22 December 2024, Sunday
KSFE Galaxy Chits Banner 2

ഭൂപരിഷ്കരണ നിയമം പൂർത്തീകരിക്കാനുള്ള തീരുമാനം

Janayugom Webdesk
October 3, 2024 5:00 am

കേരളത്തിന്റെയെന്നല്ല, ഇന്ത്യാചരിത്രത്തിലെ ഏറ്റവും ഉജ്വലമായ നിയമനിർമ്മാണങ്ങളിൽ ഒന്നായിരുന്നു സമഗ്രമായ ഭൂപരിഷ്കരണം. നിലനിന്നിരുന്ന വിവിധ രീതിയിലുള്ള ഭൂബന്ധങ്ങളെ മാറ്റുക എന്നത് സംസ്ഥാനത്തെ സാമൂഹ്യ ഉച്ചനീചത്വങ്ങളും സാമ്പത്തിക അസമത്വങ്ങളും അവസാനിപ്പിക്കുന്നതിന് അനിവാര്യമായിരുന്നു. ഭൂവുടമകളും നാട്ടുരാജാക്കന്മാരും സാമുദായിക പ്രമാണിമാരും കയ്യടക്കിവച്ചിരുന്ന ഭൂമി കർഷകർ, കർഷകത്തൊഴിലാളികൾ, അധഃസ്ഥിത ജനവിഭാഗങ്ങൾ എന്നിവർക്കായി വിഭജിച്ചു നൽകുന്നതിലൂടെ മാത്രമേ ആ അനിവാര്യത നേടിയെടുക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യം കൈവരിച്ച് ഭാഷാടിസ്ഥാനത്തിലുള്ള ഐക്യകേരളത്തിന്റെ രൂപീകരണംവരെയും കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷക സംഘടനയുൾപ്പെടെ ബഹുജന പ്രസ്ഥാനങ്ങളും ഊന്നൽ നൽകിയ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കേന്ദ്രീകൃത ഉടമസ്ഥതയിൽ നിന്ന് ഭൂമിയുടെ കൈവശാവകാശം വികേന്ദ്രീകൃതാവസ്ഥയിലേക്ക് മാറ്റണം എന്നത്. അതിന്റെ ഭാഗമായി പൂർണ സ്വാതന്ത്ര്യത്തിനൊപ്പം കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യവും കേരളത്തിൽ അക്കാലത്ത് അലയടിച്ചു. നവോത്ഥാന പ്രസ്ഥാനങ്ങളും നായകരും ഇതേ ആവശ്യം തന്നെ മുന്നോട്ടുവച്ചു. 

ഈ പശ്ചാത്തലത്തിലാണ് കേരള സംസ്ഥാന രൂപീകരണ ശേഷം 1957ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കാർഷിക പരിഷ്കരണ നിയമം നടപ്പിലാക്കുമെന്ന് വാഗ്ദാനം നൽകി സിപിഐ മത്സരിച്ചത്. ഈ ആവശ്യമുന്നയിച്ച് അതുവരെ നടത്തിയ സമരങ്ങളെയും രക്തസാക്ഷികളുടെ ജീവാർപ്പണത്തെയും വിശ്വാസത്തിലെടുത്ത കേരള ജനത ആ തെരഞ്ഞെടുപ്പിൽ സിപിഐയെ അധികാരമേല്പിച്ചു. ആദ്യ കേരള സർക്കാരിന്റെ പ്രഥമ പരിഗണനകളിലൊന്നായിരുന്നു സമഗ്രമായ ഭൂപരിഷ്കരണ നിയമം. അതിന്റെ മുന്നോടിയായി കുടിയൊഴിപ്പിക്കൽ തടഞ്ഞുള്ള നിയമം പ്രാബല്യത്തിൽ വരുത്തുകയും ഭൂപരിഷ്കരണ നിയമത്തിലേക്കുള്ള ചുവടുവയ്പുകൾ ആരംഭിക്കുകയും ചെയ്തു. ഇത് അങ്കലാപ്പിലാക്കിയ ഭൂപ്രഭുക്കന്മാരും പിന്തിരിപ്പന്മാരും ചില സാമുദായിക സംഘടനകളും വെള്ളവും വളവും നൽകി നടത്തിയ വിമോചന സമരത്തെത്തുടർന്ന് സിപിഐ സർക്കാരിനെ പിരിച്ചുവിട്ടതും പ്രസ്തുത നിയമനിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാതെ പോയതും ചരിത്രത്തിലെ കറുത്ത പാടാണ്. പന്നീട് വന്ന സർക്കാർ ഭൂപരിഷ്കരണ നിയമത്തിന് രൂപം നൽകിയെങ്കിലും കൈവശക്കാരനും കുടിയാനുമപ്പുറം ഭൂവുടമകൾക്കായിരുന്നു പ്രാമുഖ്യം. അതുകൊണ്ടുതന്നെ സമഗ്രമായ നിയമനിർമ്മാണത്തിന് പിന്നെയും പല വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. പിന്നീട് സി അച്യുതമേനോൻ മുഖ്യമന്ത്രിയായ സർക്കാർ 1970 ജനുവരി ഒന്ന് മുതൽ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സമഗ്രമായ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുക തന്നെ ചെയ്തു. 

