20 November 2024, Wednesday
KSFE Galaxy Chits Banner 2

കുറയുന്ന വേതനം, നിറവേറ്റാനാകാത്ത ആവശ്യങ്ങൾ

Janayugom Webdesk
February 11, 2024 5:00 am

രാജ്യത്തിന്റെ ഉല്പാദനമേഖലയ്ക്ക് ശക്തമായ അടിത്തറയുണ്ടെന്ന അവകാശവാദം ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകുമ്പോഴെല്ലാം മറുവശത്ത് തകര്‍ച്ചയുടെ ഘടന നിലനില്‍ക്കുന്നുണ്ടാകും. പലപ്പോഴും ഇതൊരു അവകാശവാദം മാത്രമാകുന്നു, യാഥാർത്ഥ്യം തുടർച്ചയായി മണ്ണൊലിപ്പ് നേരിടുന്നുവെന്നതും. അവകാശപ്പെടുന്നതു പോലെ ശക്തമായ സമ്പദ്‌വ്യവസ്ഥയോ മതിയായ വളര്‍ച്ചാവേഗതയോ രാജ്യത്തില്ല. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഫാക്ടറികളിലെ ഉല്പാദനം ഏറ്റവും മന്ദഗതിയിലാണ്. ഒന്നര വർഷമായി ആഭ്യന്തര ഡിമാൻഡുകളിലുണ്ടായ തീവ്രമായ ഇടിവ് ആവശ്യകതയിലെ കുറവുകൊണ്ടല്ല, ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷിയുടെ അഭാവമാണ്. ജീവിതാവശ്യങ്ങളും ഉല്പാദന പ്രക്രിയകളിൽ നിന്നുള്ള തൊഴിലാളികളുടെ കൂലിയും കൂട്ടിമുട്ടുന്നു പോലുമില്ല. ആവശ്യങ്ങൾ വർധിക്കുമ്പോഴും പോക്കറ്റുകൾ ശൂന്യമായി തുടരുന്നതിനാൽ സാമൂഹിക വളർച്ച മങ്ങുന്നു. നിർമ്മാതാക്കളുടെ ശേഷിയിലും വളര്‍ച്ചയുടെ അഭാവം കാണാം. ചരക്കുകൾ കെട്ടിക്കിടക്കുന്നതിനാൽ, 2023 ഡിസംബറിൽ രാജ്യത്തെ നിർമ്മാണ പ്രവർത്തനങ്ങൾ 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണുവെന്ന് എച്ച്എസ്‌ബിസി ഇന്ത്യ മാനുഫാക്‌ചറിങ് പർച്ചേസിങ് മാനേജർമാരുടെ സൂചിക കാണിക്കുന്നു. 2022 ഒക്ടോബറിനു ശേഷം ഫാക്ടറികളില്‍ ഉല്പാദനം ഏറ്റവും മന്ദഗതിയിലാണ്. ചില ഉല്പന്നങ്ങളുടെ ആവശ്യം തീരെ കുറഞ്ഞു. ചെറിയചെറിയ ഓർഡറുകൾ മാത്രമാണുണ്ടായത്, പുതിയ ഓർഡറുകള്‍ നേരത്തേയുണ്ടായ വേഗത ഒരിക്കലും മറികടന്നില്ല, വർഷത്തിലെ ആദ്യമാസങ്ങളിൽ അന്താരാഷ്ട്ര ഓർഡറുകൾ കുറച്ച് മുന്നേറിയിരുന്നുവെങ്കിലും ഡിസംബറിൽ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായി. ഉല്പാദനച്ചെലവ് വർധിക്കാൻ തുടങ്ങിയതോടെ വില്പന കുറഞ്ഞു. നിര്‍മ്മാണച്ചെലവ് ഉയർന്നപ്പോള്‍ വില്പന നിരക്ക് മൂന്നര വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ളതായി. അതേസമയം വാങ്ങല്‍ശേഷി ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 400ഓളം പേർ അഭിപ്രായപ്പെട്ടതായി എച്ച്എസ്ബിസിയും എസ് ആന്റ് പി ഗ്ലോബലും പ്രസ്താവനയിൽ പറഞ്ഞു. ഡിസംബറിൽ, തൊഴിൽ നിരക്ക് അതിന്റെ സ്ഥിരത നിലനിർത്തി. 2022 നവംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണെങ്കിലും, കമ്പനികൾ അവരുടെ നിക്ഷേപം ഉയർത്തുന്നത് തുടർന്നു. ഡിസംബറിൽ ഉയർന്നനിരക്ക് റിപ്പോർട്ട് ചെയ്ത പ്രധാന നിക്ഷേപം രാസവസ്തുക്കൾ, പേപ്പർ, തുണിത്തരങ്ങൾ എന്നീ മേഖലകളിലാണ്. നവംബർ മുതൽ ഉല്പാദന സൂചിക ഉയർന്നുവെന്നും എച്ച്എസ്ബിസി അഭിപ്രായപ്പെട്ടു.

