15 December 2025, Monday

ഫാസിസം ആക്രമണം വ്യാപകമാക്കിയിരിക്കുന്നു

Janayugom Webdesk
October 22, 2023 5:00 am

1936ലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ (കോമിന്റേൺ) വാർഷിക സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ജോർജി ദിമിത്രോവ് മുന്നറിയിപ്പ് നൽകി: ‘വളരെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ വികാസത്തോടെ, ഫാസിസം വ്യാപകമായ ആക്രമണം ആരംഭിച്ചിരിക്കുന്നു’. കഴിഞ്ഞ നൂറ്റാണ്ടിന്റെ മുപ്പതുകളുടെ അവസാനം തന്നെ ഫാസിസം പിടിമുറുക്കുന്നതിന് സാക്ഷ്യംവഹിച്ചിരുന്നുവെന്നര്‍ത്ഥം. ചരിത്രം ആവർത്തിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ കോർപറേറ്റ് മേഖലയാണ് നേട്ടങ്ങൾ കൊയ്യുന്നത്. വൻലാഭം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡാനി കൽക്കരി ഇറക്കുമതിയുടെ വില അമിതമായി ഉയർത്തിയതെന്ന് ഫിനാൻഷ്യൽ ടൈംസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിപണിയിലുള്ളതിന്റെ ഇരട്ടിയിലധികം വിലയില്‍ അഞ്ച് ദശലക്ഷം ഡോളർ മൂല്യമുള്ള കൽക്കരി പിടിച്ചെടുക്കാനാണ് ലക്ഷ്യമിട്ടത്. ഈ സ്ഥാപനങ്ങളിലൊന്നിന്റെ ഉടമ ഒരു തായ്‌വാനിയും അഡാനി സ്ഥാപനങ്ങളുടെ ഓഹരിയുടമയുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും വലിയ കൽക്കരി ഇറക്കുമതിക്കാരിൽ ഒരാൾ മാത്രമല്ല, ഇന്ധനച്ചെലവ് ഉയർത്തുന്നതിലും അഡാനി പ്രധാന പങ്കുവഹിക്കുന്നുവെന്ന് ‘മൂല്യം ഇരട്ടിയാക്കിയ അഡാനി കൽക്കരി ഇറക്കുമതിയുടെ നിഗൂഢത’ എന്ന ഫിനാൻഷ്യൽ ടൈംസിലെ റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത കമ്പനിയുടെയും ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെയും ഉടമയായ ഗൗതം അഡാനിയുടെ സമ്പത്ത് കഴിഞ്ഞ 10 വർഷത്തിനിടയിൽ കുത്തനെ ഉയർന്നതിനെ പരാമർശിച്ച് ‘മോഡിയുടെ റോക്ക്ഫെല്ലർ’ എന്നാണ് അദ്ദേഹത്തെ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്.
ജനുവരിയിൽ, ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് അഡാനിയുടെ പ്രവർത്തനത്തെക്കുറിച്ചു മാത്രമല്ല, സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പോലുള്ള ഇന്ത്യയിലെ നിയന്ത്രണ സംവിധാനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ആഗോളതലത്തില്‍ ഉയരുന്നത് എന്തുകൊണ്ടാണെന്ന് സംശയമുന്നയിച്ചിരുന്നു.

 


ഇതുകൂടി വായിക്കൂ; മോഡി ഭരണത്തിന്റെ ഇരുണ്ടദിനങ്ങള്‍


പരിശോധനയിൽ നിന്ന് അഡാനി രക്ഷപ്പെടുന്നത് എളുപ്പമാക്കിയേക്കാവുന്ന തരത്തില്‍ നിയമത്തിലെ ചില മാറ്റങ്ങൾ സുപ്രീം കോടതി വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചതും പാരാമര്‍ശിക്കുന്നുണ്ട്. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളും ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട കൽക്കരി വിഷയവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) തള്ളിക്കളഞ്ഞുവെന്നാണ് അഡാനിയുടെ വാദം. ഡിആർഐ അന്വേഷണത്തില്‍ വ്യക്തമായ തീര്‍പ്പില്ലാത്തതും അഡാനിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. എട്ട് വർഷമായി അഡാനി കമ്പനിയുടെ ഇടപാടുകൾ വെളിപ്പെടുത്തുന്നതില്‍ സങ്കീർണമായ നിയന്ത്രണങ്ങളുണ്ടെന്നത് വലിയ വസ്തുതയാണ്. അതേസമയം നിയമം കോർപറേറ്റ് വിഷയങ്ങളെ കൃത്യമായി അപഗ്രഥിക്കുന്നില്ല എന്നതും സത്യമാണ്. ധനമൂലധനം ശക്തിപ്രാപിക്കുമ്പോൾ, ഫാസിസ്റ്റ് പ്രവണതകളും ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ അംശങ്ങളും വ്യാപകമായിക്കാണാം. കോർപറേറ്റ് വിഷയത്തിലേക്ക് നിയമം കര്‍ശനമായി ഇറങ്ങിച്ചെല്ലാത്തതിന്റെ കാരണമിതാണ്. അല്ലെങ്കില്‍ ഭരണപരമായ പ്രശ്‌നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ മുൻനിര കമ്പനിയായ അഡാനി ഗ്രൂപ്പ് ചെയർമാന്റെ മരുമകൾ പങ്കാളിയായ നിയമ സ്ഥാപനത്തെ ഉപയോഗിച്ചെങ്കിലും നിയമപോരാട്ടത്തിന് ഇറങ്ങുമായിരുന്നു.


