ഇസ്രയേൽ ഗാസയിലെ പലസ്തീൻ ജനതയെ പട്ടിണിയിലേക്കും ക്ഷാമത്തിലേക്കും തള്ളിവിട്ടതിന് സമാനമായ സമീപനമാണ് പൊതു വിപണി വില്പന പദ്ധതി (ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം-ഒഎംഎസ്എസ്) നിഷേധിക്കുകവഴി കേന്ദ്രം കേരളത്തോട് സ്വീകരിച്ചിരിക്കുന്നത്. ഇത് വിഷു, ഈസ്റ്റർ, റംസാൻ തുടങ്ങി പ്രധാനപ്പെട്ട ഉത്സവവേളയിൽ സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമാകുമെന്നും വില നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിപണിയിടപെടൽ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നുമുള്ള ആശങ്ക ശക്തമാണ്. ഉത്സവ വേളകളിലെ ഭക്ഷ്യധാന്യങ്ങളുടെ അധികാവശ്യം നേരിടാൻ ‘ടൈഡ് ഓവർ’ വിഹിതം വർധിപ്പിക്കണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തോടും നിഷേധാത്മക സമീപനമാണ് കേന്ദ്രം അവലംബിക്കുന്നത്. സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോട് ബിജെപിക്കും നരേന്ദ്ര മോഡി സർക്കാരിനുമുള്ള രാഷ്ട്രീയ വിരോധവും പതിനെട്ടാം ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളജനതയെ പട്ടിണിക്കിട്ട് ജനാഭിപ്രായം എൽഡിഎഫിനെതിരെ തിരിച്ച് തെരഞ്ഞെടുപ്പുഫലം ‘വെടക്കാക്കി തനിക്കാക്കി മാറ്റാ‘മെന്ന കുതന്ത്രവുമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. ഒഎംഎസ്എസ് വഴി എഫ്‌സിഐ ഗോഡൗണുകളിൽനിന്നും ലേലത്തിൽ പങ്കെടുത്ത് അരിയടക്കം ഭക്ഷ്യധാന്യങ്ങൾ വാങ്ങി സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാൻ അടുത്തകാലം വരെ സംസ്ഥാന സർക്കാരുകളെയും സർക്കാർ ഏജൻസികളെയും അനുവദിച്ചിരുന്നു. കേരളത്തിൽനിന്നും സിവിൽ സപ്ലൈസ് കോർപറേഷനും കൺസ്യൂമർഫെഡും കഴിഞ്ഞ നവംബർ വരെ ലേലത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാരുകൾക്കും ഏജൻസികൾക്കും വിലക്ക് ഏർപ്പെടുത്തിയത്. സംസ്ഥാനങ്ങൾക്ക് വർഷങ്ങളായി ലഭിച്ചുവന്നിരുന്ന ഈ സൗകര്യം ഇപ്പോൾ വൻകിട സ്വകാര്യ കച്ചവടക്കാർക്കും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഫെഡ്, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്), കേന്ദ്രീയ ഭണ്ഡാർ എന്നീ സഹകരണ സ്ഥാപനങ്ങളിലുമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ സ്ഥാപനങ്ങളാണ് ‘ഭാരത് ബ്രാൻഡ്’ അരിവില്പനയുടെ നടത്തിപ്പുകാർ.
സംസ്ഥാനത്തെ 94 ലക്ഷം റേഷൻകാർഡ് ഉടമകൾക്കായി മൊത്തം 14.25 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് കേന്ദ്രം അനുവദിക്കുന്നത്.
