
ജൂലൈ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന പരിഗണനയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മെയില്‍, എക്സ്പ്രസ് ട്രെയിനുകളിൽ എയർകണ്ടീഷൻ ചെയ്യാത്ത സാധാരണ കോച്ചുകളിൽ കിലോമീറ്ററിന് ഒരു പൈസ നിരക്കിലും എസി കോച്ചുകളിൽ രണ്ടുപൈസ നിരക്കിലുമായിരിക്കുമത്രേ വർധന. 500 കിലോമീറ്ററിൽ അധികരിക്കുന്ന ഓർഡിനറി സെക്കൻഡ് ക്ലാസ് യാത്രാനിരക്കിൽ കിലോമീറ്ററിന് 0.5 പൈസയുടെ വർധനവ് ഉണ്ടാകുമെന്നും വാർത്ത സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ടിക്കറ്റ് നിരക്കിൽ വരുന്ന ആദ്യത്തെ വർധനവായിരിക്കും ഇതെന്നും വാർത്തയിൽ പറയുന്നുണ്ട്. നിർദിഷ്ട നിരക്കുവർധന വഴി 1,500–1,600 കോടി രൂപയുടെ അധിക വരുമാനമാണ് ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നത്. 2024–25 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കുകൂട്ടലിൽ യാത്രാക്കൂലി ഇനത്തിൽ പ്രതീക്ഷിച്ചിരുന്ന 80,000 കോടി രൂപയുടെ സ്ഥാനത്ത് 75,457 രൂപ വരുമാനമേ ലഭിച്ചിരുന്നുള്ളു. ചരക്കുനീക്കത്തിൽ 26 ദശലക്ഷം ടൺ വർധനവുണ്ടായെങ്കിലും അതുവഴിയുള്ള വരുമാനവർധന നാമമാത്രമായിരുന്നുവെന്നും ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ടിക്കറ്റ് നിരക്കിലും ചരക്കുനീക്ക വരുമാനത്തിലും വർധനവ് വരുത്തിയാലേ നഷ്ടംകൂടാതെ മുന്നോട്ടുപോകാനാവു എന്നതാണ് യാത്രാനിരക്ക് വർധിപ്പിക്കുന്നതിനുള്ള ന്യായീകരണമായി റെയിൽവേ വൃത്തങ്ങൾ നിരത്തുന്നത്. ഇന്ത്യൻ റെയിൽവേയിൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ ആസ്തികൾ, അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന സ്വകാര്യവല്‍ക്കരണത്തിലൂടെ ഉണ്ടായ ലാഭനഷ്ടങ്ങളുടെ കണക്കുകൾ ദുരൂഹമായി തുടരവേയാണ് ഏറ്റവും സാധാരണക്കാരായ യാത്രികരുടെമേൽ അധികഭാരം അടിച്ചേല്പിക്കാനുള്ള നീക്കം. കോവിഡ് മഹാമാരിയുടെ പേരിൽ 2020 മാർച്ച് 20ന്, 60 വയസ് പിന്നിട്ട യാത്രികർക്ക് യാത്രാനിരക്കിൽ ലഭ്യമായിരുന്ന സൗജന്യങ്ങൾ പിൻവലിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു. അതുവഴി റെയിൽവേ 8,931 കോടി രൂപ അധിക വരുമാനം സമാഹരിച്ചതായി വിവരാവകാശരേഖ വെളിപ്പെടുത്തുന്നു. ഈദൃശ വസ്തുതകളുടെ വെളിച്ചത്തിൽ വേണം നിർദിഷ്ട നിരക്കുവർധന വിലയിരുത്തപ്പെടാൻ.
