25 December 2024, Wednesday
KSFE Galaxy Chits Banner 2

വനാവകാശ നിയമവും മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വവും

Janayugom Webdesk
July 13, 2022 5:00 am

നടപ്പു പാർലമെന്റ് സമ്മേളനത്തിന്റെ പരിഗണനയ്ക്കുവരുന്ന വന സംരക്ഷണ ചട്ടം 2022 രാജ്യം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന 2006 വനാവകാശ നിയമത്തിന്റെ മരണമണിയാണ് മുഴക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെയും പാരിസ്ഥിതിക തകർച്ചയുടെയും വനഭൂമികളിൽ തലമുറകളായി ജീവിച്ചുവരുന്ന ആദിവാസി ജനവിഭാഗത്തിന്റെയും മേൽ തുടർന്നുവരുന്ന അവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിൽ അത്യന്തം വിനാശകരമായ നിയമ നിർമ്മാണ പ്രക്രിയയ്ക്കാണ് നരേന്ദ്രമോഡി സർക്കാർ ഒരുമ്പെട്ടിരിക്കുന്നത്. ഈ ചട്ടങ്ങൾക്കു നടപ്പുസമ്മേളനത്തിലോ തുടർന്നുവരുന്ന സമ്മേളനങ്ങളിലോ പാർലമെന്റിന്റെ ഇരുസഭകളും അംഗീകാരം നൽകിയാൽ അത് രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ അമൂല്യങ്ങളായ വനങ്ങളുടെയും വന്യജീവി സമ്പത്തിന്റെയും അതിൽ അധിവസിക്കുന്ന ആദിവാസിസമൂഹത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും സർവനാശത്തിനുള്ള വഴിയായിരിക്കും തുറക്കുക. നിലവിൽ പ്രാബല്യത്തിലുള്ള വനാവകാശ നിയമത്തെ ഫലത്തിൽ അസാധുവാക്കുകയും അത് വനങ്ങൾക്കു നൽകുന്ന സംരക്ഷണവും വനവാസികൾക്കു ഉറപ്പുനൽകുന്ന അവകാശങ്ങളും നിഷേധിക്കാനും വൻകിട കോര്‍പറേറ്റുകൾക്കും ഖനി മാഫിയകൾക്കും വനസമ്പത്തും വനഭൂമിയും കൊള്ളയടിക്കാനുള്ള അവസരം ലക്ഷ്യംവച്ചുള്ള നിയമനിർമ്മാണമാണത്. നിർദ്ദിഷ്ട ചട്ടഭേദഗതികൾക്കുപരി അവയുടെ സമ്പൂർണ നിരാകരണമാണ് കാലഘട്ടത്തിന്റെ ആവശ്യം. വനാവകാശനിയമം നൂറ്റാണ്ടുകളായി വനവാസികളായ ആദിവാസികൾ ഉൾപ്പെടെയുള്ളവർ നേരിട്ടുപോരുന്ന അവകാശ നിഷേധങ്ങൾക്കു അറുതിവരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആ നിയമം നിക്ഷിപ്ത വനങ്ങൾക്കു പുറമെ വന്യമൃഗ സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ തുടങ്ങി എല്ലാത്തരം വനങ്ങൾക്കും ബാധകമായ നിയമമാണ്. അത്തരം തന്ത്രപ്രധാനമായ നിയമത്തിനു നേരെയാണ് മോഡി സർക്കാർ വാളോങ്ങി നില്‍ക്കുന്നത്.


