21 December 2024, Saturday
KSFE Galaxy Chits Banner 2

ഓണം സമൃദ്ധമാക്കാനുള്ള സർക്കാർ ഇടപെടലുകൾ

Janayugom Webdesk
August 23, 2024 5:00 am

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെങ്കിലും, എല്‍ഡിഎഫ് ഭരണത്തില്‍ സാധാരണക്കാരുടെ ഒരു കാര്യത്തിലും അത് പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ടാകാറില്ല. അതേ സമീപനമാണ് മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് വിവിധ വിഭാഗം ജനങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുന്നതിനും വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിനുള്ള ഇടപെടലിനായുള്ള സജ്ജീകരണങ്ങളും. അന്ത്യോദയ അന്ന യോജന (എഎവൈ) കാർഡ് ഉടമകൾക്ക് പതിമൂന്നിനം ഭക്ഷ്യോല്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് നൽകുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസംമിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നീ ഇനങ്ങളാണ് തുണിസഞ്ചിയിൽ വിതരണം ചെയ്യുക. ആറ് ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാക്കും. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിനായി 34.29 കോടി രൂപ മുൻകൂറായി നീക്കിവച്ചു. ഇതിന് പുറമേ സംസ്ഥാന സർക്കാർ കൈക്കൊണ്ട മറ്റൊരു സുപ്രധാന തീരുമാനമാണ് വയനാട് ഉരുൾപൊട്ടൽ ദുരിതബാധിത മേഖലകളിലെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും എന്നത്.

രാജ്യം നേരിടുന്ന ഗുരുതര വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഭയാശങ്കകൾ ഉണ്ടാക്കാറുണ്ടെങ്കിലും എല്ലാകാലത്തും അതിനെ മറികടക്കാനാകുന്നത് സംസ്ഥാന സർക്കാരിന്റെ ശക്തമായ വിപണിയിടപെടലിന്റെ ഫലമായാണ്. ഉത്സവ വേളകളിൽ വിലക്കയറ്റം സൃഷ്ടിച്ച് അമിത ലാഭമുണ്ടാക്കാനുള്ള ഇടനിലക്കാരുടെ ആഗ്രഹത്തിന്, പ്രധാനപ്പെട്ട എല്ലാ ആഘോഷവേളകളിലും പ്രത്യേക ചന്തകൾ സംഘടിപ്പിച്ചാണ് സർക്കാർ തടയിടുന്നത്. ജാതിമത ഭേദമില്ലാതെ എല്ലാ ആഘോഷങ്ങളിലും സർക്കാർ ഇത് സംഘടിപ്പിച്ചുവരുന്നുണ്ട്. അതിന്റെ ഭാഗമായി സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെ ഇത്തവണ ഓണത്തിനും വിപുലമായ സംവിധാനങ്ങൾ ഒരുക്കണമെന്നും വിവിധ വകുപ്പുകൾ തീരുമാനിച്ചിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ ഓണച്ചന്തകൾ വിപുലമായി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ആറ് മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലെെകോ മേളകൾ സംഘടിപ്പിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും മേളകളിലുണ്ടാകും. ഓണക്കാലത്ത് സപ്ലൈകോ വിപണനശാലകളിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി/സൂപ്പർമാർക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിന് പുറമേ സഹകരണ വകുപ്പിന് കീഴിലുള്ള കൺസ്യൂമർ ഫെഡ് ഒരാഴ്ച നീണ്ടുനിൽക്കുന്ന 1,500 ചന്തകൾ ഒരുക്കിയും വില കുറച്ച് സാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള അവസരമൊരുക്കുന്നുണ്ട്. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഇവിടങ്ങളിൽ സാധനങ്ങൾ ലഭ്യമാണ്. 

കൈത്തറിത്തൊഴിലാളികൾക്കും അവരുടെ സഹകരണ സംഘങ്ങൾക്കും നേട്ടമുണ്ടാക്കുന്നതിനും ഖാദി ഉല്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി റിബേറ്റ് നൽകിയുള്ള മേളകൾ സംഘടിപ്പിക്കുന്നതിനും സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
പഴം, പച്ചക്കറി ഉല്പന്നങ്ങളുടെ അമിത വിലക്കയറ്റം തടയുന്നതിന് 2,000 കർഷക ചന്തകൾ ഒരുക്കുന്നതിന് കൃഷി വകുപ്പും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നത് കഴിച്ചുള്ള ഉല്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്നാണ് പച്ചക്കറിച്ചന്തകൾ ആരംഭിക്കുക. മൊത്ത വ്യാപാര വിലയെക്കാൾ 10 ശതമാനം കൂട്ടിയാണ് പ്രാദേശിക കർഷകരിൽ നിന്ന് പഴം, പച്ചക്കറി ഉല്പന്നങ്ങൾ സംഭരിക്കുന്നത്. ജൈവ പച്ചക്കറികൾക്ക് 20 ശതമാനം വില കൂട്ടിയാണ് സംഭരിക്കുക. എല്ലാ കൃഷിഭവൻ പരിധിയിലും ഒന്ന് എന്ന തോതിൽ 1,076 ചന്തകൾ കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വിഎഫ്‍പിസികെ വഴിയും 764 വിപണികൾ ഹോർട്ടികോർപ്പ് വഴിയുമാണ് നടത്തുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം വേണ്ടെന്നുവച്ചിട്ടുണ്ട്. എങ്കിലും മലയാളികൾ ഗൃഹാതുരതയോടെ ഓണമാഘോഷിക്കുകയും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. അതിന് വിപണിയിലെ വിലക്കയറ്റം തടസമാകരുത് എന്ന് മുൻകൂട്ടി കണ്ടാണ് ഇത്തരം സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അത് സ്വാഗതാർഹമാണ്. സർക്കാരിന്റെ സാമ്പത്തിക ഞെരുക്കത്തിന്റെ ഫലമായി ഇടക്കാലത്ത് സപ്ലൈകോ ഉൾപ്പെടെയുള്ള വിപണിയിടപെടൽ സംവിധാനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. ഓണത്തിന് പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിന് നേരിയ തോതിലുള്ള സാമ്പത്തിക പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അത് എല്ലാ കാലത്തും ലഭ്യമാക്കുന്നതിനുള്ള തുടർനടപടിയും ഉണ്ടാകേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.