21 December 2025, Sunday

പൗരാവകാശ നിഷേധം ലക്ഷ്യംവയ്ക്കുന്ന വോട്ടർപട്ടിക പുനഃപരിശോധന

Janayugom Webdesk
July 1, 2025 5:00 am

ഒക്ടോബർ-നവംബർ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചിരിക്കുന്ന ‘പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന’യിൽ (സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ- എസ്ഐആർ) രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആശങ്കാകുലരാണ്. 2003ന് മുമ്പ് വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടില്ലാത്ത എല്ലാ വോട്ടർമാരും അവരുടെയും മാതാപിതാക്കളുടെയും പൗരത്വം രേഖാമൂലം തെളിയിക്കുന്നില്ലെങ്കിൽ അത്തരക്കാർ വോട്ടർപട്ടികയിൽനിന്നും പുറത്താക്കപ്പെടുമെന്നാണ് ജൂൺ 24ന് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. 2003ന് ശേഷം നടന്ന ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടുരേഖപ്പെടുത്തിയ പൗരന്മാരെ കൂട്ടത്തോടെ വോട്ടർപട്ടികയിൽനിന്നും പുറന്തള്ളുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള എസ്ഐആറിന്റെ ലക്ഷ്യമെന്നാണ് പ്രതിപക്ഷപാർട്ടികൾ സംശയിക്കുന്നത്. ബിഹാറിന് പുറമെ അടുത്തവർഷം മേയ്-ജൂൺ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളും സമാനമായ ‘പുനഃപരിശോധനയ്ക്ക്’ വിധേയമാകും. ബിഹാറിൽ പുനഃപരിശോധനാ പ്രക്രിയ കമ്മിഷൻ ഉത്തരവ് പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം ആരംഭിച്ചു. ബിഎൽഒമാർ വീട് വീടാന്തരം കയറിയിറങ്ങിയുള്ള വോട്ടർപട്ടിക പരിശോധന ജൂലൈ 26ന് പൂർത്തിയാക്കും. 1987ന് മുമ്പ് ജനിച്ച വോട്ടർമാർ അവരുടെ ജനന തീയതി, ജന്മസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ മേല്പറഞ്ഞ രേഖകൾക്ക് പുറമെ മാതാപിതാക്കളിൽ ഒരാളുടെ ജനന തീയതി, ജന്മസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ അവരുടെയും മാതാപിതാക്കളുടെയും ജനന തീയതി, ജന്മസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ബിഹാറിൽ 7.73 കോടി വോട്ടർമാരാണുള്ളത്. ബിഹാറിലെ ജനങ്ങളുടെ സാക്ഷരത, ദേശീയ ശരാശരിയായ 73 ശതമാനത്തിനും താഴെ 61.8 ശതമാനമാണ്. ജനന- മരണ രജിസ്റ്റർ സൂക്ഷിക്കുന്നതിൽ കുപ്രസിദ്ധമായ ബിഹാറിൽ നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ രേഖകൾ ഹാജരാക്കി വോട്ടർപട്ടികയി­ൽ തങ്ങളുടെ പേര് ഉറപ്പുവരുത്താൻ വലിയൊരുവിഭാഗം പൗരന്മാർക്കും കഴിഞ്ഞേക്കില്ലെന്ന ആ­ശങ്ക ശക്തമാണ്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയം ഉറപ്പുവരുത്താൻ വോട്ടർമാരെ കൂട്ടത്തോടെ വോട്ടർപട്ടികയിൽ നിന്നും പുറത്താക്കാനുള്ള, പ്രത്യേകിച്ചും അധഃസ്ഥി­ത ജനവിഭാഗങ്ങളെ, ബിജെപി തന്ത്രത്തിനുള്ള ഉപകരണമായി തെരഞ്ഞെടുപ്പ് കമ്മിഷൻ മാറുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ സംശയിക്കുന്നു. 