ഇതുകൂടി വായിക്കു; വ്യാപകമാകുന്ന പ്രതിസന്ധികള്‍


1980ലെ വനസംരക്ഷണ നിയമം ആദിവാസികളടക്കം വനത്തെ ആശ്രയിച്ചു നിലനിന്നുപോന്ന എല്ലാ ജൈവവൈവിധ്യത്തിന്റെയും നാശത്തിനും കാരണമായിരുന്നു. അതിനെ മറികടക്കാനും വനങ്ങളുടെയും വന്യജീവികളുടെയും ജൈവവൈവിധ്യത്തിന്റെയും തലമുറകളായി വനങ്ങളിൽ അധിവസിച്ചുപോരുന്ന ആദിവാസികളുടെയും അവകാശങ്ങൾ വലിയൊരളവ് നിയമവിധേയമാക്കുകയായിരുന്നു 2006ലെ വനാവകാശ നിയമനിർമ്മാണം. ലോകമാകെ അംഗീകരിച്ച പുത്തൻ പരിസ്ഥിതി അവബോധത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്. നിർദ്ദിഷ്ട ചട്ടമാകട്ടെ വനാവകാശനിയമം നിരോധിച്ച വെട്ടിവെളുപ്പിക്കലിന് പച്ചക്കൊടി കാട്ടുന്നു. ഒരു ഹെക്ടറിന് മേലുള്ള വനഭൂമി വെട്ടിവെളുപ്പിക്കാൻ നിലവിലുള്ള എല്ലാ തടസങ്ങളും നീക്കം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയെന്ന പരിമിതമായ നിബന്ധനകൾപോലും നീക്കംചെയ്ത്, പച്ചപ്പ് സമ്പൂർണമായും ഇല്ലാതാക്കാനുള്ള അനുമതിയാണ് ചട്ടം വ്യവസ്ഥചെയ്യുന്നത്. വനഭൂമിയുടെ വനേതര വിനിയോഗത്തിനു നേരത്തെ നിലനിന്നിരുന്ന നടപടിക്രമങ്ങൾ അപ്പാടെ ഉപേക്ഷിച്ച് വനംകൊള്ളക്കാരായ നിക്ഷിപ്ത താല്പര്യക്കാർക്കും വമ്പൻ കോർപറേറ്റുകൾക്കും ചുവപ്പുപരവതാനി വിരിക്കുകയാണ് നിർദ്ദിഷ്ട ചട്ടം. തീരുമാനങ്ങൾ എടുക്കുന്നതിൽ വനവാസികൾക്കും ജനപ്രതിനിധികൾക്കും സംസ്ഥാന സർക്കാരുകൾക്കും ഉണ്ടായിരുന്ന പരിമിത അവകാശങ്ങൾപോലും എടുത്തുകളഞ്ഞ് എല്ലാ അധികാരങ്ങളും വനവകുപ്പ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാക്കപ്പെടും.


ഇതുകൂടി വായിക്കു; ഭരണപരാജയങ്ങള്‍ക്ക് മറപിടിക്കുന്ന വിദ്യാഭ്യാസ നയം


 

എല്ലാറ്റിലും ഉപരി വനഭൂമികളിൽ അധിവസിക്കുന്ന ലക്ഷോപലക്ഷം ആദിവാസികൾക്ക് വനാവകാശനിയമം നല്കിയിരുന്ന അവകാശത്തെപ്പറ്റിയുള്ള പ്രതീക്ഷകൾപോലും അസ്തമിക്കും. നിയമം വൻതോതിലുള്ള വനനശീകരണത്തിനും വനാവകാശനിയമം തങ്ങളുടെ അവകാശങ്ങളെപ്പറ്റി നല്കിയ പ്രതീക്ഷകൾക്കുപോലും അന്ത്യം കുറിക്കും.  ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടിക്കൊണ്ടാണ് മോഡി സർക്കാർ രാജ്യത്തെ ആദിവാസി ജനവിഭാഗത്തിന്റെ അടിസ്ഥാന അവകാശധ്വംസനത്തിനു മുതിർന്നിരിക്കുന്നത്. രാജ്യത്തെ ദളിത് ജനവിഭാഗങ്ങൾക്കുനേരെ വ്യാപകമായ അതിക്രമങ്ങൾ അരങ്ങേറിയ സമയത്തായിരുന്നു രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടി പ്രതിപക്ഷ വിമർശകരെ അന്ന് പ്രതിരോധത്തിലാക്കിയത്. സമാനമായ കൗടില്യത്തിനാണ് വീണ്ടും രാജ്യം സാക്ഷ്യംവഹിക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ എന്തുകൊണ്ടും മികവുറ്റ സ്ഥാനാർത്ഥിയാണെന്നതിനു സംശയമില്ല. എന്നാൽ വിവിധ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും വൈകാരികതയെ മുതലെടുക്കാൻ തീർച്ചയായും മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തിനു കഴിയുമെന്നാണ് സംഭവഗതികൾ വ്യക്തമാക്കുന്നത്. മുർമുവിന്റെ യോഗ്യതയോ പ്രാഗൽഭ്യമോ അല്ല ബിജെപിയുടെ ലക്ഷ്യം. രാംനാഥ് കോവിന്ദിനെപ്പോലെ ഒരു പ്രതീകത്തെ ഉയർത്തിക്കാട്ടി ജനങ്ങളെയും ആദിവാസി ജനവിഭാഗങ്ങളെയും കബളിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപിയും മോഡിയും നിർദ്ദിഷ്ട വനസംരക്ഷണചട്ടത്തിലൂടെ തെളിയിക്കുകയാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.