19 December 2025, Friday

രാജ്യത്തെ നാണം കെടുത്തരുത്

Janayugom Webdesk
August 11, 2025 5:00 am

ട്രംപിന്റെ ഇരട്ടച്ചുങ്കം, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നിരന്തരമായ വെളിപ്പെടുത്തല്‍, ബിഹാറിലെ സംശയാസ്പദമായ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന എന്നിവയില്‍ ഉത്തരംമുട്ടി നില്‍ക്കുന്ന മോഡി ഭരണകൂടത്തിന്റ മുഖം കൂടുതല്‍ വികൃതമാക്കുന്നതാണ് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പുറത്തുവിട്ട വോട്ടര്‍ പട്ടികയിലെ ഗുരുതരമായ തട്ടിപ്പ് കണക്കുകള്‍. രാജ്യത്തിനകത്തും പുറത്തും പരിഹാസ്യമായ ഒരു ഭരണകൂടത്തിന് കീഴില്‍ രാജ്യം ആഗോളതലത്തില്‍ നാണം കെടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഒരുമാസം തുടര്‍ച്ചയായി അന്താരാഷ്ട്ര ഏജന്‍സികള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നതും അതിഗുരുതരമായ സംഭവവികാസമാണ്. അതിലേറ്റവും ഒടുവിലത്തേതാണ് അടിച്ചമർത്തൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബ്രിട്ടീഷ് പാർലമെന്ററി റിപ്പോർട്ട്. മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്തസമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിദേശത്തുള്ള വിമതരെ ലക്ഷ്യമിടുന്ന വിഷയത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാൻ, പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി തുടങ്ങിയവയ്ക്കൊപ്പമാണ് പരാമർശം. യുകെയിലെ രാഷ്ട്രീയ എതിരാളികൾ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരെ ലക്ഷ്യമിട്ട് ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങൾ രാജ്യാന്തര അടിച്ചമർത്തൽ നടത്തുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ രാജ്യങ്ങൾ ഭയം ജനിപ്പിക്കുകയും, ആവിഷ്കാര സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്തുകയും, സുരക്ഷിതത്വബോധത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ഇന്റർപോളിന്റെ റെഡ് നോട്ടീസ് സംവിധാനം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നും ആരോപിക്കുന്നു. എന്നാല്‍ ഇന്ത്യയിൽ നിരോധിക്കപ്പെട്ട യുകെ ആസ്ഥാനമായുള്ള ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് പാേലുള്ളവയാണ് ആരോപണങ്ങൾക്ക് പിന്നിലെ ഉറവിടങ്ങളെന്നുപറഞ്ഞ് തടിതപ്പുകയാണ് വിദേശകാര്യ മന്ത്രാലയം.

രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെയും ഹിന്ദുത്വത്തിന്റെ വളര്‍ച്ചയെയും ഇന്ത്യക്ക് പുറത്ത്, നിരന്തരം നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ടെന്നത് അവഗണിക്കാനാകില്ല. യുഎൻ വിദഗ്ധരും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും അന്താരാഷ്ട്ര മാധ്യമങ്ങളും വിവിധ രാജ്യങ്ങളിലെ പാർലമെന്റേറിയന്മാരും ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ഒരു മാസം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ മതി ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ധാരണ വെളിപ്പെടാന്‍. പാകിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടി ഏകപക്ഷീയമായി നിർത്തിവച്ചതുവഴി പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ (പിസിഎ) വിധി ഇന്ത്യ ലംഘിച്ചതായി ജപ്പാനില്‍ നിന്നുള്ള നിക്കി ഏഷ്യ ജൂലൈ മൂന്നിന് റിപ്പോർട്ട് ചെയ്തു. ബിഹാറിലെ 80 ദശലക്ഷത്തോളം വോട്ടർമാരെ വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇസിഐ) നീക്കത്തെ ‘കൂട്ടത്തോടെയുള്ള വോട്ടവകാശം നിഷേധിക്കലും നാടുകടത്തലും സംബന്ധിച്ച വ്യാപകമായ ഭയം’ ജനിപ്പിക്കുന്നത് എന്നാണ് ജൂലൈ 10ന് അൽ ജസീറ പറഞ്ഞത്. ജൂലൈ 11ലെ വാഷിങ്ടൺ പോസ്റ്റാകട്ടെ, പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം ‘ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള’ നാടുകടത്തൽ നീക്കത്തെക്കുറിച്ചാണ് പറഞ്ഞത്. അസമിലും ഗുജറാത്തിലും ഏറ്റവും കടുത്തരീതിയില്‍ ബംഗ്ലാദേശിൽ നിന്നുള്ള ‘അനധികൃത കുടിയേറ്റക്കാരെ‘ന്ന പേരില്‍ വേട്ടയാടുകയും വീടുകൾ തകർക്കൽ, പീഡനം, തിരിച്ചറിയൽ രേഖകൾ നശിപ്പിക്കൽ, ബംഗ്ലാദേശിലേക്ക് നിർബന്ധിതമായി നാടുകടത്തൽ എന്നിവയ്ക്ക് ഇരയാക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഹിന്ദു ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസ് 2025 സെപ്റ്റംബറിൽ അതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ലോകത്തിലെ ഏറ്റവും വലിയ തീവ്ര വലതുപക്ഷ പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് ഫിനാൻഷ്യൽ ടൈംസ് ജൂലൈ 19ന് റിപ്പോര്‍ട്ട് ചെയ്തു. “ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഒരു രാഷ്ട്രീയ കുഴിബോംബ് മേഖലയായിരിക്കുന്നു” എന്ന് അരിസോണ സർവകലാശാലയിലെ പ്രൊഫസർ റിച്ചാർഡ് എം ഈറ്റൺ ജൂലൈ 17ന് എഴുതിയ ഉപന്യാസത്തിൽ മുന്നറിയിപ്പ് നൽകി. മുഗൾ ചരിത്രത്തെ പൊതുബോധത്തിൽ നിന്ന് മായ്ച്ചുകളയാനുള്ള മോഡി സർക്കാരിന്റെ നീക്കത്തെയാണ് ഈറ്റൺ ചൂണ്ടിക്കാട്ടുന്നത്.

ക്ലൂണി ഫൗണ്ടേഷൻ ഫോർ ജസ്റ്റിസ് (യുഎസ്), ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് (കൊളംബിയ ലോ സ്കൂൾ, യുഎസ്), ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി (ഇന്ത്യ) എന്നിവയുടെ സംരംഭമായ ട്രയൽ വാച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടാകട്ടെ, രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം ‘കഠിനമായ ആഘാതം’ നേരിടുന്നുവെന്ന് പറയുന്നു. ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ന്യൂയോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ്, ദി ഹ്യൂമനിസം പ്രോജക്ട് (ഓസ്‌ട്രേലിയ), ജെനോസൈഡ് വാച്ച് എന്നിവയുൾപ്പെടെയുള്ള സഖ്യം ജൂലൈ 17ന് കാപ്പിറ്റോൾ ഹില്ലിൽ യോഗം ചേര്‍ന്ന് മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനങ്ങൾക്കെതിരെ ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) പ്രഖ്യാപിക്കണമെന്ന് യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂഡൽഹിയിലും പരിസരത്തും വിദ്യാർത്ഥി — യുവജന പ്രവർത്തകരെ പീഡിപ്പിക്കുന്നതിനെ അപലപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 ഇന്ത്യൻ പ്രവാസി, സിവിൽ സൊസൈറ്റി സംഘടനകൾ ജൂലൈ 24ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇന്ത്യയുടെ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകളും നിലപാടുകളുമാണ് ഇവയെല്ലാം കാണിക്കുന്നത്. രാജ്യത്തിന്റെ നന്മ ബഹുവിധ സംസ്കാരങ്ങളുടെ സമന്വയമാണെന്നും അതിന്റെ അടിത്തറ സുശക്തമായ ഭരണഘടനയാണെന്നും അംഗീകരിക്കാത്ത ഭരണകൂടമാണ് 142 കോടി ജനങ്ങളെ ലോകത്തിനുമുമ്പില്‍ അപഹാസ്യരാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.