1 May 2024, Wednesday

നമ്മുടെ ഇന്ത്യ, അവരുടെ ഭാരതം

സുരേന്ദ്രന്‍ കുത്തനൂര്‍
February 18, 2024 4:42 am

“ഇന്ത്യ, അഥവാ ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും.” എന്ന് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ പറയുന്നു. ‘ഭാരതം എന്ന് ഭരണഘടനയില്‍ പറയുന്നുണ്ടെങ്കില്‍ പിന്നെ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുന്നതില്‍ എന്താണ് തെറ്റ്’ എന്ന് നിഷ്കളങ്കമായി പലരും ചിന്തിച്ചു പോയത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ്. അതിപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത് എന്തിനെന്ന സംശയവും ചിലര്‍ക്കുണ്ടാവാം. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നിലവിലിരിക്കുന്ന ഹിന്ദുത്വ സര്‍ക്കാരിന്റെ സമകാലിക നീക്കങ്ങളെ അതോടൊപ്പം ചേര്‍ത്തുവായിക്കണം എന്ന് സൂചിപ്പിക്കുകയാണ് ലക്ഷ്യം. ഭരണഘടനയിൽ ഭാരതം എന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് ഒരേയൊരിടത്താണ് എന്നും ഓര്‍മ്മിക്കണം. ഒന്നാം അനുച്ഛേദത്തിൽ ‘ഇന്ത്യ, അതായത് ഭാരതം…’ പ്രസ്താവത്തോടൊപ്പം മാത്രമാണത്. അഖണ്ഡ ഭാരതം എന്ന മാതരാഷ്ട്രത്തെക്കുറിച്ചുള്ള ആര്‍എസ്എസ് പ്രഖ്യാപനത്തിന്റെ അലയൊലികളാണ് പൊതുതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന വേളയില്‍ രാജ്യമെമ്പാടും ഉയരുന്നത്.

ജമ്മു കശ്മീര്‍ വിധി, രാമക്ഷേത്ര പ്രതിഷ്ഠ, ഏകീകൃത സിവില്‍ നിയമം എന്നിവ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും ഏതാണ്ട് പൂർത്തിയാക്കി, ഏകീകൃത സിവിൽ നിയമം നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡ് നിയമസഭ ബില്‍ പാസാക്കി. ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കുന്നതിനുള്ള അണിയറ നീക്കങ്ങളിലാണ്. ഉത്തരാഖണ്ഡ് സഭ ബില്‍ പാസാക്കിയത് ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു. മതേതര ജനാധിപത്യ രാജ്യത്തെ ഒരു നിയമസഭ മതഭരിത മുദ്രാവാക്യം വിളികളോടെ ബില്‍ പാസാക്കിയതിനെ ഗോദി മീഡിയയോ പ്രധാനപ്രതിപക്ഷമോ പോലും ഗൗരവത്തോടെ വിമര്‍ശിച്ചു കണ്ടില്ല. അതുകഴിഞ്ഞ് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റിലും മുഴങ്ങി ജയ് ശ്രീറാം വിളികള്‍. അത് അയോധ്യയില്‍ രാമപ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തിപ്പാടുന്നതിനായിരുന്നു.
ബിജെപി അംഗങ്ങളാണ് ജയ് ശ്രീറാം മുഴക്കിയതെങ്കിലും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങളും രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിനെ അപമാനിക്കുകയായിരുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനച്ചടങ്ങില്‍ സാമ്രാജ്യത്വത്തിന്റെ ജീര്‍ണാവശിഷ്ടമായ ചെങ്കാേല്‍ പ്രതിഷ്ഠിച്ചും, ദളിതയായ രാഷ്ട്രപതിയെ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയും മനുകാലത്തെ ഹിന്ദുത്വയുടെ അരിയിട്ടുവാഴ്ചയ്ക്കാണ് നരേന്ദ്ര മോഡി തുടക്കമിട്ടത്. ഇക്കഴിഞ്ഞ ജനുവരി 22 ന് അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യകാര്‍മ്മികനായി ഇന്ത്യയുടെ പ്രധാനമന്ത്രി, അവര്‍ സ്വപ്നം കാണുന്ന ‘ഭാരത’ത്തിലെ സ്വേച്ഛാധിപതിയായി സ്വയം അവരോധിതനായി.
രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രമേയം ജനുവരി 25ന്, അയോധ്യാ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ആദ്യമായി യോഗം ചേർന്ന കേന്ദ്രമന്ത്രിസഭയും പാസാക്കി. ‘1947ൽ രാജ്യത്തിന്റെ ശരീരം സ്വാതന്ത്ര്യം നേടിയപ്പോൾ, പ്രാൺ പ്രതിഷ്ഠ നടന്ന 2024 ജനുവരി 22ന് അതിന് ആത്മാവ് കൈവന്നുവെന്നും എല്ലാവരും ആത്മീയ ആനന്ദം അനുഭവിച്ചു‘വെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രമേയം.

