3 May 2024, Friday

വിധ്വംസക മാധ്യമ സംസ്കാരം ജനാധിപത്യ വിരുദ്ധം

Janayugom Webdesk
September 19, 2023 5:00 am

ങ്ങളുടെ ടെലിവിഷൻ സംപ്രേഷണം വർഗീയതയുടെയും മുസ്ലിം വിരോധത്തിന്റെയും മുഠാളത്തത്തിന്റെയും വേദികളാക്കി മാറ്റുക പതിവാക്കിയ ‘ഗോദി മാധ്യമ’ങ്ങളിലെ 14 അവതാരകരുടെ പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്ന ഇന്ത്യ സഖ്യത്തിന്റെ തീരുമാനം ബിജെപി വൃത്തങ്ങളിൽനിന്നും ‘ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷനി’(എൻബിഡിഎ)ൽനിന്നും രൂക്ഷപ്രതികരണമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ‘ബഹിഷ്കരണ നടപടി’ ജനാധിപത്യവിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരും അടിയന്തരാവസ്ഥക്കാലത്തേക്കുള്ള തിരിച്ചുപോക്കുമായി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത് വസ്തുതകൾക്ക് നിരക്കാത്ത ആരോപണമാണ്. ഇന്ത്യ സഖ്യം ഏതെങ്കിലും വാർത്താചാനലുകളടക്കം മാധ്യമങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുകയും വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും സാമൂഹികമൈത്രി തകർക്കുകയും ചെയ്യുന്ന അവതാരകരുടെ സംരംഭങ്ങളിൽ പങ്കാളികൾ ആവേണ്ടതില്ലെന്ന് മാത്രമാണ് സഖ്യ തീരുമാനം. ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും മാധ്യമങ്ങൾ പക്ഷപാതപരമായാണ് പ്രവർത്തിച്ചുപോരുന്നത്. നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നത് ‘ആകാശ കുസുമം’ പോലെ യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത കേവലാശയമാണ്. എന്നാൽ സമൂഹത്തെയാകെ ഭിന്നിപ്പിക്കുന്നതും വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്നതും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നതുമായ മാധ്യമ ഇടപെടലുകൾ ജനാധിപത്യത്തിനും വൈവിധ്യങ്ങളെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്ന മാനവിക മൂല്യങ്ങൾക്കും സമൂഹത്തിന്റെ സമാധാനപൂർണമായ നിലനില്പിനും ഭീഷണിയാണ്. നരേന്ദ്രമോഡിയുടെ ഏകാധിപത്യ പ്രവണതയോടും ഫാസിസ്റ്റ് ആശയങ്ങളോടും സമ്പൂർണ വിധേയത്വം പുലർത്തുന്ന ഗോദി മാധ്യമങ്ങൾ പിന്തുടരുന്ന വിധ്വംസക മാധ്യമ സംസ്കാരത്തിൽ പങ്കാളികളാവാൻ ഒരു ജനാധിപത്യ ശക്തിക്കും സാധ്യമല്ല എന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  രാഷ്ട്രീയ ഭീതിയും സ്തുതിയും പടരുന്ന ഇന്ത്യ


