ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പിന്നിട്ടതോടെ പ്രചരണത്തിന്റെ ദിശാമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വരുത്തിയ മാറ്റം ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പുഫലത്തെ നിർണായകമായി സ്വാധീനിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ആദിവാസി, ദളിത്, പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചുപോന്നിരുന്ന സംവരണത്തെ ബിജെപിയും അവരുടെ പ്രത്യയശാസ്ത്ര സ്രോതസായ ആർഎസ്എസും ഇതര തീവ്ര ഹിന്ദുത്വ ശക്തികളും പരമ്പരാഗതമായി എതിർത്തുപോന്നിരുന്നു. ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട കോൺഗ്രസടക്കം മിക്ക പ്രതിപക്ഷ പാർട്ടികളും ജാതി സെൻസസിന്റെ ആവശ്യകത കൂടി ഉന്നയിച്ചതോടെ സവർണ വിഭാഗങ്ങൾ മേധാവിത്തം പുലർത്തുന്ന സംഘ്പരിവാർ അതിനെ പ്രതിരോധിക്കാനും കടന്നാക്രമിക്കാനും മടിച്ചുനിന്നില്ല. എന്നാൽ, ഒന്നാംഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം പ്രതീക്ഷയ്ക്ക് വിപരീതമായി ഇടിഞ്ഞതോടെ വോട്ടർമാരിൽ വിഭാഗീയ വിദ്വേഷം വളർത്തി അവരെ ഭിന്നിപ്പിക്കുകയാണ് പ്രതിവിധി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രചരണതന്ത്രത്തിൽ വർഗീയത ആളിക്കത്തിക്കാൻ മോഡിയും കൂട്ടരും നിർബന്ധിതമായത്. ആദിവാസി, ദളിത്, പിന്നാക്ക സംവരണത്തിന്റെ സംരക്ഷകന്റെ പുതുവേഷത്തിലാണ് പിന്നീടങ്ങോട്ട് പ്രചരണത്തിലുടനീളം മോഡി പ്രത്യക്ഷപ്പെട്ടത്. അവിചാരിതമായി അതുസൃഷ്ടിച്ച പ്രത്യാഘാതത്തെ ഹിന്ദി ഹൃദയഭൂമിയിലും വിശിഷ്യ, ബിഹാറിലും മറികടക്കാനാവാത്ത ധർമ്മസങ്കടത്തിലാണ് താഴേത്തലങ്ങളിൽ പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുത്തലാഖിന്റെയും ഏകീകൃത സിവിൽ കോഡിന്റെയും പേരിൽ മുസ്ലിങ്ങൾക്കിടയിൽ ഉത്തരേന്ത്യയിൽ പൊതുവിലും, ബിഹാറിൽ പ്രത്യേകിച്ചും, ജാതിശ്രേണിയിൽ പിന്തള്ളപ്പെട്ട പസ്മന്ത മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്വാധീനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കാണ് മോഡിയുടെ വിദ്വേഷ പ്രസംഗങ്ങൾ തിരിച്ചടിയായി മാറിയിരിക്കുന്നത്. ഇത് ഇന്ത്യ സഖ്യത്തിന് പൊതുവിലും സഖ്യത്തിന്റെ ഭാഗമായ സിപിഐ, സിപിഐ (എം), സിപിഐ (എംഎൽ) എന്നീ ഇടത് പാർട്ടികളുടെയും ഭാഗധേയത്തെ നിർണായകമായും സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നും, തുടർന്നും പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ പസ്മന്ത മുസ്ലിം ഗ്രാമങ്ങളിൽ പ്രചരണ പ്രവർത്തനങ്ങൾക്കുപോലും പ്രവേശിക്കാനാവാത്ത ചെറുത്തുനില്പാണ് ബിജെപി ന്യുനപക്ഷ സെൽ പ്രവർത്തകർ നേരിടുന്നത്. ബിജെപിയുടെ പ്രലോഭനങ്ങളിൽ പെട്ട് ആ പാർട്ടിയുടെ ന്യൂനപക്ഷസെൽ പ്രവർത്തനങ്ങളിൽ സജീവമായ നൂറുകണക്കിന് മുസ്ലിം/പസ്മന്ത നേതാക്കളും പ്രവർത്തകരുമാണ് ധർമ്മസങ്കടത്തിലായിരിക്കുന്നത്. ബിഹാറിലടക്കം വിവിധ സംസ്ഥാനങ്ങളിൽ സംവരണാനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റ് പിന്നാക്ക സമുദായങ്ങളിലും (ഒബിസി), അതീവ പിന്നാക്ക സമുദായങ്ങളിലും (ഇബിസി) പെട്ട മുസ്ലിം ജനവിഭാഗങ്ങൾ അവ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. മോഡിയുടെ പ്രസംഗത്തിൽ പ്രകടമായ മുസ്ലിം വിരുദ്ധതയും കടുത്ത പരിഹാസവും അവരെ രോഷാകുലരാക്കിയിരിക്കുന്നു. ഉത്തർപ്രദേശിൽ പലയിടങ്ങളിലും മുസ്ലിം വോട്ടർമാരെ പോളിങ് ബൂത്തുകളിൽനിന്നും തല്ലിയോടിച്ച വാർത്തകളും തങ്ങളുടെ പൗരാവകാശംപോലും നിഷേധിക്കാനുള്ള ശ്രമമായാണ് പസ്മന്തകൾ കാണുന്നത്. പസ്മന്തകൾ ബിഹാറിലെ മുസ്ലിം ജനസംഖ്യയുടെ 72 ശതമാനത്തിലധികം വരും. അവരിൽ 29.9 ശതമാനവും അതീവ പിന്നാക്കക്കാരാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ 17.7 ശതമാനം മുസ്ലിങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സഖ്യകക്ഷികൾക്ക് മുസ്ലിം സമുദായത്തിനുമേലുള്ള സ്വാധീനം തകർക്കാനുള്ള ബിജെപി തന്ത്രത്തിൽ പസ്മന്തകൾക്കുള്ള സ്ഥാനം വ്യക്തമാണ്. മോഡിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിലെ മലക്കംമറിച്ചിൽ ബിജെപിയുടെ കണക്കുകൂട്ടലുകളെ തകിടംമറിച്ചിരിക്കുന്നു. പസ്മന്ത മുസ്ലിങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ മുതലെടുത്ത് അവരുടെ സംരക്ഷകരായി സ്വയം അവരോധിക്കാനുള്ള മോഡിയുടെയും ബിജെപിയുടെയും ദീർഘകാലമായുള്ള ശ്രമങ്ങളാണ് പൊടുന്നനെ നിലംപൊത്തിയത്. അത് ഇന്ത്യ സഖ്യകക്ഷികൾക്ക് ഈ തെരഞ്ഞെടുപ്പിൽ അനുകൂലമായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ, ആ ജനവിഭാഗത്തിന്റെ വിശ്വാസമാർജിക്കുകയും അവരെ പുരോഗതിയുടെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും പക്ഷത്ത് ഉറപ്പിച്ചുനിർത്തുകയും ചെയ്യുകയെന്നത് ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു.
മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കടുത്ത പിന്നാക്കാവസ്ഥയുടെ ചിത്രം രാജ്യത്തിന് മുന്നിൽ (വിരമിച്ച) ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി വരച്ചുകാട്ടുന്നുണ്ട്. ബിഹാർ ഉൾപ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഈ ജനതയുടെ ജീവിതാവസ്ഥ ആദിവാസി, ദളിത് ജനവിഭാഗങ്ങളുടേതിനെക്കാൾ ദാരുണമാണ്. ജനസംഖ്യക്കനുസരിച്ച് അവർക്ക് വിദ്യാഭ്യാസം, ഉദ്യോഗം, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ രംഗങ്ങളിൽ ഉയര്‍ച്ചയില്ലെന്ന് മാത്രമല്ല, അവയ്ക്ക് പരിഹാരം കാണാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ യാതൊന്നും നടന്ന് കാണുന്നുമില്ല. ഇവിടെ പരാമർശവിധേയമായ ബിഹാറിൽ ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പസ്മന്തകൾക്കിടയിൽ നിന്നും ഒരു സ്ഥാനാർത്ഥിപോലും ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ പട്ടികയിൽപോലും ഉൾപ്പെട്ടിട്ടില്ല. ജനാധിപത്യവും മതനിരപേക്ഷതയും സാമ്പത്തിക‑സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ശക്തികൾക്ക് ഈ യാഥാർത്ഥ്യത്തെ അവഗണിച്ച് ഇനി ഏറെ മുന്നോട്ട് പോകാനാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.