 

 


ഇതുകൂടി വായിക്കൂ: ഭാരത ‌രത്നയുടെ സങ്കുചിത വോട്ട് രാഷ്ട്രീയം


ഭരണഘടനയിൽനിന്ന് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഒഴിവാക്കി ഭാരതം മാത്രമാക്കണമെന്ന പൊതുതാല്പര്യ ഹർജി 2020ൽ സുപ്രീം കോടതി തള്ളിയിരുന്നു. 2023 സെപ്റ്റംബറില്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടിയുമായി ബന്ധപ്പെട്ട ക്ഷണക്കത്തിലാണ് രാജ്യത്തിന്റെ പേരുമാറ്റ നീക്കം രേഖാമൂലം സംഘ്പരിവാര്‍ ഭരണകൂടം വെളിപ്പെടുത്തിയത്. രാഷ്ട്രപതിയുടെ പേരിലുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു ചേര്‍ത്തത്. രാജ്യത്തെ ഇന്ത്യ എന്നതിനുപകരം ഭാരത് എന്ന് വിളിക്കണമെന്ന നിർദേശം അതിന് രണ്ടു ദിവസം മുമ്പാണ് ആർഎസ്എസ് മുന്നോട്ടുവച്ചത് എന്നതിനോട് ചേര്‍ത്തുവേണം ഇതിനെ കാണാന്‍.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ, ഒരു നിയമം തുടങ്ങി ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, ഏകശിലാത്മകമായ ഹിന്ദുത്വ സാമ്രാജ്യത്വ രൂപീകരണമാണ് സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മറ്റൊന്നുമല്ല തങ്ങളുടെ അജണ്ടയെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുകയാണ്. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങളുടെ കേന്ദ്രമായി ഏകീകൃത സിവിൽ നിയമം ഒരിക്കൽക്കൂടി കടന്നുവന്നത് ആ അജണ്ടയുടെ ഭാഗമാണ്. 2023 നവംബറില്‍ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പുയോഗത്തില്‍ പ്രധാനമന്ത്രിയാണ് ഇതേക്കുറിച്ച് പരാമർശിച്ചതും സജീവമാക്കിയതും. പാർലമെന്റിലോ ഇക്കാര്യം പരിഗണിക്കാൻ പ്രാപ്തമായ മറ്റേതെങ്കിലും വേദിയിലോ അല്ല; മറിച്ച് ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് സിവിൽ കോഡിനെക്കുറിച്ചുള്ള വാദങ്ങൾ ഉന്നയിക്കപ്പെട്ടത് എന്നതുതന്നെ അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഒരു സംസ്ഥാനം നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.
ഭരണഘടന ഏകീകൃത സിവില്‍ നിയമം വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് മോഡി ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ അതൊരു നിര്‍ദേശം മാത്രമാണ് എന്നതവര്‍ മനഃപൂര്‍വം വിട്ടുകളയുന്നു. ‘ഒരു വീട്ടിലെ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണെങ്കിൽ ആ വീട് എങ്ങനെയാണ് മുന്നോട്ടുപോവുക’ എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് പ്രധാനമന്ത്രി ഏകീകൃത സിവിൽ നിയമത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നത്. ഈ ഉപമ മറച്ചുപിടിക്കുന്ന സുപ്രധാനമായ കാര്യം, കഴിഞ്ഞ 75 വർഷമായി രണ്ടല്ല, പരസ്പരഭിന്നമായ ഒട്ടേറെ വ്യക്തിനിയമങ്ങൾക്കുള്ളിലാണ് ഇന്ത്യയിലെ ജനങ്ങൾ കഴിഞ്ഞുപോന്നത് എന്നതാണ്. അതിനെ ‘രണ്ടി‘ലേക്ക് ചുരുക്കുന്നത് ഏകീകൃത സിവിൽ കോഡിനെ മുസ്ലിം പ്രശ്നം മാത്രമായി മാറ്റുന്നതിനും വർഗീയവിഭജനത്തിനും മാത്രമാണ്.
ഭരണഘടനയുടെ കരടിൽ 35-ാം അനുച്ഛേദമായാണ് ഏകീകൃത സിവിൽ നിയമം എന്ന ആശയം ഉൾപ്പെടുത്തിയിരുന്നത്. അന്തിമരൂപത്തിൽ അത് 44-ാം അനുച്ഛേദമായി മാറി. ഇന്ത്യൻ ഭൂപ്രദേശത്തുടനീളം ഒരു ഏകീകൃത സിവിൽ നിയമം ഉറപ്പാക്കാൻ ഭരണകൂടം പരിശ്രമിക്കണമെന്നാണ് 44-ാം അനുച്ഛേദം പറയുന്നത്. ഭരണഘടനാ നിർമ്മാണസഭയിലും ഏകീകൃത സിവിൽ നിയമത്തെ മുൻനിർത്തി വിശദമായ ചർച്ച നടന്നിട്ടുണ്ട്. ഒടുവില്‍ കോടതി വ്യവഹാരങ്ങളുടെ അടിസ്ഥാനമായി സ്വീകരിക്കാനാവാത്തതും ഭരണനിർവഹണത്തിന്റെ അടിസ്ഥാനമായി സ്വീകരിക്കേണ്ടതുമായ നിർദേശക തത്വങ്ങളിലാണ് ഏകീകൃത സിവിൽ നിയമത്തെക്കുറിച്ചുള്ള ആശയങ്ങൾ ഉൾപ്പെടുത്തിയത്.