2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ 715 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ യാത്രചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ കേവലം 81 കോടി മാത്രമാണ് എസി, സ്ലീപ്പർ ക്ലാസ് യാത്രക്കാർ. ബാക്കിവരുന്ന 634 കോടിയും അൺറിസർവ്ഡ് യാത്രക്കാരാണ്. തൊഴിലടക്കം ജീവിതായോധന ലക്ഷ്യങ്ങളിലേക്കുള്ള ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരുമായ യാത്രികരാണ് ഇവരിൽ സിംഹഭാഗവും. അവരെയാണ് നിർദിഷ്ട നിരക്കുവർധന ലക്ഷ്യമിടുന്നത്. ഇവർക്ക് ഏറ്റവും പരിമിതവും ന്യായവുമായ യാത്രാസൗകര്യം പോലും ഒരുക്കിനൽകാതെയും വന്ദേഭാരത് പോലെയുള്ള താരതമ്യേന ആഡംബര ട്രെയിനുകളുടെ പേരിൽ യാത്രാസമയം പോലും പാലിക്കാതെയും ഓടുന്ന ട്രെയിനുകളിലെ യാത്രികരിൽനിന്നും ഇനിയും നിരക്ക് വർധിപ്പിക്കുന്നത് ‘പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന’ ക്രൂരതയാണ്. പണം ചെലവഴിച്ച് സുഖകരമായി യാത്രചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും അതിന് ശേഷിയുള്ളവരുമായ ഒരു ന്യൂനപക്ഷം രാജ്യത്തുണ്ട്. ആ സൗകര്യങ്ങൾ അവർക്ക് ലഭ്യമാക്കുന്നതിനെ ആരും എതിർക്കുന്നുമില്ല. എന്നാൽ അത് ഭൂരിപക്ഷത്തിന്റെ ചെലവിലും അവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടും ആയിക്കൂടാ. റെയില്‍പ്പാതകളടക്കം അടിസ്ഥാന സൗകര്യങ്ങളിൽ ആവശ്യമായ വർധനവും മഹാഭൂരിപക്ഷം യാത്രികരും ഉപയോഗിക്കുന്ന കോച്ചുകളുടെയോ സീറ്റുകളുടെയോ ആവശ്യമായ വർധനവോ അവയെ ‘കന്നുകാലി ക്ലാസ്’ അവസ്ഥയിൽനിന്നും മനുഷ്യോപയോഗ നിലവാരത്തിലേക്ക് ഉയർത്തുകയോ ചെയ്യാനും യാതൊരു ശ്രമവും റെയില്‍വേയുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. തൊഴിലടക്കം ദൈനംദിന ജീവിതാവശ്യങ്ങൾക്കായി യാത്രചെയ്യുന്നവരെ കന്നുകാലികളെപ്പോലെ കുത്തിനിറച്ചാണ് പാസഞ്ചർ ട്രെയിനുകൾ ഏതാണ്ടെല്ലാം ഓടുന്നത്. സമീപകാലത്ത് നിറഞ്ഞുകവിഞ്ഞോടിയ മുംബൈ സബർബൻ ട്രെയിനിന്റെ വാതിലിൽ തൂങ്ങി യാത്രചെയ്ത നാലുപേരുടെ ജീവനെടുത്ത സംഭവം ഇന്ത്യൻ റെയിൽവേയുടെ വികൃതമുഖമാണ് തുറന്നുകാട്ടുന്നത്. റെയിൽവേ അപകട പരമ്പരകളുടെ പശ്ചാത്തലത്തിൽ പോലും യാത്രാ സുരക്ഷിതത്വം ഉറപ്പുവരുത്താൻ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്നും മോഡി സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.
സ്വാതന്ത്ര്യപൂർവ ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിലും ജനാധിപത്യ, സ്ഥിതിസമത്വ അവബോധത്തിന്റെ വളർച്ചയിലും നിർണായക പങ്കുവഹിച്ച ഒരു ബൃഹദ് രക്തധമനീ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. മോഡി ഭരണത്തിൽ അത് ജനങ്ങളെ വിഭജിക്കാനും വിവേചനത്തിനുമുള്ള ഉപകരണമായി മാറുകയാണ്. കാലാനുസൃതം മെച്ചപ്പെട്ട സൗകര്യങ്ങളും വേഗതയുമുള്ള റെയിൽവേ സംവിധാനം രാഷ്ട്രത്തിന്റെ പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും അനിവാര്യം തന്നെ. എന്നാൽ അത് മഹാഭൂരിപക്ഷത്തിന്റെ ചെലവിലും അവർക്കെതിരായ വിവേചനത്തിന്റെയും ചൂഷണത്തിന്റെയും ഉപാധിയുമായിക്കൂടാ. യാത്രാസ്വാതന്ത്ര്യം ഒരു അടിസ്ഥാന സാർവലൗകിക മനുഷ്യാവകാശമാണ്. അത് പൗരന്മാർക്ക് ഉറപ്പുനൽകേണ്ടത് ഏതൊരു ജനാധിപത്യ ഭരണകൂടത്തിന്റെയും കടമയും ഉത്തരവാദിത്തവുമാണ്. അടിസ്ഥാന സൗകര്യങ്ങളും സമയക്രമവും സുരക്ഷിതത്വവും ഉറപ്പുവരുത്താതെയും ക്ഷേമരാഷ്ട്ര തത്വങ്ങൾ കാറ്റില്‍പ്പറത്തിയും ഏകപക്ഷീയമായി റെയിൽ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള കേന്ദ്രനീക്കം ജനദ്രോഹമാണ്. സർക്കാർ ആ നീക്കത്തിൽനിന്നും പിന്മാറണം. സർക്കാരിന്റെ ജനദ്രോഹനീക്കത്തെ ചെറുക്കാൻ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കൈകോർക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.