19 November 2024, Tuesday
KSFE Galaxy Chits Banner 2

എലിയെപ്പേടിച്ച് ഇല്ലം ചുടരുത്

Janayugom Webdesk
September 26, 2023 5:00 am

തൃശൂര്‍ ജില്ലയിലെ കരുവന്നൂർ എന്ന സ്ഥലപ്പേര് കുറച്ചുകാലമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തികത്തിരിമറി കേസാണ് ദേശീയതലത്തില്‍ വരെ ചര്‍ച്ചയാകാന്‍ കാരണമായത്. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തൃശൂരിലെയും കൊച്ചിയിലെയും വിവിധ സ്ഥലങ്ങളിൽ പരിശോധന തുടങ്ങിയിട്ട് കുറച്ചുനാളായി. ഈ ബാങ്കുമായി ബന്ധപ്പെട്ടയിടങ്ങളില്‍ മാത്രമല്ല, മറ്റു പല സഹകരണ സംഘങ്ങളിലും അവയുടെ ഭാരവാഹികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തുകയും മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയായി ആഘോഷിക്കുകയും ചെയ്യുകയാണ്. കരുവന്നൂർ സഹകരണ ബാങ്കിലേത് 500 കോടിയുടെ ക്രമക്കേടാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അയ്യന്തോള്‍ സഹകരണബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെല്ലാം ഇഡി കയറിയിറങ്ങുകയാണ്. കേസുമായി ബന്ധപ്പെട്ട് കെെക്കൂലി ആരോപണങ്ങളും ഉയര്‍ന്നതിനാല്‍ മറ്റൊരു കേന്ദ്ര ഏജന്‍സിയായ സിബിഐ കൂടി അന്വേഷണത്തില്‍ പങ്കുചേരുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇഡിയുടെ അന്വേഷണപരിധിയില്‍ വരാത്ത മേഖലയാണ് കൈക്കൂലി എന്നതാണ് സിബിഐയിലേക്ക് എത്തുന്നതിന് നിദാനം. ഇത് കേവലമൊരു സാമ്പത്തിക അഴിമതി അന്വേഷണമാണെന്ന് തോന്നിപ്പിക്കുകയും സഹകരണ ബാങ്കുകളെല്ലാം കള്ളപ്പണത്തിന്റെയും തട്ടിപ്പിന്റെയും കേന്ദ്രങ്ങളാണെന്ന ഭീതിയുണ്ടാക്കുകയും ചെയ്യുകയാണ് കോര്‍പറേറ്റ് മാധ്യമങ്ങളും ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇതൊരു രാഷ്ട്രീയ പകവീട്ടലിന്റെ ഭാഗമാണ്.

 


ഇതുകൂടി വായിക്കൂ;നേട്ടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നവര്‍


സഹകരണ ബാങ്കുകളുടെ അധികാരം സംസ്ഥാനങ്ങളിൽനിന്ന് കവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അജണ്ടയ്ക്ക് തടയിടുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര നീക്കം തടയാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഫെഡറല്‍ അധികാരങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ അട്ടിമറികളെല്ലാം ചെറുക്കുന്നതിന്റെ പ്രതികാരം തീർക്കാനാണ് പതിവുപോലെ ഇവിടെയും ഇഡിയെ ഉപയോഗിക്കുന്നത്. 2021 ജൂലൈ 20ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട വിധിയിൽ സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതാണ്. ഈ തിരിച്ചടി മറികടക്കാൻ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘ നിയമഭേദഗതി കേന്ദ്രം കൊണ്ടുവന്നു. ഇത്തരം സംഘങ്ങൾക്കും കേരളത്തിൽ ചലനമുണ്ടാക്കാന്‍ കഴിയാഞ്ഞതോടെ നിലവിലെ സംഘങ്ങളെ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന കുത്സിത നീക്കമാണ് കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നത്. മൂന്ന് മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിൽ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്ന് കേന്ദ്രം നിഷ്കർഷിച്ചു. ഇതിലൂടെ സംസ്ഥാനത്തെ സംഘങ്ങൾ കേന്ദ്ര നിയന്ത്രണത്തിലാക്കാം. ദേശീയതലത്തിൽ ഏകീകൃത സോഫ്റ്റ്‌വേർ കൊണ്ടുവന്ന് പ്രാദേശിക സംഘങ്ങളുടെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ ഡാറ്റായും, വ്യക്തി വിവരങ്ങളടക്കം കേന്ദ്ര സർവറിലേക്ക് മാറ്റാനും ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തി സഹകരണ സംഘങ്ങള്‍ക്കുമേൽ നേരിട്ട് നിയന്ത്രണങ്ങളും നിർദേശങ്ങളും നൽകുന്നതിനുമാണ് കേന്ദ്ര നീക്കം. സംസ്ഥാനത്തെ ബാങ്കിങ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത് സഹകരണ ബാങ്കുകളാണ്.