 


ഇതുകൂടി വായിക്കൂ; പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര നടപടികള്‍


വളർച്ചാ മുരടിപ്പ്, അവശ്യസാധനങ്ങളുടെ ദൗർലഭ്യം, ഉല്പാദന വളർച്ചയിലെ ഇടിവ് എന്നിങ്ങനെ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമ്പോൾ, അതിനെ സ്വാധീനിക്കുന്ന മറ്റൊരു പ്രശ്‌നമുണ്ട്. ഇത് യുവാക്കൾക്കിടയിൽ ജീവിതത്തിന്റെ തുടക്കഘട്ടത്തിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മാ നിരക്കാണ്. ഉല്പാദനോപാധികളുടെ പ്രധാന ഭാഗമായ തൊഴിലവസരങ്ങളുടെ സൃഷ്ടിയില്‍ ഇന്ത്യ ഗുരുതരമായ പ്രശ്നം നേരിടുന്നു എന്നതൊരു വസ്തുതയാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, തൊഴിൽ ശക്തിയിൽ യുവാക്കളുടെ (15–29 വയസ് പ്രായമുള്ളവർ) വിഹിതം 2016–17ലെ 25 ശതമാനത്തിൽ നിന്ന് 2022–23ൽ 17 ആയി കുത്തനെ കുറഞ്ഞുവെന്നാണ്. ഇതിനു വിപരീതമായി, 45ന് മുകളിൽ പ്രായമായവരുടെ വിഹിതം 37 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർന്നു. യുവാക്കളുടെ തൊഴിൽപ്രശ്‌നം രാജ്യത്തെ വേട്ടയാടുകയാണ്. ദാരിദ്ര്യത്തിൽ വലയുന്ന യുവാക്കൾക്കിടയിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ചും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. തൊഴിൽ വിപണികൾ വളരെ താഴ്ന്ന നിലയിലായതിനാല്‍ ജനസംഖ്യാ വളർച്ചയ്ക്കൊപ്പം യുവാക്കള്‍ക്ക് അനുയോജ്യമായ തൊഴിൽ വാഗ്ദാനം ചെയ്യുന്നത് രാജ്യത്തിന് അത്യന്തം ബുദ്ധിമുട്ടായിരിക്കുന്നു. എച്ച്എസ്ബിസിയുടെ കണക്കുകള്‍ പറയുന്നത്, അടുത്ത ദശകത്തിൽ ഇന്ത്യക്ക് കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടിവരുമെങ്കിലും പരമാവധി 24 ദശലക്ഷം മാത്രമേ എത്തൂ എന്നാണ്.
ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്കും വളരെ ഉയർന്നതാണ്. ഇപ്പോള്‍ 42 ശതമാനത്തിലെത്തിയ ഇത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കുന്നത്, വികസനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ട തലമുറയിൽ ഇരുട്ട് പരത്തുന്നു. ജീവിതത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയും ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഇല്ലാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തെ തൊഴിലാളിവർഗത്തെ ആത്മഹത്യയിലേക്ക് നയിക്കുന്നു. രാജ്യത്ത് ജീവനൊടുക്കുന്നവരില്‍ മൂന്നിലൊന്ന് കർഷകരും കർഷകത്തൊഴിലാളികളുമാണ്. ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത് ദിവസവേതനക്കാര്‍ക്കിടയിലാണ്. ജനങ്ങളുടെ വാങ്ങൽശേഷി കുറയുകയും പണപ്പെരുപ്പം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലില്ലായ്മയും ഉയർന്നു. തൽഫലമായി, ജനങ്ങളുടെ പണസമ്പാദ്യം അഞ്ച് ശതമാനമെങ്കിലും കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടാകുന്ന കുടുംബങ്ങളുടെ തകര്‍ച്ചയില്‍ ഭൂരിഭാഗം തൊഴിലാളികളും ലോകത്തോട് വിടപറയാന്‍ ആലോചിക്കുകയാണെന്ന് എൻസിആർബി ഡാറ്റ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.