
കള്ളക്കേസുകൾ ചുമത്തി മാധ്യമ പ്രവർത്തകരെ ജയിലിൽ അടയ്ക്കുകയും വായടപ്പിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്ന നടപടികൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി അധികാരത്തിലേറിയതിനുശേഷമുള്ള 11 വർഷമായി അനുസ്യൂതം ഈ പ്രക്രിയ തുടരുന്നു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളെയും ഏകപക്ഷീയവും ഏകാധിപത്യപരവുമായ നടപടികളെയും വിമർശിക്കുന്നവരെല്ലാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനം അസാധ്യമായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള വേട്ടയാടൽ. സുപ്രീം കോടതി നിർദേശമനുസരിച്ചുള്ള സംരക്ഷണമുണ്ടായിട്ടും പുതിയ കേസെടുത്ത് നേരിട്ട് ഹാജരാകുന്നതിന് ഇരുവർക്കും അസം പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. സിദ്ധാർത്ഥ് വരദരാജൻ ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപരും കരൺ ഥാപ്പർ കൺസൾട്ടിങ് എഡിറ്ററുമാണ്. ഓപ്പറേഷൻ സിന്ദൂറിലെ പിഴവുകളും പഹൽഗാമിലെ സുരക്ഷാവീഴ്ചകളും സംബന്ധിച്ച് പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളുടെയും വാർത്തകളുടെയും പേരിലാണ് കേസെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുള്ളത്.
സ്വാഭാവിക നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് നടപടികൾ. ഈ വർഷം മേയ് ഒമ്പത് തീയതിയായി രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരമാണ് നോട്ടീസെങ്കിലും വിശദാംശങ്ങൾ ഒന്നും നൽകുന്നതിന് തയാറായില്ല. നോട്ടീസ് കിട്ടി പത്തുദിവസത്തിലധികം നിരന്തരം ബന്ധപ്പെടുകയും കഠിനപ്രയത്നം നടത്തുകയും ചെയ്ത ശേഷമാണ് എഫ്ഐആർ കാണാനായത്. നേരിട്ട് നൽകുന്നതിന് പകരം കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. എഫ്ഐആർ അനുസരിച്ച് വയറിൽ പ്രസിദ്ധീകരിച്ച 12 ലേഖനങ്ങളും വാർത്തകളും അടിസ്ഥാനമാക്കിയാണ് കേസെടുത്തിട്ടുള്ളത്. ജമ്മു കശ്മീർ മുൻ ലഫ്റ്റ്നന്റ് ഗവർണർ അടുത്തിടെ അന്തരിച്ച സത്യപാൽ മാലിക്, മാധ്യമ പ്രവർത്തകനും പാകിസ്ഥാനിലെ പഞ്ചാബ് മുൻ കാവൽ മുഖ്യമന്ത്രിയുമായ നജം സേത്തി, ദ വയർ ഹിന്ദി എഡിഷൻ പത്രാധിപർ അശുതോഷ് ഭരദ്വാജ് എന്നിവരുടെ പേരുകളും എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ട്. മൊറിഗോൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ നൽകിയ ഹർജി സുപ്രീം കോടതിയിൽ നിലനിൽക്കെ ക്രൈം ബ്രാഞ്ച് പൊലീസ് ദേശദ്രോഹക്കുറ്റമുൾപ്പെടെ ചുമത്തി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനിടയാക്കിയ സുരക്ഷാവീഴ്ചകളും ഓപ്പറേഷൻ സിന്ദൂറിലെ പോരായ്മകളും ജനസമക്ഷം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ദ വയറിനെ വേട്ടയാടുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളും വാർത്തകളുമാകട്ടെ പ്രമുഖരുടെ വെളിപ്പെടുത്തലുകളുടെയും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളതായിരുന്നു. അവരാരും തന്നെ അത് നിഷേധിച്ചിട്ടുമില്ല. അങ്ങനെയിരിക്കെയാണ് മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ചങ്ങലയ്ക്കിടുന്ന നീക്കങ്ങൾ അ സം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നിൽ നിൽക്കുകയാണെന്ന് എത്രയോ റപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 151-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. രാഷ്ട്രീയം, സാമ്പത്തികം, നിയമനിർമ്മാണം, സാമൂഹ്യം, സുരക്ഷ എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലുള്ള സർവേയുടെ അടിസ്ഥാനത്തിലാണ് ലോക പത്ര സ്വാതന്ത്ര്യ സൂചിക തയാറാക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയതിന്റെ പേരിൽ ഇരുപതോളം ഓൺലൈൻ മാധ്യമങ്ങളെ വിലക്കുകയും എണ്ണൂറോളം എക്സ് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്ത നടപടികളുമുണ്ടായി.
ബിജെപി ഭരണത്തിനുകീഴിൽ മാധ്യമ സ്വാതന്ത്ര്യം എത്രത്തോളം അപകടകരമായി എന്നതിന് ഇവയ്ക്കെല്ലാം പുറമേ നൂറുകണക്കിന് ഉദാഹരണങ്ങൾ വേറെയുമുണ്ട്. സിദ്ദീഖ് കാപ്പനെന്ന മലയാളി മാധ്യമ പ്രവർത്തകന്റെ നീണ്ട കാലത്തെ ജയിൽവാസം, ന്യൂസ് ക്ലിക്കിനും അതിന്റെ മേധാവികൾക്കുമെതിരായ കേസും ജയിൽവാസവും എന്നിവ അതിൽ ചിലതുമാത്രമാണ്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്ത മലയാള ദൃശ്യമാധ്യമങ്ങളായ ഏഷ്യാനെറ്റ്, മീഡിയ വൺ എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തിയതും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കം തന്നെയായിരുന്നു. സ്വേച്ഛാധിപത്യവും അധികാര ധിക്കാരവും അഹങ്കാരവും അലങ്കാരമാക്കുന്ന എല്ലാ ഭരണാധികാരികളും മാധ്യമ വിലക്ക് ദിനചര്യയെന്നതുപോലെ സ്വീകരിക്കാറുണ്ട്. പലസ്തീനെതിരായ യുദ്ധത്തിന്റെ കെടുതികളും ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിന്റെ തീവ്ര വേദനകളും ലോകസമക്ഷമെത്തിച്ച മാധ്യമ പ്രവർത്തകരെ കൊല്ലുന്ന രീതിയാണ് ഇസ്രയേൽ ഭരണകൂടം നടത്തുന്നത്. അതേ രീതിതന്നെ ഇവിടെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും വിവിധ സംസ്ഥാന ബിജെപി സർക്കാരുകളും പിന്തുടരുന്നു. ജനാധിപത്യ സംവിധാനത്തിന്റെ നാലാം തൂണും ദ്രവിപ്പിച്ച് ഇല്ലാതാക്കുകയെന്നത് വഴിവിട്ട മാർഗങ്ങളിലൂടെ നിലനിൽപിന് ശ്രമിക്കുന്ന ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന് അനിവാര്യമാണ്. അതിന്റെ തുടർക്കഥകളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. മധ്യമങ്ങൾ കൂടി ഇല്ലാതാകുമ്പോൾ പൂർണമായും ഇരുട്ടിലെത്തുകയാണ് നമ്മളെന്ന് തിരിച്ചറിഞ്ഞുള്ള പ്രതിരോധങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ നമ്മെത്തന്നെയാണ് നമുക്ക് നഷ്ടമാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.