27 February 2026, Friday

പശു സംരക്ഷകരും പോത്തിറച്ചി മാഹാത്മ്യവും

Janayugom Webdesk
February 27, 2026 5:00 am

ഴിഞ്ഞ ദിവസങ്ങളില്‍, കേരളത്തെ അവഹേളിക്കുന്ന ഒരു പ്രൊപ്പഗാണ്ട സിനിമ ‘കേരള സ്റ്റോറി 2’ വിവാദമായത് അതിന്റെ ടീസറിലെ ‘ബീഫിന്റെ’ പേരിലാണ്. ഒരു ഹിന്ദു പെണ്‍കുട്ടിയുടെ വായിലേക്ക് നിര്‍ബന്ധപൂര്‍വം ബീഫ് തിരുകിക്കൊടുക്കുന്ന മുസ്ലിം കഥാപാത്രങ്ങളിലൂടെയാണ് ഹിന്ദുത്വ പ്രചാരകര്‍ വിദ്വേഷം ഇളക്കിവിടാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏതാനും ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. അതിലൊന്നിന്റെ പേരായിരുന്നു കേന്ദ്ര ഭരണാധികാരികള്‍ക്ക് അനിഷ്ടമുണ്ടാക്കിയത്. സ്പെയിനിലെ യുവസംവിധായികയും തിരക്കഥാകൃത്തുമായ ഇൻഗ്രിദ് സാൻതോസ് സംവിധാനം ചെയ്ത ‘ബീഫ്’ ആയിരുന്നു വിലക്കപ്പെട്ടത്. അതിന്റെ ഉള്ളടക്കത്തിന് ഗോമാംസവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് രസകരം. പരിഹരിക്കപ്പെടാത്ത പിരിമുറുക്കം, ഈഗോയുടെ സംഘര്‍ഷം, പക, വിയോജിപ്പ്, തർക്കം, പോര്, വിദ്വേഷം, വെറുപ്പ്, മാത്സര്യം എന്നൊക്കെ അര്‍ത്ഥത്തിലാണ് (Hav­ing beef) ‘ബീഫ്‘എന്ന് സിനിമയ്ക്ക് പേരിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ മലയാള സിനിമയിലുമുണ്ടായി ‘ബീഫ് നിരോധനം.’ യുവതാരം ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’ എന്ന ചിത്രത്തിനാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. ബീഫ് ബിരിയാണി കഴിക്കുന്നതുൾപ്പെടെ 15 രംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. 2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തുണ്ടായ സാമൂഹിക ഭിന്നതയുടെ പ്രഥമ സ്രോതസ് ഹിന്ദുത്വവും അതിന്റെ പേരിലുള്ള ഗോ സംരക്ഷണവുമാണ്. പശുസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വ്യാപകമായതും ആഗോള ശ്രദ്ധയില്‍ വന്ന കാര്യങ്ങളാണ്. 

