12 December 2025, Friday

സ്വാതന്ത്ര്യം ഭയക്കുന്നവരുടെ വിഭ്രാന്തിദിനം

Janayugom Webdesk
August 13, 2025 5:00 am

സ്വാതന്ത്ര്യദിന തലേന്ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സർവകലാശാല വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. ഓഗസ്റ്റ് 15ന് രാജ്യത്തെ 140 കോടിയിലധികം വരുന്ന പൗരന്മാർ സ്വാതന്ത്ര്യദിനമാഘോഷിക്കുന്നതിന്റെ തലേന്ന് പ്രസ്തുത ദിനാചരണം നടത്തണമെന്നാണ് ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഗവർണറുടെ സർക്കുലർ. രാജ്യം സ്വാതന്ത്ര്യം നേടിയത് നൂറുകണക്കിന് ദേശാഭിമാനികളുടെ ജീവത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായിട്ടാണ്. നൂറ്റാണ്ട് നീണ്ടതായിരുന്നു ആ പോരാട്ടം. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മഹാഗാഥകൾ രചിച്ച് ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ അണിനിരന്നതുകൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം കരഗതമായത്. അതിന് കൂട്ടക്കുരുതികളും വ്യക്തിഗത രക്തസാക്ഷിത്വങ്ങളും ചോരപ്പുഴകളും നിറഞ്ഞ ഭൂതകാല ചരിത്രമുണ്ട്. സ്വാതന്ത്ര്യമെന്ന സ്വപ്നത്തിനായി രാജ്യത്തെ നയിച്ച പൂർവമഹാരഥന്മാരുടെ, എല്ലാം ത്യജിച്ച ജീവിതത്തിന്റെ നിഴൽപ്പാടുകളുമുണ്ട്. മൂവർണക്കൊടിയുയർത്തിയുള്ള ആഘോഷങ്ങളോ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയിൽ ത്രിവർണ പതാക വലിച്ചുയർത്തലോ മാത്രമല്ല രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം അർത്ഥമാക്കുന്നത്. പേരറിയുന്നവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യസമര പോരാളികളുടെ ജീവിതത്തെ വീണ്ടുംവീണ്ടും വായിക്കുന്നതിനുള്ള അവസരമാണ് ഓരോ സ്വാതന്ത്ര്യദിനവും പുതിയ തലമുറയ്ക്ക് നൽകുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ അണിനിരന്ന സമരപോരാട്ടം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയപ്പോൾ ബ്രിട്ടീഷ് മേലാളന്മാരുടെ കാൽക്കീഴിൽ അടിയറവ് പറയുകയും വിനീതവിധേയരായി വാഴ്ത്തുപാട്ടുകൾ പാടുകയും ചെയ്തവരായിരുന്നു അർലേക്കറുടെ മുൻഗാമികളെന്നത് ചരിത്ര വസ്തുതയാണ്. 