ഇതിൽ 10.26 ലക്ഷം ടൺ ഭക്ഷ്യധാന്യവും 43 ശതമാനം വരുന്ന മുൻഗണനാവിഭാഗത്തിനാണ് വിതരണം ചെയ്യുന്നത്. ബാക്കി 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് 3.99 ലക്ഷം ടൺ മാത്രമാണ് കേന്ദ്രം നൽകുന്നത്. ഒരു മാസത്തെ അരിയുടെ ടൈഡ് ഓവർ വിഹിതം 33,294 ടൺ മുൻഗണനേതര വിഭാഗത്തിന് വിതരണംചെയ്യാൻ പര്യാപ്തമല്ല. അവിടെയാണ് ഒഎംഎസ്
എസ് പ്രസക്തമാകുന്നത്. ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമെന്ന പരിഗണന കൂടാതെ തികച്ചും ശത്രുതാപരമായ സമീപനമാണ് മോഡി സർക്കാർ കേരളത്തോട് അവലംബിക്കുന്നത്. ഇത് ഒറ്റപ്പെട്ട സമീപനമായി കരുതേണ്ടതില്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടെല്ലാം സമാന സമീപനമാണ് നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ഒഎംഎസ്എസ് സംസ്ഥാനങ്ങൾക്കും സംസ്ഥാന ഏജൻസികൾക്കും വിലക്കപ്പെട്ടത് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത പരാജയത്തെ തുടർന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടകയിൽ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളിൽ ഒന്നായ ‘അന്ന ഭാഗ്യ’ അനുസരിച്ച് ബിപിഎൽ കുടുംബങ്ങളിലെയും ‘അന്ത്യോദയ’ കാർഡ് കുടുംബങ്ങളിലെയും ഓരോ അംഗത്തിനും 10 കിലോ അരി വാഗ്ദാനം ചെയ്തിരുന്നു. ആ പദ്ധതി അട്ടിമറിക്കുന്നതിനായാണ് ഒഎംഎസ്എസ് സൗകര്യം സംസ്ഥാനങ്ങൾക്ക് നിഷേധിച്ചത്. രാഷ്ട്രീയ ദുഷ്ടലാക്കോടെ പദ്ധതി ഇപ്പോഴും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്നുമുണ്ട്. നരേന്ദ്ര മോഡി സർക്കാരിന്റെ ഈദൃശ രാഷ്ട്രീയ പ്രതികാരനടപടികൾക്കെതിരെ ശക്തമായ ചെറുത്തുനില്പാണ് രാഷ്ട്രീയമായും നിയമപരമായും എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. സാമ്പത്തികമായി കേരളത്തെ ഞെരുക്കത്തിലാക്കി രാഷ്ട്രീയമായി അടിയറവ് പറയിക്കാമെന്ന കേന്ദ്രസർക്കാരിന്റെ വ്യാമോഹം അസ്ഥാനത്താണെന്ന് കേരളം ഇതിനകം സുപ്രീം കോടതിയിൽ തെളിയിച്ചുകഴിഞ്ഞു. ജനകീയ ചെറുത്തുനില്പിലൂടെയും ആവശ്യമെങ്കിൽ നിയമത്തിന്റെ വഴിയിലൂടെയും അന്നം നിഷേധിക്കുന്ന ക്രൂരത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും മൗലിക പ്രശ്നങ്ങളിൽ കേരളത്തിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം എവിടെ നിൽക്കുന്നുവെന്നത് നീതിബോധമുള്ള കേരളജനത ഉറ്റുനോക്കുകയാണ്. തങ്ങളെ പട്ടിണിക്കിട്ട് വരുതിയിലാക്കാമെന്ന ബിജെപിയുടെ മനസിലിരുപ്പ് കേരളജനത യാഥാർത്ഥ്യബോധത്തോടെ തിരിച്ചറിയുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഭാരത് ബ്രാൻഡ് അരി ഉൾപ്പെടെ അവർ തുടർന്നുവരുന്ന തട്ടിപ്പും കേരളത്തിൽ വിലപ്പോവില്ല. എന്നാൽ ബിജെപിയുടെ എല്ലാ കേരളവിരുദ്ധ ദ്രോഹ പ്രവൃത്തികൾക്കും കുടപിടിക്കുന്ന കോൺഗ്രസ്-യുഡിഎഫ് കാപട്യം അവർക്ക് എത്രകാലം തുടർന്നുപോകാനാവും? അന്നം നിഷേധിക്കുന്ന ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്താൻ ഇനിയും വൈകുന്നത് ആ പാർട്ടിയുടെയും മുന്നണിയുടെയും അസ്തിത്വത്തിന്റെ അടിത്തറ തകർക്കും. അതിനുള്ള ഉചിതവും നിർണായകവുമായ മുഹൂർത്തമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളജനതയ്ക്ക് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.