ഇപ്പോൾ വോട്ടർപട്ടിക പുനഃപരിശോധന പ്രഖ്യാപിച്ചിട്ടുള്ള ആറ് സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിൽ പ്രതിപക്ഷ പാർട്ടികളാണ് അധികാരത്തിൽ. വോട്ടർപട്ടിക മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം കൗശലം കാണിക്കാതെ അവയിൽ ഏതിലെങ്കിലും വിജയിക്കുക അസാധ്യമാണെന്ന് ബിജെപിയേക്കാൾ തിരിച്ചറിവ് മറ്റാർക്കും ഉണ്ടാവില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച തൃശൂരിൽ വൻതോതിൽ വോട്ടർപട്ടികയിൽ അനധികൃതമായി വോട്ടുകൾ തിരുകിക്കയറ്റിയതായി തെളിഞ്ഞിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ വ്യാപകമായ തിരിമറി നടന്നതായി തെളിവുകൾ സഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമിടയിലുള്ള അഞ്ചുമാസക്കാലയളവിൽ വോട്ടർപട്ടികയിൽ 39 ലക്ഷം വോട്ടർമാരെ അധികമായി കൂട്ടിച്ചേർത്തത് അസാധാരണവും അസ്വാഭാവികവുമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സർക്കാർ കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രായപൂർത്തിയായവരുടെ എണ്ണം 9.54 കോടിയാണെന്നിരിക്കെ വോട്ടർമാരുടെ എണ്ണം 9.7 കോടിയായത് എങ്ങനെയെന്ന് വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് ഇനിയും കഴിഞ്ഞിട്ടില്ല. ബിഹാറിൽ നടക്കുന്നതും തുടർന്ന് മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽ നടക്കേണ്ടതുമായ വോട്ടർപട്ടികയുടെ തീവ്ര സൂക്ഷ്മപരിശോധനാ പ്രക്രിയ സംബന്ധിച്ച് ദേശീയതലത്തിലോ സംസ്ഥാനങ്ങളിലോ രാഷ്ട്രീയപാർട്ടികളുമായി മതിയായ കൂടിയാലോചനയ്ക്ക് മുതിരാതെ ബിഹാറിലെ രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തി സൂക്ഷ്മപരിശോധനയിലേക്ക് കടന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജനാധിപത്യവിരുദ്ധതയാണ് തുറന്നുകാട്ടുന്നത്. രാജ്യത്ത് ഏറ്റവുമധികം കുടിയേറ്റ തൊഴിലാളികളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. പരിമിതമായ സമയത്തിനുള്ളിൽ ആവശ്യമായ രേഖകൾ ഹാജരാക്കി തങ്ങളുടെ ഏറ്റവും പ്രാഥമികമായ പൗരാവകാശം സംരക്ഷിക്കാൻ ബിഹാറടക്കം സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് കഴിയില്ല. ഇന്റർനെറ്റ് ലഭ്യതയോ സാക്ഷരതയോ ഇല്ലാത്ത കുടിയേറ്റ തൊഴിലാളികളും ഗ്രാമീണരും ഓൺലൈനായി തങ്ങളുടെ പൗരത്വം സ്ഥാപിക്കുമെന്ന് കരുതുന്നതും ശുദ്ധ മൗഢ്യമാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 88 ശതമാനവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. വീട് വീടാന്തരം കയറിയുള്ള സൂക്ഷ്മപരിശോധന ചുരുങ്ങിയ സമയംകൊണ്ട് എത്രത്തോളം പ്രായോഗികമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. 

തങ്ങളുടെ നിക്ഷിപ്ത, ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ എങ്ങനെയൊക്കെ ദുരുപയോഗപ്പെടുത്താം എന്ന ബിജെപിയുടെ നികൃഷ്ട തന്ത്രങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ അടിസ്ഥാന ജനാധിപത്യ മര്യാദകളും കാറ്റില്പറത്തിക്കൊണ്ട് നടപ്പാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന. 2004ലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അവസാനമായി വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന നടത്തിയത്. അതിനുശേഷമുള്ള 21 വർഷങ്ങൾക്കുള്ളിൽ നിരവധി തെരഞ്ഞെടുപ്പുകൾ നടന്നു. അവയിൽ പങ്കെടുത്ത ദശലക്ഷങ്ങളോ, ഒരുപക്ഷേ കോടികളോ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പുനഃപരിശോധന. അത് പ്രത്യേക ജനവിഭാഗങ്ങളുടെ പൗരാവകാശം നിഷേധിക്കുന്നതിനും വ്യാപകമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയ ദേശീയ പൗരത്വ രജിസ്റ്റർ (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്-എൻആർസി) പിൻവാതിലിലൂടെ നടപ്പാക്കുന്നതിനുമുള്ള മോഡി സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്നു. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ പൗരത്വത്തെ നിരാകരിക്കുകയും അവരുടെ പൗരാവകാശങ്ങൾ ധ്വംസിക്കുകയും ലക്ഷ്യംവച്ചുള്ള വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പദ്ധതി നഖശിഖാന്തം എതിർക്കപ്പെടേണ്ടതാണ്. 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.