ഇതിത്രയും ഓര്‍മ്മിപ്പിക്കാന്‍ കാരണം കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വാര്‍ത്തയാണ്. രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാന സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ബിജെപിക്ക് 30 കോടി രൂപ സംഭാവന നൽകി എന്നതാണ് വാര്‍ത്ത. ഗോമാംസത്തിന് വിലക്കേര്‍പ്പെടുത്തുന്നവര്‍ പിന്‍വാതിലിലൂടെ ഗോമാംസ വില്പനക്കാരില്‍ നിന്ന് പണം കെെപ്പറ്റുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ വാര്‍ത്തയാണിത്. നരേന്ദ്ര മോഡി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സംതൃപ്തരായാണ് സംഭാവന നൽകിയതെന്നും മോഡി സർക്കാരിന്റെ കീഴിൽ സുസ്ഥിര വളർച്ചക്കായി വികസിത ഭാരതത്തിന്റെ കൂടുതൽ മുന്നേറ്റത്തിനാണ് സംഭാവന എന്നുമാണ് അല്ലാന ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൗസാൻ അലവി ഇതു സംബന്ധിച്ച് വിശദീകരിച്ചത്. അല്ലാന ഗ്രൂപ്പിന്റെ പ്രധാന മാംസ സംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്ന ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലാണ് മാംസ വിതരണത്തിൽ ഇടക്കാലത്ത് പ്രതിസന്ധികളുണ്ടായത്. ഈ സംസ്ഥാനങ്ങളിലാണ് ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വവാദികൾ ഇറച്ചി വ്യാപാരികൾക്ക് നേരെ വ്യാപകമായി ആക്രമണം നടത്തിയത്. ആക്രമണത്തിനിരകളായത് പ്രധാനമായും മുസ്ലിങ്ങളാണ്. 2019 ജനുവരിയിൽ അല്ലാന ഗ്രൂപ്പിന്റെ 100ഓളം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡും നടത്തി. ഗ്രൂപ്പ് 2,000 കോടിയുടെ നികുതി വെട്ടിച്ചുവെന്നായിരുന്നു വകുപ്പിന്റ ആരോപണം. ഇതിന് പിന്നാലെ അല്ലാന ഗ്രൂപ്പ് ഏഴ് കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണിപ്പോള്‍ പുറത്തുവന്നത്. ഇക്കാലയളവിൽ മറ്റൊരു ഹിന്ദുത്വ സംഘടനയായ ശിവസേനയ്ക്ക് അഞ്ച് കോടി ഇവര്‍ നല്‍കിയിട്ടുണ്ട്.

2025ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി 400 കോടി ഡോളർ എന്ന റെക്കോഡ് നിലവാരത്തിലെത്തിയിരുന്നു. 2018ന് ശേഷം ആദ്യമായാണ് ഈ നേട്ടം കൈവരുന്നത്. ആഗോളതലത്തില്‍ ബീഫ് കയറ്റുമതിയിൽ ബ്രസീൽ കഴിഞ്ഞാൽ അടുത്ത സ്ഥാനം ഇന്ത്യക്കാണ്. ചൈനീസ് വിപണിയിലുണ്ടായ തടസം മറികടക്കാൻ ഈജിപ്‌തിലേക്കും മലേഷ്യയിലേക്കും വിപണി വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ നയപരമായ പിന്തുണയാണ് കയറ്റുമതിക്കാർക്ക് തുണയായത്. മുസ്ലിം രാജ്യങ്ങളിലെ വിപണി ലക്ഷ്യംവച്ച് 2024ൽ നടപ്പാക്കിയ ‘ഹലാൽ സർട്ടിഫിക്കേഷൻ’ മാർഗനിർദേശങ്ങളും നിർണായകമായി. എഴുപതിലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ പോത്തിറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. സൗദി അറേബ്യ, റഷ്യ, യുഎഇ, അൾജീരിയ, ഇറാഖ്, ഈജിപ്ത്, മലേഷ്യ, വിയറ്റ്നാം, കിഴക്കനേഷ്യൻ രാജ്യങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയാണ് മുഖ്യവിപണികൾ. അതായത് സംഘ്പരിവാർ ആഭ്യന്തരമായി പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായാണ് രാജ്യത്തിന്റെ ബീഫ് കയറ്റുമതിയെന്ന് വ്യക്തം. ഗോവധ നിരോധനം, കന്നുകാലി കടത്തൽ എന്നിവ നിരോധിച്ച ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി നടക്കുന്നത് എന്നതിലും വെെരുധ്യമുണ്ട്. മാംസം സൂക്ഷിച്ചുവെന്ന പേരിൽ ഒരുഭാഗത്ത് കലാപങ്ങളും കൊലപാതകങ്ങളും അഴിച്ചുവിടുമ്പോള്‍, അതേ മാംസ കയറ്റുമതിയിൽ രാജ്യം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്നത് മോഡിഭരണകൂടത്തിന്റെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.