23 January 2026, Friday

ജിഎസ്ടി 2.0 അഥവാ വിഭ്രമത്തിന്റെ ‘ഭൂതം’

Janayugom Webdesk
September 23, 2025 5:00 am

‘കൊണ്ടുനടന്നതും നീയ്യേ ചാപ്പാ, കൊണ്ടോയ് കൊല്ലിച്ചേ നിയ്യേ ചാപ്പാ…’ എന്നത് വടക്കന്‍പാട്ടിലെ വരികളാണ്. കൊണ്ടു പോയതും നീയാണ് എന്നെ കൊല്ലിച്ചതും നീയാണ്, പിന്നെന്തുപറയാന്‍ എന്ന് ഒതേനന്‍ തന്റെ അന്തിമ നിമിഷത്തില്‍ സന്തത സഹചാരിയായ ചാപ്പനോട് പറയുന്നു. ജിഎസ്‌ടി 2.0 പ്രാബല്യത്തിൽ വരുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദം കേള്‍ക്കുമ്പോള്‍ ഒതേനന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ വരാതെ തരമില്ല. ജിഎസ്‌ടി എന്ന ചരക്ക് സേവന നികുതി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിച്ചതും ഇപ്പോള്‍ നികുതിയിളവുകള്‍ എന്ന പേരില്‍ പരിഷ്കരണം നടത്തുന്നതും മോഡി സര്‍ക്കാര്‍ തന്നെയാണ്. നവരാത്രിയുടെ ആദ്യദിനം എല്ലാവീട്ടിലും മധുരമെത്തുമെന്നും രാജ്യത്തെ സമസ്ത മേഖലയ്ക്കും നേട്ടമുണ്ടാകുമെന്നുമാണ് മോഡി ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്ന വമ്പന്‍ സ്വപ്നവും പ്രധാനമന്ത്രി പങ്കുവയ്ക്കുന്നു. അവശ്യവസ്തുക്കളുടെ വില കുറയുമെന്ന് മോഡിയോടാെപ്പം ഗോദി മീഡിയകളും കൊട്ടിഘോഷിക്കുന്നുണ്ട്. കഴിഞ്ഞ എട്ട് വർഷമായി നിത്യോപയോഗ സാധനങ്ങൾക്കുള്‍പ്പെടെ കൊള്ള നികുതി ഏർപ്പെടുത്തി ജനങ്ങളെ പിഴിഞ്ഞവര്‍ നേരിയ ചില ഇളവുകളുടെ പേരില്‍ നടത്തുന്ന ആഹ്ലാദ പ്രകടനം അവരുടെ കാപട്യം തുറന്നുകാട്ടുന്നത് മാത്രമല്ല, രാഷ്ട്രീയമായ പാപ്പരത്തം മറച്ചുവയ്ക്കാനുള്ള പുകമറ കൂടിയാണ്. നിരക്കുമാറ്റത്തിന്റെ ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ ആവശ്യമായ നടപടികളൊന്നും കേന്ദ്രം സ്വീകരിച്ചിട്ടില്ല. 2018 — 19 ലെ നിരക്ക് ഏകീകരണത്തിന്റെ നേട്ടങ്ങൾ 20 ശതമാനത്തില്‍ താഴെ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിച്ചതെന്ന് പ്രാദേശിക സർവേകൾ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ പൊള്ളയായ അവകാശവാദവും കോര്‍പറേറ്റ് മാധ്യമങ്ങളുടെ അമിതാവേശവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.

