8 December 2025, Monday

Related news

December 8, 2025
December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 28, 2025
November 27, 2025

ബജ്റംഗ്‌ദളിനെ നിരോധിക്കണം

Janayugom Webdesk
July 31, 2025 5:00 am

ലയാളികളായ രണ്ട് കന്യാസ്ത്രീകളെ വ്യാജപരാതി നൽകി ജയിലിലടപ്പിച്ച നടപടിയോടെ ബജ്റംഗ്‌ദളെന്ന സംഘടനയുടെ തീവ്ര നിലപാടുകളും നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയും വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. സാമൂഹ്യ സംഘടനയെന്ന പേരിലാണ് പ്രവർത്തനമെന്നതിനാൽ പൊലീസിലുൾപ്പെടെ പ്രവർത്തകരുള്ള സംഘടനയാണ് ഇതെന്നാണ് വെളിപ്പെടുന്നത്. ഛത്തീസ്ഗഢിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച റെയിൽവേ ഉദ്യോഗസ്ഥൻ ഈ സംഘടനയുടെ പ്രവർത്തകനാണെന്നും അയാളുടെ അറിയിപ്പനുസരിച്ചാണ് റെയിൽവേ സ്റ്റേഷനിലേക്ക് ബജ്റംഗ്‌ദൾ പ്രവർത്തകരെത്തിയതെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. പൊലീസിനെയും റെയിൽവേ സുരക്ഷാ സേനയെയും നോക്കുകുത്തിയാക്കിയാണ് കന്യാസ്ത്രീകൾക്കെതിരെ സംഘടനയുടെ പ്രവർത്തകർ അതിക്രമങ്ങൾ നടത്തിയതെന്ന് തങ്ങളെ സന്ദർശിച്ച ഇടതുപക്ഷ നേതാക്കളോട് കഴിഞ്ഞ ദിവസം കന്യാസ്ത്രീകൾ തന്നെ പറഞ്ഞിട്ടുമുണ്ട്. തങ്ങളുമായി ബന്ധമില്ലെന്നാണ് അതാതിടങ്ങളിലെ ബിജെപി സർക്കാരുകളും കേരളത്തിലുൾപ്പെടെ നേതാക്കളും ആണയിടുന്നതെങ്കിലും ഭരണതലത്തിലുള്ള എല്ലാ ഒത്താശകളും ഇവർക്ക് ലഭിക്കുന്നുവെന്നാണ് സാഹചര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഈ സംഘടന നടത്തുന്ന തീവ്രവാദ സ്വഭാവമുള്ള നിരവധി അതിക്രമങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഒരുബന്ധവുമില്ലെന്നാണ് അവകാശപ്പെടുന്നതെങ്കിലും കഴിഞ്ഞ കുറേകാലമായി ആർഎസ്എസ് — ബിജെപി ഫാസിസ്റ്റ് നയങ്ങൾക്കും ഹിന്ദുത്വ ആശയങ്ങൾക്കും അനുസൃതമായ കിരാത നടപടികളാണ് സംഘടന നടത്തിക്കൊണ്ടിരിക്കുന്നത്. വെറുപ്പും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നതിനുള്ള സംഘ്പരിവാർ സംഘടനകളുടെ എല്ലാ ഉപാധികളും ഇവരും ഉപയോഗിക്കുന്നു. ലൗ ജിഹാദ്, മീറ്റ് ജിഹാദ്, മതപരിവർത്തനം തടയൽ, ഗോസംരക്ഷണം എന്നിങ്ങനെ പേരുകളിൽ സംഘ്പരിവാർ ഉന്നയിക്കുന്ന വിഷയങ്ങൾ അടിസ്ഥാനമാക്കിത്തന്നെയാണ് ബജ്‌റംഗ്‌ദൾ എല്ലാ അതിക്രമങ്ങളും നടത്തുന്നത്. 

