19 January 2026, Monday

വ്യാവസായിക കുതിപ്പിനുള്ള നാല് നിർണായക നയങ്ങൾ

Janayugom Webdesk
October 17, 2025 5:00 am

കേരളത്തിന്റെ വ്യാവസായിക വികസനത്തിന് ഇടതുപക്ഷ സർക്കാരുകൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതിന്റെ തുടർച്ചയായി നിരവധി പദ്ധതികളും പ്രോത്സാഹന പരിപാടികളും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ നടത്തിവരികയാണ്. അതിന്റെ ഭാഗമായി വ്യത്യസ്ത വ്യവസായ മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന നാല് ഉപമേഖലാ നയങ്ങൾ കൂടി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക വിദ്യയും വ്യാവസായിക രംഗവും അതിന്റെ വികസന ഘട്ടത്തിൽ നിൽക്കുമ്പോൾ തന്നെ ഈ മേഖലയിൽ കുതിപ്പുണ്ടാക്കുന്നതിനുള്ള നിരവധി പദ്ധതികൾ സംസ്ഥാനത്ത് മുൻകാല കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ സർക്കാരുകൾ ആവിഷ്കരിക്കുകയുണ്ടായി. അതിൽ ഏറ്റവും നിർണായകമായത് 1969 മുതൽ സംസ്ഥാനത്തുണ്ടായിരുന്ന സി അച്യുതമേനോൻ സർക്കാരിന്റെ കാലമായിരുന്നു. സമഗ്രവികസനത്തിനും വ്യാവസായിക വളർച്ചയുടെ അടിത്തറ സൃഷ്ടിക്കുന്നതിനുമുള്ള സമൂർത്തമായ നിരവധി പദ്ധതികളാണ് അക്കാലത്തുണ്ടായത്. പ്രസ്തുത സർക്കാർ നടപ്പിലാക്കിയ സമഗ്ര ഭൂപരിഷ്കരണ നിയമം വ്യാവസായിക വളർച്ചയുമായി നേരിട്ട് ബന്ധമില്ലെന്ന് തോന്നാമെങ്കിലും ആ രംഗത്ത് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പ്രചോദനമായ നിയമനിർമ്മാണമായിരുന്നു. ലക്ഷക്കണക്കിന് പേർക്ക് ഭൂമി സ്വന്തമാകുന്നതിനുള്ള അവസരമൊരുങ്ങി എന്നതോടൊപ്പം കൂടുതൽ വ്യവസായ സംരംഭങ്ങൾ പൊതുമേഖലയിലും അല്ലാതെയും ആരംഭിക്കുന്നതിന് സർക്കാരിനും ഭൂമി ലഭ്യമാകുന്നതിന് പ്രസ്തുത നിയമനിർമ്മാണം ഇടയാക്കി. മിച്ചഭൂമിയായി സർക്കാരിലേക്ക് വന്ന സ്ഥലങ്ങളിൽ പൊതുമേഖലാ സംരംഭങ്ങളും ചെറുകിട വ്യവസായങ്ങളും ആരംഭിക്കുന്നതിന് സാധ്യമായി. വ്യവസായ എസ്റ്റേറ്റുകൾ എന്ന നവസംരംഭം തുടങ്ങുന്നതിന് സർക്കാരിനെ സഹായിച്ചത് ഇത്തരം മിച്ചഭൂമിയുടെ ലഭ്യതയായിരുന്നു. കെൽട്രോൺ ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യാരംഗത്തും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആ സർക്കാരിനായി.

