18 December 2024, Wednesday
KSFE Galaxy Chits Banner 2

വീണ്ടെടുക്കേണ്ടത് തെരഞ്ഞെടുപ്പിലെ വിശ്വാസ്യത

Janayugom Webdesk
December 31, 2022 5:00 am

രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ വിദൂരനിയന്ത്രിത ഇലക്ട്രോണിക് വോട്ടിങ് യന്ത്രം(ആര്‍വിഎം) ഉപയോഗിക്കാനൊരുങ്ങുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. അന്യ സംസ്ഥാനങ്ങളിൽ തൊഴില്‍തേടി കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സാധിക്കുമെന്നതാണ് റിമോട്ട് ഇവിഎമ്മിന്റെ പ്രത്യേകതയായി കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ 67.4 ശതമാനം വോട്ടാണ് രേഖപ്പെടുത്തപ്പെട്ടതെന്നും സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്ന 30 കോടിയില്‍ ഭൂരിപക്ഷവും കുടിയേറ്റ ജനതയാണെന്നുമാണ് കമ്മിഷന്‍ പറയുന്നത്. പരിഷ്കരിച്ച യന്ത്രത്തില്‍ 72ലധികം നിയോജക മണ്ഡലങ്ങളിലേക്ക് അകലെയുള്ള പോളിങ്സ്റ്റേഷനിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ സാധിക്കും. ജനുവരി 16ന് റിമോട്ട് ഇവിഎമ്മിന്റെ പ്രൊട്ടോടൈപ്പ് പ്രദർശിപ്പിക്കാനും രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചാൽ പദ്ധതി നടപ്പിലാക്കാനുമാണ് കമ്മിഷന്റെ നീക്കം. രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറയുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ശരാശരി 60 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്. അത് ഇല്ലാതാക്കാന്‍ വോട്ടിങ് യന്ത്രത്തിന് സാധിക്കുമെന്ന വിലയിരുത്തല്‍ പക്ഷേ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണെന്ന് തോന്നുന്നില്ല. മാത്രമല്ല, നിലവിലെ വോട്ടിങ് യന്ത്രങ്ങളെ കുറിച്ചു തന്നെ പരാതികള്‍ തുടരുകയാണ്. യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും പേപ്പര്‍ ബാലറ്റ് തിരിച്ചുകൊണ്ടു വരണമെന്നുമുള്ള ആവശ്യം ശക്തമായി നിലനില്‍ക്കുന്നു. അതിനിടയിലാണ് കമ്മിഷന്റെ പുതിയ’തന്ത്രം’.

 

 


ഇതുകൂടി വായിക്കു; റിമോട്ട് വോട്ടിങ് മെഷീനുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍


 

കുടിയേറ്റ വോട്ടർമാർക്ക് വിദൂര വോട്ടിങ് സാധ്യമാക്കുന്നതിന്, നിയമപരവും ഭരണപരവും സാങ്കേതികവുമായ നിരവധി ഇടപെടലുകളും ആവശ്യമാണ്. ആഭ്യന്തര കുടിയേറ്റക്കാര്‍ ആരൊക്കെയാണ് എന്ന് നിർവചിക്കുക എളുപ്പമല്ല. ഒരു ആഭ്യന്തര കുടിയേറ്റക്കാരന്‍ എല്ലാ കാലത്തും നിശ്ചിത സ്ഥലത്ത് ഉണ്ടാകണമെന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും രാജ്യത്താകമാനമുള്ള ആഭ്യന്തരപ്രവാസികളെ കണ്ടെത്തുകയും ആവശ്യമായി വരുന്നിടത്തെല്ലാം റിമോട്ട് വോട്ടിങ് സൗകര്യം ഒരുക്കുകയും വേണം. എല്ലാ കുടിയേറ്റക്കാർക്കും വിദൂരവോട്ടിങ്ങിന് അർഹതയുണ്ടാകുമോ എന്ന് വ്യക്തമാക്കപ്പെടണം. അതിന്റെ മാനദണ്ഡം നിര്‍വചിക്കണം. തെരഞ്ഞെടുപ്പ് നടക്കുന്നതിന് പുറത്തുള്ള പ്രദേശത്ത് വിദൂര വോട്ടിങ് ബൂത്ത് തയ്യാറാക്കുമ്പോള്‍ മാതൃകാ പെരുമാറ്റച്ചട്ടം എങ്ങനെ നടപ്പാക്കുമെന്നതും വെല്ലുവിളിയാണ്. വോട്ടര്‍മാരെ എങ്ങനെ കണ്ടെത്തും, ആൾമാറാട്ടം ഒഴിവാക്കുന്നതെങ്ങനെ, പോളിങ് ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സൗകര്യം ഏതുവിധം എന്നതൊന്നും കമ്മിഷന്‍ വെളിപ്പെടുത്തിയിട്ടില്ല. 16 ന് ചേരുന്ന യോഗത്തില്‍ രണ്ട് സാങ്കേതിക വിദഗ്ധരെ പങ്കെടുപ്പിക്കുമെന്നു മാത്രമാണ് ഇതേക്കുറിച്ച് കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ വി​ദൂ​ര വോ​ട്ടു​യ​ന്ത്രം കൊ​ണ്ടു​വ​രു​ന്നതിനുമുമ്പ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​പ്പിന്റെ വി​ശ്വാ​സ്യ​തയാണ് വീ​ണ്ടെ​ടു​ക്കേണ്ടത്. നിലവിലെ വോ​ട്ടിങ് ​യ​ന്ത്രങ്ങളുടെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചുള്ള ആ​ശ​ങ്ക പോലും ശ​രി​യാ​യ രീ​തി​യി​ൽ കമ്മിഷന്‍ ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല. യന്ത്രങ്ങള്‍ കുറ്റമറ്റതാണ് എന്ന സ്ഥിരംപല്ലവി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു പാര്‍ട്ടിക്ക് മാത്രമായി വോട്ടുകള്‍ ലഭ്യമാകുന്നതരത്തില്‍ വോട്ടിങ് യന്ത്രത്തില്‍ എങ്ങനെ തിരിമറി സാധ്യമാകുമെന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് സോദാഹരണ വിശദീകരണം നടത്തിയത് മാധ്യമങ്ങള്‍ നേരിട്ട് റിപ്പോ­ര്‍ട്ട് ചെയ്തതാണ്. പൂര്‍ണമായി സജ്ജീകരിച്ച യന്ത്രങ്ങളില്‍ തിരിമറി സാധ്യമല്ലെന്ന പ്രസ്താവനയിറക്കുകയല്ലാതെ യന്ത്രങ്ങള്‍ പൊതു പരീക്ഷണത്തിന് വിടാന്‍ അന്നും കമ്മിഷന്‍ തയ്യാറായിരുന്നില്ല.

