
നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ സുപ്രധാനമായ ചില നിയമങ്ങളും നിയമഭേദഗതികളും പരിഗണിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 2025ലെ കേരള പൊതുസേവനാവകാശ ബിൽ. തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ച ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിലെ നടപടിക്രമമനുസരിച്ച് വെളളിയാഴ്ചയാണ് സബ്ജക്ട് കമ്മിറ്റി പരിശോധനയ്ക്ക് ശേഷം ബിൽ വീണ്ടും സഭയിലെത്തുകയും പാസാക്കുകയും ചെയ്യുക. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങളും അർഹമായ ആനുകൂല്യങ്ങളും യഥാസമയം നൽകുകയെന്നത് സർക്കാർ ഓഫിസുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയരാറുള്ളതുമാണ്. പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വേതനം പറ്റി ജോലിയെടുക്കുന്ന ചില ഉദ്യോഗസ്ഥരും ജീവനക്കാരും കാട്ടുന്ന അനാസ്ഥ കാരണം യഥാസമയം സേവനവും ആനുകൂല്യങ്ങളും ലഭിക്കാതെ ജീവിതം തന്നെ വഴിമുട്ടിയ സംഭവങ്ങളും കുറവല്ല. ഈ സാഹചര്യത്തിൽ സർക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനം നൽകൽ വ്യവസ്ഥകൾ സംബന്ധിച്ച് വിവിധ ഘട്ടങ്ങളിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ കാലപരിധി നിശ്ചയിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള പൗരാവകാശ രേഖകളും പ്രസിദ്ധീകരിക്കുകയുണ്ടായി. കേന്ദ്രത്തിൽ ഒന്നാം യുപിഎ സർക്കാർ അധികാരത്തിലിരുന്ന വേളയിൽ പിന്തുണ നൽകിയിരുന്ന ഇടതുപാർട്ടികളുമായി ചേർന്ന് തയ്യാറാക്കിയ പൊതുമിനിമം പരിപാടിയിലെ ഉപാധികളിൽ ഒന്ന് എന്ന നിലയിൽ പ്രാബല്യത്തിൽ വന്ന വിവരാവകാശ നിയമവും പൊതുസേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നതായിരുന്നു.
എങ്കിലും സർക്കാർ സംവിധാനത്തിലെ വളരെ ന്യൂനപക്ഷം വരുന്ന ജീവനക്കാരുടെ ബോധപൂർവമോ അല്ലാത്തതോ ആയ ഉദാസീനതയുടെയും കൃത്യവിലോപത്തിന്റെയും ഫലമായി സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നില്ലെന്ന പരാതി തുടരുക തന്നെ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് 2012ൽ സംസ്ഥാനത്ത് സേവനാവകാശ നിയമം അംഗീകരിച്ചത്. സേവനം നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്ന പ്രവണത ഇല്ലാതാക്കുക, ഭരണ സുതാര്യത ഉറപ്പുവരുത്തുക, ഉദ്യോഗസ്ഥരിൽ ഉത്തരവാദിത്തബോധവും കാര്യക്ഷമതയും ഉണ്ടാക്കുക, സർക്കാർ സേവനങ്ങൾ ലഭിക്കുക എന്ന മൗലികാവകാശം പ്രാവർത്തികമാക്കുക എന്നിവയാണ് പ്രസ്തുത നിയമത്തിന്റെ ലക്ഷ്യമായിരുന്നത്. എന്നാൽ ആ നിയമത്തിന് പരിമിതികൾ ഏറെയായിരുന്നു. പ്രധാനമായും ഉദ്യോഗസ്ഥതലത്തിലുള്ള അപ്പീൽ സംവിധാനം സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നത് വൈകിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കി. വീഴ്ച വരുത്തുന്നവർക്കെതിരായ നടപടികളിൽ കാലതാമസത്തിനും ഒഴിവാക്കപ്പെടലിനും കാരണമാകുകയും ചെയ്തു. ഇത്തരം പശ്ചാത്തലത്തിൽ പ്രസ്തുത നിയമത്തിന്റെ ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തണമെന്ന് നിയമസഭാ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമപരിഷ്കരണ കമ്മിഷന്റെ അഭിപ്രായം തേടുകയും അവരുടെ നിർദേശാനുസരണം പ്രസ്തുത നിയമം റദ്ദ് ചെയ്ത് പുതിയ നിയമനിർമ്മാണത്തിന് തീരുമാനിക്കുകയുമായിരുന്നു. ആ നിയമമമാണ് വീണ്ടും സഭയിൽ വരുന്നത്.
നേരത്തെയുള്ള നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൈസ് ചെയ്യപ്പെട്ടതിനുശേഷമുള്ള സേവനങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഇപ്പോഴത്തെ നിയമത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ഉദ്യോഗസ്ഥതല അപ്പീൽ അധികാരങ്ങൾക്ക് പുറമേ കേരള സംസ്ഥാന സേവനാവകാശ കമ്മിഷൻ രൂപീകരിക്കുന്നു. ജില്ലാ ജഡ്ജി പദവിയിൽ നിന്ന് വിരമിക്കുകയോ കേന്ദ്ര, സംസ്ഥാന സർവീസിൽ അഡീഷണൽ സെക്രട്ടറി പദവിയിൽ കുറയാത്ത സ്ഥാനം വഹിക്കുകയോ 10 വർഷമെങ്കിലും അഭിഭാഷക പരിചയമോ ഉള്ള വ്യക്തിയാണ് കമ്മിഷനാകുന്നതിന് അർഹനായിരിക്കുക. ഈ വിധത്തിൽ ഉദ്യോഗസ്ഥതല അപ്പീൽ അധികാരസ്ഥാനങ്ങൾക്ക് മുകളിൽ ഇതരവിഭാഗത്തിൽപ്പെട്ട അപ്പീൽ സാധ്യത കൂടി ഏർപ്പെടുത്തുന്ന വിധത്തിലാണ് പുതിയ നിയമത്തിന് രൂപം നൽകിയിരിക്കുന്നത്. എന്നുമാത്രമല്ല സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാമെന്ന വ്യവസ്ഥയും നിയമത്തിലുണ്ട്. 1,000 മുതൽ 10,000 വരെ, 2,000 മുതൽ 15,000 വരെ എന്നിങ്ങനെയാണ് ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. പ്രദാനം ചെയ്യുന്ന സേവനങ്ങൾ, കാലപരിധി, നിയുക്ത ഉദ്യോഗസ്ഥർ, അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച് ഓരോ വകുപ്പ് തലവനും കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യണമെന്നും അതിൽ വീഴ്ചവരുത്തിയാൽ ശിക്ഷയ്ക്ക് വിധേയരാകേണ്ടിവരുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിധത്തിൽ നടത്തിപ്പ് കൂടുതൽ ശക്തമാക്കുകയും പൊതുജനാഭിമുഖ്യമുള്ളതാക്കുകയും ചെയ്തതാണ് പുതിയ നിയമം. സർക്കാർ സേവനം പൊതുസമൂഹത്തിൽ ആവശ്യവും അർഹവുമായിരിക്കുന്ന എല്ലാവരുടെയും അവകാശമാക്കപ്പെടുകയാണ് ഈ നിയമത്തിലൂടെ. അതുകൊണ്ടുതന്നെ 2025ലെ കേരള പൊതുസേവനാവകാശ ബിൽ നിയമനിർമ്മാണ ചരിത്രത്തിൽ വേറിട്ട അധ്യായമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.