18 December 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രയേല്‍ കുരുതിക്കളത്തിലേക്ക്

Janayugom Webdesk
January 22, 2024 5:00 am

ദേശീയ നൈപുണി വികസന കോർപറേഷന്റെ (നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ-എൻഎസ്ഡിസി) സഹായത്തോടെ 10,000 നിർമ്മാണത്തൊഴിലാളികളെ ഇസ്രയേലിലേക്ക് അയയ്ക്കാൻ ഉത്തർപ്രദേശ്, ഹരിയാനാ സർക്കാരുകൾ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചിരിക്കുന്നു. ‘വിദേശ സ്വപ്നങ്ങളിലേക്കുള്ള പാസ്പോർട്ട്’, ‘ഇസ്രയേലിൽ പുത്തൻ വിഹായസുകൾ കണ്ടെത്താനു‘ള്ള അവസരം എന്നീ വിശേഷണങ്ങളോടെയാണ് എൻഎസ്ഡിസി വെബ്സൈറ്റ് സംഘർഷഭൂമിയിലെ തൊഴിലവസരങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്. 2,000 വീതം തേപ്പുപണിക്കാർ, സെറാമിക് ടൈൽ പണിക്കാർ, ഇരുമ്പ് കമ്പി വളയ്ക്കൽ, ചട്ടക്കൂടുകൾ നിർമ്മിക്കല്‍ എന്നിവയ്ക്കായി 3,000 തൊഴിലാളികൾ എന്നിങ്ങനെ പോകുന്നു തൊഴിലവസരങ്ങളുടെ പട്ടിക. 1.37 ലക്ഷം രൂപ, അഥവാ 6,100 ഇസ്രയേൽ ഷേക്കൽ ആണ് പ്രഖ്യാപിത പ്രതിമാസ കൂലി. തൊഴിൽരാഹിത്യം, കഠിനമായ അധ്വാനത്തിന് കുറഞ്ഞ കൂലി എന്നിവകൊണ്ട് നരകിക്കുന്ന ഇന്ത്യൻ നിർമ്മാണത്തൊഴിലാളിക്ക് തികച്ചും ആകർഷകമെന്ന് തോന്നാവുന്ന വേതനം. ഏതുസമയത്തും എന്തും സംഭവിക്കാവുന്ന രാജ്യത്തെത്തുന്ന കുടിയേറ്റ തൊഴിലാളി അവിടത്തെ താമസം, ഭക്ഷണം, ആവശ്യമായി വന്നേക്കാവുന്ന ഔഷധങ്ങൾ, ചികിത്സ എന്നിവയ്ക്കുള്ള ചെലവ് സ്വയം വഹിക്കേണ്ടിവരും എന്നതാണ് വ്യവസ്ഥ. ഫലത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ വരുമാനത്തിലോ ജീവിത സുരക്ഷിതത്വത്തിലോ യാതൊരു മാറ്റവും ഉണ്ടാവില്ലെന്ന് ചുരുക്കം. ഇസ്രയേൽ‑ഹമാസ് യുദ്ധത്തിൽ ഇതുവരെ നൂറിലധികം കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടതായാണ് വാർത്ത. തീർത്തും അരക്ഷിതവും ഫലത്തിൽ അപര്യാപ്തമായ വേതനവുമായി യുദ്ധഭൂമിയിലേക്ക് ജീവനും സുരക്ഷയ്ക്കും ഉറപ്പുകളൊന്നും കൂടാതെ തൊഴിലാളികളെ കയറ്റി അയയ്ക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ കാട്ടുന്ന തിടുക്കത്തിനും വ്യഗ്രതയ്ക്കുമെതിരെ എഐടിയുസിയടക്കം കേന്ദ്ര ട്രേഡ്‌യൂണിയനുകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ; സമൂഹത്തെ വിഭജിക്കുന്ന ഉദാരീകരണ വിദ്യാഭ്യാസനയം


‘ഹമാസ് ആക്രമണത്തെത്തുടർന്ന് ഇസ്രയേലിൽ ഒരിടവും സുരക്ഷിതമല്ലാതായിരിക്കുന്നു‘വെന്ന് ആ രാജ്യത്തെ സുരക്ഷാസേന തന്നെ പ്രഖ്യാപിച്ചിട്ടുള്ളിടത്തേക്കാണ് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ കൂട്ടത്തോടെ കയറ്റി അയയ്ക്കാൻ തുനിയുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുൻനിശ്ചയിച്ചതിൽ നിന്നും നേരത്തെതന്നെ തൊഴിലാളികളെ അവിടേക്കയയ്ക്കാൻ നടപടികൾ ആരംഭിച്ചത്. യുദ്ധം ആരംഭിച്ചപ്പോൾ ഇസ്രയേലിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് രാജ്യത്തേക്ക് തിരികെപ്പോരാൻ സന്നദ്ധരായ മുഴുവൻപേരെയും കേന്ദ്രസർക്കാർ ഈജിപ്ത് വഴി തിരികെ കൊണ്ടുവന്നിരുന്നു. 18,000ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്. നാട്ടിൽ തിരിച്ചെത്തിയാൽ മറ്റൊരു തൊഴിൽ സാധ്യതയും ഇല്ലാത്ത, വൃദ്ധരെ പരിചരിക്കുന്ന, ‘കെയർ ഗിവേഴ്സ്’ ആണ് അവരിൽ ഭൂരിഭാഗവും. ഇസ്രയേൽ‑ഹമാസ് യുദ്ധത്തിന് പരിഹാരം വിദൂരമാണെന്നും അത് പശ്ചിമേഷ്യയുടെ ഇതര മേഖലകളിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കെയാണ് യാതൊരു സുരക്ഷിതത്വവും ഉറപ്പുനല്‍കാതെ കൂടുതൽ ഇന്ത്യൻ പൗരന്മാരെ യുദ്ധഭൂമിയിലേക്ക് കേന്ദ്ര‑സംസ്ഥാന ബിജെപി സർക്കാരുകൾ തള്ളിവിടുന്നത്. രാജ്യത്ത് അനുദിനം പെരുകിവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിൽ പരാജയപ്പെട്ടവർ അവരെ കൊലയ്ക്കുകൊടുക്കാനാണ് മുതിരുന്നത്. ലോകത്തെ ഇതരരാജ്യങ്ങളിലേക്ക് സമാന തൊഴിൽതേടി പോകുന്നവർക്ക് നിയമാനുസൃതം നൽകിവരുന്ന യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്താതെയാണ് ഇസ്രയേലിലേക്ക് കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. നാളിതുവരെ ആ രാജ്യത്ത് ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന പലസ്തീൻ തൊഴിലാളികളെ പുറത്താക്കി അവർക്കെതിരെ നഗ്നവും ക്രൂരവുമായ വംശീയഉന്മൂലനം നയവും പരിപാടിയുമാക്കി മാറ്റിയ നെതന്യാഹുവും സയണിസ്റ്റ് ഇസ്രയേലും നരേന്ദ്ര മോഡിയുടെ ഒത്താശയോടെ ഇന്ത്യൻ തൊഴിലാളികളെ അവരുടെ പീരങ്കികളിലെ വെടിമരുന്നാക്കി മാറ്റുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.