16 January 2026, Friday

യുഎസിനെ തള്ളി ഇന്ത്യ പരമാധികാരം ഉറപ്പാക്കണം

Janayugom Webdesk
August 6, 2025 5:00 am

ലോകം നിലനിൽക്കുന്നത് പരസ്പരാശ്രിതത്വത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മാനവിക സൗഹൃദത്തിനൊപ്പം വ്യാപാരബന്ധവും രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്നുണ്ട്. എങ്കിലും യുദ്ധങ്ങളിലൂടെയും കടന്നുകയറ്റങ്ങളിലൂടെയും മാനവിക സൗഹൃദത്തിന് പോറലേല്പിക്കുവാനുള്ള ശ്രമങ്ങൾ കാലങ്ങളായി നടന്നുവരുന്നു. ഇതാകട്ടെ ലാഭേച്ഛയുടെ അടിസ്ഥാനത്തിലുമാണ്. അതിന്റെ ഇരട്ടസഹോദരനെ പോലെ വ്യാപാരബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമങ്ങളും നടക്കാറുണ്ട്. ഈ വർഷം ആദ്യം യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ രണ്ടാം തവണ അധികാരത്തിലെത്തിയപ്പോൾ യുദ്ധത്തിനൊപ്പം വ്യാപാരബന്ധങ്ങൾ വഷളാക്കിയുള്ള അധിനിവേശ നീക്കങ്ങളും ശക്തിപ്പെടുത്തി. രാജ്യങ്ങളെ വരുതിയിൽ നിർത്തുകയും തങ്ങളുടെ വ്യാപാര സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുകയെന്ന അപരിഷ്കൃത സമീപനത്തിന്റെ ഭാഗം തന്നെയാണ് ട്രംപിന്റെ ഈ നടപടികളും. വ്യാപാര കരാറുകളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും സമ്മതിക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയിൽ ചെയ്യുകയുമെന്ന എല്ലാ കുതന്ത്രങ്ങളും ഇതിനായി ട്രംപ് പ്രയോഗിക്കുന്നുണ്ട്. പകരച്ചുങ്കമേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ശക്തിയേറെയില്ലാത്ത രാജ്യങ്ങൾ ഭീഷണിക്ക് വഴങ്ങുമെന്ന നിലയുണ്ടായെങ്കിലും സാമ്പത്തികശേഷിയിലും ജനസംഖ്യയിലും വൻരാജ്യങ്ങളെന്ന പട്ടികയിൽ ഉൾപ്പെടുത്താവുന്ന പലരും ഭീഷണിക്ക് വഴങ്ങാതെവന്നപ്പോൾ ആലോചിച്ച് തീരുമാനമെടുക്കാനെന്ന പേരിൽ മൂന്ന് മാസത്തെ അധികസമയം നൽകുകയാണ് ചെയ്തത്. അങ്ങനെ ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിലാകുന്ന തീരുവാനിരക്കും അദ്ദേഹം പ്രഖ്യാപിച്ചു. തനിക്ക് ഇഷ്ടമില്ലാത്തതും അനുസരിക്കാത്തതുമായ രാജ്യങ്ങൾക്ക് വൻതോതിലും മറ്റുള്ളവയ്ക്ക് തോന്നിയ നിരക്കിലും തീരുവ നിശ്ചയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് തെരുവ് ചട്ടമ്പിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. 