ആ പാപക്കറകൾ മായ്ക്കാൻ ഒരു രാസലായനിക്കും സാധ്യവുമല്ല. അങ്ങനെയുള്ള വസ്തുതാപരമായ ചരിത്രങ്ങൾ പഠിക്കുന്ന പുതിയ തലമുറയുടെ മനസിൽ തങ്ങളുടെ വിഭജനത്തിന്റെയും വിഭാഗീയതയുടെയും ആശയങ്ങൾ വേരുറയ്ക്കുക പ്രയാസമാണെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് സ്വാതന്ത്ര്യ സമരത്തെ തിരസ്കരിക്കാനും പിന്തിരിപ്പൻ ചിന്താഗതികൾ ഇളംമനസുകളിൽ നട്ടുപിടിപ്പിക്കുന്നതിനുമുള്ള ഗൂഢ പദ്ധതികൾ ആവിഷ്കരിക്കപ്പെടുന്നത്. ആർഎസ്എസ് ആശയത്തെ അധികാരത്തിന്റെ പ്രത്യയശാസ്ത്രമാക്കുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ആ ശ്രമങ്ങൾ കൂടുതൽ നടക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്താണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര പുരുഷന്മാരെയും ഭരണാധികാരികളെയും പിഴുതുമാറ്റി, അപരിഷ്കൃതാശയങ്ങളുടെ ഉപജ്ഞാതാക്കളായ ആർഎസ്എസ് പൂർവികരെ പ്രതിഷ്ഠിക്കുവാനാണ് ശ്രമം നടക്കുന്നത്. അതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപരീത ചരിത്രം തിരുകിക്കയറ്റുന്നതിനുള്ള ശ്രമങ്ങൾ പല വർഷങ്ങളായി നടന്നുവരികയാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ പോലുള്ള ഉന്നത കേന്ദ്രങ്ങളിൽ പിന്തിരിപ്പൻ രാഷ്ട്രീയ, ചിന്താധാരകൾ വച്ചുപുലർത്തുവരെ പ്രതിഷ്ഠിക്കുകയും അവരിലൂടെ തങ്ങളുടെ അജണ്ട നടപ്പിലാക്കുകയുമാണ് ബിജെപി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. അത്തരം സ്ഥാപനങ്ങൾക്കൊപ്പം ഭരണഘടനാപരമായി ഔന്നത്യമുള്ളതെന്ന് കരുതപ്പെടുന്ന ഗവർണർ പോലുള്ള പദവികളിൽ പാവകളെ നിയമിച്ചുള്ള നീക്കങ്ങളും നടത്തുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ അത് ഉറപ്പിക്കുന്നതിന് ശ്രമിച്ചയാളാണ്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ ആർ എൻ രവിയെ പോലുള്ളവരും ആ ദൗത്യം നിർവഹിക്കാനാണ് പഠിച്ച മുഴുവന്‍ പണിയും പയറ്റുന്നത്. ആരിഫ് മുഹമ്മദ് ഖാന് ശേഷം കേരള ഗവർണറായെത്തിയ അർലേക്കറും അത്യന്തം ഹീനമായ ഉത്തരവുകളും നടപടികളും വഴി ഭരണഘടനയല്ല, നാഗ്പൂരിലെ ആർഎസ്എസ് കാര്യാലയത്തിൽ നിന്നുള്ള തിട്ടൂരങ്ങളാണ് തന്റെയും നടത്തിപ്പുവഴിയെന്ന് തെളിയിക്കുകയാണ്. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറാക്കിയതിനു പിറകേ അനാവശ്യ വിവാദങ്ങളിലൂടെയും ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ദിനാചരണ സർക്കുലർ വഴിയും നാഗ്പൂരിലെ തമ്പ്രാക്കന്മാരുടെ വിഭജന ആശയത്തെയാണ് അർലേക്കർ കൊണ്ടാടാൻ ആഹ്വാനം ചെയ്യുന്നത്. 

സ്വാതന്ത്ര്യ സമരത്തെ തകർക്കുന്നതിന് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം നടപ്പിലാക്കുവാൻ ശ്രമിച്ചവരായിരുന്നു ബ്രിട്ടീഷുകാർ. അതിനൊപ്പം ആർഎസ്എസ് ഉൾപ്പെടെ നിലകൊണ്ടുവെന്നതിന്റെ പരിണതഫലം കൂടിയായിരുന്നു സ്വാതന്ത്ര്യത്തിനൊപ്പമുണ്ടായ ഇന്ത്യാവിഭജനം. ഇന്നിപ്പോൾ ഇന്ത്യയുടെ ഭരണം കയ്യാളുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ആർഎസ്എസ് — ബിജെപി കൂട്ടുകെട്ടും അതേനയം തന്നെയാണ് പിന്തുടരുന്നത്. സമൂഹത്തിന്റെ പൊതുപ്രശ്നങ്ങൾ മറച്ചുപിടിക്കുന്നതിന് മതത്തിന്റെയും ഭാഷയുടെയും അതിർത്തികളുടെയും വൈകാരികതകൾ സൃഷ്ടിച്ച്, ഭിന്നിപ്പിച്ച് നിർത്തുന്നതിനാണ് അവർ ശ്രമിക്കുന്നത്. അതിലൂടെ അധികാരം നിലനിർത്തുകയെന്ന കുറുക്കൻബുദ്ധി തന്നെയാണ് അവർ കൊണ്ടുനടക്കുന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തെക്കാൾ വിഭജനമാണ് അവർക്ക് ആഘോഷിക്കാൻ വക നൽകുന്നത്. അത് അവരുടെ ദുഷിച്ച മനസിന്റെയും രക്തത്തിൽ അലിഞ്ഞുചേർന്ന ക്രൂരതയുടെയും തെളിവ് കൂടിയാണ്. സ്വാതന്ത്ര്യം ഭയക്കുന്നവരുടെ വിഭ്രാന്തി കൂടിയാണ് അർലേക്കറുടെ നിർദേശത്തിലൂടെ വെളിപ്പെടുന്നത്. കേരളം പോലെ സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും വിളനിലമായ സംസ്ഥാനത്ത് ഇത്തരം കുത്സിത ശ്രമങ്ങൾ വിലപ്പോവില്ലെന്ന് തെളിയിക്കാന്‍ നമുക്കാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.