ഉത്തർപ്രദേശിലെ ബറേലിയിൽ നാല് ദിവസം മുമ്പാണ് ലൗ ജിഹാദ് ആരോപിച്ച് യുവതീയുവാക്കളെ ഈ സംഘടനയുടെ ഗുണ്ടകൾ ആക്രമിച്ചത്. യുവതിയെ കാണാനെത്തിയ യുവാവിനെതിരെ ഇവരുടെ നിർദേശപ്രകാരം ആദിത്യനാഥിന്റെ പൊലീസ് കേസെടുക്കുകയും ചെയ്തു. അതിക്രമം സംബന്ധിച്ച് പുറത്തുവന്ന വീഡിയോയിൽ പൊലീസ് കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നത് പ്രകടമായിരുന്നു. യുപിയിലെ തന്നെ ഗാസിയാബാദിലെ വിജ‌യ്‌നഗറിൽ ഓൺലൈൻ വിതരണക്കാരനെ ആക്രമിച്ച സംഭവത്തിലും ഈ സംഘടനയിലെ അംഗങ്ങൾതന്നെയാണ് കുറ്റാരോപിതരായത്. മാംസാഹാരം വിതരണം ചെയ്യരുതെന്നാരോപിച്ചായിരുന്നു ആക്രമണം. ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതാണ് വിതരണം ചെയ്യുന്നതെന്ന് അറിയിച്ചെങ്കിലും തങ്ങൾ നിർദേശിക്കുന്നത് നടപ്പിലാക്കിയാൽ മതിയെന്ന് ആജ്ഞാപിച്ച് അക്രമിക്കുകയായിരുന്നു. വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് ഈ സംഭവത്തിൽ ബജ്റംഗ്‌ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയുണ്ടായി. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഒരാഴ്ച മുമ്പ് പുറത്തുവന്ന സംഭവം ഈ സംഘടനയുടെ പ്രർത്തകർക്ക് മനോരോഗവുമുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. ഒരു കരകൗശലക്കാരനുണ്ടാക്കിയ ഗണേശ വിഗ്രഹം ശരിയായ രൂപത്തിലല്ലെന്നും ഇത് ബോധപൂർവം അപമാനിക്കാൻ ചെയ്തതാണെന്നും ആരോപിച്ചായിരുന്നു മൂന്ന് കരകൗശലത്തൊഴിലുകാരെ ആക്രമിച്ചത്. പൊലീസിനെ ഉപയോഗിച്ച് കേസെടുപ്പിക്കുകയും ചെയ്തു. പ്രതി ചേർക്കപ്പെട്ടവർ ചന്ദ്രനാഥ്, രത്നപാൽ, രാജു പാൽ എന്നിവരാണെന്നതിൽ നിന്ന് അവർ ഇതര മതവിഭാഗത്തിൽപ്പെട്ടവർ പോലുമല്ലെന്ന് വ്യക്തമാണ്. എന്നിട്ടും ഇത്തരം കുത്സിത നടപടികൾ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. മധ്യപ്രദേശിലെതന്നെ ജബൽപൂരിൽ ജീൻസ് ധരിച്ച് പ്രാർത്ഥനയ്ക്ക് എത്തരുതെന്ന് ആക്രോശിച്ചാണ് ഈ സംഘടന ഉറഞ്ഞുതുള്ളിയത്. പ്രദേശത്താകെ പോസ്റ്റർ പതിക്കുകയും ജീൻസ് ധരിച്ചെത്തുന്നവർ പുറത്തുനിന്ന് പ്രാർത്ഥിച്ചാൽ മതിയെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. 

കന്യാസ്ത്രീകളെ ജയിലിലടപ്പിച്ച സംഭവത്തിലും മനുഷ്യർക്ക് ചേർന്ന സമീപനങ്ങളല്ല ഈ ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലുണ്ടായത്. പെൺകുട്ടികളുടെ സഹോദരനെ കുറ്റവാളിയെന്നതുപോലെ മൃഗീയമായി മർദിച്ചതായും വെളിപ്പെടുത്തലുണ്ടായി. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച ദുർഗ് സെഷൻസ് കോടതിക്ക് മുന്നിൽ കലാപം സൃഷ്ടിക്കുന്നതിന് കോപ്പുകൂട്ടിയാണ് അവരെത്തിയത്. ജാമ്യം ലഭിക്കുകയാണെങ്കിൽ കലാപവും അല്ലെങ്കിൽ വിജയാഘോഷവുമായിരുന്നു ലക്ഷ്യം. ജാമ്യാപേക്ഷ നിരാകരിച്ചതോടെ ആഘോഷം നടത്തുന്നതും നാം കണ്ടു. സംഘ്പരിവാർ സംഘടനകളുടെ മുദ്രാവാക്യങ്ങൾ തന്നെയാണ് അവർ ഉയർത്തിയത്. ഈ സംഭവങ്ങളും അതിക്രമങ്ങളുമെല്ലാം തീവ്ര സംഘടനയുടെ സ്വഭാവവും പ്രവർത്തന രീതികളുമാണ് ബജ്റംഗ്‌ദൾ എന്ന സംഘടനയുടേത് എന്നാണ് തെളിയിക്കുന്നത്. ആഗോള ഭീകര സംഘടനകളോട് സാമ്യപ്പെടുത്താവുന്ന എല്ലാ ഗുണവിശേഷങ്ങളും ഈ സംഘടനയ്ക്കുണ്ട്. അതുകൊണ്ട് ഈ സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളോടുള്ള അനുഭാവം ആത്മാർത്ഥതയുള്ളതാണെങ്കിൽ ബിജെപിയും അതിന് മുൻകയ്യെടുക്കണം. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.