ഇന്ത്യയുടെ കാര്യമെടുത്താൽ 25% തീരുവ എർപ്പെടുത്തുന്നതിന് പുറമേ റഷ്യയുമായുള്ള എണ്ണ വ്യാപാര കരാറിന് ശിക്ഷാ നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. റഷ്യ ഉൾപ്പെടെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങളെ നിർണയിക്കുന്നതിനുള്ള അതിരുകവിഞ്ഞ അവകാശം ഏറ്റെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പുതിയ നടപടികളിലൂടെ സാമ്പത്തിക ബലപ്രയോഗമാണ് ട്രംപ് നടത്തുന്നത്. ഇത്തരം നടപടികൾ ആഗോള നയങ്ങൾക്ക് വിരുദ്ധവും കുറ്റകരവുമാണ്. ഇതരരാജ്യങ്ങളുടെ സാമ്പത്തിക, വിദേശനയങ്ങൾ എന്തായിരിക്കണമെന്ന് നിർദേശിക്കുന്നതിലൂടെ പരമാധികാരത്തെയും സ്വയംഭരണാവകാശത്തെയുമാണ് ട്രംപ് ചോദ്യം ചെയ്യുന്നത്. തന്നെ അധികാരത്തിലെത്തിക്കുന്നതിന് സഹായിച്ച കോർപറേറ്റുകൾക്ക് ലോകവ്യാപക വിപണി തുറന്നുകിട്ടുന്നതിന് തീരുവയെ ആയുധമാക്കുകയാണ് അദ്ദേഹം. തന്റെ രാജ്യത്തിന്റെയും പാശ്ചാത്യ സഖ്യരാഷ്ട്രങ്ങളുടെയും സാമ്പത്തിക സാമൂഹ്യ താല്പര്യങ്ങൾ നടപ്പിലാക്കുകയും അതിലൂടെ പുതിയ അധിനിവേശം യാഥാർത്ഥ്യമാക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്. യുദ്ധത്തിലൂടെയുണ്ടാകുന്നതിനെക്കാൾ കടുത്ത അധിനിവേശമാണ് ഇതിലൂടെ ഉണ്ടാകുവാൻ പോകുന്നത്. 

നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പ് ഉന്നയിക്കുന്നതിനുപകരം ദുര്‍ ബലപ്രതികരണമാണ് നടത്തുന്നത്. അടുത്തിടെയുണ്ടായ ഇന്ത്യ — യുകെ സാമ്പത്തിക വ്യാപാര കരാറിലും ഈ വിധേയത്വം ദൃശ്യമായതാണ്. ഈ നിലപാട് ഇന്ത്യയെ യുഎസിന് കീഴടങ്ങുന്നതിനുള്ള സാഹചര്യമാണ് സൃഷ്ടിക്കുക. റഷ്യ, ചൈന എന്നിവ മാത്രമല്ല ബ്രസീൽ ഉൾപ്പെടെ ലാറ്റിനിമേരിക്കൻ രാജ്യങ്ങളും യുഎസ് നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നപ്പോഴും ഇന്ത്യയിലെ ഭരണാധികാരികൾ നിസംഗ നിലപാട് തുടരുകയാണ്. ഇത് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന് എല്ലാ കോണുകളിൽ നിന്നും ആശങ്ക ഉയർന്നിട്ടുണ്ട്. ഈ കീഴടങ്ങൽ മനോഭാവം യുഎസുമായി വ്യാപാര കരാറിലേക്ക് നയിക്കപ്പെടുമെന്ന് തൊഴിലാളി, കർഷക സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതിലൂടെ അമേരിക്കൻ കാർഷിക വ്യാപാര — കോർപറേറ്റുകൾക്ക് ഇന്ത്യയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനുള്ള വഴികളാകും തുറന്നുനൽകുക. ക്ഷീരമേഖലയിലേക്കും കൃഷിയിലേക്കുമുള്ള അനിയന്ത്രിത പ്രവേശം കർഷക സമൂഹത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും. ഇപ്പോൾത്തന്നെ രൂക്ഷമായിരിക്കുന്ന തൊഴിലില്ലായ്മ വർധിക്കുന്നതിനും കാരണമാകും. ഈ അപകടങ്ങളൊന്നും കാണാതെ യുഎസ്, ട്രംപ് അധീശ പ്രഖ്യാപനത്തിനുമുന്നിൽ ശക്തമായ നിലപാടെടുക്കാതിരിക്കുകയാണ് ഭരണാധികാരികൾ. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകർക്കാനുള്ള ട്രംപിന്റെ നീക്കത്തെ ശക്തമായി ചെറുക്കുന്ന നയമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്. അതിലൂടെ രാജ്യത്തിന്റെ പരമാധികാരവും സ്വയംഭരണാവകാശവുമാണ് ഉയർത്തിപ്പിടിക്കേണ്ടത്. കൂടാതെ യുഎസ് ഉൾപ്പെടെ രാജ്യങ്ങളുടെ ഇടപെടലില്ലാതെ, തുല്യ സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള വിദേശനയം പിന്തുടരുന്നുവെന്ന് ബോധ്യപ്പെടുത്താവുന്ന സമീപനങ്ങളും സ്വീകരിക്കണം. അതാണ് രാജ്യത്തെ മഹാഭൂരിപക്ഷം ആഗ്രഹിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.