ഭരണഘടനാ ശില്പി ഡോ. അംബേദ്കർ ഇതേക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് പറഞ്ഞത് ‘ഭാവിയിൽ ഇന്ത്യയിലെ പാർലമെന്റ് ഏകീകൃത സിവിൽ കോഡിന് രൂപം നൽകുകയെന്നതും തുടക്കത്തിൽ തങ്ങൾ അതിലുൾപ്പെടാൻ സന്നദ്ധരാണ് എന്ന് പ്രഖ്യാപിക്കുന്ന വിഭാഗങ്ങൾക്കുമാത്രം അത് ബാധകമായിരിക്കുകയും ചെയ്യുക എന്നത് പരിപൂർണമായും സാധ്യമായ കാര്യമാണ്. അതായത്, ആദ്യഘട്ടത്തിൽ ഏകീകൃത സിവിൽ കോഡിന്റെ പ്രയോഗം പൂർണമായും സ്വമേധയാ ആയിരിക്കും’ എന്നാണ്. രാജ്യത്തെ മുഴുവൻ പൗരർക്കും ബാധകമായ ഏകീകൃത സിവിൽ കോഡ് ഉറപ്പുവരുത്താൻ ഭരണകൂടം ശ്രമിക്കണം എന്ന് നിർദേശിക്കുക മാത്രമാണ് 35-ാം അനുച്ഛേദം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു സിവിൽ കോഡ് ഭരണകൂടം രാജ്യത്തെ മുഴുവൻ പൗരന്മാരിലും അടിച്ചേല്പിക്കണമെന്ന് ഇതുകൊണ്ട് അർത്ഥമാകുന്നില്ല എന്നും അംബേദ്കർ വ്യക്തമാക്കി. ‘ക്രിസ്ത്യാനികളും മുസ്ലിങ്ങളും മറ്റ് സമുദായങ്ങളും ഉൾപ്പെടെയുള്ളവർക്ക് അസ്വീകാര്യമായ നിലയിൽ ഏകീകൃത സിവിൽനിയമം അടിച്ചേല്പിക്കാൻ ഭരണകൂടം തുനിയുമെന്ന് അതിനർത്ഥമില്ല. മുസ്ലിം സമുദായത്തെ ഒരു കലാപത്തിലേക്ക് നയിക്കുന്ന വിധത്തിൽ ഈ അധികാരം വിനിയോഗിക്കാൻ ഒരു സർക്കാരും മുതിരില്ല. അങ്ങനെ ചെയ്യുന്നത് ഭ്രാന്തമായ പ്രവൃത്തിയായിരിക്കും’- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഓരോ സാമൂഹിക വിഭാഗങ്ങളും പൊതു സിവിൽ നിയമം ഉൾക്കൊള്ളാൻ പ്രാപ്തരാകുന്ന മുറയ്ക്ക് അവർ സ്വമേധയാ അതിന്റെ ഭാഗമായി മാറുകയാണ് വേണ്ടതെന്നും നിർബന്ധിതമോ ഏകപക്ഷീയമോ ആയി, ഭരണകൂടം അടിച്ചേല്പിക്കേണ്ട ഒന്നായി നിയമത്തെ ഭരണഘടന കാണുന്നില്ല എന്നും വ്യക്തമാണ്. 