27 December 2024, Friday
KSFE Galaxy Chits Banner 2

കരുതിയിരിക്കണം, അവര്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നു

Janayugom Webdesk
June 20, 2023 5:00 am

ഉത്തരാഖണ്ഡിലും ഗുജറാത്തിലും മതവിദ്വേഷ പ്രചരണങ്ങളും ആക്രമണങ്ങളും വ്യാപകമാകുകയും കൂട്ടപ്പലായനം നടക്കുകയുമാണ്. വ്യാജ പ്രചരണങ്ങളും കണ്ടെത്തലുകളും നടത്തിയാണ് തീവ്ര ഹിന്ദുത്വ സംഘടനകളും അധികൃതരും ഈ കുത്സിത ശ്രമങ്ങള്‍ നടത്തുന്നത്. ഉത്തരകാശി മേഖലയില്‍ തീവ്രഹിന്ദു വിഭാഗം നടത്തുന്ന ന്യൂനപക്ഷവേട്ട നിര്‍ബാധം തുടരുന്ന സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ നിന്ന് മുസ്ലിങ്ങള്‍ പലായനം ചെയ്യുന്നു. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ വളര്‍ന്നുവരുന്ന ശക്തമായ പ്രതിഷേധങ്ങളും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യസാധ്യതകളും സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന സംഘടനകളെ വല്ലാതെ ഭീതിപ്പെടുത്തിയിരിക്കുന്നുവെന്നാണ് അവരുടെ ഓരോ ഭാവവും ചലനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് മറ്റു പോംവഴികളില്ലെന്ന് തിരിച്ചറിഞ്ഞ് വിദ്വേഷ പ്രചരണായുധം തന്നെ പ്രയോഗിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. മേയ് 26ന് മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് ഉത്തരാഖണ്ഡില്‍ ഉത്തരകാശി ജില്ലയില്‍പ്പെട്ട പുരോലയില്‍ മുസ്ലിം ബഹിഷ്കരണാഹ്വാനവുമായി വിശ്വഹിന്ദു പരിഷത്, ബജ്റംഗ്‌ദള്‍ സംഘടനകള്‍ രംഗത്തെത്തിയത്. മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ഹിന്ദു യുവാവിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി മുസ്ലിം യുവാവിനൊപ്പം പോയതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതൊരു അവസരമായി ഉപയോഗിക്കുകയായിരുന്നു തീവ്ര ഹിന്ദുത്വ സംഘടനകള്‍. പുരോലയിലാണ് സംഭവമുണ്ടായതെങ്കിലും ഉത്തരകാശി ജില്ലയിലാകെ അവര്‍ മുസ്ലിം ബഹിഷ്കരണാഹ്വാനം നല്‍കി. ആദ്യം വ്യാപാരികളോട് കടകളും മറ്റ് സ്ഥാപനങ്ങളും അടച്ച് സ്ഥലംവിടാനാണ് നിര്‍ദേശിച്ചത്.

 


