്ചു. സുപ്രീം കോടതിയുടെ വിമര്‍ശനം കേട്ടതിനുശേഷം നവംബര്‍ അവസാനമാണ് തടഞ്ഞുവച്ച ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയയ്ക്കുന്നത്. മൂന്നു മാസത്തിനകം രാഷ്ട്രപതിയുടെ തീരുമാനമുണ്ടാകുന്നു. ലോകായുക്ത ബില്‍ രാഷ്ട്രപതി അംഗീകരിച്ചുവെന്നും അത് ഗവര്‍ണര്‍ക്കുള്ള തിരിച്ചടിയാണെന്നുമുള്ള വാര്‍ത്തകള്‍ വന്നതിന് പിറകേ മറ്റ് ചില ബില്ലുകള്‍ അംഗീകരിച്ചില്ലെന്ന വാര്‍ത്താക്കുറിപ്പ് രാജ്ഭവനില്‍ നിന്ന് പുറത്തിറക്കിയിട്ടുണ്ട്. അത് ജാള്യത മറയ്ക്കാനുള്ളതാണെങ്കിലും മൂന്ന് മാസത്തിനകം തീരുമാനമുണ്ടായെന്നത് വസ്തുതയാണ്. രാഷ്ട്രപതി വളരെ പെട്ടെന്ന് തീരുമാനമെടുത്ത വിഷയങ്ങളിന്മേലായിരുന്നു സംസ്ഥാന ഗവര്‍ണര്‍ മാസങ്ങളും വര്‍ഷങ്ങളും അടയിരിക്കുകയും ഇല്ലാത്ത അധികാരം ഭാവിക്കുകയും ഹുങ്ക് കാട്ടാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തത് എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുന്ന മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരിക്കുന്ന കീഴ്‌വഴക്കമുണ്ടെങ്കിലും ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി വിശദീകരിക്കണമെന്ന തിട്ടൂരം പോലും ഗവര്‍ണറില്‍ നിന്നുണ്ടായി.

അക്കാര്യം അദ്ദേഹം മാധ്യമങ്ങളോട് തുറന്നുപറയാനും മടിച്ചില്ല. മലയോര ജനതയുടെ ഭൂപ്രശ്ന പരിഹാരത്തിനുള്ള നിയമമുള്‍പ്പെടെ തടഞ്ഞുവച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നത്. എന്നിട്ടും ലക്ഷക്കണക്കിന് ജനങ്ങളുടെ ഭൂപ്രശ്ന പരിഹാരം സാധ്യമാകുന്ന നിയമം അദ്ദേഹം രാഷ്ട്രപതിക്കുപോലും അയയ്ക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. രാഷ്ട്രപതിക്ക് അയച്ച നിയമങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടായതോടെ സംസ്ഥാന സര്‍ക്കാരിനും നിയമസഭയ്ക്കും അനന്തര നടപടികള്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നു. വീണ്ടും പ്രസ്തുത നിയമം പാസാക്കി അയച്ചാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ പ്രകാരം അത് അംഗീകരിക്കുവാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി കോടതി വിധികളുമുണ്ടായിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രപതി തന്റെ പദവിയോട് കാട്ടിയതുപോലെ, അവശേഷിക്കുന്ന ബില്ലുകളില്‍ പെട്ടെന്ന് തീരുമാനമെടുത്ത് പദവിയുടെ മാന്യത ഗവര്‍ണര്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.