ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒന്നാംപ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കഴിഞ്ഞ ദിവസമാണ്. അതേദിവസങ്ങളില്‍ തന്നെയാണ് പണപ്പിരിവിന്റെയും കോഴയുടെയും പേരില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ബിജെപി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലിയ സംഭവം പുറത്തുവന്നത്. സമാനമായ നിരവധി ആരോപണങ്ങളും ആഭ്യന്തരപ്രശ്നങ്ങളും ബിജെപിയില്‍ പലയിടങ്ങളിലും ഉണ്ടാകുന്നുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരുപാര്‍ട്ടി അതിന്റെ തണലില്‍ വ്യാപകമായി അഴിമതി കാട്ടുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ മത്സരത്തില്‍ നിന്ന് പിന്‍മാറ്റുന്നതിന് കോഴ നല്കിയെന്ന കേസിലാണ് കെ സുരേന്ദ്രനെ ഒന്നാംപ്രതിയാക്കിയുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്.
സമാനമായി അതേ തെരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് പണം നല്കിയെന്ന മറ്റൊരു കേസും നിലനില്ക്കുന്നുണ്ട്. ബിഎസ്‌പിയുടെ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്ത കെ സുന്ദര പിന്നീട് പത്രിക പിന്‍വലിച്ച് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയും ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുമായിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരയെ കാണാതായി. തട്ടിക്കൊണ്ടുപോകൽ ആരോപണവുമായി കുടുംബം രംഗത്തെത്തി. പിന്നീടുണ്ടായത്, രണ്ടുലക്ഷം രൂപയും മൊബൈല്‍ ഫോണും കെ സുരേന്ദ്രന്‍ നല്കിയെന്ന വെളിപ്പെടുത്തലാണ്. ഇതേതുടര്‍ന്നാണ് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമുണ്ടായത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഇതിനു സമാനമായതാണ് സി കെ ജാനുവിന് പണം നല്കിയെന്ന ആരോപണവും. 25 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നാണ് വെളിപ്പെടുത്തലുണ്ടായത്. ശബ്ദരേഖകളും മൊഴികളുമായി പല തെളിവുകളും മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഈ കേസിലും സുരേന്ദ്രന്‍ ഒന്നാംപ്രതിയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലുമാണ്. കേസില്‍ ബിജെപിയുടെ വയനാട്ടിലെ നേതാക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുകയുണ്ടായി. അവിടെ ബിജെപിയില്‍ കൂട്ടരാജിയും നടന്നിരുന്നു. ബത്തേരി മണ്ഡലത്തില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ വിനിയോഗമുണ്ടായി എന്നും ആരോപണം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വേളകളില്‍ ഓരോ മണ്ഡലത്തിലും കോടിക്കണക്കിന് രൂപയാണ് ബിജെപി ചെലവഴിക്കാറുള്ളതെന്നതും ശ്രദ്ധേയമാണ്. കൊടകരയില്‍ കുഴല്‍പ്പണം പിടിച്ച കേസിലും ബിജെപി നേതാക്കള്‍ക്കെതിരെ സംശയത്തിന്റെ മുന നീണ്ടിരുന്നതാണ്. നേതാക്കളെ ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിനെല്ലാം പിന്നാലെയാണ് കോഴിക്കോട് ബിജെപിക്കകത്ത് സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ ഉണ്ടായത് പുറത്തെത്തിയിരിക്കുന്നത്.
പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് രേഖകള്‍ നല്കാതെ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ യോഗത്തില്‍ തള്ളിക്കയറിയ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സമൂഹമാധ്യമപ്പോരായി വളരുകയും ചെയ്തിരിക്കുകയാണ്. കേന്ദ്ര ഭരണത്തിന്റെ തണലില്‍ പെട്രോള്‍ പമ്പ് ഉടമയെ ഭീഷണിപ്പെടുത്തുകയും രസീത് നല്കാതെ പണം വാങ്ങുകയുമായിരുന്നു. പമ്പിനെതിരെ ആരംഭിച്ച സമരം അവസാനിപ്പിക്കുന്നതിന് വീണ്ടും പണം ആവശ്യപ്പെട്ടെന്ന് ബിജെപി അനുഭാവിയായ പമ്പുടമ തന്നെയാണ് പുറത്തുപറഞ്ഞത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ബിജെപിയിലെ വിഭാഗീയതയും പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെതിരെ ആരോപണമുയരുമ്പോള്‍ എതിര്‍വിഭാഗം നേതാക്കള്‍ക്കെതിരെ പ്രത്യാരോപണങ്ങളുമുയരുന്നു. സമാനമായ ആരോപണങ്ങള്‍ ഇതിനു മുമ്പും ബിജെപി നേതാക്കള്‍ക്കെതിരെ ഉയരുകയുണ്ടായി.
കേന്ദ്ര സർവകലാശാല നിയമനങ്ങളിൽ വൻ തുക കോഴ വാങ്ങിയെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ശേഷം ബിജെപി നേതാക്കൾ വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയ സംഭവം കാസര്‍കോടുണ്ടായിരുന്നു. നേതാക്കളുടെ മക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമുള്ള സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെയും കോഴവാങ്ങിയും നിയമനങ്ങള്‍ നടത്തിയെന്നുള്ള ആരോപണങ്ങളുമുയരുന്നു. നിയമസഭാംഗങ്ങള്‍ ഇല്ലാതിരുന്നിട്ടു പോലും കേന്ദ്രത്തിലെ അധികാരത്തിന്റെ തണലില്‍ അഴിമതി നടത്തുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് വ്യക്തമാക്കുന്നതാണ് ആരോപണങ്ങളും കുറ്റപത്രങ്ങളും. സ്ഥാനാര്‍ത്ഥിത്വം പോലും ധനലാഭത്തിനാക്കുന്നുവെന്നും ആരോപണമുയരാറുണ്ട്. ഓരോ തെരഞ്ഞെടുപ്പുകളിലും തോല്ക്കുമെന്നറിഞ്ഞിട്ടും മത്സരിക്കുന്നതിനുള്ള നേതാക്കളുടെ ആക്രാന്തം കേന്ദ്ര ഫണ്ടില്‍ കണ്ണുവച്ചാണെന്ന അടക്കം പറച്ചിലുമുണ്ട്. വ്യത്യസ്തമായ പാര്‍ട്ടിയെന്നും മറ്റും മേനി നടിക്കുന്ന ബിജെപി അഴിമതിയുടെയും ജീര്‍ണതയുടെയും പ്രതീകമാണെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. പുറത്തുവന്നത് ഇത്രയധികമാണെങ്കില്‍ പുറത്തുവരാത്തത് എത്ര ഭീമമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.