ഇതുകൂടി വായിക്കു; ബാങ്ക് തട്ടിപ്പുകാരെ സഹായിക്കുന്ന റിസർവ് ബാങ്ക് സർക്കുലർ


സന്നദ്ധമാകാതിരുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നിര്‍ബന്ധിതമായി അടപ്പിച്ചു. അടുത്ത ഘട്ടമെന്ന നിലയില്‍ പ്രദേശത്തെ മുസ്ലിം വീടുകള്‍ക്ക് അപകട അടയാളങ്ങള്‍ പതിപ്പിച്ചു. തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ നിരന്തരഭീഷണി കാരണം എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്തിരിക്കുകയാണ് മുസ്ലിം സമുദായത്തില്‍പ്പെട്ട വളരെയധികം പേര്‍. അകലങ്ങളില്‍ ബന്ധുക്കളുള്ളവര്‍ അവര്‍ക്കരികിലേക്ക് പോകുന്നു. അല്ലാത്തവര്‍ എന്തുചെയ്യണമെന്നറിയാതെ, ലക്ഷ്യമില്ലാതെയാണ് പലായനം ചെയ്തത്. ബിജെപിയോട് അനുഭാവമുള്ള മുസ്ലിങ്ങള്‍ക്കു പോലും രക്ഷയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ ഉദാഹരണസഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചു. മുഹമ്മദ് സാഹിദ് അത്തരത്തിലൊരാളായിരുന്നു. പെ ണ്‍കുട്ടിയുള്‍പ്പെടെ രണ്ട് മക്കളുമായി ഭാര്യ, സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിലും സാഹിദ് ജോലിയും ബിജെപി ന്യൂനപക്ഷ സെല്‍ ജില്ലാ പ്രസിഡന്റ് പദവിയും വഹിച്ച് പുരോലയിലും ജീവിക്കുകയായിരുന്നു. പക്ഷേ മുസ്ലിമായതുകൊണ്ട് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ അദ്ദേഹത്തെയും വെറുതെ വിടുന്നില്ല. സാഹിദും പുരോല ഉപേക്ഷിച്ചുപോയി. ഉത്തരകാശിയിലെ ബിജെപി ന്യൂനപക്ഷ വിഭാഗത്തിന്റെ മറ്റൊരു നേതാവായ സോനു മിറും തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ രംഗത്തുവന്നു. ബിജെപി പ്രവര്‍ത്തകനായ തന്നെയും മറ്റ് പലരെയും പാര്‍ട്ടി വഞ്ചിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് പോലും സ്വസ്ഥമായി താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും സോനു മിര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റലിന്റെ പേരിലാണ് ഗുജറാത്തില്‍ ന്യൂനപക്ഷ വേട്ടയ്ക്ക് വീണ്ടും തുടക്കമിട്ടത്. ന്യൂനപക്ഷ സമുദായങ്ങള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് അധികൃതരുടെ ബുള്‍ഡോസറുകള്‍ ഇരമ്പിക്കയറുന്നത്.


ഇതുകൂടി വായിക്കു;ഭരണകൂടം നടത്തുന്നത് മനുഷ്യാവകാശ ലംഘനം


നേരത്തെ യുപിയിലും മധ്യപ്രദേശിലും അസമിലുമൊക്കെ ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയപ്പോള്‍ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് ഗുജറാത്തിലെ ബുള്‍ഡോസര്‍ രാജ്. മുസ്ലിം ആരാധനാലയങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ഒരുവിഭാഗം ചെറുത്തത് സംഘര്‍ഷമുണ്ടാക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത സംഭവവുമുണ്ടായി. ജുനഗഡ് ജില്ലയിലെ മജേവാദി ദർഗ പൊളിക്കാനുള്ള നീക്കമുണ്ടായപ്പോഴായിരുന്നു അനിഷ്ട സംഭവം ഉണ്ടായത്. ഈ വിധത്തില്‍ പത്തുമാസത്തിനപ്പുറം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് പാതയൊരുക്കുകയാണ് സംഘ്പരിവാര്‍ സംഘടനകള്‍. നരേന്ദ്ര മോഡിയുടെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി ഭരണം മുന്നോട്ടുവച്ച് ജനങ്ങളെ സമീപിക്കാനാകില്ലെന്ന് സംഘ്പരിവാറിന് ബോധ്യം വന്നിരിക്കുന്നുവെന്ന് ഈ നടപടികളില്‍ നിന്ന് മനസിലാക്കണം. മോഡിയുടെ വ്യക്തിപ്രഭാവവും ഹിന്ദുത്വ അജണ്ടകളും കൊണ്ടുമാത്രം തെരഞ്ഞെടുപ്പ് ജയിക്കുക സാധ്യമല്ലെന്ന് ആര്‍എസ്എസ് ബൗദ്ധിക നേതൃത്വം വിലയിരുത്തിയെന്ന വാര്‍ത്ത ഇതിനോട് ചേര്‍ത്തുവായിക്കണം. അതുകൊണ്ട് വിദ്വേഷവും ഭീതിയും പരത്തി ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ എതിരാളികളെയും ഒറ്റപ്പെടുത്തുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്നതിനുള്ള ഗൂഢാലോചന നാഗ്പൂരിലെ അന്തഃപുരങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നുവെന്നും ഭയക്കണം. അതുകൊണ്ട് ഇനിയുള്ള ഓരോ ദിവസവും രാജ്യസ്നേഹികളെ സംബന്ധിച്ച് സുപ്രധാനമാണ്. കള്ളക്കേസുകളും വ്യാജപ്രചരണങ്ങളും നിര്‍ബാധം തുടര്‍ന്നേക്കും. കേന്ദ്ര ഏജന്‍സികള്‍ 24 മണിക്കൂറും അതില്‍ കൂടുതലും ജോലി ചെയ്യാനിറങ്ങുമെന്നും കരുതിയിരിക്കണം.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.