നികുതി വ്യവസ്ഥയിൽ പരിഷ്കാരം ആവശ്യമാണെന്ന നികുതി വിദഗ്ധൻ രാജൻ ചെല്ലയ്യയുടെ നിർദേശമനുസരിച്ചാണ് 1993ൽ ഏകീകൃത നികുതി ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത്. 2003ൽ വാജ്പേയ് സർക്കാർ തുടർനടപടികൾ ആരംഭിച്ചു. 2010 ഏപ്രിൽ ഒന്നിന് നിലവിൽ വരുമെന്ന് മന്ത്രി പി ചിദംബരം പ്രഖ്യാപിച്ചെങ്കിലും നടപടികൾ നീണ്ടുപോയി. 2014ല്‍ ഭരണഘടനാ ഭേദഗതിയോടെ വീണ്ടും അവതരിപ്പിച്ച ബില്‍ 2015ൽ ലോക്‌സഭയും 2016ൽ രാജ്യസഭയും പാസാക്കി. 2017 ജൂലൈ ഒന്നിന് ഔദ്യോഗികമായി ജിഎസ്‌ടി നിയമം നിലവിൽ വന്നു. ‘ഒരു ഉല്പന്നം, ഒരു നിരക്ക്’ എന്നതാണ് ജിഎസ്‌ടിയുടെ നേട്ടമായി കൊട്ടിഘോഷിച്ചത്. ‘ഒരു രാജ്യം, ഒരു നികുതി’ എന്ന അടിസ്ഥാന തത്വം നിലവില്‍ അതേപടി പാലിച്ചിട്ടില്ലെങ്കിലും സംഘ്പരിവാര്‍ ലക്ഷ്യം ആ വഴിയിലാണ്. നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വിരുദ്ധമായി സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നാണ് ജിഎസ്‌ടി കൗൺസിലിന് തുടക്കം കുറിച്ചത്. കൗൺസിലിൽ ഒരു നിർദേശം പാസാകണമെങ്കിൽ യോഗത്തില്‍ പങ്കെടുക്കുന്നവരുടെ നാലിൽ മൂന്ന് (75%) വോട്ട് വെയ്റ്റേജ് വേണം. കേന്ദ്രസർക്കാരിന്റെ വോട്ടിന് മൂന്നിലൊന്ന് (33.33%) വെയ്റ്റേജ് ലഭിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും വോട്ടുകള്‍ ചേർന്നാല്‍ മുന്നിൽ രണ്ട് (66.67%) വെയ്‌റ്റേജ് മാത്രമേയുള്ളൂ. അതായത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര നിർദേശത്തിനെതിരെ വോട്ട് ചെയ്‌താലും 75% ആവില്ല. അതുകൊണ്ട് കേന്ദ്ര തീരുമാനം തന്നെയാണ് ജി എസ്‌ടി നിര്‍ദേശമായി വരിക. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ജിഎസ്‌ടി പിരിവ് ഇരട്ടിയായെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക ഭാഷ്യം. ശരാശരി പ്രതിമാസ പിരിവ് രണ്ട് ലക്ഷം കോടിക്ക് മുകളിലാണ്. അതായത് എട്ട് വര്‍ഷം കൊണ്ട് കേന്ദ്രം പിഴിഞ്ഞെടുത്തത് 180 ലക്ഷം കോടിയോളം വരും. കഴിഞ്ഞമാസം മാത്രം ഈയിനത്തിൽ കേന്ദ്രസർക്കാരിന് ലഭിച്ചത് 1.86 ലക്ഷം കോടി രൂപയെന്നാണ് കണക്ക്. ഓഗസ്റ്റിൽ 2,723 കോടി രൂപയാണ് ജിഎസ്‌ടിയായി കേരളത്തില്‍ നിന്ന് പിരിച്ചത്. സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കയ്യിട്ട് വാരുന്ന കേന്ദ്രത്തിന് പക്ഷേ, സംസ്ഥാനങ്ങളുടെ വരുമാനനഷ്ടത്തെക്കുറിച്ച് മിണ്ടാട്ടമില്ല. ബിജെപി ഭരണ സംസ്ഥാനങ്ങൾ പോലും ഇക്കാര്യത്തില്‍ കടുത്ത അതൃപ്‌തിയിലാണ്.

നിലവിലെ വിലക്കുറവ് ഫലത്തിൽ സാധാരണക്കാരന്റെ കീശയിൽ കയ്യിട്ട് കോർപറേറ്റുകൾക്ക് ലാഭം കൊയ്യാനുള്ള അവസരമാവും. കാരണം ഇന്ത്യൻ കമ്പോളം കുത്തകകളുടെ നിയന്ത്രണത്തിലാണ്. ഉപയോക്താവിന് എന്ത് ഇളവ് നൽകണമെന്ന് തന്നിഷ്ടപ്രകാരം തീരുമാനിക്കാൻ അവര്‍ക്ക് കഴിയും. 2017ൽ ജിഎസ്‌ടി നടപ്പിലാക്കിയപ്പോഴും ഏകീകൃത നികുതി സമ്പ്രദായത്തിന്റെ നേട്ടം ഗുണഭോക്താക്കളിലെത്താതെ കമ്പനികൾ സ്വന്തം പോക്കറ്റിലേക്ക് ചേർക്കുകയായിരുന്നു. പുതിയ നികുതി പരിഷ്കരണത്തിലും സാധനങ്ങൾക്ക് വില കൂട്ടരുതെന്ന കർശന നിർദേശം പോലും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടില്ല. എട്ട് വര്‍ഷം മുമ്പ് നികുതിഭാരം കുറയ്ക്കുമെന്ന വ്യാജ പ്രചരണത്തിലൂടെ, അശാസ്ത്രീയമായി നടപ്പാക്കിയ ജിഎസ്‌ടിയാണ് അതേ ‘ഭാരക്കുറവ്’ ചൂണ്ടിക്കാട്ടി അതേ സര്‍ക്കാര്‍ ഇപ്പോള്‍ പരിഷ്കരിക്കുന്നത്. അപ്പോള്‍ ഇത്രയും കാലം അമിത നികുതിയാണോ സാധാരണക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. അങ്ങനെയെങ്കില്‍ ആ ഭാരം ജനങ്ങളെ ഏല്പിച്ചത് ഇതേ ഭരണകൂടം തന്നെയാണല്ലോ. ‘വോട്ട് ചോരി‘യും വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണമെന്ന അട്ടിമറിയും പുറത്തായപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ തുറന്നുവിട്ട ഭൂതം മാത്രമാണ് ജിഎസ്‌ടി പരിഷ്കരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.