21-ാം നിയമകമ്മിഷനും ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങൾക്ക് ലഭിച്ച 75,000ത്തിലധികം നിർദേശങ്ങൾ വിശദമായി പരിശോധിച്ചതിനുശേഷം 2018ൽ പുറത്തിറക്കിയ 185 പേജുള്ള റിപ്പോർട്ടിൽ ജസ്റ്റിസ് ബൽബീർ സിങ് ചൗഹാന്‍ അധ്യക്ഷനായ നിയമ കമ്മിഷൻ ചൂണ്ടിക്കാട്ടിയത് ഏകീകൃത സിവിൽ കോഡ് ഇന്നത്തെ സാഹചര്യത്തിൽ അഭിലഷണീയമോ അനിവാര്യമോ അല്ലെന്നാണ്. ‘വ്യത്യസ്തതകളെയും വൈജാത്യങ്ങളെയും ആദരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന നിലപാടാണ് ലോകത്തെ ഒട്ടേറെ രാജ്യങ്ങൾ സ്വീകരിച്ചുവരുന്നത്. വ്യത്യസ്തതകളുടെ നിലനില്പിനെ വിവേചനമായിക്കാണരുത്. നിലവിലുള്ള വ്യക്തിനിയമങ്ങളിലെ സ്ത്രീവിരുദ്ധവും വിവേചനപരവുമായ ഉള്ളടക്കം പരിഷ്കരിക്കുകയാണ് ഇന്നത്തെ സാഹചര്യത്തിൽ ആശാസ്യം’ എന്നും കമ്മിഷൻ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതെല്ലാം മറികടന്ന് ഏകീകൃത സിവില്‍ നിയമവും പൗരത്വ ഭേദഗതി നിയമവുമായി ഹിന്ദുത്വവാദികള്‍ പ്രചാരണത്തിനിറങ്ങുന്നത് നൂറ്റാണ്ടോളമായി അവര്‍ സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം മുന്‍നിര്‍ത്തിയാണ്. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം എടുത്തുകളയണമെന്നവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ശ്രീരാമ മന്ത്രം മുഴക്കിക്കൊണ്ട് ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഹിന്ദുമത രാഷ്ട്രമാക്കുമെന്ന ആഹ്വാനമാണവര്‍ നടത്തിയത്. അതുകൊണ്ട് അഖണ്ഡഭാരത ഹിന്ദുത്വ എന്ന അജണ്ടയില്‍ നിന്ന് ഇന്ത്യ എന്ന സ്വതന്ത്രരാജ്യത്തിന്റെ സംരക്ഷണത്തിന് അതിലെ 140 കോടി പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.