ഇതുകൂടി വായിക്കൂ; വിധ്വംസക മാധ്യമ സംസ്കാരം ജനാധിപത്യ വിരുദ്ധം


 

ഏതാണ്ട് 2.5 ലക്ഷം കോടിയുടെ നിക്ഷേപവും 1.86 ലക്ഷം കോടി വായ്പയും ഈ മേഖലയിലുണ്ട്. സഹകരണമേഖലയില്‍ തകര്‍ച്ചയുണ്ടായാൽ അത് കേരളത്തിന്റെയാകെ പുരോഗതിയെ പിന്നോട്ടടിക്കും. ഇത് മുന്നില്‍ ക്കണ്ടാണ് മേഖലയെ തകർക്കാനുള്ള കേന്ദ്രശ്രമമെന്ന് തിരിച്ചറിയേണ്ടതുണ്ട്.  ഒരു സഹകരണസംഘം രജിസ്റ്റർ ചെയ്യുന്നതു മുതൽ സമാപ്തീകരണം വരെയുള്ള കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന ഒന്നാണ് കേരള സഹകരണനിയമം. വനിതാ സംവരണം, ഗഹാൻ, ഭിന്നശേഷി സംവരണം, സഹകരണ വിജിലൻസ്, സഹകരണ റിസ്ക് ഫണ്ട്, ആർബിട്രേഷൻ കോടതി, സഹകരണ ലൈബ്രറി, സഹകരണ ഓംബുഡ്സ്‌മാൻ, നിക്ഷേപ ഗ്യാരണ്ടി ഇവയൊന്നും മറ്റാെരു സംസ്ഥാന സഹകരണ നിയമത്തിലുമില്ല. സഹകരണ മേഖല കുറ്റമറ്റതാക്കാനും സമഗ്ര വളർച്ച ലക്ഷ്യമിട്ടു കൊണ്ടും ഇക്കഴിഞ്ഞയാഴ്ച സമഗ്ര ഭേദഗതിയും നിയമത്തില്‍ വരുത്തിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലോ വിരലിലെണ്ണാവുന്ന മറ്റേതെങ്കിലും സഹകരണ സംഘങ്ങളിലോ ക്രമക്കേട് നടന്നിട്ടുണ്ടാകാം. അത്തരം സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണവും കര്‍ശനമായ നടപടിയും ആവശ്യവുമാണ്. എന്നാല്‍ ഒറ്റപ്പെട്ട അനഭിലഷണീയ പ്രവർത്തനങ്ങളുടെ പേരില്‍ കേരളത്തിലെ സഹകരണ മേഖലയാകെ കുഴപ്പത്തിലാണെന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെയാണ്. നിക്ഷേപകരിലും ഇടപാടുകാരിലും ഭീതി വളർത്താനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണം. സഹസ്രകോടികളുടെ സാമ്പത്തിക തട്ടിപ്പ് ചില വാണിജ്യബാങ്കുകളില്‍ നടന്നതുകാെണ്ട് ആ മേഖലയാകെ ഇല്ലാതാക്കണം എന്ന് പ്രചരിപ്പിക്കാറില്ലല്ലോ. പുഴുക്കുത്തുകളുണ്ടെങ്കില്‍ അതിനുള്ള പ്രതിവിധിയുണ്ടായാല്‍ മതി, എലിയെ പേടിച്ച് ഇല്ലത്തിന് തീവയ്ക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.