 


ഇതുകൂടി വായിക്കു; വെറുംവാക്കുകള്‍ കൊണ്ട് അന്നം മുട്ടിക്കരുത്


 

മോഡി സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പു കമ്മി​ഷ​നു​മേ​ൽ ചെ​ലു​ത്തു​ന്ന സ​മ്മ​ർദ്ദവും അവര്‍ക്കനുകൂലമായുള്ള കമ്മിഷന്‍ ഇടപെടലുകളും സ​മീ​പകാലങ്ങ​ളി​ൽ പ്രകടമാണ്. ഗുജറാത്തില്‍​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ പ്ര​ചാ​ര​ണ​ത്തി​ന്​ കൂ​ടു​ത​ൽ സ​മ​യം ന​ൽ​കാ​ൻ പാ​ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ തീ​യ​തി പ്ര​ഖ്യാ​പ​നം വൈ​കി​പ്പി​ച്ച​ത്​ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണം. വോ​ട്ടെ​ടു​പ്പ്​ ദി​വ​സം ഗു​ജ​റാ​ത്തി​ൽ മോഡി​യെ റോ​ഡ്​ ഷോ നടത്താന്‍ അ​നു​വ​ദി​ച്ചതും ആഭ്യന്തര മന്ത്രി അമിത്ഷായുടെ 2002 കലാപത്തെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനയ്ക്ക് ക്ലീന്‍ചിറ്റ് നല്കിയതും രാജ്യം കണ്ടതാണ്. പാേളിങ്ങിന്റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലാ​ണ്​ 10–12 ശ​ത​മാ​നം പേര്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന ക​ണ​ക്കു​ക​ളും ഗു​ജ​റാ​ത്തി​ൽ​നി​ന്ന്​ വ​ന്നു. ഒരു മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരുടെ ഇരട്ടി വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്ന വിചിത്രവാര്‍ത്തയും പുറത്തുവന്നു. വോ​ട്ടു​ചെ​യ്യു​ന്ന​യാ​ൾ​ക്ക്​ ര​സീ​ത്​ ന​ൽ​കു​ന്ന രീതിയില്‍ വി​വി​പാ​റ്റ്​ ബൂ​ത്തു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച്​ വോ​ട്ടെ​ടു​പ്പിന്റെ വി​ശ്വാ​സ്യ​ത കൂ​ട്ട​ണം എ​ന്ന പ്രതിപക്ഷ നിര്‍ദേശം ചെവിക്കൊള്ളാന്‍ ഇതുവരെ കമ്മിഷന്‍ തയ്യാറായിട്ടില്ല. അതിനിടയിലാണ് പുതിയ വിദൂരയന്ത്രവുമായി രംഗപ്രവേശം. ശരിയായ ജനാധിപത്യ ബോധ്യത്തോടെ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കണമെങ്കില്‍ അവര്‍ക്ക് ഈ പ്രക്രിയയില്‍ വിശ്വാസമുണ്ടാക്കാനുള്ള നടപടികളാണ് വേണ്ടത്. ഒപ്പം ജനാധിപത്യത്തിലെ പൗരന്റെ കടമയെക്കുറിച്ചുള്ള അവബോധവും ഉണ്ടാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.