19 December 2024, Thursday
KSFE Galaxy Chits Banner 2

ഗവര്‍ണറുടെ നിലവാരത്തകര്‍ച്ച

Janayugom Webdesk
February 20, 2024 5:00 am

ആരിഫ് മുഹമ്മദ്ഖാന്‍ എന്ന ആയാറാം ഗയാറാം രാഷ്ട്രീയക്കാരന്‍ തിരുവനന്തപുരം കവടിയാറിലെ രാജ്ഭവനില്‍ എത്തിയതുമുതല്‍ തകര്‍ന്നു തുടങ്ങിയതാണ് ഗവര്‍ണര്‍ പദവിയുടെ മഹത്വം. ഗവര്‍ണര്‍ എന്ന പദവി അനാവശ്യമാണെങ്കിലും ഭരണഘടനാ പദവിയെന്ന നിലയില്‍ നിലനില്‍ക്കുവോളം അതിനെ മാനിക്കുവാന്‍ ബാധ്യസ്ഥരാണ് എല്ലാവരും. ഉന്നതമായ പാരമ്പര്യമുള്ളതായിരുന്നു തിരുവനന്തപുരത്തെ രാജ്ഭവന്‍. അതിന് കാരണം ഔന്നത്യമുള്ള വ്യക്തികള്‍ ഗവര്‍ണര്‍മാരായി അവിടെയിരുന്നു എന്നതുകൊണ്ടുകൂടിയാണ്. കവടിയാറിലെത്തിയ ആദ്യത്തെ രാഷ്ട്രീയ വ്യക്തിയായിരുന്നില്ല ആരിഫ് മുഹമ്മദ്ഖാന്‍. തൊട്ടുമുമ്പ് ഗവര്‍ണറായത് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ്‍ പി സദാശിവമായിരുന്നുവെങ്കില്‍ മുന്‍ഗാമി ഷീലാ ദീക്ഷിത് തനി കോണ്‍ഗ്രസുകാരിയായിരുന്നു. അവരുടെ മുന്‍ഗാമി നിഖില്‍ കുമാര്‍ മുന്‍ ഐപിഎസ് ഓഫിസറായിരുന്നു. നിഖില്‍ കുമാറിന്റെ മുന്‍ഗാമി എച്ച് ആര്‍ ഭരദ്വാജിനും രാഷ്ട്രീയക്കാരനെന്ന പരിവേഷം തന്നെയാണുള്ളത്. ഐക്യകേരളപ്പിറവിയുണ്ടായ ശേഷം ആരിഫ് മുഹമ്മദ്ഖാന്‍ വരുന്നതിനിടയില്‍ 21 ഗവര്‍ണര്‍മാര്‍ കേരളത്തിനുണ്ടായി. അവരില്‍ മഹാഭൂരിപക്ഷത്തിന്റെയും പേരുകള്‍ പൊതുവിജ്ഞാന പരീക്ഷയിലെ ചോദ്യത്തിന് ഉത്തരമെഴുതാനുള്ളതിനുവേണ്ടി പഠിക്കുന്നവരും നിത്യരാഷ്ട്രീയക്കാരുമല്ലാതെ അറിയുക പോലുമില്ലായിരുന്നു. അത്രയുമേ ആ സ്ഥാനത്തിന് രാഷ്ട്രീയ വ്യവഹാരത്തിലും സംസ്ഥാനത്തിന്റെ പൊതുജീവിതത്തിലും സ്ഥാനമുണ്ടായിരുന്നുള്ളൂ. സ്ഥാനത്തിന്റെ മഹത്വം കൂടിയായിരുന്നു അത്. ഭരണഘടനാപരമായി നിര്‍വചിക്കപ്പെട്ട അധികാരങ്ങള്‍ക്കപ്പുറം കടക്കാതെ അതിര്‍വരമ്പുകള്‍ കാത്തുസൂക്ഷിച്ചവരായിരുന്നു മിക്കവാറും എല്ലാവരും. ചില വിവാദങ്ങളെ മറക്കുന്നില്ല. പക്ഷേ വിവാദങ്ങളെ ഇരട്ട സഹോദരനെപ്പോലെ കൂടെക്കൊണ്ടുനടക്കുകയാണ് വന്നനാള്‍ മുതല്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍. ഇല്ലാത്ത അധികാരങ്ങള്‍ ഭാവിക്കുകയും ആഡംബര സൗകര്യങ്ങള്‍ പിടിച്ചുവാങ്ങുകയും ചെയ്യുന്ന നടപടി തുടര്‍ച്ചയായി അദ്ദേഹത്തില്‍ നിന്നുണ്ടായി. അത് മനുഷ്യസഹജമായ അദ്ദേഹത്തിന്റെ ശീലങ്ങളുടെ ഭാഗമെന്ന നിലയില്‍ അവഗണിക്കാം. കാരണം അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി പാര്‍ട്ടികള്‍ കൂറുമാറിയ പൂര്‍വകാല ചരിത്രമുള്ള ഒരാളില്‍ നിന്ന് ഗവര്‍ണര്‍ പദവിയുടെ പരിധിക്കകത്ത് ഉള്‍ക്കൊള്ളാത്ത ആഡംബര സൗകര്യങ്ങള്‍ ചോദിച്ചുവാങ്ങുന്നത് അത്ഭുതമായി കാണേണ്ടതില്ല.