നിയമം പ്രാബല്യത്തിലാകുകയും 25.36 ലക്ഷം കുടിയാന്മാർ, അവർ കൃഷി ചെയ്തിരുന്ന ഭൂമിയുടെ ഉടമകളായി മാറുകയും ചെയ്തെങ്കിലും ഉടമസ്ഥാവകാശം നിയമപരമായി ആർജിക്കുന്നതിന് പിന്നെയും കാലതാമസമുണ്ടായി. ലാൻഡ് ട്രിബ്യൂണലുകൾ, ലാൻഡ് ബോർഡുകൾ എന്നിങ്ങനെ നിയമസംവിധാനങ്ങളുടെ പരിഗണനയ്ക്കും പരിശോധനകൾക്കും ശേഷം വേണമായിരുന്നു ഭൂവുടമാവകാശം സ്ഥിരീകരിക്കുകയും രേഖകൾ ലഭ്യമാക്കുകയും ചെയ്യേണ്ടിയിരുന്നത്. ആദ്യഘട്ടത്തിൽ വേഗത്തിൽ നടപടി മുന്നോട്ടുപോയി. 10 വർഷംകൊണ്ട് അഞ്ചുലക്ഷത്തിലധികം പേരുടെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുവാനായി. നിയമപരമായ സംവിധാനങ്ങളും വ്യവഹാരരൂപത്തിലുള്ള നടപടിക്രമങ്ങളും സൃഷ്ടിച്ച സങ്കീർണതകൾ കാരണം ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതും രേഖകൾ ലഭ്യമാക്കുന്നതും നീണ്ടുപോയി. ഇതിനൊപ്പം ഭൂമിയുടെ തുണ്ടുവൽക്കരണവും അനന്തരാവകാശികൾക്കായുള്ള കൈമാറ്റങ്ങളും കാരണം കൈവശക്കാരുടെ എണ്ണത്തിലുണ്ടായ വർധന അപേക്ഷകളിലും വർധനയുണ്ടാക്കി. അതോടൊപ്പം ഭൂമിയുടെ വിപണിമൂല്യത്തിലുണ്ടായ വർധനകാരണം വ്യവഹാരങ്ങൾ നീണ്ടതും ഉടമസ്ഥതാ തീരുമാനങ്ങൾക്ക് കാലവിളംബമുണ്ടാക്കി. ഇതെല്ലാം കാരണം ഭൂപരിഷ്കരണ നിയമത്തിന്റെ ഫലമായി കൈവശംകിട്ടിയ ഭൂമിക്ക് അവകാശരേഖകൾ (പട്ടയം, കൈവശരേഖ) ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇതിനായി പ്രവർത്തിക്കുന്ന താലൂക്ക് ലാൻഡ് ബോർഡ്, ലാൻഡ് ട്രിബ്യൂണൽ, അപ്പലേറ്റ് അതോറിട്ടി തുടങ്ങിയവയുടെ പരിഗണനയിൽ ഭൂപരിഷ്കരണം നടപ്പിലായി 54 വർഷം പിന്നിട്ടിട്ടും ഒരു ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു എന്ന കണക്ക് അതാണ് വ്യക്തമാക്കുന്നത്. ഈ പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പേരിൽ പ്രത്യേക നടപടിക്രമങ്ങൾ തീരുമാനിക്കുകയും പട്ടയമിഷൻ എന്ന പേരിലുള്ള പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ഓൺലൈൻ പോർട്ടലും സജ്ജീകരിച്ചു. 17 ലാൻഡ് ട്രിബ്യൂണലുകളിലും മൂന്ന് അപ്പലേറ്റ് അതോറിട്ടികളിലുമുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ലാൻഡ് ബോർഡുകളിൽ നിലവിലുള്ള 2000ത്തോളം മിച്ചഭൂമി കേസുകൾ വേഗത്തിൽ പരിഹരിക്കുന്നതിന് കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ നാലു മേഖലാ ബോർഡുകൾ സ്ഥാപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 150ഓളം കേസുകൾ തീർപ്പാക്കി, 1,445 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. 2026 ജനുവരി ഒന്നിനകം മിച്ചഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർപ്പാക്കണമെന്ന ലക്ഷ്യമാണ് റവന്യു വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂപരിഷ്കരണ നിയമത്തിന്റെ പൂർത്തീകരണം കൂടിയാണ് ഇതിലൂടെ സാധ്യമാക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.