13 December 2025, Saturday

മേഘവിസ്ഫോടനം, മിന്നൽ പ്രളയം; ദീര്‍ഘകാല പദ്ധതികള്‍ വേണം

Janayugom Webdesk
August 7, 2025 5:00 am

മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നൽ പ്രളയമുണ്ടായ ഉത്തരകാശിക്കടുത്ത ധാരാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നാശത്തിന്റെ കൃത്യമായ വിവരങ്ങൾ തിട്ടപ്പെടുത്താനായിട്ടില്ല. സൈനികരുൾപ്പെടെ നൂറിലധികം പേരും ഗ്രാമമൊന്നാകെയും ഒഴുകിപ്പോയെന്നതിന്റെ അടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഘടനാപരമായ വെല്ലുവിളികളും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ ചൊവ്വാഴ്ച രണ്ടുതവണയായുണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽ പ്രളയത്തിനും വൻ നാശത്തിനും കാരണമായത്. കനത്ത മഴയിൽ ഘിർ ഗംഗാ നദിയിലെ ജലനിരപ്പ് ഉയർന്നതാണ് അപകടകാരണമായത്. അതേസമയം മേഘവിസ്ഫോടനം സംഭവിച്ചില്ലെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ഉത്തരകാശിയിൽ നിന്ന് 70ലധികം കിലോമീറ്റർ അകലെയുള്ള ധാരാലിക്കടുത്ത് പ്രവർത്തിക്കുന്ന ക്യാമ്പിലുണ്ടായിരുന്ന സൈനികരാണ് ഒഴുക്കിൽപ്പെട്ടുവെന്ന് കരുതുന്നത്. ഉത്തരാഖണ്ഡിൽ അടുത്തിടെ നടന്ന വൻ ദുരന്തങ്ങളിൽ ഒന്നാണ് ചൊവ്വാഴ്ചത്തേത്. വളരെയധികം ജനങ്ങള്‍ അധിവസിക്കുന്ന, ഹിമാലയത്തിന് തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇവിടെ 2013ലുണ്ടായ ദുരന്തമാണ് ഏറ്റവും വലുതായി കണക്കാക്കപ്പെടുന്നത്. 2004ലെ സുനാമിക്കുശേഷം രാജ്യത്തുണ്ടായ വൻ ദുരന്തവും ഇതായിരുന്നു. 2013 ജൂണിലെ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉത്തരാഖണ്ഡിന് പുറമേ ഹിമാചല്‍ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും നേപ്പാൾ, ടിബറ്റ് മേഖലയിലും ശക്തമായ മഴയ്ക്കും പ്രളയത്തിനും കാരണമായി വൻനാശം വിതച്ചതാണ്. ആറായിരത്തിലധികം പേർക്ക് ജീവഹാനിയുണ്ടായതിൽ മഹാഭൂരിപക്ഷവും ഉത്തരാഖണ്ഡിൽ നിന്നുള്ളവരായിരുന്നു. പാലങ്ങളും റോഡുകളും തകർന്നതുകാരണം തീർത്ഥാടകരും വിനോദസഞ്ചാരികളുമടക്കം മൂന്ന് ലക്ഷത്തിലധികം പേരാണ് കുടുങ്ങിപ്പോയത്. പ്രളയബാധിത മേഖലകളിൽ നിന്ന് ഒരു ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്തു. 

കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടെ അഞ്ചിലധികം വൻ ദുരന്തങ്ങളാണ് മേഘ വിസ്ഫോടനത്തെയും മിന്നൽ പ്രളയത്തെയും തുടർന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തുണ്ടായത്. ഒരുമാസം മുമ്പുണ്ടായ സംഭവത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിരുന്നു. യമുനോത്രി ദേശീയ പാതയ്ക്ക് സമീപമുണ്ടായ ദുരന്തത്തിൽ തൊഴിലാളികൾ പാർക്കുന്ന താൽക്കാലിക ഷെൽട്ടറുകൾ ഒഴുകിപ്പോകുകയായിരുന്നു. ഗതാഗതതടസവുമുണ്ടായി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേദാർനാഥ് താഴ്‌വരയിൽ മേഘവിസ്ഫോടനത്തിന്റെ ഫലമായി മിന്നൽപ്രളയവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും വൻ നാശമുണ്ടാകുകയും ചെയ്തു. 2013ലെ ദുരന്തത്തിന് സമാനമായിരുന്നു സാഹചര്യങ്ങളെന്നാണ് വിലയിരുത്തൽ. ആ വര്‍ഷം ഓഗസ്റ്റിൽ ഗൻസാലി പ്രദേശത്ത് ദുരന്തമുണ്ടായി. രണ്ട് പേർ മരിക്കുകയും വൻനാശം സംഭവിക്കുകയും ചെയ്തു. 2022 സെപ്റ്റംബറിലാണ് അതിനുമുമ്പ് മേഘ വിസ്ഫോടനവും പ്രളയവുമുണ്ടായത്. നേപ്പാൾ അതിർത്തിക്കടുത്തുള്ള ഖോട്ടില ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനമാണ് കാളി നദിയുടെ ഇന്ത്യൻ ഭാഗത്ത് വെള്ളപ്പൊക്കത്തിന് കാരണമായത്. അതേവർഷം ഓഗസ്റ്റിൽ ഡെറാഡൂൺ, തെഹ്‌രി, പൗരി മേഖലകളിലും ദുരന്തമുണ്ടായി. പാലങ്ങളും റോഡുകളും തകർന്ന് യാത്ര തടസപ്പെടുകയും വസ്തുനാശമുണ്ടാകുകയും ചെയ്തു. 

2013ലുണ്ടായ കേ ദാർനാഥ് വെള്ളപ്പൊക്ക ദുരന്തത്തെത്തുടർന്ന് നടന്ന പഠനത്തിൽ കനത്ത മഴ യ്ക്ക് കാരണം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെയും സൂക്ഷ്മ കണികകളുടെയും വർധനയാ ണെന്നാണ് കണ്ടെത്തിയത്. ആഗോള താപനില വർധിച്ചതിനാലാണ് ഈ പ്രവണതയുണ്ടായതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ലോകം വളരെ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന വിഷയമാണിത്. ആഗോള താപനില വർധിച്ചതും പരിസ്ഥിതിക്കനുയോജ്യമായ വികസന പദ്ധതികളുടെ അഭാവത്താലുമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതെന്ന് 1979 മുതൽ 2013 വരെയുള്ള ദുരന്തങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലുണ്ട്. നിരവധി തീർത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള സംസ്ഥാനമെന്ന നിലയിൽ ദുരന്തങ്ങൾ പലപ്പോഴും ഇവിടെയെത്തുന്നവരെയും ബാധിക്കുന്നു. എന്നാൽ അതിനനുസൃതമായ മുൻകരുതലുകളോ ദുരന്തനിവാരണ പ്രവർത്തനങ്ങളോ ഉണ്ടാകുന്നില്ലെന്നാണ് ഓരോ ദുരന്തവുമുണ്ടാകുമ്പോൾ സംഭവിക്കുന്ന നാശങ്ങൾ ബോധ്യപ്പെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉടൻ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളില്ലെങ്കിലും മുന്നൊരുക്കങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും നാശത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിന് സാധിക്കും. ഉത്തരാഖണ്ഡിൽത്തന്നെ കഴിഞ്ഞ വർഷങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വിള്ളലുകളുണ്ടാകുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ആ ഘട്ടത്തിൽ നിർമ്മാണരംഗത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നുവെങ്കിലും അതൊന്നും പാലിക്കുന്ന സ്ഥിതിയുണ്ടായില്ല. അതുകൊണ്ട് ഉടൻ കൈക്കൊള്ളേണ്ടതും ദീർഘകാലത്തേക്കുള്ളതുമായ പദ്ധതികൾ ആവിഷ്കരിക്കുകയെന്നത് സംസ്ഥാന — കേന്ദ്ര സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.