പ്രസ്തുത അടിത്തറയിൽ നിന്നുകൊണ്ടാണ് പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകൾ വ്യവസായ വികസനത്തിനുളള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. 2016ൽ അധികാരത്തിലെത്തിയ മുൻ എൽഡിഎഫ് സർക്കാരും അതിന്റെ തുടർച്ചയായി 2021ൽ എത്തിയ സർക്കാരും ഈ രംഗത്ത് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. നിലവിലുള്ള എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയതിൽ സു­പ്രധാനമായിരുന്നു സംരംഭകവർഷം പദ്ധതി. മൂന്ന് ഘട്ടങ്ങളായി 2022 ഏ­പ്രി­ൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെ കാലയളവിൽ 3,53,127 പുതിയ സംരംഭങ്ങളും 22,688.47 കോടി രൂപയുടെ നിക്ഷേപവും 7,49,712 പുതിയ തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. ഇതിനുപുറമേ രജിസ്ട്രേഷൻ, വായ്പ, പ്രോത്സാഹനം എന്നിങ്ങനെ ഏത് കാര്യങ്ങളും കൂടുതൽ സു­താര്യമാക്കുന്നതിനും ചുവപ്പ് നാടയുടെ കുരുക്കുകൾ ഒഴിവാക്കുന്നതിനുമുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വ്യാവസായിക ഇടനാഴികൾ പോലെ ശൃംഖലാ കാഴ്ചപ്പാടുകളും അവതരിപ്പിച്ചു.

അടുത്ത ഘട്ടം എന്ന നിലയിലാണ് കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഹൈടെക് ഫ്രെയിംവർക്ക്, ഇഎസ്ജി എന്നീ നാല് നയങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി, സാമൂഹ്യഘടന, ഭരണ നിർവഹണം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഇഎസ്ജി നയം. സംരംഭങ്ങൾക്ക് നികുതി-വായ്പാ ഇളവുകൾ, സബ്സിഡികൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും. അഞ്ച് വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100% റീഇംബേഴ്സ്മെന്റ് നൽകും. സൗരോർജം, കാറ്റാടിപ്പാടങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ബയോമാസ് പദ്ധതികളിലും നിക്ഷേപം നടത്തും. മത്സരാധിഷ്ഠിതമായ പുതിയ കാലത്ത് വ്യവസായ സംരംഭങ്ങളുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണ് കയറ്റുമതി. അതിനുള്ള പരിഹാരമായി കയറ്റുമതി ക്രമാനുഗതമായി വർധിപ്പിക്കുന്നതിനും കേരളീയ വ്യവസായങ്ങളെ ആഗോള മൂല്യശൃംഖലകളുമായി സംയോജിപ്പിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ് കയറ്റുമതി പ്രോത്സാഹന നയം. കയറ്റുമതി 2027–28ൽ 20 ബില്യൺ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യവും ഈ നയം മുന്നോട്ടുവയ്ക്കുന്നു. വ്യവസായ മേഖലയിലെ നവീന ഉല്പാദനസ്രോതസുകളായ ബയോടെക്നോളജി, ലൈഫ് സയൻസസ്, എയ്റോസ്പേസ്, ഡിഫൻസ്, ഇലക്ട്രോണിക്സ്, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നിവയുടെ കയറ്റുമതി പ്രോത്സാഹനത്തിനും പ്രാമുഖ്യം നൽകും. കാര്യക്ഷമതയുള്ള, മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനും ഉല്പാദനം, കയറ്റുമതി, ആഭ്യന്തര വാണിജ്യം എന്നിവയെ പിന്തുണയ്ക്കുന്നതിനുമുള്ള സമഗ്രമായ ദിശാരേഖ നൽകുന്നതാണ് കേരള ലോജിസ്റ്റിക്സ് നയം 2025. സാങ്കേതികവിദ്യ, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ ഊന്നിയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായവൽക്കരണത്തിലേക്ക് മാറുകയെന്നതാണ് കേരള ഹൈടെക് ഫ്രെയിംവർക്ക് 2025 നയത്തിന്റെ ലക്ഷ്യം. ഈ വിധത്തിൽ കേരളത്തെ ആഗോളശ്രദ്ധയാകർഷിക്കുന്ന വ്യവസായ മേഖലയും തൊഴിൽ സൃഷ്ടിക്കപ്പെടുന്നതിലൂടെ ആകർഷണകേന്ദ്രവുമാക്കുന്ന നയങ്ങൾക്കാണ് സംസ്ഥാന വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുന്നത്. തീർച്ചയായും പുതിയകാല വ്യാവസായിക കുതിപ്പിന് സഹായകമാകുന്നതായിരിക്കും ഇവ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.