17 November 2024, Sunday
KSFE Galaxy Chits Banner 2

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ്

Janayugom Webdesk
May 19, 2023 5:00 am

ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെ നടന്ന അതിക്രമങ്ങളില്‍ ഏറ്റവുമധികം ഞെട്ടലുണ്ടാക്കിയതായിരുന്നു കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ കൊലപാതകം. ചികിത്സയ്ക്കെത്തിച്ച സന്ദീപ് എന്നയാളുടെ കുത്തേറ്റാണ് കഴിഞ്ഞ പത്തിന് പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ വന്ദന കൊല്ലപ്പെടുന്നത്. ഈ സംഭവത്തിന് മുമ്പും പിന്നീടുമായി ഏതാനും അക്രമ സംഭവങ്ങള്‍ കൂടി ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കുനേരെയുമുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളുടെയും ജീവനക്കാരുടെയും സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു, പ്രത്യേകിച്ച് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഭാഗത്തുനിന്ന്. നേരത്തെ തന്നെ ഈ ആവശ്യം സജീവമായി നിലനില്‍ക്കുകയായിരുന്നു. ഇടയ്ക്കിടെ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ഒടുവില്‍ ഡോ. വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ശനമായ നിയമനിര്‍മ്മാണം വേണമെന്ന ആവശ്യത്തിന് ശക്തിയേറി. 2012ല്‍ അംഗീകരിച്ച കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്നായിരുന്നു ആവശ്യം. അപൂര്‍വമായ അക്രമ സംഭവങ്ങളുടെ സാഹചര്യത്തിലായിരുന്നു 2012ല്‍ ഈ നിയമം അംഗീകരിച്ചത്.


ഇത് കൂടി വായിക്കൂ: പ്രതിപക്ഷനേതാവും കെ സുധാകരനും മറന്നുപോയത്‌ | Janayugom Editorial


എങ്കിലും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയമം നടപ്പിലായ 2012 മുതല്‍ 16 വരെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുനേരെയുണ്ടായ അക്രമത്തിന്റെ പേരില്‍ എട്ടും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമമുണ്ടായതിന്റെ പേരില്‍ 50 കേസുകളുമാണുണ്ടായത്. 2016 മുതല്‍ 2021വരെയുള്ള അഞ്ചുവര്‍ഷത്തിനിടെ ആശുപത്രികള്‍ക്കുനേരെ നടന്ന അക്രമങ്ങളുടെ പേരില്‍ 2012ലെ നിയമമനുസരിച്ച് 31 കേസുകളുണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമമടക്കം ഇക്കാലയളവില്‍ 220 കേസുകളാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയുണ്ടായ അക്രമങ്ങള്‍ 249 ആയി. 2012ലെ നിയമം ഉണ്ടായിട്ടുപോലും അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതിനാലാണ് കൂടുതല്‍ കര്‍ശനമായ നിയമം അനിവാര്യമാണെന്ന ആവശ്യം എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് 2012 ലെ നിയമം കൂടുതല്‍ കര്‍ശനമാക്കിയുള്ള നിയമഭേദഗതിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്കിയിരിക്കുന്നത്. അക്രമികള്‍ക്ക് കൂടുതല്‍ കര്‍ശനമായ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമഭേദഗതി. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാലുള്ള ശിക്ഷ ഏഴുവര്‍ഷം വരെയാക്കി ഉയര്‍ത്തി. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. സ്ഥാപനങ്ങള്‍ ആക്രമിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറ് മാസം മുതല്‍ അഞ്ച് വർഷം വരെ തടവും അരലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന വ്യവസ്ഥകളുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർ, നഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിങ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവര്‍ക്കാണ് നിയമപരിരക്ഷ ഉണ്ടായിരുന്നതെങ്കില്‍ ആരോഗ്യ രക്ഷാസ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ള പാരാമെഡിക്കൽ ജീവനക്കാർ, സുരക്ഷാ ജീവനക്കാര്‍, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും ഭേദഗതിയില്‍ ഉള്‍പ്പെടും. നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം, കേസന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കണം, സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യൽ കോടതിയായി നിയോഗിക്കും തുടങ്ങിയ വ്യവസ്ഥകളുമുള്‍ക്കൊള്ളിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. മുകളില്‍ സൂചിപ്പിച്ച ആക്രമണങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ് എന്നതുകൊണ്ടുതന്നെ കര്‍ശനമായ വ്യവസ്ഥകളോടുകൂടി രൂപം നല്‍കിയ ഓര്‍ഡിനന്‍സ് സര്‍വാത്മനാ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ നിയമം ദുരുപയോഗം ചെയ്യാതിരിക്കുവാനുള്ള നിതാന്ത ജാഗ്രതയും അത്യാവശ്യമാണ്. ആരോഗ്യ സംരക്ഷണം വലിയ പ്രാധാന്യത്തോടെ കാണുന്ന സമൂഹമാണ് കേരളത്തിലുള്ളത്. ചെറിയ അസുഖങ്ങള്‍ക്കു പോലും വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സ തേടുന്നവര്‍ കൂടുതലുമാണ്. ഇക്കാരണത്താല്‍ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുതലുമായിരിക്കും.


ഇത് കൂടി വായിക്കൂ: ആംആദ്മി പാര്‍ട്ടിയെന്ന രാഷ്ട്രീയ കപടനാട്യം | Janayugom Editorial


അവരില്‍ പല സ്വഭാവത്തിലുള്ളവരുണ്ടാകുമെന്നതും ശരിയാണ്. പക്ഷേ, ആശുപത്രി അധികൃതരുടെയോ ജീവനക്കാരുടെയോ വീഴ്ചകള്‍ സംബന്ധിച്ച പരാതികള്‍ പോലും ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ദുര്‍വ്യാഖ്യാനത്തിന് ഇടയാക്കുമെന്ന സംശയം അസ്ഥാനത്തല്ല, പ്രത്യേകിച്ച് സര്‍ക്കാരിനൊപ്പം വാണിജ്യ താല്പര്യമുള്ളവര്‍ ലാഭക്കൊതിയോടെ പ്രവര്‍ത്തിക്കുന്ന രംഗം കൂടിയാണ് ആരോഗ്യ മേഖല എന്നതുകൊണ്ട്. ദുരുപയോഗം എത്രത്തോളമായിരിക്കുമെന്നത് നിയമത്തിന്റെ പ്രായോഗിക തലത്തില്‍ മാത്രമേ പൂര്‍ണമായും വ്യക്തമാകൂ. അതുകൊണ്ടുതന്നെ നിയമത്തിന്റെ പ്രായോഗികതലത്തില്‍ വളരെയധികം സൂക്ഷ്മത ആവശ്യമാണ്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.