 


ഇതുകൂടി വായിക്കൂ: നമ്മുടെ ഇന്ത്യ, അവരുടെ ഭാരതം


എന്നാല്‍ ഇപ്പോള്‍ ഓരോ ദിവസവും അദ്ദേഹത്തില്‍ നിന്നുണ്ടാകുന്ന സമീപനങ്ങളും പ്രതികരണങ്ങളും ആ പദവിയെ എത്രത്തോളം തരംതാഴ്ത്താമെന്നതിന്റെ തെളിവുകളായിരിക്കുന്നു. താന്‍ ഭാവിക്കുന്ന അധികാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് അദ്ദേഹത്തിന്റെ വെപ്രാളം കൂടിയതെന്ന് സംശയിക്കണം. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള നിയമനിര്‍മ്മാണം വരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായത്. തെരുവ് ഗുണ്ടയെ പോലെ എന്നൊക്കെ ഉപമിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ നിലവാരത്തിന് തുല്യമാകുമെന്നതിനാല്‍ അതിന് തുനിയുന്നില്ല. കഴിഞ്ഞ ദിവസം തനിക്കെതിരെ ഗവര്‍ണറുടെ വായയില്‍ നിന്നുണ്ടായ തരംതാണ പ്രസ്താവനയോട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണത്തിന്റെയും പൊരുള്‍ അതാണ്. അത്രയും തരംതാണിരിക്കുകയാണ് കേരള ഗവര്‍ണര്‍. മുഖ്യമന്ത്രിയെയും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയുമെല്ലാം വളരെ മോശം പദങ്ങളുപയോഗിച്ച് നേരത്തെ അദ്ദേഹം നേരിട്ടിരുന്നു. പ്രതിഷേധത്തിനെത്തുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് വലയത്തില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തില്‍ നിന്നിറങ്ങി വെല്ലുവിളിക്കുകയും സംസ്ഥാന ഭരണസംവിധാനത്തെ അപഹസിക്കുകയും ചെയ്യുന്ന പെരുമാറ്റദൂഷ്യം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെയും കണ്ണൂര്‍ മട്ടന്നൂരില്‍ ഇതേ നാടകം അദ്ദേഹം നടത്തി. നേരത്തെ തിരുവനന്തപുരത്തും കൊല്ലത്തുമൊക്കെ പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുന്ന സമീപനങ്ങള്‍ നാം കണ്ടു. എല്ലായിടത്തും ദൃശ്യമാധ്യമ കാമറകളെ വിളിച്ചുവരുത്തിയാണ് ഇതെല്ലാമെന്നത് അല്പത്തത്തിന്റെ ദയനീയാവസ്ഥയാണ് വ്യക്തമാക്കുന്നത്.

വിവിധ സര്‍വകലാശാലകളില്‍ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ ചാന്‍സലര്‍ പദവി ഉപയോഗിച്ച് നടത്തുന്ന ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍വകലാശാലയിലും ആവര്‍ത്തിച്ച അദ്ദേഹം വകുപ്പ് മന്ത്രിയെ ക്രിമിനലെന്നാണ് വിശേഷിപ്പിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടുനില്‍ക്കുന്നു എന്ന അവസ്ഥയും അദ്ദേഹത്തെ വളരെയധികം അലോസരപ്പെടുത്തുന്നുവെന്നും സംശയിക്കണം. തന്റെ രാഷ്ട്രീയ യജമാനന്മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് താരതമ്യം ചെയ്യുന്നത് കേരളത്തിന്റെ മികവായതും അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന കാര്യമല്ല. അതുകൊണ്ടാണ് ഇവിടെയുള്ള വിദ്യാഭ്യാസവും ക്രമസമാധാന പരിപാലനവുമുള്‍പ്പെടെ മോശമാണെന്ന് വരുത്തുവാന്‍ അദ്ദേഹം കിണഞ്ഞുപരിശ്രമിക്കുന്നത്. റോട്ടിലിറങ്ങി പരിഹാസ്യ നാടകങ്ങളും ഉന്നത സ്ഥാനത്തിരിക്കുന്നവരെ പോലും ഹീനമായ വാക്കുകളില്‍ സംബോധന ചെയ്യുന്നതുമൊക്കെ അതാണ് തെളിയിക്കുന്നത്. വളരെ ചീത്തയായ ഒരാള്‍ എന്ത് പരിശ്രമിച്ചാലും നല്ലതിനെ മോശമാക്കാന്‍ കഴിയില്ലെന്ന മിതമായ മറുപടി മാത്രമേ അദ്ദേഹത്തിന് നല്‍കാനുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.