ഇതുകൂടി വായിക്കൂ; ആഗോള കടബാധ്യത പുതിയ ഉയരങ്ങളിലേക്ക്


 

റിപ്പോര്‍ട്ടിനെ ‘പഴയതും അടിസ്ഥാനരഹിതവുമായ ആരോപണം’ എന്നാണ് അഡാനി വിശേഷിപ്പിച്ചത്. കൂടാതെ ലഭ്യമായ വസ്തുതകളുടെയും വിവരങ്ങളുടെയും പുനരുപയോഗവും തെറ്റായ വിവരണവുമാണ് റിപ്പോര്‍ട്ടെന്നും തള്ളിക്കളഞ്ഞു. എന്നാല്‍ ഇറക്കുമതി ചെയ്ത കൽക്കരിയുടെ വിലക്കയറ്റം, അഡാനിയെ 52 ശതമാനം ലാഭം നേടാൻ അനുവദിച്ചിട്ടുണ്ടാകാം എന്നാണ് ഫിനാൻഷ്യൽ ടൈംസ് ആരോപിക്കുന്നത്. ഇറക്കുമതി രേഖകളിലെ വിലകൾ അനുബന്ധ കയറ്റുമതി പ്രഖ്യാപനങ്ങളെക്കാൾ വളരെ കൂടുതലാണ്. 2019 ജനുവരിയിൽ, അഡാനിക്ക് വേണ്ടി ഇന്തോനേഷ്യൻ തുറമുഖമായ കാലിയോറംഗിൽ നിന്ന് പുറപ്പെട്ട 74,820 ടൺ കൽക്കരിയുടെ മൂല്യം യാത്രയ്ക്കിടെ അസാധാരണമായ ഒന്നും സംഭവിക്കാതെ തന്നെ ഇരട്ടിയായി. കയറ്റുമതി രേഖകളിൽ വില 1.9 ദശലക്ഷം ഡോളറായിരുന്നു, കൂടാതെ ഷിപ്പിങ്ങിനും ഇൻഷുറൻസിനും 42,000 ഡോളറും. വാണിജ്യ തുറമുഖമായ അഡാനിയുടെ മുന്ദ്രയിൽ എത്തിയപ്പോൾ ഇറക്കുമതി മൂല്യം 4.3 ദശലക്ഷം ഡോളറായി. അമിത ഇൻവോയ്‌സിങ് വഴി 52 ശതമാനം എന്ന അസാധാരണമായ ലാഭമാണുണ്ടാക്കിയത്. അഡാനി എന്റർപ്രൈസസിന്റെ വാർഷിക ലാഭം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാലിരട്ടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പലിശ, നികുതി, മൂല്യത്തകർച്ച, തിരിച്ചടവ് എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 120 കോടി ഡോളറാണ്. ഗ്രൂപ്പിന്റെ ഏറ്റവും പഴക്കമേറിയതും മൂല്യമുള്ളതുമായ കമ്പനിയായ അഡാനി എന്റർപ്രൈസസിന്റെ ഇടപാടുകളുടെയും ലാഭത്തിന്റെയും സിംഹഭാഗവും കൽക്കരി വിഭാഗമായ ഇന്റഗ്രേറ്റഡ് റിസോഴ്‌സ് മാനേജ്‌മെന്റിൽ നിന്നാണ് . നാല് ആഗോള ഓഫിസുകളും 19 ഇന്ത്യൻ കേന്ദ്രങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡിവിഷൻ. അതിനിടെ, ഓസ്‌ട്രേലിയന്‍ കൽക്കരി ഖനിയുമായി ബന്ധപ്പെട്ട മൂന്ന് കമ്പനികളിൽ നിന്ന് ഗൗതം അഡാനിയുടെ സഹോദരൻ രാജിവച്ചു. മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഈ രാജി, അഡാനി ഗ്രൂപ്പിന്റെ മേൽനോട്ടം വഹിക്കുന്നതിൽ റെഗുലേറ്റർമാർ പരാജയപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിടുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് സംഭവിച്ചത്. അതേസമയം, ഗ്രൂപ്പും വിനോദ് അഡാനിയും തമ്മിലുള്ള ചില ഇടപാടുകൾ ശരിയായരീതിയിലാണോ എന്ന് സെബി പരിശോധിക്കുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.