രാജ്യത്തെ രാഷ്ട്രീയപാർട്ടികൾ ചില ടെലിവിഷൻ ചാനലുകളിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നത് ഇത് ആദ്യമല്ല. മോഡിയുടെ ചങ്ങാതി ഗൗതം അഡാനി കുതന്ത്രങ്ങളിലൂടെ എൻഡിടിവി ഏറ്റെടുക്കുംമുമ്പ് രാഷ്ട്രഭരണം കയ്യാളുന്ന ബിജെപിതന്നെ തങ്ങളുടെ പ്രതിനിധികൾ ആ ചാനലിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് വിലക്കിയിരുന്നത് അവരും എൻബിഡിഎയും സൗകര്യപൂർവം മറച്ചുവയ്ക്കുന്നു. ഇപ്പോൾ ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന എൻബിഡിഎ അന്ന് ആ ‘ബഹിഷ്കരണ’ത്തിനെതിരെ കമാന്ന് ഒരക്ഷരം പറയാൻ മുതിർന്നില്ലെന്നത് ആ സംഘടനയുടെ ഇരട്ടത്താപ്പും കാപട്യവുമാണ് തുറന്നുകാട്ടുന്നത്. ബിജെപിയുടെ തമിഴ്‌നാട് ഘടകം സംസ്ഥാനത്തെ മുഴുവൻ തമിഴ് ചാനലുകളും ബഹിഷ്കരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഔപചാരികമായി, തന്റേടത്തോടെ പ്രഖ്യാപനമൊന്നും നടത്താതെ ബിജെപി നടത്തുന്ന ബഹിഷ്കരണത്തെപ്പറ്റിയുള്ള എൻബിഡിഎയുടെ മൗനം ആ സംഘടനയുടെ ഇപ്പോഴത്തെ നിലപാടിന്റെ മുനയൊടിക്കുന്നു. കിഴക്കൻ ഡൽഹിയിൽ കൂട്ടക്കൊലകളും സർവനാശവും വിതച്ച വർഗീയകലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ രണ്ടു പ്രമുഖ മലയാളം ചാനലുകളെ വേട്ടയാടുകയും അവയുടെ സംപ്രേഷണം താൽക്കാലികമായെങ്കിലും തടയുകയും ചെയ്തപ്പോഴും അവർ ഒട്ടകപ്പക്ഷികളെപ്പോലെ തങ്ങളുടെ തല മണലിൽ പൂഴ്ത്തുന്നതാണ് രാജ്യത്തിന് കാണാനായത്. രാജ്യത്ത് മതവിദ്വേഷം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർക്കശനിലപാട് സ്വീകരിച്ചതിന്റെയും അവയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന്റെയും ചരിത്രത്തിന് ഇന്ത്യയുടെ കോളനിവിരുദ്ധ സ്വാതന്ത്ര്യസമരത്തോളം പഴക്കമുണ്ട്. അന്നുണ്ടായിരുന്നതിന്റെ പതിന്മടങ്ങു് വിധ്വംസക സ്വഭാവമാണ് മോഡിയുടെ കാലത്തെ ഗോദി മാധ്യമങ്ങളുടേതെന്ന് വിസ്മരിച്ചുകൂടാ.


ഇതുകൂടി വായിക്കൂ: അല്പന് ഐശ്വര്യം കിട്ടിയാല്‍


സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ മതവിദ്വേഷത്തിന്റെ വിഷം വമിപ്പിച്ചിരുന്ന പത്രങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്യുന്ന പ്രമേയം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഗുവാഹട്ടി സമ്മേളനത്തിൽ 1926 ഡിസംബർ 26ന് അവതരിപ്പിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആയിരുന്നു. മഹാനായ ദേശാഭിമാനി സ്വാമി ശ്രദ്ധാനന്ദയെ അബ്ദുൽ റഷീദ് എന്നയാൾ വധിച്ച ഹീനസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മതവിദ്വേഷം പ്രചരിപ്പിക്കുന്ന പത്രങ്ങൾ ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തത്. കോളനിവാഴ്ചയിൽനിന്നും രാജ്യത്തെ വിമോചിപ്പിക്കാൻ ജനങ്ങൾ ജാതി, മത, വർഗവ്യതാസങ്ങൾക്ക് അതീതമായി അണിനിരക്കുമ്പോഴും അവർക്കിടയിലെ ഐക്യം തകർക്കാൻ യാഥാസ്ഥിതിക ശക്തികൾ വ്യാപകമായി പത്രങ്ങളെ ദുരുപയോഗം ചെയ്തിരുന്നു. അതിൽ ബ്രിട്ടീഷ് കോളനി മേധാവികളുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുടിലതന്ത്രമാണ് പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന്റെ മുക്കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും അതേ കുതന്ത്രം ഉപയോഗിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ബിജെപിയും നരേന്ദ്രമോഡിയും ശ്രമിക്കുന്നത്. അതിനുള്ള അവരുടെ കയ്യിലെ മുഖ്യ ആയുധമാണ് ഗോദി മാധ്യമക്കൂട്ടം. അതിന് മാധ്യമസ്വാതന്ത്ര്യത്തിന്റെയും ധാർമ്മികതയുടെയും പരിവേഷം നൽകാൻ നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ആ കുടിലതന്ത്രങ്ങൾക്ക് കൂട്ടുനിൽക്കാൻ വിസമ്മതിക്കുക മാത്രമാണ് ഇന്ത്യ സഖ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.